അഗ്രിഫാമില്‍ വിളയുന്നതത്രയും ജൈവം
അഗ്രിഫാമില്‍ വിളയുന്നതത്രയും ജൈവം
Wednesday, November 23, 2022 3:09 PM IST
ഊണിലും ഉറക്കത്തിലും കൃഷിയേക്കുറിച്ചുള്ള ചിന്ത. അതിരാവിലെ ഉണര്‍ന്നു തനിയെ ജീപ്പോടിച്ച് തോട്ടത്തിലെത്തി കാലികള്‍ക്കു പുല്ലുമായെത്തുന്ന വീട്ടമ്മ. ജീവിത ശൈലി രോഗങ്ങളില്‍ നിന്നു രക്ഷനേടാന്‍ ജൈവ കൃഷിയും പരിപാലനവും പരീക്ഷണവും നടത്തുന്ന കാര്‍ഷിക ലോകത്തെ വനിതാ രത്‌നം. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി മണ്ണയ്ക്കാനാട് ഈഴക്കുന്നേല്‍ ഏല്‍സി ജോണിന് സ്വന്തം അധ്വാനത്തിലൂടെ ജൈവകൃഷിയില്‍ നൂറുമേനി നേട്ടം.

തന്റെ മൂന്നേക്കര്‍ കൃഷിയിടത്തിനു അഗ്രി ഫാം എന്നു പേരു നല്കി ജൈകൃഷിയിലുടെ വേറിട്ട പാത കര്‍ഷകര്‍ക്കു കാണിച്ചു കൊടുക്കുകയാണ് ഈ വീട്ടമ്മ. ജൈവകൃഷി ചെയ്യുക മാത്രമല്ല മറ്റുള്ളവര്‍ക്കു അതു ചെയ്യുന്നതിനാവശ്യമായ പരിശീലനവും ഏല്‍സി നല്കി വരുന്നു. പഞ്ചായത്തുകളുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ ജൈവകൃഷി പ്രോത്സഹിപ്പിക്കുന്നതായി നിരവധി ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നതിനൊപ്പം അഗ്രി ഫാം എന്ന പേരില്‍ എല്‍സിയുടെ യു ട്യൂബ് ചാനലും സോഷ്യല്‍ മീഡിയായില്‍ സജീവമാണ്.

വൈക്കത്തു നിന്നു പരമ്പരാഗത കര്‍ഷക കുടുംബത്തിലേക്ക് എത്തിയ എല്‍സി മൂന്നുവര്‍ഷം മുമ്പാണ് ജൈവ കൃഷി ആരംഭിക്കുന്നത്. അധ്യാപികയായി ജോലി ചെയ്തിരുന്നെങ്കിലും പീന്നിട് ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ ജൈവ കര്‍ഷകയായി. ഭര്‍ത്താവ് ജോസഫ് അഗസ്റ്റിന്‍ കോളജ് അധ്യാപകനായിരുന്നെങ്കിലും പശുപരിപാലനത്തിലും കൃഷികാര്യങ്ങളിലും വളരെ തല്‍പരനായിരുന്നു. ഇത് എല്‍സിയുടെ കൃഷിയോടുള്ള താല്‍പര്യവും ഇഷ്ടവും വര്‍ധിക്കുന്നതിനു കാരണമായി. ഒറ്റയടിക്കു തുടങ്ങിയതല്ല എല്‍സിയുടെ മൂന്നര ഏക്കറിലെ ജൈവ കൃഷി.

ആദ്യം പശു വളര്‍ത്തലില്‍ തുടങ്ങി പടിപടിയായിട്ടാണ് ഏല്‍സി ഇപ്പോള്‍ കാണുന്ന രീതിയിലുള്ള സമ്പൂര്‍ണ ജൈവ കര്‍ഷകയായി മാറിയത്. പശുവളര്‍ത്തലിനു പിന്നാലെ ആടുകള്‍, കോഴികള്‍, താറാവ്, മീന്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, തേനീച്ച തുടങ്ങി എല്ലാ കൃഷികളും തന്റെ കൃഷിയിടത്തില്‍ എല്‍സി വ്യാപിപ്പിച്ചു.

