തേജസ്വിനി - മലയോര കർഷകരുടെ തേജസ്
തേജസ്വിനി - മലയോര കർഷകരുടെ തേജസ്
Monday, December 11, 2017 5:05 AM IST
വിലയിടിവ്, വിപണിയില്ല എന്നിങ്ങനെയുള്ള കർഷകരുടെ പരാതികൾക്കും പരിമിതികൾക്കും പരിഹാരം കാണണം എന്ന നിലയിക്ക് രൂപം കൊണ്ട ഒരു കർഷക കൂട്ടായ്മ. ഇന്ത്യയിലെ തന്നെ ആദ്യത്തെ നാളികേര ഉത്പാദക കന്പനിയയി മാറുന്നു. പിന്നീട് മികച്ച പ്രവർത്തനങ്ങളിലൂടെ കേന്ദ്ര നൈപുണ്യ സംരംഭകത്വ മന്ത്രാലയത്തിന്‍റെ അവാർഡ് നേടുന്നു. ഇങ്ങനെ വ്യത്യസ്തവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളിലൂടെ മലയോര മേഖലയുടെ തേജസായി മാറുന്നു...

തേജസ്വിനി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി.
2010ൽ 15 അംഗങ്ങളുള്ള ഒരു കർഷക സൊസൈറ്റിയായിട്ടായിരുന്നു തേജസ്വിനിയുടെ തുടക്കം. അന്ന് പേര് ഇക്കോ ഫാം ടൂറിസം സൊസൈറ്റി. കർഷകർക്കിടയിലെ ആശങ്കകളുടെയും പ്രതീക്ഷകളുടെയും പുറത്ത് രൂപം കൊണ്ട ഒരു കാർഷിക സൊസൈറ്റി.
പിന്നീട് 2013 ൽ കന്പനിയായി രൂപം കൊണ്ടു. കർഷക സൊസൈറ്റിയിൽ നിന്നു കർഷക ഫെഡറേഷനുകളിലേക്കും അവിടെ നിന്നു കന്പനിയിലേക്കു മായിട്ടായിരുന്നു വളർച്ച.
അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ കർഷക ഉത്പാദക കന്പനിയായി തേജസ്വിനി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി മാറി. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്‍റെ 2017 ലെ അവാർഡും കണ്ണൂർ ചെറുപുഴയിലുള്ള തേജസ്വിനിക്കാണ്.

പ്രതീക്ഷയുടെ കൂട്ടായ്മ

മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണിത്. കൃഷി, ഫാം ടൂറിസം, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയ്ക്കു പ്രാധാന്യം കൊടുത്താണ് കന്പനി ഇന്നു മുന്നേറുന്നത്. കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ നാലു നിയേജകമണ്ഡലങ്ങളിലെ 27 പഞ്ചായത്തുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

ജൈവ കൃഷി, ജൈവ ഉത്പന്നങ്ങൾ, പ്രോസസിംഗ് യൂണിറ്റുകൾ എന്നിവയെല്ലാമായി ഇനിയും വളരാനുള്ള തയ്യാറെടുപ്പിലാണ് കന്പനി.

ഒന്നരക്കോടി രൂപ ഓഹരി നിക്ഷേപമുള്ള കന്പനിയിൽ 30000 കുടുംബങ്ങളാണ് അംഗങ്ങളായുള്ളത്. നിലവിൽ 272 നാളികേര ഉത്പാദക സംഘങ്ങളും 15 നാളികേര ഉത്പാദക ഫെഡറേഷനുകളും തേജസ്വനിക്കു കീഴിലുണ്ട്. കന്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കന്പനിയുടെ ചെയർമാൻ സണ്ണി ജോർജ് വിശദീകരിക്കുന്നു.

എല്ലാം ജൈവം

ജൈവ കൃഷി, ജൈവോത്പന്നങ്ങൾ എന്നിവയാണ് തേജസ്വിനിയുടെ മുഖമുദ്ര. നാല് ഏക്കറിലായി പച്ചക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങു വർഗങ്ങൾ, മഞ്ഞൾ, കുരുമുളക്, ജാതി, തേൻ എന്നിവ കന്പനിയുടെ കൃഷിയിടത്തിൽ വിളയുന്നുണ്ട്. വിളയുന്നതെല്ലാം വിപണിയിൽ എത്തിക്കുകയും കൃഷിയിടത്തിൽ എത്തുന്നവർക്കു വാങ്ങിക്കാനും അവസരമുണ്ട്.
സമൃദ്ധി എന്ന പേരിൽ ജൈവ വളങ്ങളും ജൈവ കീടനാശിനികളും പുറത്തിറക്കുന്നുണ്ട്. തേജസ്വിനി എന്ന ബ്രാൻഡിൽ വെളിച്ചെണ്ണ, നാല് ബ്യൂട്ടി സോപ്പുകൾ, വെർജിൻ കോക്കനട്ട് ഓയിൽ, ചെറുതേൻ, വൻ തേൻ, മഞ്ഞൾപൊടി, കുരുമുളക്, ജാതിക്ക എന്നിവെയല്ലാം വിപണിയിലെത്തിക്കുന്നു.

