ഓഹരി വിപണിയിൽ വാങ്ങലും വിൽക്കലും
ഓഹരി വിപണിയിൽ വാങ്ങലും വിൽക്കലും
Saturday, October 21, 2017 2:29 AM IST
അനുയോജ്യനായ ഒരു ബ്രോക്കറെ തെരഞ്ഞെടുക്കുകയാണ് ആദ്യപടി. ബ്രോക്കറുടെ വിശ്വാസ്യതയും ചരിത്രവും സാന്പത്തിക നിലയും അറിയുന്നത് നല്ലതാണ്. സേവന നിലവാരവും ഇടപാടുകാർക്കിടയിലുള്ള അംഗീകാരവും പരിഗണനയിലെടുക്കണം. ബ്രോക്കറെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ ഒരു ഡീമാറ്റ് അക്കൗണ്ട് തുടങ്ങുക. എന്തു വാങ്ങണം, വിൽക്കണം എന്നതിൽ ബ്രോക്കർ ഉപദേശം തരും. പക്ഷേ, അതു പക്ഷപാതപരമാകാൻ സാധ്യതയുണ്ട്. ശരിയായ രീതിയിലുള്ള ഉപദേശം നൽകുവാനുള്ള സമയമോ വൈദഗ്ധ്യമോ ബ്രോക്കർക്ക് ഉണ്ടായിരിക്കില്ല.

ബിഎസ്ഇയിലും എൻഎസ്ഇയിലും നടക്കുന്ന എല്ലാ ഇപടപാടുകളും തന്നെ ഡീമാറ്റ് രീതിയിലാണ്. ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതോടെ ഈ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏതു ഓഹരിയിലും വ്യാപാരം നടത്താം.

ഇന്‍റർനെറ്റ് ട്രേഡിംഗ്

ഇപ്പോൾ വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങളുടെ കംപ്യൂട്ടറിൽ വ്യാപാരം ചെയ്യാവുന്നതേയുള്ളൂ. ബ്രോക്കറുടെ ഓഫീസിലേക്ക് നിർദ്ദേശം കൊടുക്കേണ്ട. ഓണ്‍ലൈൻ സംവിധാനത്തിൽ ബ്രോക്കറുടെ സൈറ്റിലൂടെ നിക്ഷേപകന് ഓർഡർ നൽകാം. ബ്രോക്കറുടെ ഇന്‍റർനെറ്റ് സംവിധാനം സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓർഡർ നടപ്പാക്കൽ സംവിധാനത്തിലേക്ക് അതിനെ അപ്പോൾതന്നെ തിരിച്ചുവിടും. എക്സ്ചേഞ്ച് ഓണ്‍ലൈൻ ഓർഡർ എത്തിയാൽ സാധാരണ ഓഫീസ് ഓർഡർ നടപ്പാക്കുന്നതുപോലെ ഇടപാട് പൂർത്തിയാക്കും.
എൻഎസ്ഇയിലും ബിഎസ്ഇയിലും ഇന്‍റർനെറ്റ് ട്രേഡിംഗ് സംവിധാനമുണ്ട്. ഡീമാറ്റ് രൂപത്തിലുള്ള ഏതു ഓഹരിയിലും ഇന്‍റർനെറ്റ് വഴി വ്യാപാരം നടത്താം.

ഒരു കന്പനിയെ എങ്ങനെ വിലയിരുത്താം

ഓഹരി വാങ്ങുന്നതിനു മുൻപ് കന്പനി നല്ലതോ ചീത്തയോ എന്ന് മനസിലാക്കണമല്ലോ. മാനേജ്മെന്‍റ് എങ്ങനെയുണ്ടെന്നറിയണം. ഭാരതത്തിൽ പ്രധാനമായും ഫാമിലി മാനേജ്മെന്‍റും പ്രഫഷണൽ മാനേജ്മെന്‍റും ആണ് ഉള്ളത്.