പഴങ്ങളും പച്ചക്കറികളും

വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഏല്‍സിയുടെ കൃഷിത്തോട്ടം. അഗ്രി ഫാമില്‍ അവക്കാഡോ, അഭിയു, ബറാബ, ആപ്പിള്‍, മരമുന്തിരി, ചാമ്പ, നോനി, വ്യത്യസ്തങ്ങളായ നാരകങ്ങള്‍ തുടങ്ങി നൂറില്‍പ്പരം ഫലവൃക്ഷങ്ങളുണ്ട്. 12ല്‍പ്പരം ഇനങ്ങളിലുള്ള പ്ലാവുകളും റംബുട്ടാനും ഈ മണ്ണിനെ ഫലഭൂഷ്ടമാക്കുന്നു. ഫലവൃക്ഷങ്ങള്‍ക്കൊപ്പം വെണ്ട, പയര്‍, തക്കാളി, വഴുതന, പാവല്‍, മുളക് തുടങ്ങി എല്ലയിനം പച്ചക്കറികളും ഇവിടെയുണ്ട്.

വീട്ടുപരിസരത്തെ കൃഷി കൂടാതെ റബര്‍, തെങ്ങ്, ജാതി, വാഴ, കപ്പ, ചേന, കാച്ചില്‍, ചേമ്പ് എന്നിവയും നൂറുമേനി വിളവ് നല്‍കുന്നു. കൃഷിക്കെല്ലാം ജൈവവളമാണ് ഉപയോഗിക്കുന്നത്. പ്രത്യേക രീതിയില്‍ തയാറാക്കുന്ന ജൈവ വളങ്ങളും കീടനാശികളും എല്‍സി സ്വന്തമായി നിര്‍മിക്കുന്നതാണ്.

മൃഗസംരക്ഷണത്തിലൂടെ വരുമാനം

കാസര്‍ഗോഡ് കുള്ളന്‍, എച്ച്എഫ്, ജേഴ്‌സി എന്നീ ഇനങ്ങളില്‍പ്പെട്ട ആറു പശുക്കളാണ് അഗ്രിഫാമിലെ തൊഴുത്തില്‍ പാല്‍ ചുരത്തുന്നത്. ജമ്‌നാപ്യാരി, മലബാറി, നാടന്‍ ഇനത്തില്‍പ്പെട്ട ആടുകളും പശുവിനൊപ്പമുണ്ട്. കരിങ്കോഴി, കാട, ഗ്രാമപ്രിയ എന്നിങ്ങനെ വിവിധ തരത്തിലുള്ള 45ല്‍പ്പരം കോഴികളും ഇവിടെ സഹവസിക്കുന്നു. 12 താറാവുകളുമുണ്ട്. ഇതിനൊല്ലാമൊപ്പം ചെറുതേനും വന്‍ തേനും. മീന്‍കുളത്തില്‍ തിലോപ്പിയ, നട്ടര്‍, രോഹു, കട്‌വ തുടങ്ങിയ മീനുകള്‍.


പഴങ്ങളും പച്ചക്കറികളും തേനും എല്ലാം വിവിധ തരത്തിലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വില്പന നടത്തുന്നുമുണ്ട് എല്‍സി. തേന്‍ വെളുത്തുള്ളി, തേന്‍ മഞ്ഞള്‍ എന്നിവയ്ക്കും ആവശ്യക്കാരേറെ. പാഷന്‍ ഫ്രൂട്ടില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന സ്‌ക്വാഷിനും ജാമിനും നല്ല ഡിമാന്‍ഡാണ്. ഗുണമേന്മയുടെ കാര്യത്തില്‍ വീട്ടുവീഴ്ച ചെയ്യാത്താതിനാല്‍ ആവശ്യക്കാര്‍ ചോദിച്ചെത്തുകയാണെന്നും ഏല്‍സി പറയുന്നു. ഇവയ്‌ക്കൊല്ലം പുറമെ 80ല്‍പ്പരം പൂച്ചെടികളും ഈഴക്കുന്നേല്‍ വീട്ടുമുറ്റത്തെ അലങ്കരിക്കുന്നു.