ഓരോ സംഘമാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നുത്. തേങ്ങയിടലിന്‍റെ കാലമാകുന്പോൾ ഒരു സംഘം കൃഷിയിടത്തിൽ പോകുന്നു. ഒരു സംഘം തേങ്ങയിടുന്നു. മറ്റൊരു സംഘം ശേഖരിക്കുന്നു. വേറൊരു സംഘം സംസ്കരണ യൂണിറ്റിലെത്തിക്കുന്നു എന്നിങ്ങനെയാണ് പ്രവർത്തനം.

ചകിരി ഫൈബർ യൂണിറ്റിന് നൽകും. പുക, സൾഫർ, മറ്റു മാലിന്യങ്ങൾ എന്നിവ കലരാത്തതാണ് വെളിച്ചെണ്ണ.

റംബുട്ടാൻ, മാംഗോസ്റ്റീൻ, പേര, ചാന്പ, ലിച്ചി തുടങ്ങിയ പഴവർഗങ്ങളാണ് കൃഷി ചെയ്യുന്നത്. നഴ്സറിയുമുണ്ട് 2010 ൽ ആരംഭിച്ചതാണ്.

നീരയും കന്പനി ബ്രാൻഡ് ചെയ്യുന്നുണ്ട്. നീരയ്ക്ക് സംസ്കരണ യൂണിറ്റില്ല.

വിത്തുകളും നടീൽ വസ്തുക്കളും

ഉയർന്ന ഗുണനിലവാരമുള്ള വിത്തുകളും നടീൽ വസ്തുക്കളും കന്പനി ലഭ്യമാക്കുന്നുണ്ട്. ചെറുപുഴ ഗാർഡൻ എന്ന പേരിൽ ഒരു നഴ്സറി കന്പനി ചെറുപുഴയിൽ നടത്തുന്നുണ്ട്. തെങ്ങ്, പ്ലാവ്, പച്ചക്കറകൾ, പഴവർഗങ്ങൾ എന്നിവയുടെ നടീൽ വസ്തുക്കളും വിത്തിനങ്ങളുമാണ് ലഭ്യമാക്കുന്നത്.


പരിശീലനം

തെങ്ങിന്‍റെ ചങ്ങാതി എന്ന പേരിൽ തെങ്ങു കയറാൻ പരിശീലനം നൽകുന്നുണ്ട്. 28 ബാച്ചുകളിലായി 560 പേർ നിലവിൽ പരിശീലനം നേടിക്കഴിഞ്ഞു. കോക്കനട്ട് പ്രൊഡ്യൂസിംഗ് സൊസൈറ്റി ലീഡർമാർക്ക് പരിശീലനം നൽകുന്നുണ്ട്. ആറു ബാച്ചുകളിലായി 205 പേർ പരിശീലനം നേടിക്കഴിഞ്ഞു. നാലു ബാച്ചുകളിലായി 90 നീര ടെക്നീഷ്യന്മാർ പരിശീലന നേടി.

ഫാം ടൂറിസം

കൃഷിയോടൊപ്പം തന്നെ ഫാം ടൂറിസത്തിനും കന്പനി പ്രാധാന്യം നൽകുന്നുണ്ട്. കൃഷിയിടത്തിൽ തന്നെ താമസിക്കാനുള്ള അവസരം വിനോദസഞ്ചാരി കൾക്ക് നൽകുന്നുണ്ട്. ആഴ്ച്ചയുടെ അവസാന ദിവസങ്ങളിൽ കൃഷിയിടവും മറ്റും കാണാനായി നിരവധി പേർ എത്താറുണ്ട്. അവർക്കായി ഹേംസ്റ്റേ സൗകര്യങ്ങളും റിസോർട്ടുകളുമുണ്ട്. കൂടാതെ അവർക്ക് കൃഷിയിടങ്ങളും സംസ്കരണ യൂണിറ്റുകളും സന്ദർശിക്കാം. കൃഷിയിടത്തിൽ നിന്നു തന്നെ പഴങ്ങളും പച്ചക്കറികളും കിഴങ്ങു വർഗങ്ങളുമെല്ലാം വാങ്ങാം.
മഴക്കാലത്ത് തേജസ്വിനി പുഴയിൽ അഡ്വഞ്ചർ ടൂറിസവും ഒരുക്കുന്നുണ്ട്. കൂടാതെ പൈതൽമല, കൊട്ടത്തലച്ചി മല തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും ഇവർ പ്രോത്സാഹിപ്പിക്കുന്നു. സഞ്ചാരികൾക്ക് യാത്ര ചെയ്യാനുള്ള വാഹനം, ഗൈഡ് എന്നിവയും ലഭ്യമാക്കും.

