ഉത്സവ മേളം സുഗന്ധ വിളകളെ തുണയ്ക്കുമോ?
ഉത്സവ മേളം സുഗന്ധ വിളകളെ തുണയ്ക്കുമോ?
Saturday, October 29, 2022 3:21 PM IST
കോവിഡ് ഉയര്‍ത്തിയ അതിരൂക്ഷമായ വെല്ലുവിളികള്‍ക്കുശേഷം ജനങ്ങള്‍ ഉത്സവാഘോഷങ്ങളുടെ ആവേശ ലഹരിയിലാണ്. ദസറ, വിജയദശമി, ദീപാവലി, നബിദിനം തുടങ്ങിയ വൈവിധ്യമായ ആഘോഷങ്ങള്‍ ഈ മാസം ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയേയും ഉത്സവലഹരിയില്‍ ആഴ്ത്തും. വാദ്യമേളങ്ങളുടെ ഈ വേളയില്‍ ഭക്ഷ്യ ഉത്പന്ന വിപണികളില്‍ കോടികളുടെ ഇടപാടുകളാണു നടക്കുന്നത്.

സുഗന്ധ വ്യഞ്ജനങ്ങളുടെയും ഭക്ഷ്യയെണ്ണകളുടെയും ഡിമാന്‍ഡ് കുതിച്ചു കയറും. ഈ വര്‍ധിച്ച ഡിമാന്‍ഡ് ഉത്പന്ന വിപണികളില്‍ വിലക്കയറ്റത്തിന്റെ സൂചനകള്‍ ഉയര്‍ത്തുമെങ്കിലും വിപണിക്ക് ആ കരുത്തു നിലനിര്‍ത്താനാകുമോ ? ഓണാഘോഷ വേളയില്‍ പോലും കരകയറാന്‍ കഴിയാതെ വലഞ്ഞ നാളികേരോത്പന്നങ്ങളെ സംബന്ധിച്ചിടത്തോളം വരുംദിനങ്ങള്‍ കൂടുതല്‍ തളര്‍ച്ചയുടെതാണ്. ഏലം, കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധ വിളകള്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. റബര്‍ ടാപ്പിംഗ് രംഗം സജീവമായെങ്കിലും കര്‍ഷകര്‍ വിലയിടിവിന്റെ ആശങ്കയിലാണ്.

ഏലം

പുതിയ സീസണിലെ ഏലം വിളവെടുപ്പിനു തുടക്കം കുറിച്ച അവസരത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വര്‍ധിച്ച ഡിമാന്‍ഡ് ലേല കേന്ദ്രങ്ങളില്‍ ആവേശം ഉയര്‍ത്തി. കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം 30 ശതമാനം ചുരുങ്ങുമെന്നാണു കാര്‍ഷിക മേഖല വിലയിരുത്തുന്നത്. ഇടതടവില്ലാതെ പെയ്തിറങ്ങിയ മഴമൂലം രോഗ-കീടബാധകളും ശക്തമാണ്. ലേല കേന്ദ്രങ്ങളില്‍ ദിനം പ്രതി ശരാശരി ഒന്നരലക്ഷം കിലോ ഏലം വില്പനയ്ക്ക് എത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഉത്പന്നം പൂര്‍ണമായി വിപണിയില്‍ ഇറങ്ങിയതിനാല്‍ കാര്‍ഷിക മേഖലയില്‍ കാര്യമായ വില്പന സമ്മര്‍ദമില്ല. ഇതിനിടയില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏലത്തിന് അന്വേഷണങ്ങള്‍ എത്തി. പുത്തന്‍ ഉണര്‍വുകളുടെ പശ്ചാത്തലത്തില്‍ ഏലത്തിന്റെ ശരാശരി വില കിലോ ഗ്രാമിന് 1100 രൂപയില്‍ എത്തി. എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിക്ക് 1500-1800 രൂപ ഉറപ്പുവരുത്താനാകുന്നുണ്ട്. മാസത്തിന്റെ രണ്ടാം പകുതിയില്‍ ഏലം വരവ് കൂടുതല്‍ ശക്തമാകും. ഇതു വിലയെ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

