ഭാരമാകുന്ന ജിഎസ്ടി
ഭാരമാകുന്ന ജിഎസ്ടി
Friday, November 17, 2017 4:02 AM IST
രാജേഷ് വർഷങ്ങളായി ശ്രീമൂലനഗരത്തിൽ കച്ചവടം നടത്തുന്നു. എല്ലാവരും സ്ഥിര ഉപഭോക്താക്കളായതിനാൽ കടയിൽ വരുന്നവരെല്ലാം പരിചയക്കാരാണ്. അധികമാരും ബില്ലും ആവശ്യപ്പെടാറില്ല. അതുകൊണ്ടു തന്നെ ഒരു കംപ്യൂട്ടറിന്‍റെയോ ഒരു ബില്ലിംഗ് ബുക്കിന്‍റെയോ ആവശ്യം രാജേഷിനു വന്നിട്ടുമില്ല. എന്നാൽ ജിഎസ്ടി വന്നതോടെ സംഗതി ആകെ മാറി. ബില്ല് എഴുതുക എന്നത് ഒരത്യാവശ്യമായി തീർന്നിരിക്കുകയാണ്.

അതുകൊണ്ടു തന്നെ ഒരു കംപ്യൂട്ടർ അത്യാവശ്യമാണെന്നു രാജേഷ് മനസിലാക്കി കഴിഞ്ഞു.
പക്ഷേ, ഇതൊന്നുമല്ല രാജേഷിനെ കുഴക്കുന്ന കാര്യം ഓരോ വസ്തുക്കൾക്കും ഓരോ എച്ച്എസ്എൻ കോഡാണുള്ളത്. ഗ്രാമത്തിലെ ഒരു പലചരക്കു കടയായതിനാൽ അരി തുടങ്ങിയ പലവ്യജ്ഞന സാധനങ്ങൾക്കൊപ്പം അത്യാവശ്യം സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവയെല്ലാം രാജേഷ് കച്ചവടം ചെയ്യുന്നുമുണ്ട്. ഇവയുടെയെല്ലാം എച്ച്എസ്എൻ കോഡ് ഓർത്തുവെയ്ക്കുക എന്നത് എളുപ്പമല്ല എന്നാണ് രാജേഷിന്‍റെ അഭിപ്രായം. അരിക്ക് ഒന്നാണെങ്കിൽ അരിപ്പൊടിക്ക് മറ്റൊന്നാണ്. നികുതിയിലും മാറ്റം വരുന്നുണ്ട്. ഇതെല്ലാം ഓർത്തുവെയ്ക്കുക, ഉപഭോക്താക്കൾ വന്നു നിൽക്കുന്പോൾ ഇത് അന്വേഷിച്ച് സമയം കളയുക ഇതൊക്കെ വല്ലാത്ത ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു.

കൂടാതെ റിട്ടേണ്‍ സമർപ്പിച്ചപ്പോൾ വൈകിപ്പോയി എന്നു പറഞ്ഞ് പിഴയും വന്നു. ജിഎസ്ടിയൊക്കെ നല്ലതു തന്നെ പക്ഷേ, അത് കുറച്ചുകൂടി ലളിതമാക്കണമെന്നാണ് രാജേഷിന്‍റെ അഭിപ്രായം. നടപടിക്രമങ്ങൾ ലളിതമാക്കുന്നതോടൊപ്പം തന്നെ ഓരോ വിഭാഗത്തിലും പെടുന്ന ഉത്പന്നങ്ങളുടെ എച്ച്എസ്എൻ കോഡ് ഏകീകരിക്കണം. നികുതിയും ഏകീകരിക്കണം: രാജേഷ് പറയുന്നു.

