ദഹനക്കേടിനു പ്രതിവിധി ഇഞ്ചി
Friday, February 1, 2019 12:20 PM IST
വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുന്പ്, കാൽസ്യം; ആന്റിഓക്സിഡൻറായ ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയിൽ ധാരാളം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഇഞ്ചി ഗുണപ്രദം. രക്തസമ്മർദം നിയന്ത്രിതമാക്കുന്നു. ഹൃദയരോഗങ്ങൾക്ക് ഇടനല്കുന്ന രക്തം കട്ടിയാകൽ തടയുന്നതിനും ഇഞ്ചി ഫലപ്രദം. ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുന്നു. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.
ഇഞ്ചിയിൽ ധാരാളമായി അടങ്ങിയ പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഉത്തമം. അതിൽ അടങ്ങിയ മാംഗനീസ് ഹൃദയം, രക്തക്കുഴലുകൾ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നു. ദൈനംദിന ആഹാരക്രമത്തിൽ ഇഞ്ചിക്കും ഇടം നല്കിയാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താമെന്നു ചുരുക്കം.
പ്രമേഹനിയന്ത്രണത്തിന്
രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിന് ഇഞ്ചി ഫലപ്രദം. ഒരു ഗ്ലാസ് ചെറു ചൂടുവെളളത്തിൽ ഒരു ടീ സ്പൂണ് ഇഞ്ചിനീരു ചേർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കഴിക്കുന്നതു രക്തത്തിലെ പഞ്ചസാര നിയന്ത്രിതമാക്കുന്നതിനു ഗുണപ്രദം. പ്രമേഹ അനുബന്ധ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കുന്നതിനും ഇഞ്ചി സഹായകം. പ്രമേഹബാധിതരുടെ ഞരന്പുകളുടെ ആരോഗ്യസംരക്ഷണത്തിനും ഇഞ്ചി ഗുണപ്രദം. പക്ഷേ, ഹൃദയസംബന്ധമായ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം തുടങ്ങിയവയ്ക്കു മരുന്നുകൾ കഴിക്കുന്നവർ ചികിത്സകന്റെ അറിവോടെ മാത്രമേ ഇഞ്ചി പതിവായി ഉപയോഗിക്കാവൂ.
ഇഞ്ചി ചേർത്ത ചായ
ഇഞ്ചിയിലുളള ആന്റിഓക്സിഡൻറുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്നതിനു ഗുണപ്രദം. യാത്രയ്ക്കു പുറപ്പെടും മുന്പ് ഇഞ്ചി ചേർത്ത ചായ കഴിച്ചാൽ യാത്രയ്ക്കിടയിൽ മനംപിരട്ടലിനും ഛർദിക്കുമുളള സാധ്യത കുറയ്ക്കാം. ഇഞ്ചി നിരവധി രോഗങ്ങൾക്കു മരുന്നായി ഉപയോഗിക്കാമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.
ദഹനക്കേടു മാറാൻ
ദഹനക്കേടും വയറുവേദനയുമൊക്കെ ഉണ്ടാകുന്പോൾ ഇഞ്ചിയും ഉപ്പും ചേർത്തു ചതച്ചതു കഴിക്കുമായിരുന്നു പഴമക്കാർ. ആമാശയ സ്തംഭനം ഒഴിവാക്കാൻ ഇഞ്ചി ഫലപ്രദം; ആമാശയവ്യവസ്ഥയിലെ പേശികൾ അയവുളളതാക്കാൻ സഹായകം. ഗ്യാസ് നിറഞ്ഞ് വയറു വീർത്തുവരുന്നതു തടയുന്നു. ദഹനം സുഗമമാക്കുന്നതിനു ഭക്ഷണശേഷം ഇഞ്ചി കഴിച്ചാൽ മതി. ഭക്ഷ്യവിഷബാധ തടയുന്നതിനും ഇഞ്ചി ഫലപ്രദമെന്നു പഠനങ്ങൾ പറയുന്നു.
തൊണ്ടവേദന കുറയ്ക്കാൻ
സ്വാഭാവിക വേദനസംഹാരിയാണ് ഇഞ്ചി. തൊണ്ടവേദനയും മറ്റ് അസ്വസ്ഥതകളും അകറ്റുന്നതിനു സഹായകം. ജലദോഷത്തെ തുടർന്നുണ്ടാകുന്ന ചുമ അകറ്റുന്നതിന് ഇഞ്ചി ഗുണപ്രദം. ശ്വാസകോശങ്ങളിൽ തങ്ങിനിൽക്കുന്ന കഫം ഇളകി പുറത്തുപോകുന്നതിന് ഇഞ്ചി സഹായകം. ഇഞ്ചി ചതച്ചു നീരെടുത്ത് അതിൽ തേൻ ചേർത്തു കഴിച്ചാൽ ചുമയുടെ ആക്രമണം തടയാം.
