കുഞ്ഞിളം പല്ലുകൾക്ക് ചികിത്സ വേണോ?
കുഞ്ഞിളം പല്ലുകൾക്ക്  ചികിത്സ വേണോ?
Saturday, July 1, 2017 4:10 AM IST
ഓമനത്വമുള്ള കുഞ്ഞുങ്ങളുടെ പാൽപല്ലുകൾ കേടുവന്നു കാണുന്പോൾ വിഷമം തോന്നാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. അവരുടെ മുഖത്തെ ഭംഗിക്ക് ഭംഗം വരുന്ന ഒന്നും നാം ഇന്ന് നിസാരമായി കാണുന്നുമില്ല. കുഞ്ഞിെൻറ ആത്മവിശ്വാസത്തിന് സൗന്ദര്യത്തികവും ഭംഗിയുമുള്ള പല്ലുകൾ ആവശ്യമാണ്. കുഞ്ഞിെൻറ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കുന്ന നമ്മൾ, കുഞ്ഞ് ജനിച്ച് പാൽപല്ലുകൾ മുളയ്ക്കുന്പോൾ മുതൽ ശ്രദ്ധ കൊടുക്കണം. അവയെ ക്രമമായി പ്രായത്തിനനുസരണം എങ്ങനെ ശ്രദ്ധിക്കണമെന്നുമുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം. നിസാരമെന്ന് നമുക്ക് തോന്നുന്ന പല്ലിലെ കേടു മുതൽ പല്ലിെൻറ ഭംഗിക്കുറവ് വരെ വളരെ ഗൗരവമേറിയ പ്രശ്നങ്ങളാണ്. കുഞ്ഞിളം പല്ലുകൾ എങ്ങനെ സുന്ദരമാക്കാമെന്നറിയാം...

ആദ്യ പല്ലുകൾ

ഏതാണ്ട് ഏഴാം മാസം മുതൽ ആദ്യ പല്ലുകൾ മുളയ്ക്കുവാൻ തുടങ്ങും. മുന്നിലെ കീഴ്ത്താടിയിലെ പല്ലുകൾ, പിന്നീട് അണപ്പല്ലുകൾ,അവസാനം കോന്പല്ലുകൾ എന്ന ക്രമത്തിൽ പല്ലുകൾ വരുന്നു. സമയത്തിന് പല്ല് മുളയ്ക്കുന്നില്ലെങ്കിൽ ഡോക്ടറുടെ അഭിപ്രായം തേടാം. മോണയുടെ തൊലി കട്ടിയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം അത് നീക്കം ചെയ്യാം. ആരോഗ്യക്കുറവും അസ്ഥിസംബന്ധമായ വളർച്ചാക്കുറവ് വരുത്തുന്ന അസുഖങ്ങളുള്ള കുട്ടികളിലും പല്ല് മുളയ്ക്കുവാൻ കാലതാമസം വരാം. ശരീര വളർച്ച കൂടുതലുള്ള കുട്ടികളിൽ സ്ഥിരപല്ലുകൾ വേഗം മുളയ്ക്കും. അതുപോലെ പെണ്‍കുട്ടികളിലും സ്ഥിരപല്ലുകൾ അൽപം നേരത്തെ മുളയ്ക്കുന്നു. കുഞ്ഞിന് കാൽസ്യത്തിെൻറയും ഫോസ്ഫറസിെൻറയും കുറവുണ്ടെങ്കിൽ സപ്ലിമെൻറ് നൽകാം.

പാൽപല്ലുകളും സ്ഥിര പല്ലുകളും

പാൽ പല്ലുകൾ മാത്രമുള്ള കാലഘട്ടം ഏഴാം മാസം മുതൽ അഞ്ചര വയസുവരെയാണ്. ആറു വയസു മുതൽ 14 വയസു വരെ മിക്സഡ് ഡെൻറീഷ്യൻ പീരീഡ് എന്നു പറയുന്നു. പാൽപല്ലുകളും സ്ഥിരപല്ലുകളും ഒരുമിച്ചു വായിൽ കാണുന്ന സമയമാണിത്. സ്ഥിരപല്ലുകൾ കിളിർത്തുവരുന്ന സമയമായതുകൊണ്ട്, അവയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഏറ്റവും ശ്രദ്ധകൊടുക്കേണ്ട സമയമാണ്. പാൽപല്ലുകളും, സ്ഥിരപല്ലുകളും ഏതേതെന്ന് തിരിച്ചറിഞ്ഞ് വേണ്ട ശ്രദ്ധ കൊടുക്കണം. 14 വയസ്സിനുശേഷം സ്ഥിരപല്ലു മാത്രം കാണുന്ന കാലഘമാകുന്നു.

