പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്‍കാലം
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്‍കാലം
Tuesday, August 2, 2022 4:50 PM IST
വേനല്‍വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊരുക്കങ്ങള്‍ തകൃതിയാകുന്ന കാലം. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളില്‍ ഒരു പങ്ക് പരിസരത്തു തന്നെ വളര്‍ത്തിയെടുക്കണം എന്നു നിര്‍ബന്ധബുദ്ധിയുള്ളവരേറെ. ചട്ടിയിലും ചാക്കിലും ഗ്രോ ബാഗിലുമൊക്കെയായി വിവിധതരം പച്ചക്കറികള്‍ വളര്‍ത്തുന്നതു പതിവായിരിക്കുന്നു.

ഒപ്പം നിലവിലുള്ള പച്ചക്കറിത്തോട്ടം കേടുപാടുകള്‍ കൂടാതെ സംരക്ഷിച്ചു നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ഈ രണ്ടു കൂട്ടരുടെയും ആശങ്കകള്‍ പരിഹരിക്കുക എന്നതു വര്‍ഷകാല പച്ചക്കറിക്കൃഷിയില്‍ അതിപ്രധാനമാണ്. സ്വതവേ ദുര്‍ബലരായ പച്ചക്കറികള്‍ക്കു മഴക്കാലം നടീല്‍കാലവും ഒപ്പം ദേഹരക്ഷയുടെ കാലവുമാണ്.

മഴ തിമിര്‍ക്കും മുമ്പു ശൈശവം കടക്കണം

മഴ തിമിര്‍ത്തുപെയ്യാന്‍ തുടങ്ങുന്ന ഇടവപ്പാതിക്കു മുമ്പു പച്ചക്കറിത്തൈകളുടെ ശൈശവം കടന്നാല്‍ നല്ലത്. ഇങ്ങനെ നോക്കുമ്പോള്‍ മേട മാസമാണു കൃഷി തുടങ്ങാന്‍ ഉത്തമം. അല്പം വൈകിയാലും മഴ കനക്കും മുമ്പു നടാനായാല്‍ നന്ന്. വേര് പിടിച്ചു കിട്ടിയാല്‍ പിന്നെ വലിയ പ്രശ്‌നമില്ല. അത് തുറസായ സ്ഥലത്തെ കൃഷിക്കേ വലിയ പ്രശ്‌നമാകാറുള്ളൂ. ചട്ടിയിലോ ഗ്രോബാഗിലോ ഒക്കെ സംരക്ഷിച്ചുവളര്‍ത്തുന്ന പച്ചക്കറിത്തൈകള്‍ക്ക് അത്ര പ്രശ്‌നമാകാറില്ല.

പ്രത്യേകിച്ചു മഴമറകളില്‍ വളര്‍ ത്തുന്ന പച്ചക്കറികള്‍ക്ക്. പുറം കൃഷിയില്‍ ഒരു കാര്യം എന്തായാലും ശ്രദ്ധിക്കണം. തടമെടുത്ത് നടുന്നതിനു പകരം മണ്ണ് കൂനയാക്കി അതില്‍ വേണം നടാന്‍. കൂനയുടെ മുകളില്‍ പുതയിട്ടാല്‍ വെള്ളക്കെട്ട് ഒഴിവാക്കാം, മണ്ണൊലിപ്പും തടയാം.

മഴ ഇഷ്ടപ്പെടുന്ന പച്ചക്കറികള്‍

1. പയര്‍


കുറ്റിപ്പയറും തടപ്പയറും ഉള്‍പ്പെടെ മഴ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പച്ചക്കറിയാണു പയര്‍. വര്‍ഷം മുഴുവന്‍ വളര്‍ത്താം. നടുന്നതു മഴക്കാലത്താണെങ്കിലും പയര്‍ പിടിക്കും. പടരാത്ത കുറ്റിപ്പയര്‍ ചാക്കിലും ഗ്രോ ബാഗിലും വളര്‍ത്താം. കൈരളി, വരുണ്‍, അനശ്വര തുടങ്ങിയ വിവിധ ഇനങ്ങളുണ്ട്. വിത്ത് പാകി മുളയ്ക്കുന്ന തൈകള്‍ രണ്ടാഴ്ച കഴിഞ്ഞു മാറ്റി നട്ടും, തടങ്ങളില്‍ വിത്തുപാകി ആരോഗ്യമുള്ളവ മാത്രം നിര്‍ത്തിയും കുറ്റിപ്പയര്‍ വളര്‍ത്താം.