കൂടി വരുന്ന ആശയക്കുഴപ്പങ്ങൾ

ഒരു രാജ്യം ഒരു നികുതി എന്നു പറഞ്ഞ്് ആഘോഷത്തോടെയും ആവേശത്തോടെയും കൊണ്ടു വന്ന ജിഎസ്ടി സമ്മാനിച്ചതാകട്ടെ ആശങ്കയും ആശയക്കുഴപ്പങ്ങളും മാത്രം. ജിഎസ്ടി നടപ്പിലാക്കിയതിനുശേഷം നാലു മാസത്തോളമായി പക്ഷേ, ഇന്നും ജിഎസ്ടി എന്താണെന്നൊരു ബോധ്യം ജനങ്ങൾക്ക് വന്നിട്ടില്ല എന്നതാണ് സത്യം.
ബോധവത്കരണത്തിന്‍റെ കുറവ്, വേഗത്തിലുള്ള നടപ്പിലാക്കൽ, ജിഎസ്ടിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അപാകതയും... ഇങ്ങനെ നിരവധി കാര്യങ്ങളാണ് ജിഎസ്ടിയെ പ്രശ്നത്തിലാക്കിയിരിക്കുന്നത്.

ഇപ്പോഴും പല കച്ചവടക്കാർക്കും ബിസിനസുകാർക്കും അറിയില്ല എന്തിനാണ്, എന്താണ് ജിഎസ്ടി എന്ന്. പതിയെ പതിയെ പലരും മനസിലാക്കി വരുന്നുണ്ടെങ്കിലും ആദ്യ കാലങ്ങളിൽ സൃഷ്ടിച്ച ബുദ്ധിമുട്ടുകളിൽ നിന്നും ഇനിയും വിപണിയും വിൽപ്പനക്കാരും ഉപഭോക്താക്കളും കരകയറിയിട്ടില്ല.

ജിഎസ്ടിയുടെ വേഗത്തിലുള്ള നടപ്പാക്കൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു എന്നു സമ്മതിച്ചിരിക്കുകയാണ് കേന്ദ്ര റവന്യു സെക്രട്ടറിയായ ഹസ്മുഖ് അധിയ തന്നെ. ഇത്രയും വലിയൊരു നികുതി പരിഷ്കരണത്തെ സ്വീകരിക്കാൻ രാജ്യം സന്നദ്ധമാണോയെന്ന് ഒരിക്കൽപോലും ബന്ധപ്പെട്ടവരാരും ചിന്തിക്കുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല.
കൈകൊണ്ട് ബില്ല് എഴുതിയിരുന്ന ചെറുകിട കച്ചവടക്കാരും നിർമ്മാതാക്കളുമെല്ലാം പതിയെ കംപ്യൂട്ടറിനെ ആശ്രയിക്കുകയോ അല്ലെങ്കിൽ തങ്ങളുടെ കച്ചവടവും സംരംഭവും ഉപേക്ഷിച്ചു പോവുകയോ ആണ് ചെയ്യുന്നത്. ചെറുകിട കച്ചവടക്കാരെയാണ് ഇത് ഏറെയും ബാധിച്ചിരിക്കുന്നത്.

രാജേഷിനെപ്പോലെ അല്ലെങ്കിൽ രാജേഷിനെക്കാളേറെ ബുദ്ധിമുട്ടുകൾ സഹിക്കുന്ന നിരവധി പേരുണ്ട്. ജിഎസ്ടിയിൽ നിരവധി പരിഷ്കാരങ്ങൾ അവരും ആവശ്യപ്പെടുന്നുണ്ട്. ഏതാനും ചില മേഖലകളിൽ നിന്നുള്ള സംഘടനകളുടെ പ്രതിനിധികൾ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, വേണ്ട പരിഹാരങ്ങൾ എന്നിവയെക്കുറിച്ച് പറയുകയാണ് ചുവടെ. എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള പരാതികൾ ഉണ്ടെന്നുള്ളതാണ് സത്യം.

റിട്ടേണുകളുടെ എണ്ണം കുറയ്ക്കണം

അഡ്വ.എസ്. അബ്ദുൾ നാസർ

കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി കോ-ഓർഡിനേറ്റർ

സ്വർണ വ്യാപാര മേഖല മൂന്നു ശതമാനം നികുതിയെ സ്വാഗതം ചെയ്തിരുന്നു. പക്ഷേ, റിട്ടേണ്‍ സമർപ്പിക്കുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. വർഷത്തിൽ 13 റിട്ടേണുണ്ടായിരുന്നത് 37 റിട്ടേണിലേക്ക് എത്തി. മൂന്നു റിട്ടേണുകൾ എന്നത് ഒന്നായി കുറയ്ക്കുക. ഒരു വർഷം 13 റിട്ടേണിലേയ്ക്ക് എത്തിക്കുക എന്നിവയാണ് സ്വർണ വ്യാപാരികളുടെ പ്രധാന ആവശ്യം. സ്വർണം എന്നത് ഒരു വ്യാപാര മേഖലയാണ.് ബാങ്കിംഗ് മേഖല പോലെയല്ല ഇത് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ബാങ്കിംഗ് രീതിയിലേക്ക് ഇതിനെ എത്തിക്കാൻ കഴിയുകയുമില്ല.