പല്ല് എപ്പോൾ എടുക്കാം

പല കാരണങ്ങൾകൊണ്ടും പല്ലുകൾ ചിലപ്പോൾ നേരത്തെ എടുക്കേണ്ടി വരും. മുന്നിലെ പാൽ/ഉളി പല്ലുകൾ ആറ് എട്ടു വയസിനുള്ളിൽ പൊഴിഞ്ഞില്ലെങ്കിൽ അവ എടുത്തു കൊടുക്കാം. കീഴ്ത്താടിയിലെ പല്ലുകൾ പാൽപല്ലിെൻറ ഉള്ളിലൂടെ കിളിർത്തു വരുന്നത് സ്വാഭാവികമാണ്. വേണമെങ്കിൽ പാൽപല്ലെടുത്തു കൊടുക്കാം. മേൽ നിരയിലെ ഉളിപ്പല്ല് നീക്കുന്പോൾ മോണയ്ക്ക് വ്യാസമുണ്ടെങ്കിൽ സ്ഥിരപല്ലുകൾ നിരയൊത്തു കിളിർത്തുവന്നുകൊള്ളും. ഇതുപോലെ പാൽ അണപ്പല്ലുകൾ 814 വയസ്് കാലത്ത്, അതാത് പോകേണ്ട പ്രായത്തിൽ പൊഴിഞ്ഞില്ലെങ്കിൽ പല്ലുകൾ മൊത്തത്തിൽ നിരതെറ്റി കിളിർക്കുവാൻ ഇടം വരും. ഇടംപല്ലുകൾ അതാത് പ്രായത്തിൽ എടുത്തു കൊടുക്കണം. അല്ലെങ്കിൽ സ്ഥിരപല്ല് നിരതെറ്റാം. പൊഴിയേണ്ടതിനു മുന്നെ എടുത്തു കളയുകയും ചെയ്യരുത്. കിളിർത്തുവരുവാൻ സാധ്യതയുള്ള പല്ലുകൾ മറ്റ് പല്ലിെൻറ സ്ഥലം ഞെരുക്കി കളയും.

കോന്പല്ലുകൾ മിക്കവാറും അവസാനമേ കിളിർത്തു വരികയുള്ളു. അവ മുകളിൽക്കൂടി കിളിർത്തുവരികയാണെങ്കിൽ ഇറക്കി യഥാസ്ഥാനത്ത് വയ്ക്കണം.

മേൽനിരയിലെ മദ്ധ്യേ ഉളിപ്പല്ലുകൾ കിളിർത്തു വരുന്നില്ലെങ്കിൽ, ചെറിയ ശസ്ത്രക്രിയയിലൂടെ മോണയുടെ തൊലി നീക്കിക്കൊടുത്താൽ അവ വേഗം കിളിർക്കും.

ഇടംപല്ലുകൾ നീക്കണോ

യഥാസ്ഥാനത്തല്ലാതെ പല്ലുകൾ എടുക്കേണ്ടി വരികയോ, പൊഴിഞ്ഞു പോകേണ്ട പ്രായത്തിൽ പൊഴിയാതിരിക്കുകയോ ആണെങ്കിൽ സ്ഥിരംപല്ലുകൾ നിര തെറ്റി വരുവാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണം. മാതാപിതാക്കളിൽ നിന്നും ജനിതകമായി കിട്ടുന്ന അളവിൻ പ്രകാരമാണ് കുഞ്ഞുങ്ങളിലെ പല്ലിെൻറ വീതിയും മോണയുടെ വിസ്താരത്തിെൻറ വീതിയും ലഭിക്കുക. മോണയിൽ ഇവ നിരക്കുന്പോഴുള്ള പൊരുത്തക്കേടിെൻറ വ്യത്യാസം കൊണ്ടാണ് പല്ലുകൾ നിരതെറ്റുന്നതും ഗ്യാപ്പുണ്ടാകുന്നതും. മുന്നിലെ പല്ലുകൾ നിരതെറ്റി വരുന്പോൾ പാൽപല്ലുകൾ എടുത്തു കൊടുക്കുന്നത് സ്ഥിരപല്ലുകൾ ഒരു വിധം നേരേ കിളിർത്തുവരുവാൻ സഹായിക്കും. ഈ രീതി സ്ഥിരകോന്പല്ല് ഇറക്കി കൊണ്ടുവരുവാനും ഫലവത്താണ്.

