എങ്ങും കാണാതായി കൃഷ്ണകിരീടം
എങ്ങും കാണാതായി കൃഷ്ണകിരീടം
Tuesday, October 25, 2022 3:40 PM IST
ഒരു കാലത്തു നമ്മുടെ തൊടികളിലും വരമ്പുകളിലും തലയെടുപ്പോടെ നിന്നിരുന്ന കൃഷ്ണകിരീടം പൂക്കളെ ആര്‍ക്കും വേണ്ടാതായി. വിദേശ പൂച്ചെടികളുടെ തള്ളിക്കയറ്റത്തില്‍ ഈ പൂക്കളെ നാം വിസ്മൃതിയിലേക്കു തള്ളി വിട്ടു. ചുവന്ന പഗോഡ, കൃഷ്ണമുടി, കാവടിപ്പൂവ് ആറുമാസച്ചെടി, ഹനുമാന്‍ കിരീടം എന്ന പേരുകളിലും ഇത് അറിയപ്പെടുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയാണു കൃഷ്ണ കിരീടം ചെടികളുടെ ജന്മദേശം. ഒന്നര മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കടുംപച്ച ഇലകളോടു കൂടിയ കുറ്റിച്ചെടിയാണിത്. ചെടിയുടെ അഗ്രഭാഗത്താണു കിരീടം പോലെ നില്‍ക്കുന്ന ചുവപ്പാര്‍ന്ന പൂങ്കുലകളുണ്ടാകുന്നത്. പൂങ്കുലകള്‍ക്കു പഗോഡ ആകൃതിയുള്ളതുകൊണ്ടാവാം ഇതിനെ പഗോഡ പൂവ് എന്നും വിളിക്കുന്നത്. ഓറഞ്ച് കലര്‍ന്ന ചുവപ്പോടുകൂടിയ പൂങ്കുലകള്‍ക്ക് 45 സെന്റിമീറ്റര്‍ വരെ ഉയരമുണ്ടാകും.



നമ്മുടെ നാട്ടില്‍ തരിശുനിലങ്ങളിലും വഴിവക്കിലും വന്യമായി വളരുന്ന ഇവയെ നല്ലൊരു ഉദ്യാന സസ്യമായി പ്രയോജനപ്പെടുത്താവുന്നതാണ്. തണല്‍ ഇഷ്ടപ്പെടുന്ന ഈ ചെടിയുടെ വേരില്‍ നിന്നു പൊട്ടി മുളയ്ക്കുന്ന തൈകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതിനാല്‍ ശലഭോദ്യാനങ്ങള്‍ക്ക് ഉത്തമമാണ്. ഔഷധ ഗുണമുള്ളതിനാല്‍ ആയുര്‍വേദത്തിലും നാട്ടുവൈദ്യത്തിലും സ്ഥാനമുണ്ട്

എ. ആര്‍. നേഹ
അമൃത സ്‌കൂള്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, കോയമ്പത്തൂര്‍