ആർത്തവവിരാമവും അനുബന്ധപ്രശ്നങ്ങളും
ആർത്തവവിരാമവും  അനുബന്ധപ്രശ്നങ്ങളും
Friday, October 27, 2017 4:05 AM IST
മാസമുറയ്ക്കു മുന്പ് വരുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളെക്കുറിച്ച് സ്ത്രീകൾ ബോധവതികളാണ്. ഇതിനെക്കുറിച്ച് അനേകം ലേഖനങ്ങളും ആരോഗ്യചർച്ചകളുമുണ്ടായിട്ടുണ്ട്. എന്നാൽ പോസ്റ്റ്മെൻസ്ട്രൽ സിൻഡ്രമിനെക്കുറിച്ച് അധികമൊന്നും പറഞ്ഞുകേൾക്കാറില്ല. പൂർണമായും ആർത്തവം അവസാനിക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം (Menopause). സ്ത്രീകളിൽ ശരാശരി 47 വയസു മുതൽ 55 വയസുവരെയാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. ഒരുവർഷം പൂർണമായും ആർത്തവം വരാതിരിക്കുന്ന അവസ്ഥയിലാണ് ഒരു സ്ത്രീക്ക് ആർത്തവ വിരാമം വന്നതായി കണക്കാക്കുന്നത്.

ആർത്തവ വിരാമം എന്തുകൊണ്ട്?

ആർത്തവചക്രത്തെ നയിക്കുന്നത് പ്രധാനമായും ഹോർമോണുകളാണ്. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസ് എന്ന പ്രത്യേകഭാഗവും അതോടൊപ്പം പിറ്റ്യൂറ്ററി എന്ന ഗ്രന്ഥിയുമാണ് ഈ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത്. ആർത്തവ വിരാമത്തോടടുക്കുന്പോൾ സ്ത്രീയുടെ അണ്ഡാശയം ഈ ഹോർമോണുകളോട് പ്രതികരിക്കാതാവുകയും അതുവഴി ആർത്തവചക്രം സംഭവിക്കാതിരിക്കുകയും ചെയ്യും. ഇതിനോടൊപ്പം അണ്ഡാശയം (Ovary) ഉത്പാദിപ്പിക്കുന്നതായ ഈസ്ട്രജൻ, പ്രൊജസ്ട്രോണ്‍ എന്നീ ഹോർമോണുകളുടെ അളവിലും സ്ഥായിയായ കുറവ് സംഭവിക്കുന്നു. ഈ ഹോർമോണ്‍ വ്യതിയാനങ്ങളാണ് ആർത്തവ വിരാമത്തോടടുത്ത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കു കാരണം.

ലക്ഷണങ്ങൾ

1. അമിത ഉഷ്ണം
2. ഉറക്കമില്ലായ്മ
3. വൈകാരികമായ ഏറ്റക്കുറച്ചിലുകൾ (മൂഡ് വ്യതിയാനങ്ങൾ)
4. അമിത ക്ഷീണം, തളർച്ച
5. വിഷാദരോഗങ്ങൾ
6. ലൈംഗിക പ്രശ്നങ്ങൾ.
7. അസ്ഥിരോഗങ്ങൾബലക്കുറവ്, അസ്ഥിക്ഷയം

അമിത ഉഷ്ണം-ഉറക്കമില്ലായ്മ

ശരാശരി 75 ശതമാനം സ്ത്രീകളിലും കണ്ടുവരുന്നു. ആർത്തവ വിരാമത്തിനുശേഷം ഒന്നു രണ്ടു വർഷത്തോളം ഇത് നിലനിൽക്കാറുണ്ട്. ദൈനംദിന ജീവിതത്തിലും ഉറക്കത്തിലും പലപ്പോഴും ഇത് തടസമായിത്തീരുന്നു. ഇതിനായി പ്രത്യേക ചികിത്സയൊന്നും ആവശ്യമായി വരാറില്ല. മനസ് ശാന്തമാക്കിവയ്ക്കുക, ചായ, കാപ്പി എന്നിവ ഒഴിവാക്കുക, യോഗപോലുള്ള വ്യായാമക്രമങ്ങൾ ശീലമാക്കുക, അയഞ്ഞ കോണ്‍ വസ്ത്രങ്ങൾ ഉപയോഗിക്കുക, പ്ലാൻറ് ഈസ്ട്രജൻ (Plant estrogens) അടങ്ങിയ സോയ, അവക്കാഡോ എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുക ഇവയെല്ലാം അമിത ഉഷ്ണത്തെയും ഉറക്കമില്ലായ്മയേയും ചെറുക്കാൻ സഹായിക്കും.