ഈ രണ്ട് വിഭാഗങ്ങളിലും നല്ല കന്പനികളും മോശം കന്പനികളും ഉണ്ട്. മാനേജ്മെന്‍റിന്‍റെ ആർജവം അഥവാ സത്യസന്ധതയാണ് ഏറ്റവും പ്രധാനം. മാനേജ്മെന്‍റ് കള്ളത്തരം കാണിക്കുന്നുണ്ടെന്ന് സംശയം തോന്നിയാൽ ഓഹരിയിൽ നിന്നു വിട്ടുമാറണം. ഇതിന് കന്പനിയുടെ മുഖ്യ ഓഹരിയുടമകൾ ആരാണെന്ന് പരിശോധിക്കണം. ചില മാനേജ്മെന്‍റുകൾ ഓഹരി വിലയിൽ കൃത്രിമം കാണിക്കാറുണ്ട്. അത്തരം കന്പനികളെ തീർത്തും ഒഴിവാക്കുക.

മാനേജ്മെന്‍റിന്‍റെ തെളിയിക്കപ്പെട്ട കാര്യക്ഷമതയാണ് മറ്റൊരു പ്രധാന ഘടകം. കുറെ വർഷങ്ങളായി കന്പനി എങ്ങനെയാണ് നീങ്ങുന്നതെന്ന് പരിശോധിക്കുക. സ്ഥിരമായി ലാഭം നേടിയോ? മറ്റു കന്പനികളേക്കാൾ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചോ, പ്രതിസന്ധിഘട്ടങ്ങളിൽ സാന്പത്തിക മാന്ദ്യത്തിലും മറ്റും ഈ കന്പനിയെ വിജയകരമായി മുന്നോട്ടു നയിച്ചോ?

അന്തഛിദ്രവും പരിസ്പരം പോരടിക്കുന്നതും ആയ ഫാമിലി മാനേജ്മെന്‍റ് കന്പനികളെ ഒഴിവാക്കാം. പോരടിക്കൽ കന്പനിയെ പ്രശ്നത്തിലേക്ക് നയിക്കും. ഓഹരിയുടമയ്ക്ക് നഷ്ടമുണ്ടാക്കും.

വൈവിധ്യവത്കരണം നടപ്പാക്കുന്ന കന്പനികളുണ്ട്. ഉത്പന്നങ്ങളിലുള്ള വൈവിധ്യവത്കരണവും പ്രവർത്തനരീതിയിലുള്ളതും. വിദേശങ്ങളിൽ സാന്നിധ്യം ഉറപ്പിക്കുന്ന കന്പനികളുമുണ്ട്. കാതൽ ബിസിനസിലും കൂടുതൽ സാധ്യതയുള്ള മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ അപ്രധാനമായ ബിസിനസുകളെ ഒഴിവാക്കുന്നവയുമുണ്ട്. വൈവിധ്യവത്കരിക്കുന്ന കന്പനികളേക്കാൾ കാതൽ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കന്പനികളെയാണ് നല്ല നിക്ഷേപകർ തെരഞ്ഞെടുക്കുക. എൽ ആൻഡ് ടി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി, ടിസിഎസ്, ഇൻഫോസിസ് ഇവയൊക്കെ ഉദാഹരണങ്ങളാണ്.

വളർച്ചാ കന്പനികൾ

സന്പദ്ഘടനയുടെ വളർച്ചയെ സഹായിക്കുന്ന വ്യവസായങ്ങളിലോ മേഖലകളിലോ ആയിരിക്കും ഈ കന്പനികൾ ശ്രദ്ധ കൊടുക്കുക. വളർച്ചയില്ലാത്ത അല്ലെങ്കിൽ അസ്തമയത്തിലേക്ക് നീങ്ങുന്ന മേഖലയിൽ വളർച്ചാ കന്പനികൾ ഉണ്ടാകില്ല. അടിസ്ഥാന വികസന മേഖലയിലെ കന്പനികൾ വളർച്ചാ സാധ്യത നിലനിർത്തുന്നവയാണ്.

കന്പനികളും പൊതു സാന്പത്തികാവസ്ഥയും

രാജ്യത്തെ വ്യവസായിക വാണിജ്യ സാന്പത്തിക രാഷ്ട്രീയ അന്തരീക്ഷവുമായി കന്പനികളുടെ ഭാവി ബന്ധപ്പെട്ടിരിക്കുന്നു. ഒരു സ്ഥാപനത്തിനും ഇതിൽനിന്ന് മാറി നിൽക്കാനാവില്ല. മോശം സാഹചര്യത്തിൽ ഏറ്റവും നല്ല കന്പനികൾപോലും വിഷമിച്ചെന്ന് വരും. അനുകൂല സാഹചര്യങ്ങളിൽ കന്പനികൾ കുതിച്ചു മുന്നേറാം. വളരെ മോശമായ കന്പനികൾ പോലും ഈ സാഹചര്യത്തിൽ മെച്ചപ്പെടും.