നിരതെറ്റി കിളിർക്കുന്ന പല്ലിനെ നേരെയാക്കാമോ?

പല്ലുകളിലെ നിരതെറ്റൽ കുറയ്ക്കുവാൻ പാൽപല്ലുകൾ യഥാസമയത്ത് എടുത്ത് കൊടുക്കാം. മറ്റൊന്ന് മസ്കുലാർ ഫംഗ്ഷൻ ഉപയോഗപ്പെടുത്തി, ചില ഉപകരണങ്ങൾ ഉറങ്ങാൻ നേരം വായിൽ ഉപയോഗിക്കുന്ന രീതിയാണ്. സ്ഥിരപല്ലുകൾ ഒരു പരിധിവരെ നിരയൊത്തതാക്കാം. പല്ലുന്തലിന് 13 വയസു കഴിഞ്ഞു കന്പിയിട്ട് ഭംഗിയാക്കാം. എന്നാൽ ചെറിയ ഉന്തലും പല്ലുകളിലെ ഗ്യാപ്പും ചില ഉപകരണങ്ങൾ ഉപയോഗിച്ച് നേരത്തെ ഒരുവിധം ശരിയാക്കാം.

കേടുവന്നാൽ പല്ലെടുക്കാം

പാൽപല്ലുകൾ പൊഴിഞ്ഞു പോകാനുള്ളതുകൊണ്ട് അവ ചികിത്സിക്കുന്നതിൽ അർഥമില്ലെന്ന് കരുതരുത്. കാരണം മക്കൾക്ക് കൊടുക്കുന്ന ഭക്ഷണം ചവച്ചരച്ച് കഴിച്ചാൽ മാത്രമേ അവ ശരീരത്തിൽ പിടിക്കുകയുള്ളു. അതിന് വേദനരഹിതമായ നല്ല പല്ലുകൾ വേണം. പല്ലിലെ കേടും വേദനയും മൂലം കുട്ടികൾ ആഹാരം ചവച്ചുകഴിക്കുവാൻ മടി കാണിക്കും. പാൽപല്ലിലെ കേടുകൾ വേഗം പടരുകയും ചെയ്യും. ഒരിക്കൽ അടച്ച പല്ല് കൂടെക്കൂടെ ശ്രദ്ധിച്ച് അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വീണ്ടും അടച്ച് കൂടുതൽ ബുദ്ധിമുട്ട് ഒഴിവാക്കുക തന്നെ വേണം. പല്ലിലെ ഞരന്പിലേക്ക് ഇൻഫക്ഷൻ കയറിയിട്ടില്ലെങ്കിലും ഇത്തരം പല്ലുകൾ അടയ്ക്കുവാൻ ശ്രദ്ധിക്കണം.

റൂട്ട് കനാൽ ചികിത്സ

പാൽപല്ലിൽ വേദന വന്നാൽ മുതിർന്നവരുടെ സ്ഥിരപല്ലിലെ വേദന പോലെ തന്നെയാണത്. കേടിലൂടെ പല്ലിെൻറ ഞരന്പിലേക്ക് അണുബാധ കയറിയാൽ മരുന്നു കൊണ്ടു കുറയുകയില്ല. കുട്ടികളുടെ റൂട്ട് ചികിത്സയായ പൾപക്ടമി ചെയ്യണം. പൊഴിഞ്ഞു പോകാനുള്ള പല്ലാണെങ്കിലും പല്ല് അവിടെ തന്നെയുണ്ടാവാൻ റൂ് ചികിത്സ ആവശ്യമാണ്. റൂട്ടിെൻറ കനാലിനുള്ളിലെ അണുബാധയേറ്റ മാംസം നീക്കം ചെയ്ത്, മരുന്നു കൊണ്ട് ആ കനാൽ നിറയ്ക്കുന്ന ചികിത്സയാണിത്. പാൽപല്ലിനെ വേദനയില്ലാതാക്കുന്ന പൾപോമി എന്ന ചികിത്സയുണ്ട്. വേദന മാറ്റി രക്ഷപ്പെടുത്തിയെടുക്കുന്ന പല്ല് പൊഴിയേണ്ട പ്രായത്തിൽ പൊഴിഞ്ഞു പൊയ്ക്കൊള്ളും. സ്ഥിരപല്ലുകൾ യഥാവിധി വന്നു കൊള്ളുകയും ചെയ്യും.