പുലര്‍ച്ചെ എണീറ്റാല്‍ ഒറ്റയ്ക്കു ജിപ്പോടിച്ചു പശുക്കള്‍ക്ക് ആവശ്യമായ തീറ്റപ്പുല്ല് ചെത്തി കൊണ്ടുവരികയാണ് ആദ്യം ചെയ്യുന്നത്. പുല്ല് പശുക്കള്‍ക്കു നല്കി കഴിഞ്ഞാല്‍ ആട്, കോഴി, താറാവ്, പൂച്ച, മീന്‍ എന്നിവയുടെ അടുത്തേക്കുപോകും. അതു കഴിഞ്ഞാല്‍ പിന്നെ കൃഷിയിടത്തിലേക്കാണ്. ഇതിനിടയില്‍ അടുക്കളയിലെ കാര്യങ്ങളും നോക്കണം. ഇടവേളയില്‍ പച്ചക്കറികളും പൂച്ചെടികളും പരിപാലിക്കും.

ജൈവകൃഷിയിലേക്ക്

മൂന്നു വര്‍ഷം മുമ്പ് തന്റെ സഹോദരിക്കുണ്ടായ മാരകമായ ആസുഖത്തിന്റെ കാരണത്തെക്കുറിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് എല്‍സി ജൈവകൃഷിയില്‍ എത്തിച്ചേര്‍ന്നത്. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ നല്ലൊരു ശതമാനം രോഗങ്ങളും കഴിക്കുന്ന ഭക്ഷണം ശരിയല്ലാത്തതുകൊണ്ടാണെന്ന് ഏല്‍സി പറയുന്നു. ഇതിനൊരു പരിഹാരമെന്നൊണമാണു വിഷാംശമില്ലാത്ത ഭക്ഷണം നല്കുക എന്ന ലക്ഷ്യത്തോടെ എല്‍സി പൂര്‍ണമായും ജൈവ കൃഷിയിലേക്കു മാറുകയും ജൈവ കൃഷി ചെയ്യുന്നതിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.

ജൈവവളങ്ങള്‍ ഉത്പാദിപ്പിക്കുന്ന എസ്പിസി എന്ന കമ്പനിയുടെ പ്രമോട്ടറായും പ്രവര്‍ത്തിക്കുന്നു. ജൈവകൃഷിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍സിയെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.

സരോജിനി ദാമോദര്‍ ഫൗണ്ടേഷന്റെ ജില്ലയിലെ മികച്ച ജൈവ കര്‍ഷകയ്ക്കുള്ള അവാര്‍ഡ്, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അവാര്‍ഡ് ഡിജിറ്റല്‍ കിസാന്‍ കമ്പനിയുടെ അവാര്‍ഡ്, പാലാ രൂപത കര്‍ഷക കുടുംബ കൃഷി പുരസ്‌കാരം, കേരള കോണ്‍ഗ്രസ് എമ്മിന്റെ മികച്ച സംരംഭകയ്ക്കുള്ള പുരസ്‌കാരം, സംസ്ഥാന കാര്‍ഷിക മേളയില്‍ മികച്ച അടുക്കളത്തോട്ടത്തിനുള്ള പുരസ്‌കാരം, ഉഴവൂര്‍ ബ്ലോക്കിന്റെ പുരസ്‌കാരം തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

ഭര്‍ത്താവ് വൈക്കം കൊതവറ സെന്റ് സേവ്യേഴ്‌സ് കോളജിലെ റിട്ട. പ്രിന്‍സിപ്പല്‍ ജോസഫ് അഗസ്റ്റിന്‍. മക്കള്‍ ബ്രൈറ്റി എലിസമ്പത്ത് ജോസഫ് (അയര്‍ലന്‍ഡ്), മെര്‍വിന്‍ അഗസ്റ്റിന്‍ (പൂന), പുണ്യ തെരേസ (പ്ലസ്ടു വിദ്യാര്‍ഥിനി) ഫോണ്‍: 9446757914, 6282289708.

ജെവിന്‍ കോട്ടൂര്‍