നാല് ഏക്കറിൽ ഒരുങ്ങുന്ന പ്ലാന്‍റ്

കന്പനിയ്ക്ക് സ്വന്തമായി കണ്ണൂർ പെരിങ്ങോത്തുള്ള നാല് ഏക്കർ സ്ഥലത്ത് ഒരുങ്ങുന്നത് വലിയൊരു പ്ലാന്‍റാണ്. ഇപ്പോൾ കോഴിച്ചാൽ, പുളിങ്ങോം എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ചെറിയ ചെറിയ പ്ലാന്‍റുകളിലാണ് ഉത്പാദനം നടത്തുന്നത്.

ഈ മാസം പതിനഞ്ചോടെ പ്രവർത്തന സജ്ജമാകുന്ന പെരിങ്ങോത്തെ പ്ലാന്‍റിൽ വൻ തോതിൽ ഉത്പാദനം നടത്താൻ കഴിയും. വെളിച്ചെണ്ണ, സോപ്പ്, വെർജിൻ കോക്കനട്ട് ഓയിൽ, തേൻ, ചക്ക എന്നിവയുടെ സംസ്കരണത്തിനുള്ള യൂണിറ്റുകളാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാന ത്തിലാണ് പ്രവർത്തനങ്ങളെല്ലാം മുന്നോട്ടു പോകുന്നത്.

പുതിയ പ്ലാന്‍റ് പ്രവർത്തനമാരംഭിക്കു ന്നതോടെ കേരളം മുഴുവൻ ഉത്പന്നങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ്. 2015-16 ൽ 1 കോടി 70 ലക്ഷം രൂപ വിറ്റുവരവ് നേടിയ കന്പനി നേടിയിരുന്നു. വരും വർഷങ്ങളിൽ ഉത്പാദനവും ഉത്പന്നങ്ങളും വിപണിയുമെല്ലാം കൂടുന്പോൾ കന്പനിയുടെ വിറ്റുവരവും കൂടുമെന്നു തന്നെയാണ് പ്രതീക്ഷ.
കന്പനിയുടെ സിഇഒ ഷെബി സക്കറിയ, എംഡി സി.യു തോമസ്, വൈസ് ചെയർമാൻ ജോസ് പറയൻകുഴി എന്നിവരെല്ലാം കന്പനിയുടെ പ്രവർത്തനങ്ങൾക്കും കർഷകരുടെ പ്രതീക്ഷകൾക്കും കൂട്ടായുണ്ട്.

നാളികേര ബോർഡിന്‍റെ സഹായങ്ങൾ

ടി.കെ ജോസ് നാളികേര ബോർഡ് ചെയർമാനായിരുന്ന കാലത്ത് നാളികേര കർഷകർക്കായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരുന്നു. അക്കാലത്താണ് നാളികേര ഉത്പാദക കന്പനികൾ ആരംഭിക്കാൻ തുടങ്ങിയതും. ഇത് ഒരു മൂന്നു നിരയുള്ള സംവിധാനമാണ്.

ഉത്പാദക സംഘങ്ങളാണ് ആദ്യഘട്ടം. ഉത്പാദക സംഘങ്ങൾ ചേർന്ന് സൊസൈറ്റി രണ്ടാമത്തെ ഘട്ടം. മൂന്നാമത്തെ ഘട്ടമാണ് കന്പനി. കന്പനി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കു ന്നതാണ് കന്പനി.

റീപ്ലാന്‍റ് ആൻഡ് റീജുവനേറ്റ് എന്നതായിരുന്നു നാളികേര വികസന ബോർഡ് ആദ്യം നടപ്പിലാക്കിയ പദ്ധതി. അതുപ്രകാരം കർഷകർക്ക് വളം, തൈ, 500 രൂപ എന്നിങ്ങനെ ലഭ്യമാക്കിയിരുന്നു.

കന്പനിക്ക് കോക്കനട്ട് ബോർഡിന്‍റെയും നബാർഡിന്‍റെയും സാന്പത്തിക സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. നബാർഡ് വായ്പയും ഗ്രാന്‍റുമായി രണ്ടു കോടി രൂപ നൽകിയിട്ടുണ്ട്. കന്പനിയുടെ വളർച്ചയിൽ നിർണായകമായ പങ്കങ്കാണ് നബാർഡിനുല്ലത്.
...