ആൻസിയുടെ പരീക്ഷണങ്ങൾ തുടരുകയാണ്...
ആൻസിയുടെ പരീക്ഷണങ്ങൾ  തുടരുകയാണ്...
Thursday, October 19, 2017 4:35 AM IST
പാലാ ഞാവള്ളിമംഗലത്തിൽ ആൻസി മാത്യുവിന് ചക്കയോടുള്ള ഇഷ്ടം എത്രമാത്രമുണ്ടെന്ന് അറിയണമെങ്കിൽ ചക്കയിൽ നിന്നും ആൻസി തയ്യാറാക്കിയ മൂല്യവർധിത ഉത്പന്നങ്ങളുടെ എണ്ണം കേൾക്കണം. ഏഴു വർഷത്തെ പരീക്ഷണങ്ങളിലൂട ആൻസി കണ്ടെത്തിയത് മൂന്നൂറിലധികം ഉത്പന്നങ്ങളാണ്.

മൈദയ്ക്കുപകരം ചക്കപ്പൊടിയും ചക്കക്കുരുപൊടിയും കണ്ടെത്തിക്കൊണ്ടായിരുന്നു പരീക്ഷണങ്ങളുടെ തുടക്കം. ആ തുടക്കം ഇന്ന് മുന്നൂറിലധികം വിഭവങ്ങളിൽ എത്തി നിൽക്കുകയാണ്. ചക്ക വിഭവങ്ങൾ എന്ന പേരിൽ 150 വിഭവങ്ങളുമായി ഒരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. 2017 ജനുവരിയിൽ പുറത്തിറങ്ങിയ പുസ്തകം ജൂലൈയായപ്പോൾ നാലമത്തെ എഡിഷനായി.ഡിസിയാണ് പുസ്തകം പുറത്തിറക്കിയത്. ചക്കയിലുള്ള ആൻസിയുടെ പരീക്ഷണങ്ങൾ തുടരുകയാണ്.

ചക്ക കോടിക്കണക്കിനാളുകളുടെ വിശപ്പു മാറ്റാനുള്ള ഉപാധിയാണെന്നാണ് ലോക ബാങ്കിന്‍റെയും ഐക്യരാഷ്ട സംഘടനയുടെയും അഭിപ്രായം. ഈ അഭിപ്രായം ശരിയാണന്നു തന്നെയാണ് ആൻസിക്കും പറയാനുള്ളത്.

ഒരു ചക്കയിൽ നിന്നും 3000 രൂപ

ഒരു ചക്കയിൽ നിന്നും 3000 രൂപയുടെ ഉത്പന്നങ്ങൾ ഉണ്ടാക്കാമെന്ന് ആൻസി പറയുന്നു. ചക്കച്ചുള ഉണക്കിയത്, ചക്ക വറുത്തത്, ചക്കകുരുപ്പൊടി, ചക്കയുടെ കൂഞ്ഞിലും മടലും ഉപയോഗിച്ച് അച്ചാർ...അങ്ങനെ അങ്ങനെ ഉത്പന്നങ്ങളുടെ എണ്ണം നീണ്ടു പോകും. പക്ഷേ, ഒരാൾ തന്നെ ഈ ഉത്പന്നങ്ങളെല്ലാം നിർമ്മിക്കാൻ ശ്രമിച്ചാൽ സാധ്യമായിയെന്നു വരില്ല. അതുകൊണ്ട് കൂട്ടായ പ്രവർത്തനത്തിലൂടെ ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാം എന്നാണ് ആൻസിയുടെ അഭിപ്രായം.