ചതച്ച ഇഞ്ചിയിൽ തേൻ ചേർത്തു കഴിച്ചാലും നന്ന്. ചതച്ച ഇഞ്ചിയും ഉപ്പും ചേർത്തു തിളപ്പിച്ചതു ചെറു ചൂടോടെ കവിൾക്കൊണ്ടാൽ ചുമയും തൊണ്ടവേദനയും പന്പകടക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി ഗുണപ്രദം.അതിനാൽ പനി, ജലദോഷം, വിറയൽ എന്നിവയുടെ ചികിത്സയ്ക്കും സഹായകം. വൈറസ്, ഫംഗസ്, വിഷമാലിന്യങ്ങൾ എന്നിവയ്ക്കെതിരേ പ്രവർത്തിക്കാനുളള ശേഷി ഇഞ്ചിക്കുണ്ട്.
പനി കുറയ്ക്കുന്നതിനും സഹായകം. പനിയുളളപ്പോൾ ഇഞ്ചി ദിവസവും പലതവണ കഴിക്കുന്നതു ശരീരത്തിലെ വിഷമാലിന്യങ്ങൾ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു (ഡീടോക്സിഫിക്കേഷൻ) സഹായകം.
ചതച്ച ഇഞ്ചി ചേർത്തു വെളളം തിളപ്പിച്ച് ആവി കൊളളുന്നതു പനിയുമായി ബന്ധപ്പെട്ട മൂക്കടപ്പും കഫക്കെട്ടും മറ്റു ലക്ഷണങ്ങളും ഒഴിവാക്കുന്നതിനു ഫലപ്രദം.
കാൻസർ സാധ്യത കുറയ്ക്കാൻ്
അണ്ഡാശയ കാൻസർ ചികിത്സയ്ക്ക് ഇഞ്ചി ഫലപ്രദമാണെന്നു മിഷിഗണ് സർവകലാശാല നടത്തിയ പഠനങ്ങൾ പറയുന്നു. കൊളോ റെക്റ്റൽ കാൻസർ കോശങ്ങളുടെ വളർച്ചയുടെ തോതു കുറയ്ക്കുന്നതിന് ഇഞ്ചി ഗുണപ്രദമെന്നു മിനെസോട്ട സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു.
കുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നതിനും ഇഞ്ചി ഏറെക്കുറെ ഫലപ്രദം. ശ്വാസകോശം, സ്തനം, ചർമം, പ്രോസ്റ്റേറ്റ്, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന കാൻസറുകൾ തടയുന്നതിനും ഇഞ്ചി ഗുണപ്രദമാണെന്നു വിവിധ പഠനങ്ങൾ സൂചന നല്കുന്നു.
പ്രായമായവർക്കും..
നീർവീക്കവും വേദനയും തടയുന്ന ഇഞ്ചിയുടെ സ്വഭാവം ഗൗട്ട്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട വേദന കുറയ്ക്കുന്നതിനു സഹായകം. (സന്ധികൾ, പേശികൾ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനു സഹായകം.) കാൽമുട്ടിൽ ഓസ്റ്റിയോ ആർത്രൈറ്റിസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഇഞ്ചിയുടെ സത്ത് ഫലപ്രദമെന്നു പഠനം. ഇഞ്ചി ചേർത്തു പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതും അഭികാമ്യം.
മൈഗ്രേൻവേദനയിൽ നിന്ന് ആശ്വാസമേകാൻ ഇഞ്ചി ഗുണപ്രദമെന്നു ഗവേഷണങ്ങൾ സൂചന നല്കുന്നു.
ശരീരത്തിന്റെ മെറ്റബോളിക് നിരക്ക് കൂട്ടുന്നതിനും ഇഞ്ചി ചേർത്ത ഭക്ഷണം സഹായകം. (നാം കഴിക്കുന്ന ഭക്ഷണം യഥാവിധി ദഹിച്ച് ഉൗർജമായി മാറുന്ന പ്രവർത്തനങ്ങളാണ് മെറ്റബോളിസം എന്നറിയപ്പെടുന്നത്). ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു സഹായകം.
ഇഞ്ചിയിലുളള ക്രോമിയം, മഗ്നീഷ്യം, സിങ്ക് എന്നീ പോഷകങ്ങൾ രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനു സഹായകം. വീട്ടമ്മമാരുടെ കൈയെത്തും ദൂരത്ത് ഒരു കഷണം ഇഞ്ചി ഉണ്ടാവണം. വീട്ടാവശ്യത്തിനുളള ഇഞ്ചി അടുക്കളത്തോട്ടത്തിൽ തന്നെ ജൈവരീതിയിൽ
കൃഷി ചെയ്താൽ അത്രയും നന്ന്.