സാന്പത്തികാസൂത്രണം അനിവാര്യം
സാന്പത്തികാസൂത്രണം അനിവാര്യം
Saturday, June 24, 2017 2:52 AM IST
അരുണിന് ഇരുപത്തഞ്ചാം വയസിൽ തരക്കേടില്ലാത്ത ശന്പളത്തിൽ മികച്ച ഒരു കന്പനിയിൽ തന്നെ ജോലി കിട്ടി. ഇത്രയും കാലം വീട്ടിൽ നിന്നു ലഭിക്കുന്ന തുച്ഛമായ പോക്കറ്റ് മണികൊണ്ട് വളരെ ഒതുങ്ങിയുള്ള ജീവിതമായിരുന്നു. ഇനി അതു പറ്റില്ല ജീവിതം ഒരുആഘോഷമാക്കി തന്നെ മുന്നോട്ടു പോണം.

അരുണ്‍ ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു തുടങ്ങി.അതോടെ അരുണിന്‍റെ ജീവിത ശൈലി തന്നെ മാറി. ബ്രാൻഡഡ് വസ്ത്രങ്ങൾ, ഗാഡ്ജറ്റുകൾ, ഭക്ഷണം എന്നു വേണ്ട ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം വാങ്ങി കൂട്ടി.

വർഷം മൂന്നു കഴിഞ്ഞു വീട്ടുകാർ വിവാഹം ആലോചിച്ചു തുടങ്ങി. അപ്പോഴാണ് അരുണ്‍ ചിന്തിക്കുന്നത് ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കുന്ന തനിക്ക് വിവാഹവും ആർഭാടമാക്കി തന്നെ നടത്തണം. പക്ഷേ, എന്തു ചെയ്യും. വിവാഹം നടത്താൻ തന്‍റെ കയ്യിലിപ്പോൾ പണമില്ലെന്ന് പറഞ്ഞതോടെ നാലു വശത്തു നിന്നും ചോദ്യങ്ങളുമെത്തി തുടങ്ങി. മൂന്നു വർഷത്തെ നിന്‍റെ ശന്പളമെല്ലാം എന്തു ചെയ്തു, അത് എവിടെപ്പോയി?... ശരിക്കും അപ്പോൾ മാത്രമാണ്അരുണ്‍ തന്‍റെ ഇത്രകാലത്തെയും ശന്പളത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കുന്നതും.

ജോലി കിട്ടി കൈനിറയെ പണം വന്നു നിറയുന്പോൾ, പുതിയതായി ജോലിക്കു കയറുന്നവരിൽ നല്ലൊരു പങ്കും അരുണിനെപ്പോലെയാണ്. വർഷങ്ങൾ കഴിയുന്പോഴാണ് ശരിക്കും ജീവിതയാഥാർത്ഥ്യം മനസിലാക്കുന്നത്. അപ്പോഴേയ്ക്കും പലതിനും സമയം വൈകിപ്പോയിട്ടുണ്ടാവും. ഫലം സാന്പത്തിക ഞെരുക്കത്തിലേക്കു നയിക്കുന്നു....
നമുക്കെല്ലാവർക്കും ഭാവിയെക്കുറിച്ച് സ്വപ്നങ്ങളുണ്ട്. ചില ധനകാര്യ ലക്ഷ്യങ്ങളുണ്ട്. ഇവ നേടുവാനുള്ള ഓട്ടത്തിലാണ് നാം. ഇതു നേടുവാൻ അതുകൊണ്ടുതന്നെ ആവശ്യത്തിനു പണം സന്പാദിക്കണം; അതുമാത്രം പോരാ, നമുക്കു പണമുണ്ടാക്കിത്തരുവാൻ സന്പാദ്യത്തെ ദീർഘദൃഷ്ടിയോടെ, അച്ചടക്കത്തോടെ നിക്ഷേപിക്കുക. അതുവഴി ധനകാര്യ ലക്ഷ്യങ്ങൾ നേടിയെടുക്കാം.