കുട്ടികൾ ചവച്ചരച്ചു ഭക്ഷണം കഴിക്കുവാൻ പാൽ അണപ്പല്ലുകൾ നിർബന്ധമാണല്ലോ. പല്ലുകൾ നീക്കം ചെയ്യാത്തതിനാൽ സ്ഥിര പല്ലുകൾ നിരതെറ്റി കിളിർക്കാതിരിക്കാനും ഇത് ഉപകരിക്കും.

മുൻനിരപല്ലിലെ കേടുകൾ

പല്ലുകളെ വളരെ വേഗത്തിൽ കറുത്ത് കുറ്റി പോലെയാക്കുന്ന റാംപൻറ് കേരിസ് അല്ലെങ്കിൽ നഴ്സിംഗ് ബോിൽ കേരിസ് ആണ് മുൻനിരയിലെ പല്ലുകേടിന് കാരണം. മേൽ നിരയിലെ പല്ലുകളെയാണ് ഇത് കൂടുതൽ ബാധിക്കുക. കുപ്പിപ്പാലു കുടിക്കുന്ന കുഞ്ഞുങ്ങളിലും, രാത്രിയിൽ കിടക്കുന്നതിന് മുന്പ് പാലോ മറ്റ് മധുരപാനീയങ്ങളോ കഴിക്കുന്നവർക്കും ഇതു കൂടുതലാണ്. കുടിക്കുന്പോൾ നാക്ക് കീഴ്നിരയിലെ പല്ല് മറച്ചുപിടിക്കുന്നതിനാൽ മേൽ നിരയിലെ പല്ല് പാനീയങ്ങളുമായി കൂടുതൽ സന്പർക്കത്തിൽ വരുന്നു. അതിനാൽ ബാക്ടീരിയ അവയെ കൂടുതൽ ആക്രമിക്കുന്നു.

കോസ്മെറ്റിക് മെറ്റീരിയൽ ഉപയോഗിച്ചു പല്ലുകൾ പൂർസ്ഥിതിയിലാക്കുവാൻ സാധിക്കും.

പല്ലിൽ കേടു വരുന്ന രീതി

പാൽപല്ലിൽ കേടു വന്നാൽ അവ അടുത്ത പല്ലിലേക്ക് പടരുമെന്ന ധാരണ ശരിയല്ല. എവിടെ ബാക്ടീരിയ അടിഞ്ഞുകൂടുന്നുവോ അവിടെ മാത്രമേ കേടു വരുന്നുള്ളു. കുഞ്ഞ് കഴിക്കുന്ന ആഹാരത്തിലെ മധുരമേറിയതും ഒട്ടിപ്പിടിക്കുന്നവയുമായ പദാർഥങ്ങൾ പല്ലിൽ പറ്റിയിരിക്കുവാൻ ഇടവരുന്പോൾ അവിടെ ബാക്ടീരിയ പെരുകുന്നു.

ഈ ബാക്ടീരിയ പുറന്തള്ളുന്ന അമ്ലരസമുള്ള സ്രവം പല്ല് ദ്രവിക്കുവാൻ കാരണമാകും. കേട് പല്ലിെൻറ ഇനാമൽ കടന്ന് സുഷിരങ്ങളുള്ള ഡെൻറിൽ ഭാഗത്തേക്ക് കടക്കുന്നു. ഈ അവസ്ഥയിൽ പല്ലിന് കൂടുതൽ പുളിപ്പുണ്ടാകാം. ബാക്ടീരിയ ഡെൻറിനും കടന്ന് പല്ലിെൻറ ജീവഭാഗമായ പൾപ്പ് അഥവാ ഞരന്പിൽ എത്തുന്നു. ഒരിക്കൽ അണുബാധയുണ്ടായാൽ പിന്നെ പൾപക്ടമി അഥവാ റൂട്ട് ചികിത്സയെ വേദന കുറയ്ക്കുകയുള്ളു. പല്ലിലെ മൈക്രോസുഷിരങ്ങളിൽ കൂടി അണുക്കൾ പൾപ്പിലേക്ക് കയറുന്പോൾ, അവിടെ ഉണ്ടാകുന്ന നീര് പുറത്തേക്ക് പോകാൻ കഴിയാതെ വരും. അതിനാൽ പല്ലിെൻറയുള്ളിലും ചെവിയിലും നീര് എത്തി പല്ലിന് വേദനയും കുത്തും ഉണ്ടാക്കുന്നു.

കേടുള്ള പല്ലുകൾ അടയ്ക്കാൻ

കുഞ്ഞുങ്ങളുടെ പല്ലിലെ കേട് അടയ്ക്കാൻ വിവിധങ്ങളായ വസ്തുക്കൾ ലഭ്യമാണ്. എളുപ്പം പണിതീരുന്നതും, സെറ്റാകുന്നതും ഫിനിഷിംഗ് എളുപ്പം കഴിയ്ക്കാവുന്നതുമായ വസ്തുവാണ് ഉപയോഗിക്കുക. ഹാർഡ് സെറ്റിങ്ങുള്ള ഗ്ലാസ് ഐണോമർ മെറ്റീരിയൽ, ഫാസ്റ്റ് സെറ്റിങ്ങ് മെറ്റീരിയലും യോജിച്ചതാണ്. പല്ലിെൻറ സ്ട്രക്ചർ തന്നെ നിലനിർത്തുന്നതാണ് ഇന്നത്തെ രീതി. കേട് വന്ന ഭാഗം മാത്രം നീക്കി ഫില്ലിംഗ് മെറ്റീരിയൽ ഉപയോഗിച്ച് ക്ലീൻ ചെയ്ത കേട് ഭാഗം അടയ്ക്കുന്നു.

കോന്പസിറ്റ് എന്ന വസ്തു സ്വാഭാവികതയോടെ പല്ല് അടയ്ക്കാൻ ഉപയോഗിക്കുന്നു. ബലവും ഉറപ്പും കിട്ടുവാൻ കോന്പോസിറ്റും, ഗ്ലാസ് ഐണോമറും ചേർന്ന കോന്പോമർ എന്ന വസ്തുവാണ് കുട്ടികൾക്ക് കൂടുതൽ ഉപയോഗിക്കുക. കോന്പോസിറ്റ് മുന്നിലെ കേടുകൾക്കും ഉപയോഗിക്കുന്നു. ഈ മെറ്റീരിയൽ പ്രത്യേകം ലൈറ്റുപയോഗിച്ച് പെട്ടെന്ന് സെറ്റാക്കാം. പഴയ മെറ്റീരിയലായ വെള്ളി ഫില്ലിംഗ് അഥവാ അമാൽഗം പല ദൂഷ്യങ്ങൾ കാരണം ഇപ്പോൾ ഉപയോഗം കുറിച്ചിരിക്കുന്നു.

സ്റ്റെയിൻലസ് സ്റ്റീൽ ക്രൗണ്‍

കുട്ടികളിലെ പല്ലിലെ കേട് പെട്ടെന്ന് പടർന്ന് വലുതാകും. അത് ആ പല്ലുകളുടെ രാസഘടനാ പ്രത്യേകതയാണ്. പാൽപല്ലുകളിലെ കേട് അടച്ചാലും വേഗത്തിൽ വശങ്ങളിലൂടെ സെക്കൻഡറി കേട് വരും. പല്ല് പെട്ടെന്ന് പൊടിഞ്ഞുപോകും.

റൂട്ട് ചികിത്സ ചെയ്യുന്ന പാൽപല്ലുകളിലും പല്ലിെൻറ അംശം വളരെ കുറഞ്ഞു പോകും. പാൽപല്ലുകൾ ചെറുതായതിനാൽ കേട് വന്നാൽ നല്ല പല്ലിെൻറ ഭാഗം കുറവായിരിക്കും. ഇത്തരം പല്ലുകൾ പൊടിഞ്ഞു പോകാതിരിക്കാൻ റെഡിമെയ്ഡ് ഇംപോർഡ് സ്റ്റെയിൻലസ് സ്റ്റീൽ ക്രൗണ്‍ ഇൻസ്റ്റഡായി ഇടുവാൻ പറ്റും. റൂട്ട് ചികിത്സ കഴിയുന്ന പല്ലിന് പൂർണ സംരക്ഷണം ഇത് ഉറപ്പാക്കുന്നു. തീരെ പൊടിയുന്ന പല്ലിന്, അവ പൊഴിഞ്ഞു പോകുന്നതു വരെ കുഞ്ഞുങ്ങൾക്ക് ചവച്ചരച്ച് ഭക്ഷണം കഴിക്കുവാൻ ഇത് സഹായിക്കുന്നു.