കുരുമുളക് വില്പന രംഗത്ത് കാര്യമായ സമ്മര്‍ദങ്ങളില്ല. കര്‍ഷക മേഖലയില്‍ സ്റ്റോക്ക് ചുരുങ്ങി നില്ക്കുകയാണ്. അടുത്ത സീസണില്‍ വിളവ് കുറയുമെന്ന നിഗമനങ്ങള്‍ക്കു ശക്തിയേറിയതോടെ ഉത്പാദകര്‍ സ്റ്റോക്ക് ഇറക്കാന്‍ വിമുഖത പുലര്‍ത്തുന്നുണ്ട്. ശ്രീലങ്കയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള കുരുമുളക് ആഭ്യന്തര മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്നുണ്ട്. കിലോഗ്രാമിന് 500 രൂപ നിരക്കിലാണ് ഇതിന്റെ വ്യാപാരം. കൊച്ചിയില്‍ അണ്‍ഗാര്‍ബില്‍ഡ് കുരുമുളക് ക്വിന്റലിന് 49900 രൂപയിലും ഗാര്‍ബിള്‍ഡ് 51900 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ജാതിക്ക

ജാതിക്ക വ്യാപാരരംഗം ഉത്സവ ഡിമാന്‍ഡിലാണ്. തൊണ്ടന്‍ കായ കിലോ ഗ്രാമിന് 300 രൂപയിലും തൊണ്ടില്ലാത്തതിന് 550 രൂപയിലുമാണു വില്പന. മികച്ചയിനം ജാതി പത്രിക്ക് ചുവപ്പിന് 900 രൂപയും മഞ്ഞയ്ക്ക് 1400 രൂപയും ഉറപ്പു വരുത്താനാകുന്നു.

വെളിച്ചെണ്ണ

ആഗോള വിപണിയില്‍ ഭക്ഷ്യയെണ്ണകള്‍ അഭിമുഖീകരിക്കുന്ന വില ത്തകര്‍ച്ച നാളികേര കര്‍ഷകരുടെ ദുരിതം കൂട്ടുന്നു. ഇറക്കുമതി ഭക്ഷ്യയെണ്ണകളുടെ തള്ളക്കയറ്റത്തില്‍ നാളികേരോത്പന്ന വിപണി അനുദിനം തകര്‍ന്നടിയുന്നു. ഇന്ത്യയിലേക്കുള്ള ഭക്ഷ്യയെണ്ണ ഇറക്കുമതി റിക്കാര്‍ഡ് തലത്തിലേക്ക് പായുകയാണ്. ഓഗസ്റ്റ് മാസം പാം ഓയില്‍ ഇറക്കുമതി 35 ശതമാനം ഉയര്‍ന്ന് 13.75 ലക്ഷം ടണ്ണില്‍ എത്തി. വരവ് ഉയരുന്നതിന് അനുപാതികമായി വിലയും താഴ്ന്നിറങ്ങുകയാണ്.

പാം ഓയിലിനു പുറകെ സൂര്യകാന്തി, സോയ, നിലക്കടല എണ്ണകളും വ്യാപകമായ തോതില്‍ ഇറക്കുമതി നടക്കുന്നു. വില കുറഞ്ഞ എണ്ണകള്‍ സുലഭമായതോടെ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരില്ലാത്ത നിലയാണ്. ഒരു കിലോ പച്ചതേങ്ങയുടെ വില 23രൂപയിലേക്ക് മൂക്കുകുത്തി. കഴിഞ്ഞ വര്‍ഷം 43 രൂപയ്ക്ക് വില്പന നടന്ന തേങ്ങയുടെ ദയനീയ സ്ഥിതിയാണിത്. ഉത്പാദനം ഉയര്‍ന്നതും ഡിമാന്‍ഡ് മങ്ങിയതുമാണ് നാളികേരത്തെ തളര്‍ത്തുന്നത്.

പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്കു താങ്ങു പകരേണ്ട സര്‍ക്കാരാകട്ടെ കാര്യക്ഷമമായ നീക്കങ്ങളൊന്നും നടത്തുന്നുമില്ല. കിലോ ഗ്രാമിനു 32 രൂപ പ്രകാരം തേങ്ങ സംഭരിക്കുമെന്ന് സര്‍ക്കാര്‍ വ്രഖ്യാപിച്ചതല്ലാതെ കര്‍ഷകര്‍ക്കു കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. താങ്ങ് വിലയിലെ സംഭരണ കേന്ദ്രങ്ങളുടെ കുറവും അതിസങ്കീര്‍ണമായ സംഭരണ വ്യവസ്ഥകളും പണം വിതരണത്തിലെ അനിശ്ചിതത്വങ്ങളും മൂലം കര്‍ഷകര്‍ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് അകന്നു നില്ക്കുകയാണ്.

റബര്‍

മഴമാറി അന്തരീഷം തെളിഞ്ഞതോടെ സംസ്ഥാനത്ത് റബര്‍ ഉത്പാദനം ഊര്‍ജിതമായി. പുതിയ സീസണിലെ ചരക്ക് ഇറങ്ങുന്ന സന്ദര്‍ഭത്തില്‍ വിപണിയില്‍ നിന്ന് അകന്നു മാറി ഉത്പന്നത്തിന്റെ അടിത്തറ തകര്‍ക്കുന്ന നിലപാടിലാണ് ടയര്‍ ലോബി. വിദേശ വിപണികളില്‍ നിന്നു കുറഞ്ഞ നിരക്കില്‍ യഥേഷ്ടം റബര്‍ ലഭിക്കുന്നതിനാല്‍ ആഭ്യന്തര ടയര്‍ വ്യവസായികള്‍ വിപണിയില്‍ നിന്നു മുഖം തിരിച്ചു നില്‍ക്കുകയാണ്.

ഐവറി കോസ്റ്റില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ വില കുറഞ്ഞ റബര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുണ്ട്. തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്നതിലും 10 ശതമാനം വരെ വിലക്കുറവിലാണ് ഈ ചരക്ക് എത്തുന്നത്. കണ്ടെയ്‌നര്‍ പ്രതിസന്ധി നീങ്ങിയതും ഷിപ്പിംഗ് നിരക്കുകള്‍ കുറഞ്ഞതും ഇറക്കുമതിക്കാരെ വിദേശ വിപണികളിലേക്കു കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. സ്വാഭാവിക റബര്‍ ഉത്പാദക രാജ്യങ്ങളില്‍ പലതിലും വിനിമയ നിരക്ക് താഴ്ന്നു നില്‍ക്കുന്നതും ആഭ്യന്തര കയര്‍ വ്യവസായികളെ വിദേശ ചരക്കിലേക്ക് നയിക്കുന്നു.

ടയര്‍ വ്യവസായികളുടെ തണുപ്പന്‍ നീക്കത്തെത്തുടര്‍ന്ന് കൊച്ചിയില്‍ റബര്‍ വില അടിക്കടി താഴ്ന്നുകൊണ്ടിക്കുകയാണ്. ആര്‍.എസ്.എസ്. 4-ാം ഗ്രേഡ് റബര്‍ 14800 രൂപയില്‍ എത്തി ഉത്പന്നം കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴും സര്‍ക്കാര്‍ റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒന്നും നടത്തുന്നില്ല. രണ്ടുവര്‍ഷമായി റബര്‍ വില സ്ഥിരത ഫണ്ട് വിതരണം മുടങ്ങി കിടക്കുകയുമാണ്.

ലില്ലിബെറ്റ് ഭാനുപ്രകാശ്