സ്വർണവർണം ചാലിച്ച് എഗ്ഫ്രൂട്ട്
സ്വർണവർണം ചാലിച്ച് എഗ്ഫ്രൂട്ട്
Wednesday, August 30, 2017 4:09 AM IST
മനോഹരമായ സ്വർണവർണമുള്ള പഴമാണ് കാനിസ്റ്റൽ അഥവാ എഗ്ഫ്രൂട്ട്. ഭംഗിയും ഗുണവും ഈ സ്വർണപ്പഴങ്ങൾക്കു വളരെ അധികമാണ്, പക്ഷേ എന്തുകൊണ്ടോ കേരളത്തിൽ അധികം പ്രചാരത്തിലില്ല. അപൂർവം വീടുകളിൽ മാത്രമേ നല്ല തണൽ ചാർത്തി നില്ക്കുന്ന ഇലച്ചാർത്തുള്ള മരവും അതിൽ സ്വർണവർഷം പോലെ തിളങ്ങുന്ന കായ്കളും കാണപ്പെടുന്നുള്ളൂ. കേരളത്തിലെന്നല്ല ഇന്ത്യയിലും അധികം കൃഷി ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത.

വളരെയേറെ ഗുണസന്പന്നമായ ഈ ഫലവൃക്ഷത്തിന്‍റെ ഒൗഷധഗുണമോ, വിപണനസാധ്യതയോ നമ്മുടെ നാട്ടുകാർ ഉപയോഗപ്പെടുത്തിയിട്ടില്ല. മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിൽ വളരെയേറെ വിലപിടിപ്പുള്ള ഫലമാണിത്. പുഴുങ്ങിയമുട്ടയുടെ മഞ്ഞക്കരുവിന്‍റെ നിറവും പ്രകൃതിയും ഉള്ളതിനാലാണ് ഈ ഫലം എഗ് ഫ്രൂട്ട് എന്നറിയപ്പെടുന്നത്. പുഴുങ്ങിയ മത്തങ്ങയുടെയോ മധുരക്കിഴങ്ങിന്‍റെയോ ഗന്ധമുള്ള എഗ്ഫ്രൂട്ടിന് ഒരു പ്രത്യേകതരം രുചിയാണ്. എല്ലാവർക്കും ഈ രുചി അത്ര പഥ്യമല്ലെങ്കിലും ഈ സ്വർണപ്പഴത്തിന്‍റെ രുചി ഏറെ ഇഷ്ടപ്പെടുന്നവരുമുണ്ട്. നല്ലപോലെ പഴുത്താൽ മാത്രമേ കഴിക്കാൻ പാകമാകൂ. എന്നാൽ അധികമായി പഴുത്തുപോയാൽ പഴം പൊട്ടി, തൊലി അടരുന്ന അവസ്ഥ ഉണ്ടാകുന്നു. പഴുത്തഫലം പുറത്ത് അധികനാൾ സൂക്ഷിക്കാൻ കഴിയില്ല. സപ്പോട്ടയുടെ കുടുംബത്തിൽപ്പെടുന്ന ഫലത്തിനു സപ്പോട്ടയുമായുള്ള സാദൃശ്യം കൊണ്ടുതന്നെ മഞ്ഞസപ്പോട്ട എന്നും അറിയപ്പെടുന്നു.

ചില ഇടങ്ങളിൽ ഗോൾഡൻ ഫ്രൂട്ട് എന്നും പറയുന്നു. കടുംബ്രൗണ്‍ വിത്താണ് പൊതുവേയുള്ളത്. സ്വാദ് അത്രയ്ക്കങ്ങ് പ്രിയമല്ലെങ്കിലും ഇതിന്‍റെ ഗുണം കേട്ടാൽ എല്ലാവർക്കും ഇതിനോട് പ്രിയം തോന്നും. ഇരുന്പ്, കാൽസ്യം, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവ വളരെ കൂടുതലുണ്ട്.