പല്ലിൽ കന്പിയിടുവാനുള്ള പ്രായം

12/13 വയസ്സു കഴിയുന്പോൾ പാൽപല്ലുകളെല്ലാം പൊഴിഞ്ഞു സ്ഥിരപല്ലുകൾ കിളിർക്കും. ഈ പ്രായമാണ് പല്ല് കന്പിയിടാൻ അനുയോജ്യം. ഈ പ്രായത്തിൽ രണ്ടാമത്തെ സ്ഥിര മോളാർ അണപ്പല്ല് കൂടി കിളിർക്കും. കന്പിയിടുവാൻ ഈ പല്ലിെൻറ സപ്പോർട്ട് ആവശ്യമാണ്. പല്ലുകളിലും അസ്ഥിയിലും വരുന്ന മാറ്റം ഉൾക്കൊള്ളാനുള്ള വളർച്ചാ പാകത ഈ പ്രായത്തിൽ വന്നിരിക്കും.

രണ്ടു സെറ്റു പസ്റ്റുകൾ

ആദ്യം കാണുന്ന പാൽപല്ലുകൾ കേടുവന്ന് ഇളക്കി കളയേണ്ടി വന്നാൽ അടുത്തത് വീണ്ടും കിളിർത്തു വരുമെന്നാണ് പലരും കരുതുന്നത്. പിന്നീട് വരുന്നത് സ്ഥിരപല്ലുകളാണെന്ന് മനസിലാക്കാതെ അൽപം കേടു വന്നാൽ പിഴുതു കളയുവാൻ പറയുന്ന മാതാപിതാക്കളുണ്ട്. രണ്ട് സെറ്റ് പല്ലുകളാണ് നമുക്കുള്ളത്. ആദ്യത്തെ പാൽപല്ലുകൾ ഒരു വയസു മുതൽ 4 വയസിനകത്തുവരെ കിളിർത്തു വന്നിരിക്കണം. ഇവ ഏതാണ്ട് ആറ് വയസുമുതൽ 13/14 വയസുവരെ നിലനിൽക്കും. മുൻനിര മദ്ധ്യത്തിലെ വീതിയേറിയ ഉളിപ്പല്ലുകൾ 67 വയസിനകത്ത് പൊഴിയുവാൻ തുടങ്ങുന്പോൾ, കുഞ്ഞുങ്ങളിലെ അണപ്പല്ലുകൾ 8/14 വയസിനുള്ളിലേ പൊഴിയുകയുള്ളു. കോന്പല്ലുകളായിരിക്കും അവസാനം പൊഴിയുക. 10/ 14 വയസിനിടയിൽ.

പാൽപല്ലുകളുടെ സെറ്റ് എല്ലാം കൂടി 20 എണ്ണവും സ്ഥിര പല്ലുകൾ 32 എണ്ണവുമാണ്. ആദ്യത്തെ പാൽപല്ലുകൾ, പൊഴിഞ്ഞു കഴിഞ്ഞാൽ പിന്നീട് വരുന്നവ സ്ഥിരം പല്ലു കളാണ്. അവ പൊഴിയാതെ നോക്കണം. പാൽപ്പല്ലുകൾക്ക് ശേഷം വരുന്ന സ്ഥിരപല്ലുകൾ ജീവിതകാലം മുഴുവൻ ഇരിക്കേണ്ട പല്ലുകളാണ്.

പാൽപല്ലിലെ അണപ്പല്ലുകൾ ആറു വയസിന് മുന്നേ കേടുവന്ന് ഇളക്കി കളയാൻ ഇടവരരുത്. അവയ്ക്കു ശേഷം കിളിർക്കുന്ന സ്ഥിരപല്ലുകൾ കിളിർക്കാൻ ഏതാണ്ട് 10 വയസാകും. എന്നാൽ ആറു വയസിനുശേഷം ഇവയ്ക്ക് പുറകിൽ മുളയ്ക്കുന്ന ആദ്യത്തെ സ്ഥിര അണപ്പല്ലുകൾ മുന്നിലെ നഷ്ടപ്പെ പല്ലുകളുടെ ഗ്യാപ്പ് കുറച്ചു കളയും. ആ സ്ഥാനത്ത് പിന്നീട് കിളിർത്തുവരേണ്ട സ്ഥിരപല്ലുകൾ വരുന്പോൾ അവ നിരതെറ്റി വരുവാൻ ഇത് കാരണമാകും. അവസാനം മുന്നിലെ കോന്പല്ലും കൂടി നിരതെറ്റി മുകളിൽ കൂടി കിളിർത്തു വരും.

സുനിൽ വി.പി