ജിഎസ്ടി കൊണ്ടുവന്നെങ്കിലും കള്ളക്കടത്ത് ഇതുവരെയും തടയാൻ സാധിച്ചിട്ടില്ല. ഇറക്കുമതി നികുതി എടുത്തുമാറ്റിയാൽ തന്നെ കള്ളക്കടത്ത് തടയാനാകും. പിടിക്കപ്പെട്ടാൽകൂടി പലരും പിഴയടച്ചും മറ്റും സ്വർണ്ണം കൈക്കലാക്കും. പിടിച്ചെടുക്കുന്ന സ്വർണ്ണം എന്തു ചെയ്യുന്നു എന്നുപോലും അറിയുന്നില്ല.

ജിഎസ്ടി വന്നതിനുശേഷം വ്യാപാരത്തിൽ 50 ശതമാനത്തോളം ഇടിവു സംഭവിച്ചിട്ടുണ്ട്. പത്തു പവനും മറ്റും എടുക്കാൻ വരുന്ന ഉപഭോക്താക്കളാണ് ബുദ്ധിമുട്ടി പോകുന്നത്. പത്തു ലക്ഷം രൂപയ്ക്ക് 9000 രൂപ ജിഎസ്ടി ഇനത്തിൽ നൽകേണ്ടതായി വരുന്നു. ഇത് ആളുകളുടെ വാങ്ങൽ ശേഷിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ആദ്യം നികുതി ഒന്നേകാൽ ശതമാനമെ ഉണ്ടായിരുന്നുള്ളു. പക്ഷേ, ഇന്നത് മൂന്നു ശതമനാമായാണ് ഉയർന്നിരിക്കുന്നത്. ഇത് ജനങ്ങൾക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. അതുകൊണ്ട് നികുതി 3 ശതമാനത്തിൽ നിന്നും 1.5 ശതമനമായി കുറച്ചാൽ നന്നായിരുന്നു. ജിഎസ്ടി നല്ല രീതിയിൽ ആളുകളുടെ വാങ്ങൽ ശേഷിയെ ബാധിച്ചിട്ടുണ്ട്.

ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് മേഖലയ്ക്ക് കനത്ത ആഘാതം

ടി.സി റഫീക്ക്

ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ ജില്ല സെക്രട്ടറി എറണാകുളം

ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് മേഖലയെ വളരെ മോശമായി തന്നെ ജിഎസ്ടി ബാധിച്ചിട്ടുണ്ട്. അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം എന്നിങ്ങനെയാണ് ഈ മേഖലയിലെ നികുതി നിരക്കുകൾ. എഴുപത്തിയഞ്ചുലക്ഷം രൂപ ടേണോവറുള്ളവർക്ക് അഞ്ചു ശതമാനമാണ് നികുതി. അതിനു മുകളിലുള്ളവർക്ക് 12 ശതമാനം. എസി യാണെങ്കിൽ 18 ശതമാനം. അഞ്ചു ശതമാനത്തിനുള്ളിൽ വരുന്നവർക്ക് കോന്പോസിഷൻ സ്കീമാണ്. ഇത് ഉപഭോക്താക്കളുടെ കയ്യിൽ നിന്നും വാങ്ങിക്കാതെ കൊടുക്കണം. നോണ്‍ എസിക്ക് 12 ശതമാനമാണ്. പക്ഷേ, ചെറിയൊരു ഭാഗം എസി ആയിട്ടുള്ളവരും 18 ശതമാനം നികുതി നൽകേണ്ടതുണ്ട്. ഇതിന്‍റെ പേരിൽ വലിയ പ്രതിഷേധമുണ്ട്. അഞ്ചു മുതൽ 10 ഇരട്ടിയായിട്ടല്ല നികുതി കൂട്ടിയിരിക്കുന്നത്. മുപ്പത്തിയാറിരട്ടിയാണ്.