നടും മുമ്പു വിത്തുകള്‍ വെള്ളത്തിലോ 20 ശതമാനം വീര്യമുള്ള സ്യൂഡോമോണസ് ലായനിയിലോ മുക്കി വച്ചിട്ടു നടണം. വളര്‍ച്ച നോക്കി ഒരു ചെടിക്ക് ചാണകപ്പൊടി, എല്ലുപൊടി എന്നിവയ്ക്കു പുറമെ 100 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്കും നല്‍കാം. ഒരു മാസത്തിനു ശേഷം ഇതു വീണ്ടും ആവര്‍ത്തിക്കണം. വളം ചേര്‍ക്കുന്നതോടൊപ്പം മണ്ണ് കയറ്റി തടം ഉയര്‍ത്താനും ശ്രദ്ധിക്കണം. വിത്തിട്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിളവെടുക്കാവുന്ന ഭാഗ്യലക്ഷ്മി, മണിപ്പയറായും ഒടിപ്പയറായും ഒക്കെ ഉപയോഗിക്കാവുന്ന അനശ്വര, കനകമണി തുടങ്ങിയവയെല്ലാം കുറ്റിപ്പയറിലെ താരങ്ങളാണ്.

ഇതുപോലെ തന്നെ തടപ്പയറും വളര്‍ത്താം, അനശ്വര എന്ന തടപ്പയര്‍ നല്ല വിളവ് തരും. തറയില്‍ കൂനകൂട്ടി നട്ടാല്‍ ഇത് പടര്‍ന്നു വളരും. തലപ്പ് നുള്ളി വളര്‍ത്തിയാല്‍ മതി. രണ്ടു സ്പൂണ്‍ കുമ്മായം ചേര്‍ത്തു തടമെടുത്ത് 15 ദിവസം കഴിഞ്ഞ് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ അടിവളമായി നല്‍കി തടപ്പയറിന്റെ വിത്ത് പാകാം.

ഒരു തടത്തില്‍/കൂനയില്‍ 4 വിത്ത് വരെ നടാം. വളരുന്നതനുസരിച്ച് വളം ചേര്‍ത്തു കൊടുക്കണം. ചുവട്ടില്‍ വെള്ളം കെട്ടാതെ ശ്രദ്ധിക്കണം. മൂന്നു നാലു ദിവസം മതി വിത്ത് മുളയ്ക്കാന്‍. ചട്ടിയിലാണെങ്കിലും മിശ്രിതം ഇതു തന്നെ. ചാണകപ്പൊടിയും മേല്‍മണ്ണും തുല്യയളവിലും ഇതര വളങ്ങള്‍ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കനുസരിച്ചും. അധികം നനവില്ലാത്ത ജൈവവളങ്ങള്‍ വേണം ചേര്‍ക്കാന്‍.

2. വെണ്ട

മഴക്കാലത്തു നന്നായി വിളവ് തരുന്നതാണ് വെണ്ട. മഴക്കാലത്ത് വെണ്ടയുടെ നിത്യശല്യമായ മഞ്ഞളിപ്പുരോഗം കുറഞ്ഞിരിക്കും എന്നതും എടുത്തുപറയേണ്ടതുണ്ട്. ഇതിനു കാര ണം വെള്ളീച്ച ശല്യം കുറവായിരിക്കും എന്നതു തന്നെ. മഴക്കാലമായതിനാല്‍ വിത്ത് നേരിട്ടു നടുന്നതിനേക്കാള്‍ മുളപ്പിച്ച് തയാറക്കി നടുകയാണു നന്ന്. വെള്ളക്കെട്ടില്ലെങ്കില്‍ വാരങ്ങളില്‍ നടാം. ചെടികള്‍ തമ്മില്‍ 45 സെ. മീറ്ററും വരികള്‍ തമ്മില്‍ 60 സെ. മീറ്ററും ആണ് ഇടയകലം.