സന്പദ്ഘടന ചാക്രിക ചലനങ്ങൾക്ക് വിധേയമാണ്. മാന്ദ്യവും വളർച്ചയും ഇടവിട്ടാണ് വരിക. കാർഷിക മേഖലയിലെ വളർച്ച ഭാരതത്തിൽ വ്യവസായ കുതിപ്പിന് കാരണമായി.
വിലക്കയറ്റവും നാണ്യപ്പെരുപ്പവും കുറയുന്പോൾ അഴിമതിയും സ്വജനപക്ഷമാതവും നിലയ്ക്കുന്പോൾ, എല്ലാവർക്കും തൊഴിലുറപ്പാകുന്പോൾ, കാര്യക്ഷമത വർധിക്കുന്പോൾ, സന്പദ്ഘടന മെച്ചമായെന്ന് ഉൗഹിക്കാം. അതു വിപണിക്ക് ഉണർവേകും. നാം അത്തരമൊരു സാഹചര്യത്തിലൂടെയണ് കടന്നുപോകുന്നതെന്ന് തോന്നുന്നു.

ഓഹരിയെ അടുത്തറിയുക

തെരഞ്ഞെടുക്കുന്ന ഓഹരിക്ക് ശക്തമായ അടിത്തറ അല്ലെങ്കിൽ ഫണ്ടമെന്‍റൽസ് ഉണ്ടായിരിക്കണം. അതായത് ഓഹരിയുടെ ആന്തരിക മൂല്യം നന്നായിരിക്കണമെന്ന്. ഓഹരിയിൽ നിന്ന് നിക്ഷേപകന് കിട്ടാവുന്ന നേട്ടങ്ങളെയാണ് ആന്തരിക മൂല്യങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്. ലാഭവിഹിതമാണ് ഓഹരിയുടമയ്ക്ക് കന്പനിയിൽ നിന്ന് ലഭിക്കാവുന്ന ആനുകൂല്യങ്ങളിലൊന്ന്.


ഇക്കണോമിക് സൈക്കിൾ

സന്പദ് വ്യവസ്ഥയും അതിലൂടെ ബിസിനസ് രംഗവും ചാക്രികമായ ചലനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ ചാക്രിക ചലനങ്ങൾ നിക്ഷേപത്തെ സ്വാധീനിക്കും. സാന്പത്തിക ചലനങ്ങളിൽ മാന്ദ്യം (ഡിപ്രഷൻ), തിരിച്ചുവരവ് (റിക്കവറി), മുന്നേറ്റം (ബൂം), പിൻവാങ്ങൽ (റിസെഷൻ) ഈ ഘട്ടങ്ങൾ പ്രധാനമാണ്.

ഒരു കുതിപ്പ് അല്ലെങ്കിൽ മാന്ദ്യം എത്രനാൾ തുടരുമെന്ന് നിശ്ചയിക്കാൻ നിയമങ്ങളോ സൂചികകളോ ഇല്ല. മുന്പത്തെ രീതി ആവർത്തിക്കണമെന്ന നിബന്ധനയില്ലതാനും.
നിക്ഷേപകൻ സ്വരാജ്യത്തേയും ലോകത്തേയും സാന്പത്തിക സൈക്കിൾ മനസിലാക്കേണ്ടതാണ്. അതനുസരിച്ച് നിക്ഷേപിക്കുകയോ വിറ്റ് പിൻമാറുകയോ വേണം. മുന്നേറ്റത്തിന്‍റെ കൊടുമുടിയിൽ നിക്ഷേപം പിൻവലിക്കാം. മാന്ദ്യത്തിന്‍റെ അവസാനത്തോടെ വാങ്ങുകയുമാകാം.

സർക്കാരിന്‍റെ നിയമങ്ങളും രാഷ്ട്രീയ തീരുമാനങ്ങളുമൊക്കെ ഇക്കണോമിക് സൈക്കിളിനെ ത്വരിതപ്പെടുത്തുകയോ കീഴ്മേൽ മറിക്കുകയോ ചെയ്യാറുണ്ട്.