സംരംഭകരെ സൃഷ്ടിക്കുക ലക്ഷ്യം

ചക്ക ഇറച്ചിക്കു പകരക്കാരനാവുകയാണെന്ന് പലരും അഭിപ്രായപ്പടുന്നുണ്ട്. അതുകൊണ്ടു തന്നെ ചക്കയ്ക്കുള്ള ഡിമാൻഡ് ഓരോ വർഷവും വർധിച്ചു വരിക േയയുള്ളു. എത്ര പേർ സംരംഭത്തിലേയ്ക്കു കടന്നു വന്നാലും അവർക്കെല്ലാം അത് നേട്ടമായി തീരുകയേയുള്ളു.
നിലവിൽ 300 ഉത്പന്നങ്ങൾ ചക്കയിൽ നിന്നുമുണ്ടാക്കാൻ ആൻസിയ്ക്ക് അറിയാം. എന്നു കരുതി ആ അറിവെല്ലാം സ്വന്തം മനസിൽ കൊണ്ടു നടക്കാൻ ആൻസിയ്ക്കു താൽപര്യമില്ല. കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ 30 ശതമാനം പോലും ഉപയോഗിക്കപ്പെടുന്നില്ല. അതുകൊണ്ട് കൂടുതൽ പേർ ചക്കയിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലേയ്ക്ക് കടന്നു വരണം എന്നതാണ് ആൻസിയുടെ ആഗ്രഹം.

അതിനായി സംരംഭക പരിശീലന പരിപാടികൾക്ക് പോകാറുണ്ട്. കേരളത്തിലും കേരളത്തിനു പുറത്തും ക്ലാസുകൾ എടുക്കാറുണ്ട്. റസിഡന്‍റ് അസോസിയേഷനുകൾ, പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, സംഘടനകൾ എന്നിവരാണ് കൂടുതലും പരിശീലന പരിപാടികൾക്കായി വിളിക്കാറെന്ന് ആൻസി പറയുന്നു. പഞ്ചാബിലേക്ക് പരിശീലനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ആൻസി. പരിശീലനത്തിന് സ്ത്രീകൾ കൂടുതലും വരാറുണ്ടെങ്കിലും സംരംഭകരാകുന്നത് പുരുഷൻമാരാണെന്നും ആൻസി പറയുന്നു.
പക്ഷേ, സ്ത്രീ സംരംഭകർക്ക് ഏറ്റവും യോജിച്ച സംരംഭ മേഖലയാണിത്. കൂടുതൽ സ്ത്രീ സംരംഭകർ ചക്കയുമായി ബന്ധപ്പെട്ട മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിലേയ്ക്ക് കടന്നു വരണം. അതിനായുള്ള ശ്രമത്തിലാണ് ആൻസി.സ്ത്രീശാക്തീകരണമാണ് ആൻസിയുടെ പ്രധാന ലക്ഷ്യം.

വയനാട് അന്പലവയലിൽ വെച്ചു ഓഗസ്റ്റ് ഒന്പതു മുതൽ 14 വരെ നടന്ന അന്താരാഷ്ട്ര ചക്കമഹോത്സവത്തിൽ ആൻസി അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ചക്കയുടെ മൂല്യ വർധിത ഉത്പന്നങ്ങളെക്കുറിച്ച് പരിശീലനം നൽകുന്ന കേരളത്തിലെ പ്രധാനപ്പെട്ട പരിശീലകയാണ് .
റെസിപ്പികൾ റെഡിയാണ്. ചക്ക റെസിപ്പികൾ എപ്പോഴും ആർക്കും പറഞ്ഞുകൊടുക്കാൻ തയ്യാറാണ് . ചക്കയിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്നവർ ധാരാളമുണ്ടാകണമെന്നതാണ് ആൻസിയുടെ ആഗ്രഹം.

ഇടിച്ചക്കയെ സംസ്കരിച്ച് ചിക്കൻ, മട്ടണ്‍ എന്നിവയുടെ ഫ്ളേവറുകൾ ചേർത്ത് റെഡി ടു കുക്കായാണ് വിപണിയിലെത്തിക്കുന്നത്. പ്ലാവിന്‍റെ തളിരില തോരൻ വെയ്ക്കാമെന്നും ആൻസി പറയുന്നു. ചക്കമുള്ളിനെ ദാഹശമനിയായി ഉപയോഗിക്കാം. മല്ലി, നറുനീണ്ടി മുതലായവ ചേർത്താണ് ദാഹശമനി വിപണിയിലെത്തുന്നത്.


