ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
ഔഷധ ഉദ്യാനത്തില്‍  അഭിമാനത്തോടെ ജെയിംസ്
Saturday, July 16, 2022 9:38 PM IST
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകളായി. ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു വളരെ മുമ്പു തന്നെ അദ്ദേഹം ആ രംഗത്തെത്തി.

ആനതുളസി, കമ്പിപാലാ, അണലിവേഗ, മുറികൂട്ടികള്‍, അയ്യപ്പാന, പാതകം കൊല്ലി, കുറ്റിപ്പാണല്‍, വെള്ള ഉമ്മം, നീല ഉമ്മം, കറ്റാര്‍ വാഴ, കിരിയാത്ത്, ആരോഗ്യപ്പച്ച, ആവണക്ക്, പുഴുതാര കൊല്ലി, മിറക്കിള്‍ ഫ്രൂട്ട്, ദന്തപാല, നിലപ്പന, മലതാങ്ങി, ആടലോടകം വലുത്, കാഴ്ച വാഴ, ചെറുകുള തുടങ്ങി ജയിംസിന്റെ കരപരിലാളനമേറ്റു വളരുന്ന ഔഷധ സസ്യങ്ങള്‍ നിരവധി. ഔഷധ വൃക്ഷ വിഭാഗത്തില്‍ കുളമാവ്, കൂവളം, ആഞ്ഞിലി എന്നിവയുമുണ്ട്.



ഇതിനൊപ്പം ഒട്ടേറെ പഴവര്‍ഗങ്ങളേയും അദ്ദേഹം സംരക്ഷിക്കുന്നു. പാഷന്‍ ഫ്രൂട്ട്, എഗ്ഫ്രൂട്ട്, മുള്ളാത്ത, മധുരനെല്ലി, സ്റ്റാര്‍ ഫ്രൂട്ട്, ഓറഞ്ച് നാരകം, ആത്ത, ഞാവല്‍, പേര, പപ്പായ, ശീമച്ചാമ്പ തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

തൊടുപുഴയില്‍ 21 വര്‍ഷമായി സൗഖ്യ ആയുര്‍വേദ ഹോസ്പിറ്റല്‍, സ്‌കൂള്‍, നഴ്‌സിംഗ് സെന്റര്‍, യോഗ സെന്റര്‍, എന്നിവ നടത്തുന്ന ജയിംസിന്, എക്‌സലന്‍സ് അവാര്‍ഡ് (ഇടുക്കി ജില്ലയിലെ മികച്ച ആയുര്‍വേദ സ്ഥാപനം) ഭാരത സേവ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

പാരമ്പര്യമായി നാട്ടുചികിത്സ നടത്തി വന്നിരുന്ന മാതാപിതാക്കളില്‍ നിന്നു ലഭിച്ച നാട്ടറിവുകള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവു ലഭിക്കാന്‍ കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സ്‌കൂളുകളില്‍ യോഗയിലും കരാട്ടെയിലും ജയിംസ് പരിശീലനം നല്‍കുന്നുണ്ട്. ഭാര്യ: ഷൈബി, ഇവര്‍ക്ക് രണ്ട് മക്കള്‍. ഫോണ്‍: 9074657602

ജോസഫ് കുമ്പുക്കന്‍