വാർഷിക റിപ്പോർട്ട്

ഒരു കന്പനിയെ സംബന്ധിക്കുന്ന വിവരങ്ങൾ വാർഷിക റിപ്പോർട്ടിൽ നിന്ന് ലഭിക്കും. ബുദ്ധിമാനായ നിക്ഷേപകൻ ഈ റിപ്പോർട്ടുകൾ നന്നായി പഠിക്കണം. ഇതിനു നാലു ഭാഗങ്ങളുണ്ട്.

ഡയറക്ടർമാരുടെ റിപ്പോർട്ട് ഡയറക്ടർമാർ ഓഹരിയുടമകൾക്കുവേണ്ടി തയാറാക്കുന്നതാണ്. അവരവരുടെ നേതൃത്വത്തിൽ കന്പനിക്കുണ്ടായ നേട്ടങ്ങൾ ഇതിൽ പ്രതിപാദിച്ചിരിക്കും. ഓഡിറ്റർമാരുടെ റിപ്പോർട്ടും കന്പനിയുടെ യഥാർഥ അവസ്ഥ വരച്ചുകാണിക്കും. ധനകാര്യ പ്രസ്താവനയിൽ കന്പനിയുടെ ധനകാര്യ സ്ഥിതിയും ലാഭനഷ്ടങ്ങളുമാണ് ഉണ്ടാവുക. ഓഹരി മൂലധനം, കരുതൽ ധനം, സ്ഥിരാസ്തി (ഫിക്സഡ് അസറ്റ്), നിക്ഷേപങ്ങൾ, കറന്‍റ് അസറ്റ്, വിറ്റുവരവ്, വകയിരുത്തൽ, പ്രവർത്തനച്ചെലവ്, പലിശ, നികുതി ഈ സംഗതികളെല്ലാം റിപ്പോർട്ടുകളിലുണ്ടാകും.

ബ്രോക്കറുടെ അടുത്ത് എങ്ങനെ ഓർഡർ നൽകാം

പ്രധാനമായും മൂന്നുതരം ഓർഡറുകളാണ് നിങ്ങൾക്ക് നൽകാൻ സാധിക്കുക.

നിശ്ചിത വില ഓർഡർ

നിശ്ചിത വിലയ്ക്ക് ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദ്ദേശമാണിത്. സ്ക്രീനിൽ കാണുന്നതിനേക്കാൾ അല്പം വില ഉയർത്തിയോ (വിൽക്കുന്പോൾ) താഴ്ത്തിയോ (വാങ്ങുന്പോൾ) ഓർഡർ നൽകുകയാണ് സാധാരണ ചെയ്യുന്നത്.

സ്റ്റോപ്പ് ലോസ് ഓർഡർ

ഒരു നിശ്ചിത വിലയ്ക്കൊപ്പം ഒരു ട്രിഗർപ്രൈസ് കൂട്ടിച്ചേർത്ത് നൽകുന്ന ഓർഡറാണിത്. ഓർഡറുടെ വില ട്രിഗർ പ്രൈസിൽ എത്തുന്പോൽ ഈ ഓർഡർ സ്വയം പ്രവർത്തനക്ഷമമാകുന്നു.

ഉദാഹരണത്തിന് ഒരു കന്പനിയുടെ ഓഹരി 100 രൂപയ്ക്കു വാങ്ങുന്നു എന്നു കരുതുക. ഇതിന്‍റെ വില എങ്ങോട്ടു നീങ്ങുമെന്ന് ഒരു നിശ്ചയവുമില്ല. നഷ്ടം 10 രൂപയിൽ ഒതുക്കുവാൻ നിക്ഷേപകൻ ആഗ്രഹിക്കുന്നു. സ്റ്റോപ്പ് ലോസ് ഓർഡർ നൽകാൻ അയാൾ തീരുമാനിക്കുന്നു. 90 രൂപയ്ക്ക് വിൽപന ഓർഡർ നൽകുന്നു. 91 രൂപ ട്രിഗർ പ്രൈസായും നൽകുന്നു. 91 രൂപയിലെത്തുന്പോൾ സ്റ്റോപ് ലോസ് ഓർഡർ ഓട്ടോമാറ്റിക്കായി നടപ്പാകും. ഓർഡർ 90 രൂപയിലായിരിക്കും നടപ്പാക്കുക.