ഇങ്ങനെ ഒരു സെന്റില്‍ 150 തൈ വരെ നടാം. വിത്ത് നടും മുമ്പ് ഒരു ഗ്രാം സ്യൂഡോമോണസുമായി. കലര്‍ത്തി നടുന്നതായാല്‍ രോഗപ്രതിരോധവുമായി കടലപ്പിണ്ണാക്ക് പൊടിച്ചത്, ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയവയാണു ജൈവവളങ്ങള്‍. ചാണകം നേര്‍പ്പിച്ചു തെളിയൂറ്റി ചേര്‍ക്കണം. ബയോഗ്യാസ് സ്ലറിയും ഇതുപോലെ തന്നെ. ഗോ മൂത്രം കിട്ടുമെങ്കില്‍ അതു നാലിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചേ നല്‍കാവൂ. കടലപ്പിണ്ണാക്ക് 200 ഗ്രാം നാല് ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചു കൊടുക്കുന്നതും ഉത്തമമാണ്.

സുസ്ഥിര, അര്‍ക്ക അനാമിക, കിരണ്‍, അഞ്ജിത, മഞ്ജിമ, അരുണ പോലുള്ള ഇനങ്ങളാണു മഴക്കൃഷിക്ക് അനുയോജ്യം. ഇതില്‍ അര്‍ക്ക അനാമികയുടെ കായ്കള്‍ക്ക് ഒരടി നീളം വയ്ക്കും. അഞ്ജിതയുടെ മഞ്ജിമയുടെയും കായ്കള്‍ക്ക് ഇളം പച്ചനിറമാണ്. അരുണയുടേതാകട്ടെ ചുവന്ന കായ്കളും. സര്‍കീര്‍ത്തിയുടെ കായ്കള്‍ ഇളം പച്ചനിറമുള്ളതാണ്. ഗ്രോബാഗിലും മേല്‍മണ്ണ്, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവയുടെ തുല്യഅനുപാതത്തിലുള്ള മിശ്രിതമാണ് നടീല്‍ മാധ്യമം.

3. വഴുതന

മെയ്-ജൂണ്‍ മാസങ്ങളില്‍ വിത്ത് പാകി ആരോഗ്യമുള്ള തൈകള്‍ മാത്രം എടുത്ത് നട്ടു വളര്‍ത്തുന്നതാണ് വഴുതനയിലെ പതിവ്. 30 ദിവസം പ്രായമായ തൈ വേണം നടാന്‍ മഴക്കാലത്തും വഴുതന തഴച്ചുവളരും, നല്ല വിളവും തരും. മാത്രമല്ല ദീര്‍ഘനാള്‍ വിളവ് തരുകയും ചെയ്യും. നടും മുമ്പു വിത്തുകള്‍ വെള്ളത്തുണിയില്‍ കെട്ടി 20 ശതമാനം വീര്യമുള്ള സ്യൂഡോമോണസ് ലായനിയില്‍ മുക്കിവച്ചിട്ട് നട്ടാല്‍ വേഗം മുളപൊട്ടി വളരും.

ഹരിത, നീലിമ, ശ്വേത, സൂര്യ എന്നിവ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളാണ്. കൂനകൂട്ടിവേണം മഴക്കാലത്ത് വഴുതന നടാന്‍. ഉണക്കിപ്പൊടിച്ച ചാണകവും ജൈവ വളങ്ങളും മണ്ണില്‍ ചേര്‍ത്ത് തൈകള്‍ നടാം. മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ വളമായി ചേര്‍ക്കാം. ഏതാണ്ട് 60 ദിവസം മതി വഴുതനയില്‍ നിന്നു വിളവ് കിട്ടിത്തുടങ്ങാന്‍. വഴുതനയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, നേരത്തെ കൃഷി ചെയ്ത വഴുതനച്ചെടികളുടെ കൊമ്പുകള്‍ വെട്ടിയെതുക്കുകയും ശിഖരങ്ങള്‍ മുറിച്ചു വിടുകയും ചെയ്താല്‍ മഴ കനക്കുന്നതോടെ പുതിയ ശിഖരങ്ങള്‍ വളരാനും കായ് പിടിക്കാനും തുടങ്ങും.

4. മുളക്

നാടന്‍ മുളകിനങ്ങള്‍ നന്നായി വളരുന്ന സമയമാണു മഴക്കാലം, പ്രത്യേകിച്ചു കാന്താരിമുളക്. വഴുതനയുടേതു പോലെ തന്നെയാണു മുളകു കൃഷിയും. മേല്‍മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്ത നടീല്‍ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ പങ്ക് നിറയ്ക്കുക. കൂടാതെ ഓരോ ബാഗിലും 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ക്കുക.

