ഇടുക്കിയിൽ വിളഞ്ഞു, ഹിമാലയൻ പേരേലം
ഇടുക്കിയിൽ വിളഞ്ഞു, ഹിമാലയൻ പേരേലം
Friday, November 10, 2017 6:24 AM IST
ഇടുക്കിയിലെ കാർഷിക ഗ്രാമമായ തങ്കമണിയിൽ നിന്ന് ഒരു വിജയഗാഥ. ദീർഘനാളത്തെ ഗവേഷണങ്ങൾ ഫലം കാണാത്തിടത്ത് ഒരു കർഷകന്‍റെ പരീക്ഷണം വിജയം കണ്ടു. ഹിമാലയൻ ബെൽറ്റിൽമാത്രം കായ്ക്കുന്ന ഹിമാലയൻ പേരേലം എന്ന വലിയ ഏലം(large cardamom) സഹ്യസാനുവിലെ ഇടുക്കിയിൽ വിളയിച്ചിരിക്കുകയാണ് തങ്കമണി പേഴത്തുംമൂട്ടിൽ ജോസഫ് സെബാസ്റ്റ്യൻ എന്ന കർഷകൻ. സുഗന്ധമേഖലയിലെ കാർഷികശാസ്ത്രജ്ഞർ വർഷങ്ങളായി ഗവേഷണം നടത്തിയിട്ടും നടക്കാത്ത കാര്യമാണ് ജോസഫ് സെബാസ്റ്റ്യനിലൂടെ യഥാർഥ്യമായത്.

സ്പൈസസ്ബോർഡിലെ അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. ജോണ്‍സി മണിത്തോട്ടമാണ് ഹിമാലയൻ മലനിരകളിൽ നിന്ന് പേരേലത്തിന്‍റെ വിവിധയിനങ്ങളിൽപ്പെട്ട 40 തൈകൾ ജോസഫ് സെബാസ്റ്റ്യനു നൽകിയത്. ജൈവരീതിയിൽ കൃഷിനടത്തുന്ന ഇദ്ദേഹം തന്‍റെ തോട്ടത്തിൽ ഇവ നടുകയായിരുന്നു. ഹിമാലയത്തിൽ കാണുന്ന ബംബിൾ ബീ എന്ന ഈച്ചയാണ് പേരേലത്തിൽ പരാഗണം നടത്തുന്നത്. ഈ ഈച്ചയെ കേരളത്തിൽ കാണാത്തതിനാൽ പരാഗണം നടക്കില്ല. ഇതാണ് പേരേലം കേരളത്തിൽ വിളയാതിരിക്കുന്നതിനു കാരണം. ജോസഫിന്‍റെ പുരയിടത്തിൽ ജൈവകൃഷി നടത്തുന്നതിനാൽ ഈച്ചകൾ ധാരാളമുണ്ടായിരുന്നു. തേനീച്ചയുൾപ്പെടുന്ന ഈ ഈച്ചകളിലേതെങ്കിലുമായിരിക്കും പരാഗണ ഏജന്‍റായി പ്രവർത്തിച്ചതെന്നാണ് ഡോ. ജോണ്‍സിയുടെ അഭിപ്രായം. 18 ഇനത്തിൽപ്പെട്ട തൈകളാണ് ജോസഫിനു 2012-ൽ ഡോ. ജോണ്‍സി നൽകിയത്. ചെറിയ തൈകൾ വിമാനമാർഗം എത്തിക്കുകയായിരുന്നു. ഒന്ന്- ഒന്നരയടി നീളമുള്ള തൈകളിൽ കുറേഎണ്ണം പൂത്തെങ്കിലും മൂന്നു ചെടിയിൽ മാത്രമാണ് കായ പിടിച്ചത്. ഇവയുടെ തൈകൾ മാറ്റിനട്ട് കൂടുതൽ ചുവടുകൾ പിടിപ്പിച്ചു. 2014 ലാണ് ആദ്യം നട്ടതൈകൾ പൂത്തതും കായ്ച്ചതും. ഇവ രാസവസ്തുക്കളുപയോഗിക്കുന്ന മറ്റുതോട്ടങ്ങളിൽ കായ്ക്കുമോ എന്നു സംശയമായിരുന്നതിനാൽ അധികം പ്രചരണം കൊടുത്തില്ല. ഇപ്പോൾ നാലേക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. 1500 ചുവട് പേരേലം ഇപ്പോൾ ഇദ്ദേഹം കൃഷി ചെയ്യുന്നു. ആദ്യത്തെ വിളവെടുപ്പിലെ പേരേലം ഹൈദരാബാദ് വിപണിയിലാണ് വിറ്റത്. കിലോയ്ക്ക് 800-1400 നിരക്കിൽ വില ലഭിച്ചു.