നികുതി അഞ്ചു ശതമാനത്തിലേക്ക് എത്തിക്കണമെന്നതാണ് ഞങ്ങളുടെ ലക്ഷ്യവും ആവശ്യവും.


നൂറ്റിയറുപതോളം രാജ്യങ്ങളിൽ നിത്യോപയോഗ സാധനങ്ങൾക്ക് നികുതിയില്ല. ഇവിടെയും അരിക്കും പച്ചക്കറിക്കും പഴവർഗങ്ങൾക്കും നികുതിയില്ല. പക്ഷേ, അവസാന ഘട്ടമാകുന്പോൾ അതായത് ഭക്ഷണമാകുന്പോൾ നികുതി നൽകണം. അതും വലിയ തോതിൽ.

വാറ്റ് രജിസ്ട്രേഷൻ എല്ലാവരും തന്നെ എടുത്തിരുന്നു. അന്നും ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ കംപ്യൂട്ടർവത്കരിച്ചതോടെ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ബില്ലിംഗ് ഫോർമാറ്റിനെക്കുറിച്ച് പലർക്കും അറിവില്ല. വാറ്റ് രജിസ്ട്രേഷൻ എടുത്തവർക്ക് പിന്നെയും അറിയാം അല്ലാത്തവർക്ക് അറിഞ്ഞു കൂട. ചെറിയ ഹോട്ടലുകളും മറ്റും നടത്തുന്നവർക്കാണ് ഏറെയും ബുദ്ധിമുട്ട്. ജിഎസ്ടി 12 ശതമാനത്തിൽ നിന്നും 5 ശതമാനത്തിലേക്ക് എത്തിക്കണമെന്നാണ് ആവശ്യം.

വ്യാപാര, വ്യവസായ മേഖലയിൽ ഇടിവ് 60 ശതമാനത്തോളം

പി.എ.എം ഇബ്രാഹിം

കേരള സംസ്ഥാന വ്യാപാര വ്യവസായ ഏകോപന സമിതി വൈസ് പ്രസിഡന്‍റ്

ജിഎസ്ടി നടപ്പിലാക്കി നാലു മാസം പിന്നിടുന്പോൾ വ്യാപാര, വ്യവസായ മേഖലയിൽ 60 ശതമാനത്തോളം ഇടിവാണ് സംഭവിച്ചിട്ടുള്ളത്. റിട്ടേണ്‍ സമർപ്പിച്ചവരിൽ നിന്നും പിഴ വലിയ തോതിൽ ഈടാക്കുന്നുണ്ട്. ഫയലിംഗ് ചെയ്യാത്തത്, എച്ച്എസ്എൻ കോഡിൽ തെറ്റുവരുത്തുന്നത്, കഴിഞ്ഞ വർഷം ടോണോവർ ഉണ്ടായിട്ടും രജിസ്ട്രേഷൻ എടുക്കാത്തവർ എന്നിവരിൽ നിന്നുമാണ് പിഴ ഈടാക്കുന്നത്.

പലപ്പോഴും സെർവർ വർക്ക് ചെയ്യാറില്ല. ഇതു വഴിയുണ്ടാകുന്ന സമയ നഷ്ടവും പണ നഷ്ടവും വേറൊരു ഭാഗത്തുണ്ട്.

ആയിരം കോടി രൂപയാണ് കേന്ദ്ര സർക്കാർ ജിഎസ്ടിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാൻ നൽകിയിട്ടുള്ളത്. സോഫ്റ്റ് വേർ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ഇതുവരെ നൽകിയിട്ടില്ല. പ്രൈവറ്റ ് കന്പനികളാണ് ഇപ്പോൾ സോഫ്റ്റ് വേർ ലഭ്യമാക്കി കൊണ്ടിരിക്കുന്നത്. വളരെ ഉയർന്ന തുകയാണ് സോഫ്റ്റ് വേറിന് ഇവർ ഈടാക്കി കൊണ്ടിരിക്കുന്നത്.