ഇങ്ങനെ ഒരുക്കിയ ബാഗില്‍ തൈകള്‍ നടാം. ആഴ്ചയിലൊരിക്കല്‍ ചാണകപ്പൊടിയും എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും തുല്യയളവില്‍ കലര്‍ത്തി തയാറാക്കുന്ന വളക്കൂട്ടില്‍ നിന്ന് ഒരു ചിരട്ട വീതം ഓരോ ഗ്രോബാഗിലും ചേര്‍ത്താല്‍ ചെടികള്‍ കരുത്തോടെ വളരും. നാടന്‍ ഇനങ്ങള്‍ കൂടാതെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ സംഭാവനയായ ഉജ്ജ്വല, അനുഗ്രഹ, കീര്‍ത്തി, വെള്ളായാണി അതുല്യ, വെള്ളായണി സമൃദ്ധി, വെള്ളായാണി തേജസ് എന്നിവയും മഴക്കാല കൃഷിക്ക് യോജിച്ച ഇനങ്ങളാണ്.

5. ചീര

വര്‍ഷകാലത്ത് പച്ചചീര കൃഷി ചെയ്യുന്നതാണു കൂടുതല്‍ നല്ലത്. ഗ്രോബാഗ്, ചട്ടി എന്നിവയിലോ ഉയര്‍ന്ന തടം കോരി അതിലോ വേണം നടാന്‍. ഗ്രോ ബാഗില്‍ ഉപയോഗിക്കുന്ന മേല്‍മണ്ണില്‍ ഒരു ബാഗിന് ഒരു ടേബിള്‍ സ്പൂണ്‍ എന്ന തോതില്‍ കുമ്മായം ചേര്‍ത്തു നന്നായിയിളക്കി വേണം എടുക്കാന്‍. ഇതോടൊപ്പം 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 100 ഗ്രാം എല്ലു പൊടിയും, മണ്ണിര കമ്പോസ്റ്റോ അഴുകിപ്പൊടിഞ്ഞ കോഴിവളമോ കിട്ടിയാല്‍ നന്നായി.

നിരവധി നല്ല ഇനങ്ങളുണ്ട് ചീരയ്ക്ക്. കടും ചുവപ്പു നിറമുള്ള അരുണ്‍, പച്ചനിറമുള്ള മോഹിനി, ഇലകള്‍ പച്ചയും തണ്ടിനു പര്‍പ്പിള്‍ നിറവുമുള്ള രേണുശ്രീ, ചുവന്ന ചീരയായ കൃഷ്ണശ്രീ തുടങ്ങിയവ. പച്ചച്ചാണകത്തെളി, പുളിപ്പിച്ച ജൈവവളമിശ്രിതങ്ങള്‍ എന്നിവ ഇടയ്ക്ക് ചീരച്ചുവട്ടില്‍ തളിക്കാം

. മഴ നേരിട്ടു പതിക്കാത്ത സ്ഥലത്ത് ഗ്രോബാഗുകളില്‍ സാമാന്യം നന്നായി ചീര വളര്‍ത്താം. മഴക്കാലകൃഷിക്കു രോഗബാധസാധ്യത കുറവായ സി.ഓ-1 ഇനം പച്ചച്ചീരയ്ക്ക് മുന്‍ഗണന കൊടുക്കാനായാല്‍ നന്ന്. മഴക്കാല നനയില്‍ ചീര മുകളിലൂടെ വെള്ളം തളിച്ചു നനയ്ക്കുന്നതിനു പകരം തടത്തില്‍ നനയ്ക്കുന്ന രീതിയാണ് ഉത്തമം.

6. പാവല്‍

മണ്‍കൂനകളിലും ചട്ടി/ഗ്രോ ബാഗ് എന്നിവയിലും വേണം മഴക്കാല പാവല്‍ കൃഷി. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ മുക്കിവച്ചു വേണം വിത്ത് നടാന്‍. പ്രിയ, പ്രിയങ്ക, പ്രീതി തുടങ്ങിയവ മികച്ച ഇനങ്ങള്‍. കൂനകള്‍ തമ്മില്‍ 2 മീറ്ററാണ് ഇടയകലം വേണ്ടത്. വിത്തു തൈകള്‍ക്ക് 15 സെ. മീ. ഉയരമെത്തുമ്പോള്‍ ഇളക്കിനടാം.