വിഷാദരോഗങ്ങൾ (മൂഡ് വ്യതിയാനങ്ങൾ)

ശാരീരികമായ ബുദ്ധിമുട്ടുകൾക്കും അലോസരങ്ങൾക്കും പുറമേ ആർത്തവ വിരാമത്തിന് വൈകാരികമായ ഒരു തലംകൂടിയുണ്ട്. ഇത് പലപ്പോഴും പ്രകടമാകുന്നത് മൂഡ് വ്യതിയാനങ്ങളിലൂടെയാണ്. ചെറിയ കാര്യങ്ങൾക്കുപോലും വല്ലാതെ പൊട്ടിത്തെറിക്കുക, അല്ലെങ്കിൽ വല്ലാതെ മനസിൽതട്ടി വിഷമിക്കുക, കാരണത്തോടുകൂടിയും അല്ലാതെയും ഉത്കണ്ഠപ്പെടുക, അസ്വസ്ഥമാവുക ഇവയെല്ലാം ആർത്തവവിരാമത്തിൽ കണ്ടുവരുന്നു. സ്ത്രീഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ ഈ വ്യതിയാനങ്ങൾക്കു കാരണമാണ്.

ആർത്തവ വിരാമത്തോടനുബന്ധിച്ച് സംഭവിക്കുന്ന വിഷാദരോഗം ഏകദേശം 20 ശതമാനം സ്ത്രീകളിലും കാണപ്പെടുന്നു. വിഷാദരോഗത്തിനിടയാക്കുന്ന മസ്തിഷ്കത്തിലെ വ്യതിയാനങ്ങൾ പലതാണ്. ഇതിൽ പ്രധാനമാണ് സെറോറ്റിനിൻ (Serotonin), നോർഎപ്പിനെഫ്രിൻ (Norepinephrine) എന്നീ രാസപദാർഥങ്ങളുടെ ഏറ്റക്കുറച്ചിൽ. മുന്പേ പറഞ്ഞ ഹോർമോണ്‍ വ്യതിയാനങ്ങൾ ഈ രാസപദാർഥങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതുമൂലം വിഷാദരോഗമുണ്ടാകുന്നു.


മുൻകാലങ്ങളിലുണ്ടായിട്ടുള്ള ഡിപ്രഷൻ, ജീവിതത്തിലെ സർദങ്ങൾ, ജീവിതപ്രശ്നങ്ങളോടുള്ള നിഷേധാകമായ സമീപനങ്ങൾ, ബന്ധങ്ങളിലെ തൃപ്തിയില്ലായ്മ, സ്വന്തം ശരീരത്തെക്കുറിച്ചും അവനവനെപ്പറ്റിയുമുള്ള മതിപ്പുകുറവ്, വ്യായാമങ്ങളുടെയും ഒഴിവുസമയ പ്രവൃത്തികളുടെയും അഭാവം ഇതെല്ലാം വിഷാദത്തിലേക്കു നയിക്കാം.

ചികിത്സാരീതികൾ

ആർത്തവ വിരാമം സ്ത്രീയുടെ ജീവിതത്തിലെ അനിവാര്യമായ ഒരു ഘട്ടമാണ്. പക്ഷേ, അതിൽനിന്ന് ഉടലെടുക്കുന്ന പ്രയാസങ്ങൾക്കു വ്യക്തമായ പരിഹാരമാർഗങ്ങളുണ്ട്. ഈ ബുദ്ധിമുട്ടുകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നപക്ഷം ചികിത്സ തേടാൻ മടികാണിക്കരുത്. ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഒരു ഗൈനക്കോളജിസ്റ്റിനെ കാണണം. മാനസിക സംഘർഷത്തിനും ഉറക്കക്കുറവിനും മൂഡ് വ്യതിയാനത്തിനും, ലൈംഗിക പ്രശ്നങ്ങൾക്കും ഉചിതമായരീതിയിൽ ഒരു മാനസികരോഗ വിദഗ്ധനെയോ മനഃശാസ്ത്രജ്ഞനെയോ കണ്ട് വേണ്ടരീതിയിൽ പരിഹാരം കാണണം.

