നാടൻ മാവുകളുടെ പ്രചാരകനായി മാർട്ടിൻ
നാടൻ മാവുകളുടെ പ്രചാരകനായി മാർട്ടിൻ
Friday, September 8, 2017 2:59 AM IST
കേരളത്തിന്‍റെ തനതായ ഒട്ടേറെ നാടൻ മാവിനങ്ങളിൽ പലതും കാലത്തിന്‍റെ പ്രയാണത്തിൽ അപ്രത്യക്ഷമാകുകയാണ്. കല്ലുകെട്ടി, കുറ്റ്യാട്ടൂർമാവ്, കുലകുത്തി, ചന്ദ്രക്കാരൻ തുടങ്ങി പലതും നമ്മുടെ തനതുമാവിനങ്ങളാണ്. നാടൻ മാവുകളിലെ മികച്ച ഇനങ്ങളെ കണ്ടെത്തുകയും അവയുടെ ബഡ് തൈകൾ ഉത്പാദിപ്പിച്ച് പ്രചരിപ്പിക്കുകയുമാണ് എറണാകുളം ഉദയംപേരൂരിലെ മാർട്ടിൻ ജോസഫ്. കൈയിൽ കിട്ടുന്ന അത്രയും മാങ്ങ അണ്ടികൾ ഓരോസീസണിലും കൂടകളിൽ പാകികിളിർപ്പിക്കുകയാണ് രീതി. ഈ തൈകളിൽ മികച്ചവയിൽ നാടൻ മാവുകളുടെ മുകുളങ്ങൾ ഒട്ടിച്ചെടുക്കുകയാണ് പതിവ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഈ ഒട്ടുതൈകൾ നട്ടുവളർത്തുന്നു. വലിയ മാവിന്‍റെ തായ്ത്തടിയിൽ പല നാടൻമാവിനങ്ങൾ ഒരുമിച്ച് ഒട്ടിച്ച് വളർത്തുന്ന രീതിയും മാർട്ടിനുണ്ട്. ഇതിന് ചെറുമാവിൻ കന്പുകൾ തൊലിക്കുള്ളിൽ സുഷിരങ്ങളുണ്ടാക്കി വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ നാടിനും പറ്റിയ നാടൻ മാവിനങ്ങളുണ്ടെന്ന് മാർട്ടിൻ കണ്ടെത്തിയിട്ടുണ്ട്. പത്തുവർഷമായി വിവിധ ഇനം മാവുകളെ കുറിച്ച് പഠനം നടത്തുകയാണിദ്ദേഹം.


നല്ലതുറസായ, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് മാവ് വളർത്താൻ അനുയോജ്യം. കൂടുതൽ തണുപ്പുള്ള സ്ഥലങ്ങൾ മാവിനു പറ്റിയതല്ല. ഒട്ടുതൈകൾ നടാൻ രണ്ടടി നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത് ജൈവവളം അടിസ്ഥാനമായി ചേർത്ത,് തടമെടുക്കണം. മഴക്കാലാരംഭമാണ് കൃഷിക്ക് അനുയോജ്യം. തയാറാക്കിയിട്ടിരിക്കുന്ന തടത്തിനുനടുവിൽ ചെറു കുഴി യെടുത്ത് പോളിത്തീൻ കൂട നീക്കം ചെയ്തു വേണം നടേണ്ടത്.

ചെറുകന്പുകൾ നാട്ടി ഒട്ടു മാവിൻ തൈകൾ കാറ്റിൽ ഒടിയാതെ കെട്ടിക്കൊടുക്കണം. കൃത്യമായ പരിചരണം നൽകിയാൽ മാവുകൾ മൂന്നുവർഷത്തിനുള്ളിൽ കായ്ഫലം നൽകും.

ഓരോ മാന്പഴക്കാലത്തും മാർട്ടിൻ പുതിയമാവിനങ്ങൾ തേടി യാത്ര തുടരുകയാണ്. ഫോണ്‍- 92875 21 896.

രാജേഷ് കാരാപ്പള്ളിൽ