ചാണകപ്പൊടി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ഒരാഴ്ച ഇടവിട്ട് 100-200 ഗ്രാം വീതം ചെടിത്തടത്തില്‍ ഇളക്കി ചേര്‍ക്കാം. മൂന്നാഴ്ചയാകുമ്പോള്‍ പടരാന്‍ സൗകര്യം ചെയ്യണം. രണ്ടുമാസത്തെ വളര്‍ച്ചമതി കായ് പിടിക്കാന്‍. കായ്ക്കല്‍ സ്ഥിരമായാല്‍ എല്ലാ ആഴ്ചയും പാവയ്ക്ക പറിക്കാം.

7. വര്‍ഷമത്തന്‍


മഴക്കാലകൃഷിക്ക് ഏറ്റവും ഇണങ്ങിയ പച്ചക്കറിയാണു മത്തന്‍. മഴക്കാലത്തു സാമാന്യം നല്ല വിളവും തരും. മെയ്-ജൂണ്‍ മാസങ്ങളില്‍ ആദ്യത്തെ രണ്ടു മൂന്നു മഴയ്ക്കുശേഷം വിത്ത് പാകിയാണു മഴക്കാലമത്തന്‍ കൃഷി ചെയ്യേണ്ടത്. അമ്പിളി, സുവര്‍ണ, സരസ്, സൂരജ് എന്നിവ മികച്ച ഇനങ്ങള്‍. നാടന്‍ ഇനങ്ങളും ലഭ്യമാണ്. ഓരോ തടത്തിലും നാലോ അഞ്ചോ വിത്തു വീതം നടാം. മുളച്ചാല്‍ ഇതില്‍ കരുത്തുള്ളവ മാത്രം നിര്‍ത്തി ബാക്കി നീക്കണം.

തടങ്ങള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലമാണു ശുപാര്‍ശ. വള്ളി വീശിയാല്‍ മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് പൊടിച്ചത് എന്നിവ ഓരോ തടത്തിലും 100 ഗ്രാം വീതം ചേര്‍ക്കാം. രണ്ടാഴ്ച കൂടുമ്പോള്‍ ചാണകം വെള്ളത്തില്‍ കലക്കി തെളിയൂറ്റി തടത്തിലൊഴിക്കാം. ഇതുപോലെ കുമ്പളം, ചുരക്ക, കോവല്‍, കക്കിരി തുടങ്ങിയവയും കൃഷി ചെയ്യാം.

പ്രകൃതി സൗഹൃദം പ്രധാനം

മഴക്കാലപച്ചക്കറിക്കൃഷിയില്‍ രോഗം വന്നിട്ടു നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നന്ന് രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുക യാണ്. അതും പ്രകൃതിസൗഹൃദ രീതികളയാല്‍ വളരെ നന്ന്. ചില സഹായ സൂചനകള്‍ ഇതാ.

* സ്യൂഡോമോണസ് ഫ്‌ളുറസൈന്‍സ് -50 ഗ്ലാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതില്‍ വിത്തുള്‍പ്പെടെ നടീല്‍ വസ്തുക്കള്‍ 15-20 മിനിറ്റ് മുക്കിവച്ചിട്ട് നടാം. 30 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 15-20 ദിവസം ഇടവിട്ട് ഇലകളില്‍ തളിക്കാം. മണ്ണ് കുതിര്‍ക്കാം. കുമിള്‍പ്രതിരോധത്തിനുത്തമം, പുള്ളിക്കുത്ത്, അഴുകല്‍ രോഗങ്ങള്‍ക്ക് പ്രതിവിധി.

* ട്രൈക്കോഡെര്‍മ ചാണകപ്പൊടിയുമായി കലര്‍ത്തി ആവശ്യത്തിനു മാത്രം നനച്ച് ചെടിത്തടത്തില്‍ ചേര്‍ക്കുക.

* പി.ജി.പി.ആര്‍-2 രോഗപ്രതിരോധമായും രണ്ടാഴ്ച ഇടവിട്ടും തളിച്ചാല്‍ വിവിധരോഗങ്ങള്‍ നിയന്ത്രിക്കാം.

* ബി.ടിപ്രാസിലസ് തുരിന്‍ജിയെസിസ് (ഹാള്‍ട്ട്, ഡൈപ്പല്‍ എന്നീ പേരുകളില്‍ വാങ്ങാന്‍ കിട്ടും) ബാക്ടീരിയ ഉപയോഗിച്ച് ശലഭപ്പുഴുക്കളെയും വണ്ടുകളെയും തുരത്താം.