ചെറുപ്പത്തിലെ തുടങ്ങാം

ചെറുപ്പത്തിലെ വരുമാനത്തെക്കുറിച്ചും ചെലവിനേക്കുറിച്ചും സന്പാദ്യത്തെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചുമൊക്കെ ഏകദേശ രൂപം നേടുന്നത് ജീവിതത്തിലെ ധനകാര്യലക്ഷ്യങ്ങളെല്ലാം ഒരു ഞെരുക്കവുമില്ലാതെ വളരെ ഉദാരമായി നേടുവാൻ സാധിക്കും. ചെറുപ്പത്തിൽ ലക്ഷ്യങ്ങൾക്കായി ചെറിയ തുകയേ വേണ്ടിവരികയുള്ളു. സമയം നമുക്ക് അനുകൂലമായി പ്രവർത്തിക്കുന്നതാണ് കാരണം.

കാറ്, വീട്, വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം, വിനോദയാത്രകൾ, റിട്ടയർമെന്‍റിനുശേഷമുള്ള വിശ്രമ ജീവിതകാലത്ത് ജീവിത പങ്കാളിയോടൊപ്പം അല്ലലില്ലാതെ സന്തോഷത്തോടെ ജീവിതം... എന്നു വേണ്ട ജീവിതത്തിൽ ആഗ്രഹിക്കുന്നതെല്ലാം ശരിയായ പ്ലാനിംഗിലൂടെ നേടുവാൻ സാധിക്കും.
തങ്ങളുടെ ജീവിത ലക്ഷ്യങ്ങളെയെല്ലാം മുന്നിൽ കണ്ടുകൊണ്ടു ഈ ലക്ഷ്യത്തിനായും കൂടി പുതിയതായി ജോലിയൽ പ്രവേശിക്കുന്നവർ പ്രവർത്തിക്കണം.ജോലി ചെയ്യുന്ന അതേ ഗൗരവത്തോടെതന്നെ നിക്ഷേപവും നടത്തിത്തുടങ്ങുക.

ജോലിയിൽ കുറുക്കു വഴികളില്ലാല്ലത്തതു പോലെതന്നെ ധനകാര്യ ലക്ഷ്യം നേടുന്നതിനും കുറുക്കുവഴികളില്ല. വരവിനനുസരിച്ച് ചെലവു ചെയ്യുകയും കഴിയുന്നത്ര സന്പാദിക്കുകയും ( പിശുക്കല്ല, അനാവശ്യ ചെലവുകൾ ഒഴിവാക്കുക) നിരന്തരം നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുക.

ഒരാളുടെ ധനകാര്യ ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ ആസൂത്രണം വളരെ ആവശ്യമാണ്. ചെറിയൊരു യാത്രയ്ക്കു പോലും പ്ലാനിംഗിന് ആവശ്യത്തിലേറെ ശ്രദ്ധ നൽകുന്ന നമ്മൾ ജീവിതയാത്രയെ മൊത്തത്തിൽ മാറ്റി മറിക്കുന്ന സന്പാദ്യ,നിക്ഷേപ, ചെലവാക്കലിന്‍റെ കാര്യം വരുന്പോൾ തീരെ അറിവില്ലായ്മ കാണിക്കുകയാണ്. എന്നാൽ അല്പം മനസുവച്ചാൽ, അൽപ്പം സമയം ഇതിനായി മാറ്റിവച്ചാൽ എല്ലാവർക്കും അവരവരുടെ ധനകാര്യഭാവി പ്ലാൻ ചെയ്യാം. റിട്ടയർമെന്‍റ് മുതൽ അടുത്തയിടെ നടത്താനിരിക്കുന്ന വിനോദ യാത്ര വരെ. പണം അതിനു തടസമാകുകയില്ല.