ജീവകം എ യുടെ വലിയ സ്രോതസുമാണ്. മനുഷ്യ ശരീരത്തിലെ രക്തവർധനയ്ക്കും രക്ത ചംക്രമണത്തിനും സഹായിക്കുന്ന എഗ്ഫ്രൂട്ട് നല്ല ഓർമയ്ക്കും സഹായകമാണ്. ജൂണ്‍-ജൂലൈ മാസമാണ് വിളവെടുപ്പുകാലം. കീടശല്യമോ, മറ്റു രോഗങ്ങളോ അധികം ബാധിക്കാത്ത ഒരു ഫലവൃക്ഷം കൂടിയായ എഗ് ഫ്രൂട്ടിന്‍റെ കൃഷിയും എളുപ്പമാണ.് വലിയ ഫലസന്പുഷ്ടമല്ലാത്ത മണ്ണിൽ പോലും വളരുന്ന മരമാണ്. മറ്റു പല ഫലവൃക്ഷങ്ങളെയും പോലുള്ള വളമിടലോ, പരിചരണമോ പോലും പലപ്പോഴും വേണ്ടിവരുന്നില്ല. എന്നാൽ നന്നായി പരിപാലിച്ചാൽ നല്ല വിളവു ലഭിക്കും.


സാധാരണയായി വിത്ത് കിളിർപ്പിച്ചാണ് പുതിയ തൈ ഉണ്ടാക്കുന്നത്. വിത്തുതനിയെ വീണ് പുതിയ തൈകൾ ഉണ്ടാകുന്നുണ്ട്. ചെടികൾ മൂന്നു നാല് വർഷം കൊണ്ട് മരമായി മാറുകയും കായ്ച്ചു തുടങ്ങുകയും ചെയ്യും. തൊലി കളഞ്ഞ പഴം, പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ച് രുചിയും ഗുണവും ഭംഗിയും നിറഞ്ഞ മിൽക്ക് ഷേക്ക് ഉണ്ടാക്കാം. ഐസ്ക്രീമിലും കസ്റ്റാഡിലും ബ്രഡിലും ചേർക്കുന്നുണ്ട്. ജാമും ഇവയിൽ നിന്ന് ഉണ്ടാക്കുന്നു. ചില സ്ഥലങ്ങളിൽ സലാഡുകളിലും ഇവ ചേർത്തുവരുന്നു. മുഖകാന്തി വർധിപ്പിക്കുന്ന പഴത്തെ പ്രകൃതിദത്തമായ ഫേഷ്യൽ ക്രീമായും ചിലർ ഉപയോഗിക്കുന്നു. ആരോഗ്യത്തിനും ശരീരസൗന്ദര്യത്തിനും ഉത്തമമാണ്.

വിരുന്നുവന്നു; വീട്ടുകാരനായി

തിരുവനന്തപുരത്തെ ജവഹർനഗറിൽ താമസിക്കുന്ന ഡോ. ബി. സി. ബാലകൃഷ്ണന്‍റെ വീടിനു മുന്നിൽ എഗ് ഫ്രൂട്ട് മരമുണ്ട്. മുറ്റത്ത് തണൽ വീശി നില്ക്കുന്ന ഈ മരം നട്ടുപിടിപ്പിച്ചതല്ലെന്നതാണ് ഏറ്റവും കൗതുകകരം. ഡോ. ബാലകൃഷ്ണന്‍റെ അയൽവാസി, മലേഷ്യൻ യൂണിവേഴ്സിറ്റിയിൽ വൈസ്ചാൻസലറായിരുന്ന സാമുവൽ, അദ്ദേഹത്തിന്‍റെ വീട്ടിൽ നട്ടിരുന്ന സ്വർണപ്പഴമരത്തിൽ നിന്നും വീണ വിത്ത് മുളച്ചതാണ്. അപൂർവമായ ഈ പഴം ആവശ്യപ്പെട്ട് പലരും ഇപ്പോൾ വീട്ടിൽ എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.

എസ്. മഞ്ജുളാദേവി