* ബിവേറിയ ബാസിയാന ബയോപവര്‍, ബയോഗാര്‍ഡ്‌റിച്ച് എന്നീ പേരുകളില്‍ കിട്ടും. ഇതു വഴി ചാഴി, ഇലചുരുട്ടിപ്പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം.

* വെര്‍ട്ടിസീലിയം ലക്കാനി-ബയോഗ്യാസ്, മിലികിന്‍ ബയോവെര്‍ട്ട് എന്നീ പേരുകളില്‍ വാങ്ങാന്‍ കിട്ടും. നീരൂറ്റിക്കീടങ്ങളായ മീലിമുട്ട, ശല്‍ക്കപ്രാണി, പൊള്ളീച്ച എന്നിവയെ നിയന്ത്രിക്കാം. പഴക്കെണി, മഞ്ഞക്കെണി, ഫിറമോണ്‍ കെണി എന്നിവ കൃഷിയിടത്തില്‍ സ്ഥാപിച്ചു കായീച്ചകളെയും മറ്റും പിടികൂടാം.

വേപ്പിന്റെ തന്നെ വിഭിന്നരൂപങ്ങളായ വേപ്പെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ-ആണവക്കെണ്ണ- വെളുത്തുള്ളി മിശ്രിതം, വേപ്പിന്‍കുരു സത്ത്, വേപ്പിന്‍ പിണ്ണാക്ക് പുകയില കഷായം, കരിയാത്ത് എമല്‍ഷന്‍, പെരുവല സത്ത്, ഗോമൂത്രം-കാന്താരി മിശ്രിതം തുടങ്ങിയവയും പച്ചക്കറിത്തോട്ടത്തിന് ഇണങ്ങുന്ന അപായരഹിതമായ സൗഹൃദ കീടനാശിനികളാണ്.

ഒച്ചുകള്‍ക്കെതിരെ കരുതല്‍ വേണ്ട കാലമാണ് മഴക്കാലം. 5 മില്ലി വേപ്പെ ണ്ണ 10 തുള്ളി ലിക്വിഡ് ഡിഷ് വാഷ് സോപ്പുമായി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കണം.

മഴമറയുടെ സംരക്ഷണം

നീണ്ട മഴക്കാലമാണു കേരളത്തിലെ പച്ചക്കറിക്കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി. പ്രത്യേകിച്ച് വാണിജ്യ പച്ചക്കറിക്കൃഷി. അതുകൊണ്ടുതന്നെ മഴമറക്കൃഷിക്ക് കൃഷി വകുപ്പ് ഒട്ടേറെ സഹായം നല്‍കുന്നുണ്ട്. 75% വരെ സബ്‌സിഡി നല്‍കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മഴ കനത്താലും, കാലം തെറ്റി വന്നാലുമെല്ലാം ഒരു പരിധി വരെ പച്ചക്കറികളെ സംരക്ഷിച്ചു വളര്‍ത്താന്‍ മഴമറകള്‍ സഹായിക്കും.

സ്വഭാവിക വായുസഞ്ചാരം അനുവദിക്കുന്ന മഴമറയുടെ മേല്‍ക്കൂര സുതാര്യമായ പോളിത്തീന്‍ ഷീറ്റുകൊണ്ട് ആവരണം ചെയ്തതാണ്. നെടുമ്പുരയുടെ ആകൃതിയില്‍ വശങ്ങളിലേക്ക് ചായ്ച്ചിറക്കി നിര്‍മിക്കാവുന്ന ഇതിന്റെ ചട്ടക്കൂട് മുള, കമുക്, പന, സ്റ്റീല്‍ പൈപ്പ് എന്നിവ കൊണ്ടുണ്ടാക്കാം.

ജി.ഐ പൈപ്പാണെങ്കില്‍ ദീര്‍ഘനാള്‍ നില്‍ക്കും. തുറസായ, വെള്ളക്കെട്ടില്ലാത്ത സമനിരപ്പുള്ള സ്ഥലത്തുവേണം റെയിന്‍ ഷെല്‍റ്റര്‍ ഒരുക്കാന്‍. തെക്ക്-വടക്ക് ദിശയില്‍ വേണമിത്. വായുസഞ്ചാരത്തിന് നാലുവശവും തുറന്നിടണം. പക്ഷിമൃഗാദികളില്‍ നിന്നുള്ള രക്ഷയ്ക്ക് ഇഴയകലമുള്ള കമ്പിവലകളിടാം. ചെടികളില്‍ പ്രാണിശല്യം ഒഴിവാക്കാന്‍ യു.വി നെറ്റ് കൊണ്ടു മറയ്ക്കാം.