കച്ചവടക്കാർക്കും മറ്റും ബില്ല് എങ്ങനെയാണ് എഴുതേണ്ടെതെന്ന് പോലും അറിയില്ല. ബില്ല് എഴുതാനായി പ്രത്യേകം ഒരാളെ നിയമിക്കേണ്ട സ്ഥിതിയാണുള്ളത്. എൻഡ് പ്രൈസിൽ ബില്ല് എഴുതാൻ പറ്റില്ല. ജിഎസ്ടിയും ചേർത്തിട്ടുള്ള തുകയെ എഴുതാൻ പറ്റു. ഇതുവഴി ഒരുപാട് സമയം പോകുന്നു. ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ട്.

കംപ്യൂട്ടർ സംവിധാനമുള്ള സ്ഥാപനങ്ങളിൽ കുഴപ്പമില്ല. ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കുന്ന വിധത്തിലാണ് മുന്നോട്ടു പൊയ്ക്കോണ്ടിരിക്കുന്നത്. എച്ച്എസ്എൻ കോഡിൽ ഒരു നന്പർ മാറിയാൽ സാധനം മാറിപ്പോകും വില മാറിപ്പോകും. ഒരു വർഷത്തേക്ക് എങ്കിലും ജിഎസ്ടി അല്ലെങ്കിൽ വാറ്റ് എന്നൊരു ഓപ്ഷൻ നൽകേണ്ടിയിരുന്നു. സിംഗപ്പൂർ മുതലായ രാജ്യങ്ങളിൽ എല്ലാത്തിനും ഒറ്റ നികുതിയെയുള്ളു ഏഴു ശതമാനം. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല പല നികുതിയാണ് ചുമത്തിയിരിക്കുന്നത്. പലകടകളിലും പല വസ്തുക്കൾക്കും വിവിധ നികുതികളാണ്. ഇലക്ട്രിക് കടകളിൽ ട്യൂബ് ലൈറ്റിന് ഒരു വിലയാണെങ്കിൽ ഹാർഡ് െവർ കടയിൽ അതിനു വേറൊരു വിലയാണ്. കാരണം അവിടെയെത്തുന്പോൾ നികുതി മാറും.

വസ്ത്ര വ്യാപാര മേഖലയിലാണെങ്കിലും വളരെ ബുദ്ധിമുട്ടാണ് പരുത്തിക്കൊരു നികുതി; അത് നൂലാക്കുന്പോൾ മറ്റൊരു നികുതി... ഇങ്ങനെ ഓരോ ഘട്ടത്തിലും വിവിധ നികുതിയാണ് ഈടാക്കുന്നത്. ഇത് ആളുകൾക്ക് വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
രജിസ്റ്റർ ചെയ്യാത്തവർ ആരൊക്കെ, രജിസ്റ്റർ ചെയ്തിട്ടും അംഗീകാരം കിട്ടാത്തവർ ആരൊക്കെ ഇതൊന്നും പലപ്പോഴും മനസിലാക്കാൻ പറ്റുന്നില്ല. പർച്ചേസിംഗ് ഫയൽ ചെയ്യണം, വിൽപ്പന ഫയൽ ചെയ്യണം അങ്ങനെ അങ്ങനെ ബുദ്ധിമുട്ടുകൾ ധാരാളമുണ്ട്. നവംബർ ഒന്നു മുതൽ ഉദ്യോഗസ്ഥരുടെ പരിശോധന കർശനമാകുകയും ചെയ്യും. ഒരു ഏകീകൃത നികുതി സംവിധാനം സഹനീയമായ രീതിയിൽ കൊണ്ടു വരണമെന്നാണ് ഞങ്ങളുടെ ആവശ്യം.

പോസ്റ്റീവായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്

ടോം തോമസ്


സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ടാക്സേഷൻ കമ്മിറ്റി ചെയർമാൻ
ജിഎസ്ടി വന്നതോടെ വളരെ പോസ്റ്റീവായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആവശ്യമില്ലാത്ത മത്സരങ്ങൾ ഒഴിവാക്കാൻ പറ്റി. അണ്ടർ ഇൻവോയിസ് ഒഴിവാക്കാം. പല ആക്ടുകൾ വരുന്നു. അതു വഴിയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ശരിയായ ഒരു ട്രാക്കിംഗുണ്ട്.