ചക്കപ്പഴത്തിൽ യീസ്റ്റും പഞ്ചസാരയും ചേർത്ത് 12 മണിക്കൂർ പുളിപ്പിച്ച് പാനി ഉണ്ടാക്കാം. ഇത് സ്ക്വാഷായും ജാമായും ഉപയോഗിക്കാം. ചക്കക്കുരുകൊണ്ടുള്ളഅവലോസു പൊടിയൽ ചേർത്തും കഴിക്കാം. ചക്കവരട്ടി, ചക്കത്തെര എന്നിവയെല്ലാം ഉണ്ടാക്കാറുണ്ട്.

അധികം പഴുക്കാത്ത ചക്കയുടെ മടലിൽ നിന്നും ടൂട്ടി ഫ്രൂട്ടി ഉണ്ടാക്കാം. അതിന്‍റെ കുരുവിന്‍റെ പാടയും ചകിണിയും ഉപയോഗിച്ച് ജെല്ലി ഉണ്ടാക്കാം.

മൈദ ഉപയോഗിച്ചുള്ള കേക്ക്, കുക്കീസ്, ബിസ്കറ്റ് എന്നിവയെല്ലാം ചക്കപ്പൊടി, ചക്കക്കുരുപ്പൊടി എന്നിവ കൊണ്ട് ഉണ്ടാക്കാം. അരിയുടെ അളവ് കുറച്ചിട്ട് ചക്കക്കുരുപ്പൊടി 50 ശതമാനമോ 30 ശതമാനമോ ചേർത്ത് പുട്ട്, പായസം മുതലായവ ഉണ്ടാക്കാം.
കറികളിലും മറ്റും കൊഴുപ്പിനായി മൈദ ചേർക്കാറുണ്ട്. അതിനു പകരമായി ചക്കക്കുരുപ്പൊടി ചേർക്കാം എന്നും ആൻസി പറയുന്നു. ആൻസിയുടെ റെസിപ്പികൾ ഇനിയും പ്രശസ്തമാകാൻ പോകുകയാണ്. ട്രോപ്പിക്കൽ ഫ്രൂട്ട് നെറ്റ് വർക്ക് ഇന്‍റർ നാഷണലിന്‍റെ മാഗസിനിൽ ഇന്ത്യൻ ജാക്ക് റെസിപ്പികൾ എഴുതാൻ തയ്യാറെടുക്കുകയാണ് ആൻസി.

ചക്കയും വിപണിയും സുലഭമാണ്

"സ്വന്തം പറന്പിൽ ധാരാളം ചക്കയുണ്ട.് അതിനു പുറമേ വാങ്ങിക്കുകയും ചെയ്യാറുണ്ട്. ഹൈറേഞ്ചിലും മറ്റുമുള്ളവർ പറന്പിലുള്ള ചക്കയെ എങ്ങനെയെങ്കിലും ഒഴിവാക്കിത്തരാമോ എന്നു ചോദിക്കുന്നവരാണ്. കാരണം പലരും ഏലത്തിനും മറ്റും തണലായാണ് പ്ലാവ് വളർത്തുന്നത്. അതുകൊണ്ടു തന്നെ ചക്കയാകുന്പോൾ മുതൽ അത് ഒഴിവാക്കാനാണവരുടെ ശ്രമം. ഇങ്ങനെ ചക്ക ലഭിക്കുന്നതുകൊണ്ട് ഇടിച്ചക്കയുടെ പ്രായം മുതൽ ചക്കയെ സംസ്കരിച്ച് വിപണിയിലെത്തിക്കാം.’ ആൻസി പറയുന്നു.