പക്ഷെ, ഇത് റെയിന്‍ ഷെല്‍റ്ററിനുള്ളിലെ ചൂട് വര്‍ധിപ്പിക്കും. റെയിന്‍ ഷെല്‍റ്ററിന്റെ നടുവിലെ ഉയരം 4 മീറ്റര്‍ വരെയും വശങ്ങളിലേത്2.5 മീറ്റര്‍ വരെയുമാകാം. റെയിന്‍ ഷെല്‍റ്ററിലാകുമ്പോള്‍ എല്ലാ പച്ചക്കറികളും മാറിമാറി കൃഷി ചെയ്യാം. മഴക്കാലത്ത് പുറത്ത് കൃഷി ചെയ്യാന്‍ കഴിയാത്ത തക്കാളി, സാലഡ് വെള്ളരി, പടവലം, ചുവന്ന ചീര എന്നിവയെല്ലാം ഇതിനുള്ളില്‍ വിജയകരമായി വളര്‍ത്താം.

വിത്ത് എത്ര നല്ലതായാലും കാലാവസ്ഥ പ്രതികൂലമായാല്‍ വിളവ് മോശമാകും എന്നതില്‍ സംശയം വേണ്ട. അതുകൊണ്ടാണു മഴയുടെ ഏറ്റക്കുറച്ചിലുകള്‍ ഏല്‍ക്കാത്തവിധം വിവിധതരം പച്ചക്കറികള്‍ മേന്മയോടെ വളര്‍ത്താന്‍ മഴമറയെ ആശ്രയിക്കാവുന്നത്. അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ ലഭിക്കാന്‍ 100 ചതുരശ്രമീറ്റര്‍ സ്ഥലത്ത് ഒരു മഴമറ തീര്‍ത്താല്‍ മതി. പേരുപോലെ തന്നെ മഴയ്ക്ക് മറ തീര്‍ക്കുന്ന പ്ലാസ്റ്റിക് മേല്‍ക്കൂരയുള്ള ഈ കൂടാരം കേരളത്തില്‍ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.ഫോണ്‍: 9446306909

പോഷകങ്ങള്‍ കുറയരുത്

മഴക്കാല പച്ചക്കറികള്‍ക്കും നന്നായി വളരാന്‍ വേണ്ടത്ര പോഷകങ്ങള്‍ നല്‍കണം. ഇതുതന്നെ വീട്ടില്‍ തയാറാക്കാവുന്ന ജൈവവളക്കൂട്ടുകളായാല്‍ ഏറെ നന്ന്.

ഒരു ജൈവവളക്കൂട്ട് ഇങ്ങനെ തയാറാക്കാം

10 കിലോ ചാണകം, ഓരോ കിലോ വീതം വേപ്പിന്‍പിണ്ണാക്കും കപ്പലണ്ടിപിണ്ണാക്കും എല്ലുപൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്തിളക്കി 3-4 ദിവസം പുളിക്കാന്‍ വയ്ക്കുക. വെള്ളത്തിനു പകരം ഗോ മൂത്രം കിട്ടുമെങ്കില്‍ അതു മതിയാകും. തുര്‍ന്ന് നന്നായി അടി ചേര്‍ത്തിളക്കി ഒരു കപ്പ് വള ലായനി പത്തു കപ്പ് വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് ചെടികള്‍ക്ക് നല്‍കാം.

മറ്റൊരു ഗ്രോത്ത് ബൂസ്റ്റര്‍ അഥവാ വളര്‍ച്ചാസഹായിയാണ് ഫിഷ് അമിനോ ആസിഡ്. ഓരോ കിലോ വീതം മത്തിയും ശര്‍ക്കരയും ചേര്‍ത്ത് 15 ദിവസം വായു കടക്കാതെ അടച്ച് സൂക്ഷിക്കുക. അതിനുശേഷം അരിച്ചെടുത്ത് 2 മില്ലി മിശ്രിതം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നല്‍കാം.

