എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ടിന്‍റെ കരുത്ത്
എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ടിന്‍റെ കരുത്ത്
Monday, August 28, 2017 2:37 AM IST
മുഖ്യമായും സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപം നടത്തി ദീർഘകാലത്തിൽ മൂലധന വളർച്ച ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പദ്ധതിയാണ് എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്. തുടക്കത്തിൽ മോർഗൻ സ്റ്റാൻലി ഏസ് ഫണ്ടെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നു. 2014-ൽ മോർഗൻ സ്റ്റാൻലിയുടെ പദ്ധതികൾ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് വാങ്ങുകയും ഈ പദ്ധതിയുടെ പേര് എച്ച്ഡിഎഫ്സി സ്മോൾ കാപ് എന്നു പേരു മാറ്റുകയുമാ യിരുന്നു.

ഫണ്ടിന്‍റെ പ്രകടനം

ഫണ്ട് പ്രവർത്തനം തുടങ്ങിയതു മുതൽ ഇതുവരെ നൽകിയിട്ടുള്ള റിട്ടേണ്‍ 15.45 ശതമാനമാണ്. ബഞ്ച്മാർക്കായ എൻഎസ്ഇ സ്മോൾ കാപ് 100 നൽകിയ റിട്ടേണ്‍ ഈ കാലയളവിൽ 10.9 ശതമാനത്തോളമാണ്. പ്രവർത്തനം തുടങ്ങിയ 2008 ഏപ്രിലിൽ ഈ ഫണ്ടിൽ നിക്ഷേപിച്ച 10,000 രൂപ ഇപ്പോൾ 36,428 രൂപയായി വർധിച്ചിട്ടുണ്ട്.
മൂന്നുവർഷക്കാലത്ത് ഫണ്ട് നൽകിയ വാർഷിക റിട്ടേണ്‍ 21.45 ശതമാനവും അഞ്ചുവർഷക്കാലത്ത് 22.92 ശതമാനവുമാണ്. ഏഴുവർഷക്കാലത്തെ റിട്ടേണ്‍ 14.64 ശതമാനമാണ്. ആഗോള ഓഹരി വിപണി കുത്തനെ ഇടിയുകയും സാന്പത്തിക മാന്ദ്യം കൊടുന്പിരികൊണ്ടിരക്കുകയും ചെയ്ത സമയത്തായിരുന്നു ഫണ്ടിന്‍റെ ആരംഭം. അതിനാൽ തന്നെ തുടക്കസമയത്തെ പ്രകടനം അത്ര മെച്ചമായിരുന്നില്ല.

നിക്ഷേപ സ്ട്രാറ്റജി

സ്മോൾ കാപ് ലേബലാണ് ഫണ്ടിനെങ്കിലും ഇപ്പോൾ ഓഹരി നിക്ഷേപത്തിന്‍റെ 56 ശതമാനത്തോളം മിഡ് കാപ് ഓഹരികളിലാണ്. സ്മോൾ കാപ്പിലെ നിക്ഷേപം 42.61 ശതമാനമാണ്. ആസ്തിയുടെ 91 ശതമാനവും ഓഹരിയിൽ നിക്ഷേപിക്കുന്ന ശീലമാണ് ഫണ്ടിനുള്ളത്.

മികച്ച ബിസനസിൽ ദീർഘകാലത്തിൽ നിക്ഷേപം നടത്തുകയെന്നതാണ് ഫണ്ടിന്‍റെ നിക്ഷേപതന്ത്രം. മോർഗൻ സ്റ്റാൻലി ഏസ് ആയിരുന്ന സമയത്ത് എല്ലാ വിപണി മൂല്യങ്ങളിലുമുള്ള ഓഹരികൾ നിക്ഷേപശേഖരത്തിലുണ്ടായിരുന്നു. 2014-ലാണ് സ്മോൾ കാപ് ഓഹരികൾക്ക് ഉൗന്നൽ നൽകിക്കൊണ്ടുള്ള നിക്ഷേപ തന്ത്രം രൂപീകരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റോക് പിക്കേഴ്സിലൊരാളാണ് ഫണ്ടു മാനേജരായ സെതൽവാദ്. 2007 മുതൽ എച്ച്ഡിഎഫ്സിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സെതൽവാദ് 2004-ലാണ് ഇതിന്‍റെ ഫണ്ടു മാനേജരായത്.


ഗവേഷണമാണ് ഈ ഫണ്ടിന്‍റെ നിക്ഷേപ തന്ത്രത്തിന്‍റെ കാതൽ. നിക്ഷേപത്തിനു മുന്പ് ബിസിനസിന്‍റെ ദീർഘകാല സാധ്യത സംബന്ധിച്ച് ആഴത്തിലുള്ള അറിവു നേടുന്നു. തെളിയക്കപ്പെട്ട ട്രാക്ക് റിക്കാർഡുള്ള കന്പനികൾ കണ്ടെത്തുന്നു. നിർണായക സമയങ്ങളിൽ ഈ കന്പനി എങ്ങനെ പ്രവർത്തിക്കുന്നുവെന്നു വിലയിരുത്തുന്നു. ഇത്തരത്തിൽ സന്പൂർണ ഗവേഷണത്തിലൂടെയാണ് നിക്ഷേപത്തിനുള്ള കന്പനികളെ തെരഞ്ഞെടുക്കുന്നത്. ഗുണമേന്മയുള്ള കന്പനികളെയേ തെരഞ്ഞെടുക്കുകയുള്ളു. മികച്ചതും ശക്തവുമായ മാനേജ്മെന്‍റ്, മികച്ച ബിസിനസ മാതൃക തുടങ്ങിയവും ഫണ്ട് മാനേജർ കണക്കിലെടുക്കുന്നു. കന്പനിയുടെ വളർച്ചാസാധ്യതയുമായി താരതമ്യപ്പെടുത്തുന്പോൾ അത്ര ചെലവേറിയതല്ലാത്ത ഓഹരികളാണ് തെരഞ്ഞെടുക്കുക.

ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയിട്ടുള്ളത് എൻജിനീയറിംഗ് മേഖലയിലാണ്. ഏതാണ്ട് 16 ശതമാനം. എല്ലാ ഫണ്ടുകളുടേയുംതന്നെ പ്രിയപ്പട്ട മേഖലയായ ധനകാര്യ സേവനത്തിലെ നിക്ഷേപം 9.68 ശതമാനമാണ്. നിക്ഷേപത്തിന്‍റെ പകുതിയോളം 2014-ൽ നടത്തിയവയാണ്. ഫെഡറൽ ബാങ്ക്, ഐഎഫ്ബി ഇൻഡസ്ട്രീസ്, ഗാർവേർ വാൾ റോപ്, നിലക്കമൽ എന്നീ കന്പനികളാണ് 2017-ൽ കൂട്ടിച്ചേർത്തിട്ടുള്ളത്.

നഷ്ട സാധ്യത

ലാർജ് കാപ് ഓഹരികളെ അപേക്ഷിച്ച് കൂടുതൽ വന്യമായ വ്യതിയാനങ്ങൾക്കു വിധേയമാകുന്നതാണ് സ്മോൾ കാപ്, മിഡ് കാപ് ഓഹരികൾ. പല മേഖലകളും സൈക്കിളിക്കലാണ്. പ്രത്യേകിച്ചും കണ്‍സ്ട്രക്ഷൻ, എൻജിനീയറിംഗ് തുടങ്ങിയ മേഖലകൾ. കൂടാതെ 2014-ൽ പുതിയ ഫണ്ടു മാനേജർമാർ എത്തിയതോടെ നിക്ഷേ സ്ട്രാറ്റജി മാറ്റിയിട്ടുണ്ട്. അത് വിലയിരുത്തുവാനുള്ള സമയം ആകുന്നതേയുള്ളു.

എന്തുകൊണ്ടു നിക്ഷേപം

ഫണ്ടു മാനേജരുടെ പരിചയവും കഴിവുംതന്നെയാണ് ഈ ഫണ്ടിനെ ആകർഷകമാക്കുന്നത്. ദീർഘകാല നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുന്ന ഒരു നിക്ഷേപകനാണ് ഫണ്ട് മാനേജർ. ഉയർന്ന ഗുണമേന്മയ്ക്കു ഉൗന്നൽ നൽകുകയും ചെയ്യുന്നു. ഫണ്ടു മാനേരെപ്പോലെതന്നെ ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് മെച്ചപ്പെട്ട റിട്ടേണ്‍ പ്രതീക്ഷിക്കാം.