ചക്കയുടെ കാലം കഴിഞ്ഞാൽ ഉപയോഗിക്കാൻ ലഭ്യമാകുന്ന സമയത്ത് ചക്കയെ നന്നായി ബ്ലാൻച് ചെയ്ത് ഉണക്കി കവറിലാക്കി വായു കടക്കാതെ സൂക്ഷിക്കും. ഒരു വർഷത്തോളം ഇതിന് ഷെൽഫ് ലൈഫ് ഉണ്ടാകും. പഴുത്ത ചക്കയും ഡ്രയറിൽ ഉണക്കിയാണ് സൂക്ഷിക്കുന്നത്.

ചക്ക ഉണക്കിയത്, കേക്ക്, കുക്കീസ്, ഹൽവ, ചക്കകുരുപ്പൊടി, ചക്കപ്പഴം ഉണക്കിയത് തുടങ്ങിയ ഉത്പന്നങ്ങളാണ് നിലവിൽ ആൻസി വിപണിയിലെത്തിക്കുന്നത്. ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് ചക്കപ്പഴം ഉണക്കിയതിനാണെന്ന് ആൻസി പറയുന്നു.
പ്രദർശനങ്ങളിലെൂടയാണ് പ്രധാനമായും വിപണി കണ്ടെത്തുന്നതെന്ന് . ഓപ്പണ്‍ മാർക്കറ്റിലാണ് കൂടുതലും വിൽപ്പന നടത്തുന്നത്.

ആമസോണ്‍ വഴിയുള്ള ഓണ്‍ലൈൻ വിൽപ്പനക്കായുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊാണ്ടിരിക്കുകയാണ്. ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് പലപ്പോഴും ഓർഡർ ലഭിച്ചതിനു ശേഷമാണ്. വിദേശത്തുനിന്നുള്ളവരും മറ്റുമാണ് ഇങ്ങനെ ഓർഡർ നൽകുന്നത്.
പരീക്ഷണങ്ങൾ അവസാനിച്ചിട്ടില്ല

ഒരിടത്തു നിന്നും ഒന്നും പഠിച്ചിട്ടില്ല. എല്ലാം ഉത്പന്നങ്ങളും സ്വയം നിർമ്മിച്ചെടുത്തതാണ്. ഇപ്പോൾ മറ്റു കാർഷിക ഉത്പന്നങ്ങൾ, പഴങ്ങൾ എന്നിവ ഉപയോഗിച്ചുള്ള മൂല്യ വർധിത ഉത്പന്നങ്ങളുടെ പരീക്ഷണത്തിലാണ് താനെന്നും ആൻസി പറഞ്ഞു.

ചക്കകണ്ടെത്തുക, ഉത്പന്നങ്ങൾ നിർമ്മിക്കുക. വിപണി കണ്ടെത്താൻ ബുദ്ധിമുട്ടൊന്നുമില്ലെന്നും ആൻസി പറയുന്നു. ഓരോ സീസണിലും നല്ല വരുമാനം നേടാൻ ഇതു കൊണ്ടു കഴിയും. ചക്കയുടെ സീസണിൽ നല്ല രീതിയിൽ ഉത്പന്നങ്ങളുണ്ടാക്കുന്ന ഒരാൾക്ക് ഒരു മാസം 50000 രൂപ വീതം വരുമാനം നേടാൻ കഴിയുമെന്നും ആൻസി പറയുന്നു.
2016-17 ലെ ആരോവില്ലെ ആരണ്യ ഫൗണ്ടേഷന്‍റെ ജൈവവൈവിധ്യ സംരംക്ഷണ അവാർഡ് ആൻസി മാത്യുവിനായിരുന്നു. ഭർത്താവ് മാത്യു, മക്കളായ മാനസി, മിൽന, മീര എന്നിവരും ആൻസിയുടെ പ്രവർത്തനങ്ങൾക്ക് സജീവ പിന്തുണയുമായി കൂടെയുണ്ട്.
ഫോൺ: 9447128480