മുയലിന്‍റെ സാധ്യതകളറിഞ്ഞ വനിതാ സംരംഭം
മുയലിന്‍റെ സാധ്യതകളറിഞ്ഞ വനിതാ സംരംഭം
Tuesday, November 21, 2017 5:17 AM IST
മുയൽവളർത്തൽ ഏറെ പ്രതിസന്ധികളെ നേരിട്ട സമയത്ത് മുയൽ വളർത്തലാരംഭിച്ച് വിജയത്തിലെത്തിച്ച വനിതാ സംരംഭകയാണ് വരാപ്പുഴ ചമ്മക്കുളത്തു വീട്ടിൽ നാൽപ്പത്തിമൂന്നുകാരിയായ റീന ഫ്രാൻസിസ്. പത്തു വർഷം മുന്പ് ഇവർ വാങ്ങിയ, ഇടുക്കി പ്രകാശിലെ വലിയകൊന്പിൽ വീട് ഇന്ന് എകികാസ് ഫാം എന്ന പേരിലുള്ള മുയൽവളർത്തൽ കേന്ദ്രമാണ്.

ഇവിടത്തെ ഒരേക്കർ മുപ്പതു സെന്‍റിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഷെഡുകളിലെ കൂടുകളിലാണ് മുയൽ വളർത്തൽ. സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്‍റ് ഇനത്തിൽപ്പെട്ട നാനൂറിലധികം മുയലുകൾ ഇപ്പോൾ ഇവിടെയുണ്ട്. പ്രജനനത്തിനായാണ് ഇവിടെ നിന്ന് മുയലുകളെ കൊണ്ടുപോകുന്നത്. തമിഴ്നാട്, യുപി, കർണാടക എന്നിവിടങ്ങളിൽ നിന്നെത്തുന്ന പ്രത്യേക കണ്ടെയ്നറുകളിൽ കുറഞ്ഞത് 500 മുയലെങ്കിലും ഒരു ലോഡിൽ പോകും. തന്‍റെ പക്കൽ നിന്നും മുയൽ വാങ്ങുന്നവരിൽ നിന്നും മറ്റു വളർത്തൽകാരിൽ നിന്നും ശേഖരിക്കുന്ന മുയലുകളും റീന ഇങ്ങനെ വിൽക്കുന്നുണ്ട്. അതിനാൽ റീനയുടെ പക്കൽ നിന്ന് കുഞ്ഞുങ്ങളെ വാങ്ങുന്നവർക്ക് വിപണിയോർത്ത് ദു:ഖിക്കേണ്ടി വരുന്നില്ല. അയൽസംസ്ഥാനങ്ങളിൽ നിന്ന് വാഹനം വരുന്ന ദിവസം മുയൽ വിൽക്കാനുള്ളവരേയും വിളിച്ചുവരുത്തി ഒന്നിച്ചു കൊടുത്തുവിടുന്ന രീതിയാണ് സ്വീകരിക്കുന്നത്. 100 മുയലുകളെ എത്തിക്കുന്നവർക്ക് വാഹനച്ചെലവും റീന നൽകുന്നു.

വർഷങ്ങളുടെ പാരന്പര്യം

അഞ്ചുവർഷത്തിലധികമായി റീന മുയൽഫാം തുടങ്ങിയിട്ട്്. അന്തരീക്ഷത്തിലെ പ്രശ്നങ്ങൾ മൂലം കുഞ്ഞുങ്ങൾ കൂട്ടമായി ചത്തൊടുങ്ങിയപ്പോൾ കൃഷി നിർത്താൻ വരെ ആലോചിച്ചു. മൃഗഡോക്ടർമാർ വന്നെങ്കിലും ഇതിനുപരിഹാരമുണ്ടാക്കാനായില്ല. ഇതിനു മുന്പ് ആടുവളർത്തൽ തുടങ്ങിയെങ്കിലും അതും ഭൂരിഭാഗവും ചത്തുപോയതിനാൽ ഉപേക്ഷിച്ചാണ് മുയലിലേക്ക് തിരിഞ്ഞത്. മുയലിലും സാഹചര്യം പ്രതികൂലമായതോടെ സ്വയം കാര്യങ്ങൾ പഠിച്ച് മുന്നേറുകയായിരുന്നു. ആറുമാസം പ്രായമുള്ള ഏഴ് പെണ്‍മുയലുകളെയും അഞ്ച് ആണ്‍മുയലുകളെയും വാങ്ങിയായിരുന്നു തുടക്കം.