മരുന്നുചികിത്സ കൂടാതെ നല്ല വ്യായാമവും ശരിയായ ആഹാരക്രമവും നല്ല സുഹൃദ്ബന്ധങ്ങളും ഈ ബുദ്ധിമുട്ടേറിയ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഗുണംചെയ്യും. അവനവനുവേണ്ടി സമയം കണ്ടെത്താനും തെൻറ ഉള്ളിലേക്ക് നോക്കാൻ ശ്രമിക്കുന്നതും സർമ്മദത്തെ നേരിടാനുള്ള ഫലപ്രദമായ മാർഗങ്ങളാണ്. തെൻറ കാഴ്ചപ്പാടിലെ യുക്തിയില്ലായ്മ തിരുത്തിപ്പോകണമെങ്കിൽ ഈ ഉൾക്കാഴ്ച കൂടിയേ തീരൂ. ശാരീരികമായ ഒരു പ്രക്രിയയ്ക്കപ്പുറത്താണ് വ്യക്തിയെന്ന ബോധവും കാലം കൊണ്ടുവരുന്ന പല ശാരീരികമാറ്റങ്ങളെയും ഉൾക്കൊണ്ടും മുന്പോട്ടുപോകാൻ സഹായകമാകും.

ലൈംഗിക പ്രശ്നങ്ങൾ

ലൈംഗിക താല്പര്യം കുറയുക, ഉത്തേജനം ഇല്ലാതിരിക്കുക, രതിമൂർച്ഛ അനുഭവപ്പെടാതിരിക്കുക എന്നിങ്ങനെയുള്ള ലൈംഗിക ബുദ്ധിമുട്ടുകൾ വളരെ സാധാരണമാണ്. ബന്ധപ്പെടുന്പോഴുണ്ടാകുന്ന വേദനയും മറ്റൊരു പ്രശ്നമാണ്.

ശാരീരികമായുണ്ടാകുന്ന മാറ്റങ്ങൾ ഒരു സ്ത്രീയെന്ന നിലയിലുള്ള തെൻറ വശ്യത കുറയ്ക്കുന്നതായി ചിലരെങ്കിലും ചിന്തിക്കുകയോ ഭയപ്പെടുകയോ ചെയ്തേക്കാം. ഇണയിൽനിന്നുള്ള ചെറിയൊരു താത്പര്യക്കുറവുപോലും തെൻറ സ്ത്രീത്വം തിരിച്ചെടുക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടതിെൻറ തെളിവായി സ്ത്രീ തെറ്റിദ്ധരിച്ചേക്കാം.

ഭർത്താവുമായി തുറന്ന ചർച്ചകളും തെൻറ മനസിലുള്ള ഭയവും ഉത്കണ്ഠയും പറയാനുള്ള ഒരു സന്ദർഭമുണ്ടാക്കുകയും വേണം. തെൻറ ഭാര്യയുടെ കാഴ്ചപ്പാട് കാണാനും അവളുടെ കൂടെ സമയം ചെലവഴിക്കാനും ഭർത്താവും തയാറാവണം.

മധ്യവയസ്, പൊതുവേ വേഗം കുറയാൻ തുടങ്ങുന്ന ഒരു ഘട്ടമാണെന്ന് സ്ത്രീകൾ മനസിലാക്കണം. ഭർത്താവ് കിടപ്പറയിൽ താത്പര്യം കാണിച്ചില്ലെങ്കിൽ അത് സ്ത്രീ എന്ന നിലയിലുള്ള തെൻറ പരാജയമാണെന്ന് വ്യാഖ്യാനിക്കാതിരിക്കാൻ മനസിനെ പഠിപ്പിക്കണം.

ഈയൊരു ഘട്ടം ഗർഭധാരണഭീതിയില്ലാതെ സെക്സ് ആസ്വദിക്കാനുള്ള ഒരു സമയമായി ചിലരെങ്കിലും കാണാറുണ്ട്. ലൈംഗികതയുടെ സൗന്ദര്യവും ബന്ധത്തിെൻറ ഉൗഷ്മളതയും വീണ്ടെടുക്കാൻ സാധിക്കുന്ന ഒരു വേളയായി ആർത്തവ വിരാമത്തെ കാണാൻ സാധിക്കും.

ഡോ. സന്ധ്യ ചെർക്കിൽ
ന്യൂറോ സൈക്കോളജിസ്റ്റ്.

ഡോ. നമിതാ ദാസ്
സൈക്യാട്രിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം