സ്ത്രീ സംരംഭകർക്ക് സഹായമായി ഇവർ
സ്ത്രീ സംരംഭകർക്ക് സഹായമായി ഇവർ
Wednesday, July 12, 2017 3:14 AM IST
ഏതു മേഖലയെടുത്താലും പുരുഷൻമാരേക്കാൾ ഒട്ടും പിന്നലല്ല സ്ത്രീകൾ. പുതിയ സംരഭങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുൻതലമുറയെ അപേക്ഷിച്ച് സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന, സ്വതന്ത്രമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന സാന്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരികയാണ്.
അതുകൊണ്ടുതന്നെ ഏതു സംരംഭക മേഖലയെടുത്താലും വിജയം നേടിയ ഒരു സ്ത്രീയെയെങ്കിലും കണ്ടെത്താനാകും. സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലും പുതമയും വ്യത്യസ്തതയും നിറഞ്ഞ നിരവധി സംരംഭങ്ങൾ ആരംഭിച്ച് വിജയം നേടുന്ന പല സ്ത്രീകളേയും കാണാം.

ഇതേപോലെ വിജയം നേടാൻ ഒട്ടേറെ സ്ത്രീകൾ ആഗ്രഹിക്കുന്നുവെന്നു മാത്രമല്ല, അതിനായി കഠിനമായി യത്നിക്കാനും അവർ തയാറാണ്.

എന്നാൽ പലപ്പോഴും അവരെ പിന്നോട്ടു വലിക്കുന്നത് വിവര ലഭ്യതയുടെ കുറവാണ്. എവിടെ നിന്ന് തങ്ങൾക്കാവശ്യമായ പിന്തുണ ലഭിക്കും, സാന്പത്തിക സഹായം ലഭിക്കും എന്ന് അറിയാതെ വിഷമിക്കുന്ന പലരുമുണ്ട്.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും അതോടൊപ്പം വ്യാവസായിക ധനകാര്യ സ്ഥാപനങ്ങളുമെല്ലാം പലതരം പദ്ധതികൾ സ്ത്രീകൾക്കായി മാത്രം ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. കെഎസ്ഐഡിസി, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, പിന്നോക്ക വിഭാഗ വികസന കോർപറേഷൻ, ബാങ്കുകൾ തുടങ്ങി നിരവധി ഏജൻസികൾ വായ്പകളും സബ്സിഡികളും മറ്റു സഹായങ്ങളും നൽകി വരുന്നുണ്ട്.

പിന്നോക്ക വിഭാഗ വികസന കോർപറേഷൻ പിന്നോക്ക വിഭാഗക്കാർക്കും മതന്യൂന പക്ഷങ്ങൾക്കും അതോടൊപ്പം സ്ത്രീകൾക്കുമായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനമാണ്. കുറഞ്ഞ പിലശ നിരക്കിലാണ് ഈ സ്ഥാപനം വായ്പകൾ ലഭ്യമാക്കുന്നത്.
സർക്കാർ വായ്പ പദ്ധതികൾക്കു പുറമേ വിവിധ ബാങ്കുകളും പ്രത്യേകം വായ്പ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രോസസിംഗ് ഫീസ് ഈടാക്കാതെ പലിശ നിരക്കിൽ ഇളവുകൾ നൽകിയാണ് ബാങ്കുകളുടെ വായ്പ പദ്ധതികൾ. തിരിച്ചടവിന് മോറട്ടോറിയവും മിക്ക ബാങ്കുകളും നൽകുന്നുണ്ട്. വനിത സംരംഭകർക്ക് സാന്പത്തികവും അതോടൊപ്പം പ്രായോഗികപരവുമായ സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ അവരുടെ പദ്ധതികൾ എന്നിവയെക്കുറിച്ച് അറിയാം.

ജില്ലാ വ്യവസായ കേന്ദ്രം

സംരംഭകർക്കു വായ്പ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ഈ കേന്ദ്രങ്ങൾ നല്കി വരുന്നു. സംരംഭകർക്കായി പരിശീലന പരിപാടികൾ് ഇതിൽ മുഖ്യമാണ്. സംരംഭകരുടെ ആവശ്യപ്രകാരം സംരംഭകത്വ പരിശീലന പരിപാടികൾ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിക്കാറുണ്ട്. ഏതെങ്കിലും മേഖലയിൽ ആവശ്യമെന്നു തോന്നിയാൽ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ സ്വയമേ സംരംഭകത്വ പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഫാഷൻ ടെക്നോളജി, ഭക്ഷ്യസംസ്കരണം തുടങ്ങിയവയൊക്കെ മുൻഗണന നല്കി പരിശീലനം നല്കുന്ന മേഖലകളാണ്.

വനിത സംരംഭകർക്ക് സാധാരണ സംരംഭകർക്കു ലഭിക്കുന്നതിനേക്കാൾ അഞ്ചു ശതമാനം സബ്സിഡി കൂടുതൽ ലഭ്യമാക്കുന്നു. ആവശ്യക്കാർക്ക് അനുസരിച്ച് സംരംഭകത്വ പരിശീലന പരിപാടികളും ജില്ല വ്യവസായിക കേന്ദ്രങ്ങൾ സംഘടിപ്പിക്കാറുണ്ട്.

പരമാവധി 30 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. വ്യവസായ വകുപ്പിന്‍റെ സംരംഭക സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ ലഭ്യമാക്കി ആരംഭിക്കുന്ന വ്യവസായ യൂണിറ്റുകൾക്ക് നിക്ഷേപ സഹായമായി ലഭിക്കാവുന്ന സാന്പത്തിക ആനുകൂല്യത്തിന്‍റെ 50 ശതമാനം(പരമാവധി മൂന്നു ലക്ഷം രൂപ) മൂൻകൂറായി ലഭിക്കും.

വ്യാവസായിക ഉത്പാദനം ആരംഭിച്ച യൂണിറ്റുകളുടെ സ്ഥിരാസ്തികൾക്കു നിശ്ചിത നിരക്കു പ്രകാരം പരമാവധി 30 ലക്ഷം രൂപവരെ ധനസഹായം ലഭ്യമാണ്.

സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നവീന സാങ്കേതിക വിദ്യ ലഭ്യമാക്കി പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കു സ്ഥിരാസ്തികളിലെ നിക്ഷേപത്തിന്‍റെ 10 ശതമാനം അധികസഹായമായി (പരമാവധി 10 ലക്ഷം രൂപ) നൽകുന്നു.

ഖാദി ബോർഡ്

നൂൽ നൂൽപ്പ്, നെയ്ത്ത് തുടങ്ങി ഖാദി ബോർഡിന്‍റെ പ്രവർത്തനങ്ങളിലെല്ലാം സ്ത്രീ പങ്കാളിത്തം വളരെ കൂടുതലാണ്. ഖാദി ബോർഡിന് നേട്ടവും അതുതന്നെ. കൂടുതൽ സ്ത്രീകൾക്കു ജീവിതോപാധി കണ്ടെത്താൻ സഹായിക്കുന്നു. എല്ലാ സംരംഭകർക്കും ഖാദി ബോർഡ് വായ്പയും സബ്സിഡിയുമൊക്കെ നല്കുന്നുണ്ട്. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ കൂടുതൽ അനുഭാവ പൂർണമാകുന്നു ബോർഡ്. സാധാരണക്കാർക്കുള്ള വായ്പ സബ്സിഡിയേക്കാൾ അഞ്ചു ശതമാനം കൂടുതലാണ് വനിതകൾക്ക് നൽകുന്നത്. സാധരണക്കാർക്ക് 20 ശതമാനം സബ്സിഡി നൽകുന്പോൾ സ്ത്രീ സംരംഭകർക്ക് അത് 25 ശതമാനമാണ്.

പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി

പുതിയ തൊഴിൽ പദ്ധതികൾ, സ്വയം തൊഴിൽ, ചെറുകിട സംരംഭങ്ങൾ എന്നിവക്ക് സബ്സിഡിയോടുകൂടിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്.

അപേക്ഷ ഓണ്‍ലൈനിൽ

ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള ടാസ്ക് ഫോഴ്സ് കമ്മിറ്റി അപേക്ഷകരുമായി നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. പദ്ധതിയെക്കുറിച്ച് പത്രങ്ങൾ, റേഡിയോ, ടി.വി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകിയാണ് ഉപഭോക്താക്കളെ അറിയിക്കുന്നത്.

ഇത്രയും നാൾ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, ജില്ല വ്യവസായ കേന്ദ്രങ്ങൾ (ഡിഐസി), അംഗീകൃത ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് അപേക്ഷ ഫോം വാങ്ങിച്ച് പൂരിപ്പിച്ച് പദ്ധതി രൂപ രേഖയുമായി നൽകിയാൽ മതിയായിരുന്നു.

എന്നാൽ ഇനി മുതൽ ഓണ്‍ ലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പിഎംഇജിപിയുടെ ഓൺലൈൻ സൈറ്റുവഴി നൽകാം

പദ്ധതികൾ ഏതൊക്കെ

ഉത്പാദന മേഖല, സേവന മേഖല എന്നിങ്ങനെ തിരിച്ചാണ് വായ്പയും സഹായങ്ങളും നൽകുന്നത്. ഉത്പാദന മേഖലക്ക് 25 ലക്ഷം രൂപയും സേവന മേഖലക്ക് 10 ലക്ഷം രൂപയും വരെയാണു വായ്പ. ഖാദി ബോർഡ് അംഗീകരിച്ചതും മറ്റ് സർക്കാർ ബോർഡുകളുടെ കീഴിൽ വരാത്തതുമായ പദ്ധതികൾക്കാണ് ഉത്പാദന മേഖലയിൽ സഹായങ്ങൾ ലഭിക്കുക. കാർഷിക ഉത്പന്നങ്ങളിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ, പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഉത്പന്നങ്ങൾ എന്നിവയുടെ യുണിറ്റുകളാണ് ഇതിൽ വരുന്നത്.
പദ്ധതികൾ ആരംഭിക്കുന്നവർ ചെലവിന്‍റെ പത്തു ശതമാനം സ്വന്തം മുതൽമുടക്കായി നൽകണം. ബാക്കി വരുന്ന 90 ശതമാനമാണ് ബാങ്ക് വായ്പയായി ലഭിക്കുക. പട്ടിക ജാതി, പട്ടിക വർഗ, വികലാംഗർ തുടങ്ങിയ ദുർബല വിഭാഗക്കാർ അഞ്ചു ശതമാനം മാത്രം സ്വന്തം മുതൽ മുടക്കായി നൽകിയാൽ മതി.

മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്‍റ് ആൻഡ് റീഫിനാൻസ് ഏജൻസി ലിമിറ്റഡ് (മുദ്ര)

ചെറുകിട സംരംഭകർക്ക് സംരംഭം തുടങ്ങുന്നതിനും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനും പ്രധാനമന്ത്രിയുടെ മുദ്ര യോജന പദ്ധതിയുടെ ഭാഗമായി വായ്പകൾ ലഭ്യമാക്കുന്നുണ്ട്.

ബാങ്കുവഴിയാണ് വായ്പകൾ ലഭ്യമാക്കുന്നത്. പൊതുമേഖലയിൽ 27 ബാങ്കുകൾ വഴിയും സ്വകാര്യ മേഖലയിൽ 17 ബാങ്കുകളിലൂടെയും ഈ സേവനം ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ഇതു കൂടാതെ 25 ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ വഴിയും മുദ്ര വായ്പ ലഭിക്കും. മൂന്ന് ആഴ്ചക്കുള്ളിൽ വായ്പ ലഭ്യമാകും.

ചെറുകിട സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ലിംഗ, പ്രായ വ്യത്യാസമില്ലാതെ ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. പ്രവർത്തന മൂലധനത്തിനു പ്രത്യേകം വായ്പയുണ്ട്.
നേരിട്ടുള്ള കാർഷിക പ്രവർത്തനങ്ങൾക്ക് മുദ്ര പദ്ധതി പ്രകാരം വായ്പ ലഭിക്കില്ല. പത്തു ലക്ഷം രൂപവരെ ചെറുകിട സംരംഭകർക്ക് ധന സഹായം നൽകുന്ന പദ്ധതിയാണ് മുദ്ര ലോണുകൾ. ഇതിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. മുദ്ര വായ്പകൾക്കും ഈട് ആവശ്യമില്ല.

പിന്നോക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും സാന്പത്തിക ശാക്തീകരണം നൽകാൻ കെഎസ്ബിസിഡിസി

പിന്നോക്ക വിഭാഗക്കാർ, മത ന്യൂനപക്ഷവിഭാഗങ്ങൾ എന്നിവർക്കായി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നടപ്പിലാക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളിലെ വനിതകൾ എന്നിവർക്ക് സാന്പത്തികമായി പിന്തുണ നൽകുന്ന കേരളത്തിലെ സ്ഥാപനമാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ. നാഷണൽ ബാക്കവാർഡ് ക്ലാസസ് ഫിനാൻഷ്യൽ ആൻഡ് ഡെവലപ്മെന്‍റ് കോർപറേഷനു (എൻബിസിഎഫ്ഡിസി) മായി ചേർന്നാണ് കേരള സ്റ്റേറ്റ് ബാക്കവാർഡ് ക്ലാസ്സ് വികസന കോർപറേഷൻ(കഐസ്ബിസിഡിസി) പദ്ധതികൾ നടപ്പിൽ വരുത്തുന്നത്.
സ്വയം തൊഴിൽ പദ്ധതികൾ, ലഘുവായ്പ പദ്ധതികൾ, സ്ത്രീകൾക്കായുള്ള മഹിള സമൃദ്ധി യോജന തുടങ്ങിയ വായ്പ പദ്ധതികൾ, വിവാഹ വായ്പ,വിദ്യാഭ്യാസ വായ്പ എന്നിങ്ങനെ നിരവധി വായ്പകൾ കോർപറേഷൻ ലഭ്യമാക്കുന്നുണ്ടെന്ന് കെഎസ്ബിസിഡിസി എറണാകുളം ജില്ല മാനേജർ ബിന്ദു സി.ആർ പറഞ്ഞു.

കുടുംബശ്രീയിലൂടെ

സ്ത്രീ സംരംഭകരെ ശാക്തീകരിക്കാൻ കുടുംബശ്രീ മുഖേനെയാണ് വായപകൾ ലഭ്യമക്കുന്നത്. എൻജിഒകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവ വഴിയും വായ്പകൾ ലഭ്യാമാക്കാറുണ്ട്. സിഡിഎസ് വഴി ഒരു കോടിരൂപയോളം വരെ വായ്പയായി ലഭ്യമാക്കാറുണ്ട്. നിരവധി സ്ത്രീകൾ ഇത്തരത്തിൽ വായ്പകളെടുത്ത് വിജയകരമായി മുന്നോട്ടു പോകുന്നുണ്ടെന്നും ബിന്ദു പറയുന്നു.

വായ്പകൾ ലഭ്യമാക്കുന്നതോടൊപ്പം ദിശ’ എന്ന പേരിൽ സംരംഭകത്വ പരിശീലന പരിപാടികളും ഇവർ സംഘടിപ്പിക്കാറുണ്ട്. കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ഫണ്ടുകൾ ലഭിക്കുന്നതിനനുസരിച്ചാണ് ഇവ സംഘടിപ്പിക്കുന്നത്. കൂടാതെ ചില സമയങ്ങളിൽ ഓണ്‍ലൈൻ വഴിയായി അപേക്ഷ ക്ഷണിക്കാറുണ്ട് അവർക്കായും സംരംഭകത്വ പരിശീലനങ്ങൾ സംഘടിപ്പിക്കാറുണ്ട്.

ഏതെങ്കിലും സംഘടനകളോ, പഞ്ചായത്തുകളോ അവബോധ പരിപാടികൾ സംഘടിപ്പിക്കണമെന്ന് പറഞ്ഞാലും അതും ഇവർ ചെയ്തു നൽകാറുണ്ട്. 1995 ലാണ് കേരള പിന്നോക്ക വികസന കോർപറേഷൻ നിലവിൽ വരുന്നത്. എറണാകുളത്ത് 1997 ലാണ് ആരംഭിച്ചത്. എറണാകുളത്ത് 16000 ത്തോളം പേർക്് ഇതുവരെ വായ്പ ലഭ്യമാക്കിയിട്ടുണ്ട്. 2016-17 വർഷത്തിൽ 21 കോടി രൂപയോളം വായ്പ നൽകിയിട്ടുണ്ടെന്നും അവർ പറയുന്നു.


സ്ത്രീ ശാക്തീകരണം

സ്ത്രീശാക്തികരണത്തിന് മുൻതൂക്കം നൽകിയാണ് കോർപറേഷന്‍റെ പ്രവർത്തനം. ഈ സാന്പത്തിക വർഷം അതിന് കൂടുതൽ ഉൗർജം പകരാൻ നൂറു സിഡിഎസുകൾക്ക് ഒരുകോടി രൂപ വീതം നൂറുകോടി രൂപയുടെ വായ്പയാണ് കോർപറേഷൻ ലഭ്യമാക്കുന്നത്. വിവധ സിഡിഎസുകളിലെ വ്യക്തിഗത,ഗ്രൂപ്പ് സംരംഭങ്ങൾക്കാണ് സിഡിഎസുകൾ വഴി വായ്പ ലഭ്യമാക്കുന്നത്.

ഈ മൈക്രോക്രെഡിറ്റ് വായ്പക്ക് 2.5 ശതമാനം മുതൽ 3.5 ശതമാനം വരെ മാത്രമാണ് പലിശ നിരക്ക്. തിരിച്ചടവ് കാലാവധി 36 മാസമാണ്. വായ്പ എടുക്കുന്ന അയൽക്കൂട്ടങ്ങളിലെ 75 ശതമാനം പേരെങ്കിലും ഒബിസി അല്ലെങ്കിൽ മതന്യൂനപക്ഷ (ക്രിസ്ത്യൻ, പാഴ്സി, ബുദ്ധ,ജാന മതവിഭാഗങ്ങൾക്ക്) വിഭാഗത്തിൽപെട്ടവരായിരിക്കണം. ഈ മാസം ജൂണിനകം അപേക്ഷകൾ സമർപ്പിക്കണം. അപേകഷ ഫോമിന്‍റെ മാതൃകയും വിശദാംശങ്ങളും www.ksbcdc.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കെഎസ്ഐഡിസി

ഏതു തരം സംരംഭകർക്കും സഹായം നൽകുന്ന സ്ഥാപനമാണ് കെസ്ഐഡിസി. ഡോ. എം ബീന എന്ന വനിത തന്നെ സാരഥ്യം വഹിക്കുന്ന കെഎസ്ഐഡിസി വനിത സംരംഭകർക്കും കൃത്യമായ മാർഗനിർദേശങ്ങളും സാന്പത്തിക സഹായവുമെല്ലാം ചെയത് നൽകുന്നുണ്ട്. കെഎസ്ഐഡിസി ലഭ്യമാക്കുന്ന സഹായങ്ങളെ പരിശോധിക്കാം.

മെന്‍ററെ കണ്ടെത്തുക

കെഎസ്ഐഡിസി സംരംഭകരെ കണ്ടെത്തി ആവശ്യമായവർക്ക് മെന്‍ററിംഗ് സപ്പോർട്ടു നല്കി വരുന്നുണ്ട്. അതോടൊപ്പം മാനേജ്മെന്‍റ് സ്ഥാപനങ്ങളുമായി ചേർന്ന് എല്ലാ ജില്ലകളിലും മാനേജ്മെന്‍റ് ട്രെയിനിംഗ് പരിപാടികൾ വനിത സംരംഭകർക്കായി സംഘടിപ്പിക്കാറുണ്ട്.

കുടുംബശ്രീയുടെ ജില്ല കോഓർഡിനേറ്റർമാർ, പാർട്ണർ സ്ഥാപനങ്ങൾ, ജില്ല വ്യവസായിക കേന്ദ്രങ്ങൾ എന്നിവരെയെല്ലാം എംഡിപി പരിപാടികളിൽ പങ്കെടുപ്പിക്കാറുണ്ട്
.
അടിസ്ഥാന സൗകര്യങ്ങൾ

തുടക്കകാരായ വനിത സംരംഭകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇൻകുബേഷൻ സൗകര്യങ്ങളും ഓരോരുത്തരുടെയും സംരംഭത്തിനനുസരിച്ചു കെഎസ്ഐഡിസി ലഭ്യമാക്കാറുണ്ട്.

മാർക്കറ്റ് സപ്പോർട്ട്

ദേശീയ, അന്തർദേശീയ മേളകളിലും മറ്റും പങ്കെടുക്കാനുള്ള അവസരം വനിത സംരംഭകർക്ക് നൽകുന്നതു വഴി അവർക്ക് പുതിയ പുതിയ വ്യാവസായിക ബന്ധങ്ങൾ സ്ഥാപിക്കാനും തങ്ങളുടെ സംരംഭകത്വ മേഖല കൂടുതൽ വിപുലപ്പെടുത്താനുമുള്ള അവസരമാണ് ലഭിക്കുന്നത്. കൂടാതെ നെറ്റ് വർക്ക് കൂടുതൽ വിപുലപ്പെടുത്തുന്നതിനായി സൗജന്യമായി വെബ്സൈറ്റുകൾ സംരംഭകർക്കു കെഎസ്ഐഡിസി തയ്യാറാക്കി നൽകാറുണ്ട്. സംരംഭകരുടെ ഉത്പന്നങ്ങളെ ബ്രാൻഡ് ചെയ്യിപ്പിക്കുന്നതിനായി ബ്രാൻഡിംഗ് കന്പനികളുമായി കെഎസ്്ഐഡിസി ടൈഅപ് ഉണ്ടാക്കിയിട്ടുണ്ട്.

പങ്കാളിത്ത സ്ഥാപനങ്ങൾ

വനിത സംരംഭകരുടെ സുസ്ഥിരവും സുദീർഘവുമായ വളർച്ചക്ക് കെഎസ്ഐഡിസി ഓരോ ജില്ലയിലെയും ഓരോ മാനേജ്മെന്‍റ് വിദ്യാഭ്യാസ സ്ഥാപനവുമായി ചേർന്ന് വുമണ്‍ എന്‍റർപ്രണേഴ്സ് - കൊളാബ്രേറ്റിംഗ് ആൻഡ് നെറ്റ് വർക്കിംഗ് (വി-കാൻ) എന്നപേരിൽ വേദി ഒരുക്കിയട്ടുണ്ട്. പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി നൽകുക, ആവശ്യമായ രേഖകളെക്കുറിച്ചു സംരംഭകർക്കു മാർഗനിർദേശം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം മാനേജ്മെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് ചെയ്തു നൽകുന്നത്.

സംരംഭ സന്ദർശനം

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വനിത സംരംഭകരുടെ സംരംഭങ്ങളെ കണ്ടറിയാനുള്ള അവസരം വനിത സംരംഭകർക്കായി കെഎസ്ഐഡിസി ഒരുക്കാറുണ്ട്.

സാന്പത്തിക സഹായം

വനിതകളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും വനിതകൾ നടത്തുന്നതുമായ സംരംഭങ്ങൾക്കാണ് കെഎസ്ഐഡിസി സാന്പത്തിക സഹായം നൽകുന്നത്. സംരംഭം നിർബന്ധമായും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ടിരിക്കണമെന്നതാണ് നിബന്ധന. ഇത്തരത്തിലുള്ള സംരംഭങ്ങൾക്കുവേണ്ട മുതൽ മുടക്കിന്‍റെ 80 ശതമാനം വരെ വായ്പയായി നല്കാറുണ്ട്. കെഎസ്ഐഡിസി കണ്ടെത്തുന്ന അർഹരായവർക്കു മാത്രമാണ് വായ്പ ലഭ്യമാക്കുന്നത്. സംരംഭം മൂന്നു വർഷമായി ലാഭത്തിലായിരിക്കണം എന്നും നിർബന്ധമുണ്ട്.

ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷൻ (എൻഎസ്ഐസി)
ഏകജാലക രജിസ്ട്രേഷൻ പദ്ധതി


എൻഎസ്ഐസിയുടെ ഏകജാലക രജിസ്ട്രേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന വനിത സംരംഭകർക്ക് സൗജന്യമായി ടെൻഡർ ഫോമുകൾ ലഭ്യമാക്കുന്നു.
ടെൻഡറിൽ പങ്കെടുക്കുന്നതിന് വനിത സംരംഭകർ നിരത ദ്രവ്യം കെട്ടിവെക്കേണ്ട ആവശ്യമില്ല. സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ട.

ബാങ്ക് വായ്പ സഹായം

തുടക്കകാരായ വനിത സംരംഭകർക്ക് സാന്പത്തിക സഹായം ആവശ്യമാണെങ്കിൽ ദേശസാത്കൃത ബാങ്കുകളിൽ നിന്നും സ്വകാര്യ ബാങ്കുകളിൽ നിന്നും വായ്പ എടുക്കാനുള്ള സഹായം എൻഎസ്ഐസി നൽകുന്നുണ്ട്.

അസംസ്കൃത വസ്തു ശേഖരണ സഹായ പദ്ധതി

ഒരു ലക്ഷം രൂപ മുതൽ അഞ്ചു കോടി രൂപ വരെയുള്ള അസംസ്കൃത വസ്തുക്കൾ വനിത സംരംഭകർക്ക് ബാങ്ക് ഗ്യാരണ്ടി ഉറപ്പിൻമേൽ വായ്പയായി എൻഎസ്ഐസി ലഭ്യമാക്കുന്നു.

വ്യാപാര മേളകൾ

എൻഎസ്ഐസി സംഘടിപ്പിക്കുന്നതും സപ്പോർട്ട് ചെയ്യുന്നതുമായ ദേശീയ വ്യാപാരമേളകളിൽ വനിത സംരംഭകർക്ക് പങ്കെടുക്കുന്നതിന് സബ്സിഡി നൽകാറുണ്ട്. സൂക്ഷ്മ സംരംഭകർക്ക് 95 ശതമാനവും ചെറുകിട സംരംഭകർക്ക് 85 ശതമാനവും ഇടത്തരം സംരംഭകർക്ക് 50 ശതമാനവും സബ്സിഡി നൽകാറുണ്ട്.

പരിശീലനവും ഇൻകുബേഷനും

എൻസ്ഐസി വനിത സംരംഭകർക്ക് പരിശീലനവും ഇൻകുബേഷനും നൽകാൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരിശീലനം നേടുന്ന സംരംഭകർക്ക് പരിശീലന കേന്ദ്രത്തിൽ തന്നെ കുറച്ചു നാൾ ജോലി ചെയ്യാനുള്ള സൗകര്യവും എൻഎസ്ഐസി നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
എൻഎസ്ഐസി,എസ്-67,
ജിസിഡിഎ കൊമേഴ്സ്യൽ
കോപ്ലംക്സ്, മറൈൻ ഡ്രൈവ്,
കൊച്ചി-682031.
ഫോണ്‍ നന്പർ- 0484- 2381850, 2368149

കേരള ഫിനാൻഷ്യൽ കോർപറേഷൻ

ചെറുകിട വ്യവസായ മേഖലയിലുള്ള സരംഭകർക്ക് അവരുടെ പ്രോജക്ടുകളെ അടിസ്ഥാനമാക്കി കെഎഫ്സി ലോണുകൾ നൽകുന്നുണ്ട്. ചെറുകിട വ്യവസായികൾക്കു വേണ്ടി ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട്, പട്ടികജാതി പട്ടിക വർഗക്കാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പ്രത്യേക സ്കീമുകൾ, കണ്‍സൾട്ടൻസി സർവീസുകൾ എന്നിവയും കെഎഫ്സിയിൽ നിന്നും ലഭ്യമാണ്.

പ്രവർത്തന മൂലധന വായ്പ
1. ടേം ലോണ്‍, അല്ലെങ്കിൽ റിവോൾവിംഗ് ഫണ്ടായാണ് ഇതു നൽകുക.
2. ഹോട്ടലുകൾക്ക് പദ്ധതി ചെലവിന്‍റെ 90 ശതമാനം വായ്പയായി നൽകും.
3. കോണ്‍ട്രാക്റ്റർമാർക്ക് 2 കോടി രൂപ വരെ വായ്പ
4. സിനിമ, സീരിയൽ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ വരെ വായ്പ.
5. അഞ്ചു വർഷമാണ് വായ്പയുടെ കാലാവധി.
6. പലിശ നിരക്ക് 12 ശതമാനമാണ്.
സ്ത്രീ, എസ് സി / എസ്ടി സംരംഭകർ
സ്ത്രീകൾക്കും എസ് സി, എസ്ടി വിഭാഗക്കാർക്കായും വായ്പയിൽ ഇളവുകളും മറ്റും കെഎഫ്സി അനുവദിക്കുന്നുണ്ട്.
* സ്ത്രീ സംരംഭകർക്ക് വായ്പകളിൽ 0.5 ശതമാനം പലിശയിളവ് ലഭിക്കുന്നു.
* എസ് സി, എസ്ടി സംരംഭകർക്കും ഇതേ അളവിൽ തന്നെയാണ് ഇളവ്.
* എനർജി സേവിംഗ് പദ്ധതികൾക്ക് 7.50 ശതമാനം റിബേറ്റ് അനുവദിക്കുന്നുണ്ട്.
* ഇന്നോവേറ്റീവ് ടെക്നോളജി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളുടെ ടെക്നോളജി പാർട്ടിന് പലിശയിൽ മൂന്നു ശതമാനം അഡീഷണൽ റിബേറ്റ് ലഭിക്കും.

സ്റ്റാൻഡപ് ഇന്ത്യ

സ്ത്രീകൾ എസ് സി, എസ്ടി വിഭാഗക്കാർ എന്നിവർക്കായി സംരംഭക സഹായം നൽകുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് സ്റ്റാൻഡ് അപ് ഇന്ത്യ.
രാജ്യത്ത് രണ്ടര ലക്ഷം പേർക്ക് നിർബന്ധമായും ഈ ലോണ്‍ നൽകണം എന്ന് നിഷ്കർഷിക്കുന്നു. അതായത് ഒരു ബാങ്ക് നിർബന്ധമായും ഒരു വനിതക്കും ഒരു എസ് സി, എസ് ടി സംരംഭകനുമെങ്കിലും ലോണ്‍ നൽകണം. നിർമ്മാണ യൂണിറ്റുകൾ സേവന മേഖല, വ്യാപര മേഖല എന്നിങ്ങനെ ഏതു മേഖലയിലുമുള്ള സംരംഭങ്ങൾക്കും ധനസഹായം ലഭിക്കും. വ്യക്തി ഗത സംരംഭമല്ലെങ്കിൽക്കൂടി സംരംഭത്തിൽ 51 ശതമാനമെങ്കിലും ഓഹരി പങ്കാളിത്തം എസ് സി, എസ്ടി അല്ലെങ്കിൽ സ്ത്രീകൾക്ക് ഉണ്ടായാൽ മതി. പത്തു ലക്ഷം രൂപ മുതൽ 1 കോടി രൂപവരെയാണ് വായ്പയായി ലഭിക്കുക.
യോഗ്യത
1. 18 വയസിനു മുകളിലുള്ള എസ് സി, എസ്ടി, സ്ത്രീകൾ
2. നിർമാണ മേഖല, സേവന മേഖല, വ്യാപാര മേഖല എന്നിവയിലേതെങ്കിലുമുള്ള ഗ്രീൻ ഫീൽഡ് പ്രൊജക്റ്റുകളായിരിക്കണം.
3. വ്യക്തിഗത സംരംഭമല്ലെങ്കിൽ എസ്സി, എസ് ടി , സ്ത്രീകൾ ഇവരിലാർക്കെങ്കിലും 51 ശതമാനം ഓഹരി പങ്കാളിത്തം സംരംഭത്തിൽ വേണം.
4. വായ്പ എടുക്കുന്നവർക്ക് മറ്റു ബാങ്കുകളിലോ, ധനകാര്യ സ്ഥാപനങ്ങളിലോ ബാധ്യതകൾ ഉണ്ടാകാൻ പാടില്ല.
തിരിച്ചടവ്
തിരിച്ചടവിന് ഏഴു വർഷം വരെ കാലാവധിയുണ്ട്. 18 മാസമാണ് പരമാവധി മൊറട്ടോറിയം കാലാവധി.
ഇന്ത്യയിലെ എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ വഴി സ്റ്റാൻഡപ് ഇന്ത്യ പദ്ധതി പ്രകാരമുള്ള വായ്പ ലഭിക്കും.
വായ്പ തുക
പത്തു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പ്രവർത്തന മൂലധനമായും ടേം ലോണായും നൽകും. പ്രോജക്ട് കോസ്റ്റിന്‍റെ 75 ശതമാനമാണ് വായ്പയായി നൽകുന്നത്. കുറഞ്ഞ നിരക്കിലാണ് പലിശ ഈടാക്കുക. ( ബാങ്കുകൾ തമ്മിൽ വ്യത്യാസമുണ്ടായിരിക്കും). സ്റ്റാൻഡപ് ഇന്ത്യ പദ്ധതി പ്രകാരമുള്ള വായ്പകൾക്ക് ഈട് നൽകേണ്ട ആവശ്യമില്ല.