ശ്രദ്ധ തുടക്കം മുതലേ

മുയൽവളർത്തലിൽ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണെന്ന് റീന പറയുന്നു. ക്രോസ് ചെയ്യുന്പോൾ ആറുമാസം പ്രായമുള്ള പെണ്ണിനെയും എട്ടുമാസം പ്രായമുള്ള ആണിനെയും നോക്കി വേണം ചെയ്യാൻ. പെണ്‍മുയലിന് 6-8 മുലക്കണ്ണുകൾ ഉണ്ടാവണം. ആണിന് രണ്ടുവൃഷ്ണങ്ങളുണ്ടാകണം. നീഡിൽ പോയന്‍റഡാവണം. രണ്ടേമുക്കാൽ- മൂന്നു കിലോ തൂക്കത്തിലാണ് ക്രോസിംഗ് നടത്തേണ്ടത്. കാലാവസ്ഥയ്ക്കനുസരിച്ച് 28-30 ദിവസത്തിനുള്ളിൽ പ്രസവം നടക്കും. ശരാശരി 7-8 കുഞ്ഞുങ്ങൾ വരെ കിട്ടും. 3-4 മാസം പ്രായമായ കുഞ്ഞിനെ 750- 800 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരുമാസമാകുന്പോൾ അമ്മയിൽ നിന്നു മാറ്റുന്നതിനുള്ള മരുന്നു നൽകും.


സ്വയം തയാർ ചെയ്യുന്ന തീറ്റ

പാലുകുടിക്കാത്ത കുഞ്ഞുങ്ങൾക്ക് ഗ്ലൂക്കോസും വിറ്റാമിനുകളും നൽകും. ഇതിന്‍റെ കൂട്ടും സ്വന്തമായി നിരീക്ഷിച്ച് കണ്ടുപിടിച്ചതു തന്നെ. പുറത്തുനിന്നുള്ള തീറ്റകൾ മരണകാരണമാകുന്നതിനാൽ സ്വയം തയാർ ചെയ്യുന്ന തീറ്റയാണ് മുയലുകൾക്ക് റീന നൽകുന്നത്. രാവിലെയും ഉച്ചയ്ക്കുമായി ഭക്ഷണം ക്രമീകരിച്ചിരിക്കുന്നു. അമിതഭക്ഷണം ഭാരംവർധിപ്പിച്ച് വധ്യതയ്ക്ക് കാരണമാക്കുമെന്നതിനാലാണിത്. രാവിലെ കുട്ടികൾക്ക് 50 ഗ്രാം, മൂന്നുമാസം പ്രായമുള്ളവയ്ക്ക് 100 ഗ്രാം, ഗർഭാവസ്ഥയിലുള്ളവർക്ക് 150 ഗ്രാം എന്നതോതിൽ പ്രഭാതഭക്ഷണം നൽകും. വൈകുന്നേരം തീറ്റപ്പുല്ല് കാൽകിലോ ഒന്നിനെന്നവിധം നൽകും. ഓരോകൂട്ടിലും നിപ്പിൾ സംവിധാനം വഴി എല്ലാസമയവും വെള്ളം ലഭ്യമാക്കിയിട്ടുണ്ട്.

ജോലി രാജിവച്ച് കൃഷിയിലേക്ക്

എറണാകുളത്തെ സ്വകാര്യകന്പനിയിൽ ഐടി ഇൻസ്ട്രക്ടറായിരുന്ന റീന അതു രാജിവച്ചാണ് കൃഷിയിലേക്ക് തിരിഞ്ഞത്. എറണാകുളത്തെ നെൽകൃഷിപാടങ്ങളിൽ നിന്ന് ചെമ്മീൻ ശേഖരിച്ച് ബിസിനസും നടത്തുന്നുണ്ട്. പ്രകാശിലെ പുരയിടത്തിൽ പച്ചക്കറികളും കാപ്പി, കൊക്കോ, കുരുമുളക്, സിഒ-3, തുന്പൂർമുഴി, നേപ്പിയർ പുല്ലിനങ്ങൾ എന്നിവയും സമൃദ്ധമായി വിളയുന്നു. മുയലിന്‍റെ കാഷ്ഠമാണ് ഇവയുടെ ഏകവളം. 46 ചുവട് ചേന്പിൽ നിന്ന് 850 കിലോ വിളവുകിട്ടി. ചേന ഒരുചുവട് 14.5 കിലോയുണ്ടായിരുന്നു. 8-9 അടി നീളമുള്ള 3.5-4 കിലോ തൂക്കം വരുന്ന പടവലം എന്നിവയെല്ലാം മുയൽ വിരിയിച്ച വിസ്മയങ്ങൾ കൂടിയാണെന്ന് റീന പറയുന്നു.

ടോം ജോർജ്
ഫോണ്‍: 93495 99023.
റീന:
ഫോണ്‍ 99 470 70 471.