നാരുകളടങ്ങിയ ആഹാരക്രമം
Saturday, September 1, 2018 2:33 PM IST
പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികൾ. എല്ലാവിധ പോഷകങ്ങളും ധാരാളമടങ്ങിയ ഭക്ഷണക്രമമാണ് ആരോഗ്യം നല്കുന്നത്്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിന് അവ സഹായകം. ഡിപ്രഷൻ(വിഷാദരോഗം) ഒഴിവാക്കുന്നതിനും മനസു തെളിയുന്നതിനും അതു ഗുണപ്രദം.
* ഒരു നേരം പോലും ഭക്ഷണം ഉപേക്ഷിക്കരുത്. ഒരു തവണ ഭക്ഷണം കഴിക്കാതിരുന്നാൽ ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. അടുത്ത തവണ ഉൗർജവും കൊഴുപ്പും കൂടുതലുളള ഭക്ഷണം ഏറെ കഴിക്കുന്നതിനിടയാക്കുന്നു.
* നാരുകൾ ധാരാളമടങ്ങിയ ആഹാരം കഴിക്കുക. തവിടു കളയാത്ത ധാന്യങ്ങൾ, കുറുക്കുകൾ, ബീൻസ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവയിൽ നാരുകൾ ധാരാളം. ഇതു ഹൃദയരോഗങ്ങൾ, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും. മലബന്ധം ഒഴിവാക്കും.
* മത്തി, നെത്തോലി, അയല പോലെയുളള മീനുകൾ കറിവച്ചു കഴിക്കുക. ചിക്കൻ പാകം ചെയ്യുന്നതിനു മുന്പു പുറമേയുളള തൊലി നീക്കുക. ഇതു കൊഴുപ്പും അധിക കലോറിയും കുറയ്ക്കാൻ സഹായകം. കായികാദ്ധ്വാനമുളള പ്രവർത്തികളിലേർപ്പെടാത്തവർക്കു കുറവു കലോറി ഉൗർജം മതിയാകും.
* വിറ്റാമിൻ ഡി അടങ്ങിയ പാൽ, തൈര്, ഓറഞ്ച്, മീനെണ്ണ, വെണ്ണ തുടങ്ങിയവ കഴിക്കുക. പാൽ പാട നീക്കി ഉപയോഗിക്കുക. പാലുത്പന്നങ്ങളിലെ കാത്സ്യവും വിറ്റാമിൻ ഡിയും എല്ലുകൾ ശക്തമാക്കും. ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ ഡി സപ്ളിമെൻറുകൾ കഴിക്കുന്നതും ഗുണപ്രദം.
* വിറ്റാമിൻ ബി 12 അടങ്ങിയ ആഹാരം(മു, മീൻ, തൈര്, പാൽ...)കഴിക്കുക. 50 വയസിനുമേൽ പ്രായമുളളവരിൽ മതിയായ തോതിൽ ബി 12 ആഗിരണം ചെയ്യാനുളള കഴിവു കുറയുന്നു. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം വിറ്റാമിൻ ബി 12 സപ്ളിമെൻറുകൾ കഴിക്കുന്നതും ഗുണപ്രദം.
* കൂടുതൽ കലോറി ഉൗർജമടങ്ങിയ വിഭവങ്ങൾ കുറച്ചു മാത്രം കഴിക്കുക. കേക്ക്, ചിപ്സ് ബേക്കറി വിഭവങ്ങൾ എന്നിവയുടെ അളവും കഴിക്കുന്ന തവണകളും കുറയ്ക്കുക.
* പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ബിപി എന്നിവയ്ക്കു ചികിത്സ സ്വീകരിക്കുന്നവർ ഭക്ഷണക്കാര്യങ്ങളിൽ ഡോക്ടറുടെ നിർദേശം കൃത്യമായി പാലിക്കണം. മരുന്നു കൃത്യസമയത്തു കഴിക്കണം. ഡോക്ടറുടെ നിർദേശം കൂടാതെ മരുന്നു നിർത്തുകയോ അളവിൽ മാറ്റം വരുത്തുകയോ അരുത്. സ്വയം ചികിത്സ അപകടം.