എങ്കിലും ആറുമാസമെടുക്കും ശരിയായ വഴിയിലേക്ക് എത്താൻ. ഇരുപത്തിയെട്ടു ശതമാനമാണ് ആഢംബര വസ്തുക്കളുടെ നികുതി. ഇതിൽപ്പെടാത്തവയ്ക്കുപോലും ഉയർന്ന നികുതിയാണ്. അതുകൊണ്ടു തന്നെ നികുതി നിരക്ക് അൽപ്പമൊന്ന് യുക്തിസഹമാക്കണം.

സാധാരണക്കാർക്ക് ഉപയോഗിക്കാനുള്ളതാണ് സിമന്‍റുകൊണ്ടുള്ള കട്ടിളയും മറ്റും. പക്ഷേ, അവയ്ക്കു പോലും 28 ശതമാനം നികുതിയുണ്ട്. ഒരേ നികുതി നിരക്ക് വന്നാൽ നല്ലത്. എച്ച്എസ്എൻ കോഡ് കണ്ടെത്താനുള്ള ബുദ്ധിമുട്ടുണ്ട്. നമ്മുടെ ഇവിടെയുള്ള പല വസ്തുക്കളും മറ്റു സംസ്ഥാനങ്ങളിലില്ല. അകുകൊണ്ടു തന്നെ അവയ്ക്ക് എച്ച്എസ്എൻ കോഡ് വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും നൂറ്റു അന്പതു ശതമാനം വിജയമാണ ്ജിഎസ്ടി.

ഇ-വേ ബിൽ കൂടി വന്നാൽ കാര്യങ്ങൾ എളുപ്പമായി. ചെക്ക്പോസ്റ്റിൽ കിടക്കേണ്ട തുടങ്ങി നേട്ടങ്ങൾ പലതാണ്. ഏപ്രിൽ ആകുന്പോഴേക്കും ശരിയായ ട്രാക്കിലേക്ക് എത്തും. നികുതി നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. കരിഞ്ചന്ത ഇല്ലാതാകും. ചെറുകിടക്കാർക്ക് ഓണ്‍ലൈനായി ബിൽ അടിക്കാം. ജനങ്ങളുടെ മനസ്ഥിതി ഒന്നു മാറേണ്ടതുണ്ട്. ആഢംബര വസ്തുക്കളല്ലാത്തവയുടെ വില കുറയ്ക്കേണ്ടതുണ്ട്.

എല്ലാ മാസവും റിട്ടേൺ സമർപ്പിക്കണമെന്നത് ബുദ്ധിമുട്ട്

പി.വി സ്റ്റീഫൻ

ഓൾ കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ

കരാറെടുക്കു ന്പോൾ എസ്റ്റിമേറ്റിൽ ജിഎസ്ടി ഉൾപ്പെടുത്താനുള്ള അവസരം നിലവിലില്ല. പക്ഷേ, ജൂലൈ ഒന്നു മുതൽ ജിഎസ്ടി നടപ്പിലാക്കിയതോടെ 18 ശതമാനം ജിഎസ്ടി നൽകുകയും ചെയ്യണം. അതാതു മാസം റിട്ടേണ്‍ സമർപ്പിക്കണം.

പക്ഷേ, ഒരു കരാർ ഏറ്റെടുത്ത് അത് പൂർത്തിയാക്കി ബില്ലായി പണമായി വരണമെങ്കിൽ ഒരു വർഷത്തിലധികം സമയമെടുക്കും. പക്ഷേ റിട്ടേണ്‍ എല്ലാ മാസവും സമർപ്പിക്കണം. ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയുടെ കരാറിൽ 10 ശതമാനം കോണ്‍ട്രാക്ട്രർമാരുടെ ലാഭമാണെങ്കിൽ അതിനും ജിഎസ്ടി നൽകണം. ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാതെ ടെണ്ടറിൽ പങ്കെടുക്കാൻ പറ്റുകയുമില്ല. ഈ അവസ്ഥയ്ക്കൊരു മാറ്റം ഉണ്ടായെ തീരു. ഇപ്പോഴും സർക്കാർ തന്നു തീർക്കാനുള്ള കുടിശിക 1500 കോടി രൂപയോളമുണ്ട്.

നൊമിനിറ്റ ജോസ്