നിങ്ങൾ വിറ്റ ഒരു ഓഹരി ഒരു നിശ്ചിത വിലയിലേക്ക് താഴുന്പോൾ അതു വീണ്ടും വാങ്ങാനും ഇത്തരം ഓർഡർ നൽകാം. ഓഹരി കൈവശമില്ലാതെ വിൽക്കുന്നതിനും (ഷോർട്ട്) ഈ രീതി ഉപയോഗിക്കാം.

ഓഹരി വാങ്ങുകയോ വിൽക്കുകയോ ചെയ്തെന്ന് കരുതുക. ദൗർഭാഗ്യവശാൽ വിപണി എതിർദിശയിലേക്ക് നീങ്ങുന്നു. നഷ്ടം പരിമിതപ്പെടുത്താൻ സ്റ്റോപ്പ് ലോസ് ഓർഡർ സഹായകരമാകും.

മാർക്കറ്റ് ഓർഡർ

കന്പ്യൂട്ടർ സ്ക്രീനിൽ കാണുന്ന വിലയ്ക്കു തന്നെ ഓർഡർ നടപ്പാക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്. ഒരു കന്പനിയുടെ 100 ഓഹരികൾ നിങ്ങൾക്ക് വാങ്ങണമെന്നുണ്ട്. 60 രൂപയ്ക്ക് 80 എണ്ണം ലഭിക്കും. അടുത്ത ലോട്ടിന് 82 രൂപയാണ്. അങ്ങനെ 80 ഓഹരികൾ 60 രൂപയ്ക്കും 20 ഓഹരികൾ 62 രൂപയ്ക്കും വാങ്ങാം.

ഡേ ട്രേഡിംഗ്, ഓപ്ഷൻ വ്യാപാരം, ഫ്യൂച്ചേഴ്സ് ഇവയെക്കുറിച്ചൊക്കെ പിന്നീട് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കന്പനികളിലെ വ്യവസായ സൈക്കിൾ

എല്ലാ കന്പനികൾക്കുമുണ്ട് വളർച്ചയുടേയും താഴ്ചയുടേയും മാന്ദ്യത്തിന്േ‍റയും മുന്നേറ്റത്തിന്േ‍റയും കാലഘട്ടങ്ങൾ. ഒരു വ്യവസായത്തിലെ പ്രധാന ഘടകങ്ങൾ ഇവയാണ്.
1. പ്രാരംഭ ഘട്ടം
2. വളർച്ചയുടെ ഘടകം
3. സ്ഥിരതയുടെ ഘടകം
4. തളർച്ചയുടെ ഘടകം
സംരംഭക ഘട്ടത്തിൽ നിന്ന് വളർച്ചാ ഘട്ടത്തിലെത്താൻ കുറച്ചു സമയമെടുക്കും. ഈ സമയത്ത് കന്പനികൾ നഷ്ടം കാണിക്കുകയാണ് പതിവ്. ആദ്യം 5-10 വർഷക്കാലം ഏതു വ്യവസായത്തെ സംബന്ധിച്ചും നിർണായകമാണ്. പരാജയപ്പെടാനുള്ള സാധ്യതയും ഉണ്ട്.
പിടിച്ചുനിന്നു കഴിഞ്ഞാൽ വ്യവസായം വളർച്ചയുടെ ഘട്ടത്തിലേക്ക് കടക്കും. കന്പനി ഉയർന്നുവരും. നിക്ഷേപകർ ഈ ഘട്ടത്തിന്‍റെ ആദ്യമാണ് ഓഹരി വാങ്ങേണ്ടത്.
സ്ഥിരതയാർജിക്കുന്ന ഘട്ടത്തിൽ വളർച്ച മിതമായിരിക്കും. വളർച്ചാനിരക്ക് കുറയുകയും ചെയ്യും. ഈ സമയത്ത് നിക്ഷേപിച്ചാൽ വരുമാനം കുറയും. നമ്മുടെ പല മുൻനിര ഐടി കന്പനികളും ഈ സ്റ്റേജിലാണെന്ന് തോന്നുന്നു.
ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഇല്ലാതെ വരുന്ന ഘട്ടമാണ് അസ്തമയ സമയം. സാമൂഹ്യമാറ്റം, വിലവർധന, നിയമ മാറ്റങ്ങൾ ഇവയൊക്കെ ഇതിനു കാരണമാകാം.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
Email: professorpavargheese@yahoo.co.uk
Mobile: 989541704