പേരുപോലെ ഗുണങ്ങളും

വലിയ ഏലം എന്ന പേരുപോലെ തന്നെ ഇതിന് സാധാരണ ഏലവുമായി വ്യത്യാസമുണ്ട്. ചെടിയിൽ നിൽക്കുന്പോൾ നല്ല ചുവപ്പു നിറം. ഡ്രയറിൽ ഉണക്കിയാൽ അതേ നിറം നിലനിൽക്കും. വെയിലിൽ ഉണക്കയാൽ കറുപ്പു നിറമാകുന്നതിനാൽ ബ്ലാക്ക് കാർഡമം എന്നും വിളിപ്പേരുണ്ട്. തോടുമാറ്റിയ ജാതിക്കയുടെ മുഴുപ്പുണ്ട് ചുവന്ന കായകൾക്ക്. സാധാരണ ഏലത്തേക്കാളും തൊണ്ടിനു കട്ടിയുണ്ട്. തോടുപൊട്ടിച്ചാൽ നല്ല സുഗന്ധം. സാധാരണ ഏലത്തേക്കാളും മണവും രുചിയും. നോർത്ത് ഇന്ത്യയിലെ ബിരിയാണികളിൽ ഉപയോഗിക്കുന്നത് പേരേലമായതിനാൽ ഇവിടെയാണ് ഇതിന്‍റെ വിപണി കേന്ദ്രീകരിച്ചിരിക്കുന്നതും. മസാലപാക്ക്, പാൻമുറുക്കാൻ എന്നിവയിലും വ്യാപകമായി ഉപയോഗിക്കുന്നു. സിക്കിം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നാണ് പേരേലം കേരളത്തിലെത്തിയത്.


അടിവളം ചാണകപ്പൊടി

ചാണകപ്പൊടി മാത്രം അടിവളമായി ചേർത്താണ് ജോസഫ് സെബാസ്റ്റ്യൻ പേരേലം നട്ടത്. മൂന്നാം വർഷം കായ്ക്കുകയും ചെയ്തു. പൂത്ത് നാലുമാസമെടുക്കും വിളവെടുപ്പിന്. വിളവെടുപ്പിന് പാകമാകുന്നവ കുലയോടെ മുറിച്ച് കായകൾ അടർത്തിയെടുക്കുകയാണ് ചെയ്യാറ്.

പേരേലത്തിനൊപ്പം മറ്റു വിളകളും

ഹിമാലയൻ പേരേലത്തിനൊപ്പം തന്‍റെ 15 ഏക്കറിൽ വാനില, കുരുമുളക്, ഏലം, കാപ്പി, പഴവർഗങ്ങൾ, ജാതി എന്നിവയെല്ലാം കൃഷി ചെയ്യുന്നു. വാനില, അഫ്ളാടോക്സിൻ ഫ്രീ ജാതിക്ക എന്നിവയെല്ലാം വിൽക്കുന്നു. അഞ്ചേക്കറിലാണ് വാനില കൃഷി. മുന്നുവർഷം കൊണ്ടു പൂക്കുന്ന വാനില ബീൻസ് ഒന്പതു മാസത്തിനുള്ളിൽ വിളവെടുപ്പു പാകമാകും. ഉണക്കിയ വാനില ഫ്രാൻസിലേക്കും ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്കും കയറ്റി അയയ്ക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക പ്രീമിയം ഹോട്ടലുകളിലെല്ലാം ജോസഫിന്‍റെ വാനിലയെത്തുന്നു. 2000 വാനിലചെടികളിൽ നിന്ന് വർഷം 500 കിലോ ഉണക്കബീൻസ് കിട്ടുന്നു. ഉണക്ക ബീൻസിന് കിലോയ്ക്ക് 30,000 രൂപവരെ ഇപ്പോൾ ലഭിക്കുന്നുണ്ട്. ഭാര്യ പൗളിനും മക്കളായ ദീപക്, ദീപിക, മിയ എന്നിവരും ജോസഫ് സെബാസ്റ്റ്യനോടൊപ്പം കൃഷിയിൽ വ്യാപൃതരാണ്. ഫോണ്‍: 9447330803, 9048381573

ടോം ജോർജ്
ഫോണ്‍: 93495 99 023.