കമ്പോസ്റ്റ്, മണ്ണിരകമ്പോസ്റ്റ് പോലുള്ള ജൈവവളങ്ങളും നല്ലതാണ്. കൃഷി ശാസ്ത്രം ഇന്ന് ഏറെ വളര്‍ന്നിരിക്കുന്നു. പ്രളയമഴയില്‍ പലപ്പോഴും കാര്‍ഷിക മേഖലയ്ക്ക് അടി തെറ്റാമെങ്കിലും ഓരോ കുടുംബത്തിനും ആവശ്യം വേണ്ടുന്ന പച്ചക്കറികളില്‍ ഒരു പങ്ക് വീട്ടുവളപ്പില്‍ വളര്‍ത്താന്‍ ഇന്നു സങ്കേതങ്ങള്‍ ലഭ്യമാണ്. സംരക്ഷിത കൃഷിയും മഴമറയുമൊക്കെ ഈ രംഗത്ത് നമ്മുടെ പ്രതീക്ഷകളാണ്.

ഇഞ്ചി വിത്ത്

കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര കാര്‍ഷിക കോളജിലെ പ്ലാന്റേഷന്‍ ആന്‍ഡ് സ്‌പൈസസ് വകുപ്പില്‍ അത്യുത്പാദന ശേഷിയുള്ള ഇഞ്ചി (ആതിര, ചിത്ര), തിപ്പലി (വിശ്വം) തൈകള്‍ വില്പനയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447583467.

തെങ്ങിന്‍ തൈ

കൃഷി വകുപ്പിന് കീഴിലുളള തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ കൃഷി ബിസിനസ് കേന്ദ്രയില്‍ കുറ്റ്യാടി, മലയന്‍ ഗ്രീന്‍ ഇനങ്ങളില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കില്‍ വില്‍പനയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281635530

കോഴി കുഞ്ഞുങ്ങള്‍

ചങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്ന് ഒരു ദിവസം പ്രായമായ പിടക്കോഴിക്കുഞ്ഞുങ്ങള്‍ 22 രൂപ നിരക്കിലും പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ 10 രൂപ നിരക്കിലും ചൊവ്വ, വെളളി ദിവസങ്ങളില്‍ വില്പന നടത്തും. ഫോണ്‍: 0479-2452277

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അത്യുത്പാദ നശേഷിയുള്ള 45 ദിവസം പ്രായമുള്ള ബി.വി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്. ല കുഞ്ഞൊന്നിനു 160 രൂപയാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ 9400483754 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

കുടപ്പനക്കുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമിലെ മുട്ടയുത്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുളളതുമായ മാതൃപിതൃ ശേഖരത്തില്‍പ്പെട്ട കോഴികള്‍ സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ 9 മണി മുതല്‍ നാലു വരെ വില്പനയ്ക്ക്. ഫോണ്‍: 0471-2478585, 9495000914.

വാട്ടരോഗം

മഴക്കാലത്ത് ബാക്ടീരിയ മൂലം ഇഞ്ചിയില്‍ കണ്ടുവരുന്ന പ്രധാന രോഗമാണ് വാട്ടരോഗം. ചെടികള്‍ പെട്ടെന്ന് വാടുകയും കട ചീയുകയും ചെയ്യുന്നതാണ് ലക്ഷണം. പച്ചവാട്ടം എന്നറിയപ്പെടുന്ന ഈ രോഗം നിയന്ത്രിക്കാന്‍ രോഗം ബാധിച്ചവ പിഴുതു മാറ്റിയശേഷം കുമ്മായം സെന്റൊന്നിന് 2.5 കിലോ വീതം ഇടണം. ഒരാഴ്ച കഴിഞ്ഞ് ഒരു കിലോഗ്രാം സ്യൂഡോമോണാസ് 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോ മണലുമായി ചേര്‍ത്ത് രോഗം ബാധിച്ച തടങ്ങളിലും ം ചുറ്റുമുളള തടങ്ങളിലും ഇട്ടു കൊടുക്കണം.

കൊക്കോ തൈ

കേരള കാര്‍ഷിക സര്‍വകലാശാലയുടെ തൃശൂര്‍ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ അത്യുത്പാദന ശേഷിയുള്ള സങ്കരയിനം കൊക്കോ തൈകള്‍ തൈ ഒന്നിന് 20 രൂപയ്ക്ക് വില്പനയ്ക്ക് ലഭ്യമാണ്. ഫോണ്‍: 0487-2438451, 2438452, 9061846212, 9446622960.

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (റിട്ട.) ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