ഓർമിക്കുക, ആസൂത്രണം ഒരു പ്രക്രിയ ആണ്. അതിനായി ചല ഗൃഹപാഠങ്ങൾ ചെയ്യേണ്ടതുണ്ട്.


1. കൃത്യമായ ഒരു ബജറ്റ് തയ്യാറാക്കുക

നിങ്ങളുടെ വരുമാനം നിങ്ങളുടെ ചെലവുകൾ എന്നിവയെ കൃത്യമായി രേഖപ്പെടുത്തി ഒരു ബജറ്റ് തയ്യാറാക്കുക എന്നുള്ളതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. അതിനുശേഷം വേണം നിക്ഷേപവും സന്പാദ്യവും ആരംഭിക്കാൻ. മൂന്നുമാസം ഇപ്രകാരം ബജറ്റ് സൂക്ഷിച്ചു കഴിയുന്പോൾ ആവശ്യങ്ങൾ എന്ത്, ഒഴിവാക്കാനാവുന്നത് എന്ത്, വിനോദത്തിനു വേണ്ടത് എന്ത് എന്നിവെയല്ലാം മനസിലാക്കാം.

2. ധനകാര്യ ലക്ഷ്യങ്ങൾ കണ്ടെത്താം

ധനകാര്യ ലക്ഷ്യങ്ങളെ കണ്ടെത്തി തരംതിരിക്കുക എന്നുള്ളതാണ് അടുത്തപടി. ധനകാര്യ ലക്ഷ്യങ്ങളെ ഹൃസ്വകാലം, മധ്യകാലം, ദീർഘകാലം എന്നിങ്ങനെ തരംതിരിച്ചുവേണം നിക്ഷേപം നടത്താൻ. ഇവയൊക്കെ എത്രവർഷത്തിനുള്ളിൽ നേടിയെടുക്കുമെന്നും കൃത്യമായി നിർവ്വചിച്ചിരിക്കണം. അതോടൊപ്പം എത്ര തുക വേണ്ടി വരുമെന്നും വകയിരുത്തിയിരിക്കണം.

3. ശരിയായ ഉപകരണങ്ങളിൽ നിക്ഷേപം നടത്താം

എവിടെ നിക്ഷേപം നടത്തണം എന്നുള്ള വലിയൊരു ചോദ്യം കൂടി നിക്ഷേപത്തെക്കുറിച്ച് പറയുന്പോൾ ഉയർന്നു വരും. പലരും പല നിർദേശങ്ങളും വെയ്ക്കും.പക്ഷേ, ഓർക്കേണ്ടത് സ്വന്തം പണമാണ് അതുകൊണ്ട് സ്വയം വേണം തീരുമാനമെടുക്കാൻ. തീരുമാനമെടുക്കുന്നതിനു മുന്പ് വിവിധ നിക്ഷേപ ഉപകരണങ്ങളെക്കുറിച്ച് നന്നായി അന്വേഷിക്കുകയും പഠനം നടത്തുകയും ചെയ്യാം. അതിനുശേഷം നിക്ഷേപം നടത്താം.

4. പരമാവധി നികുതിയിളവുകൾ നേടുക

നിക്ഷേപങ്ങൾ കൊണ്ടുള്ള മറ്റൊരു നേട്ടമാണ് നികുതിയിളവുകൾ ലഭിക്കുന്നു എന്നത്. അതിനാൽ നികുതിയിളവു ലഭിക്കുന്ന നിക്ഷേപ ഉപകരണങ്ങളെ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. നികുതിയിളവ് ലഭിക്കും എന്നു കേട്ടു ഞാൻ ഇതിൽ നിക്ഷേപിച്ചു എന്ന് പറയരുത്. നിങ്ങളുടെ ധനകാര്യ ലക്ഷ്യങ്ങളെ നേടിയെടുക്കാൻ സഹായിക്കുന്ന നിക്ഷേപ ഉപകരണമാണോ എന്നു കൂടി പരിശോധിക്കണം. അതിനുശേഷം വേണം നിക്ഷേപം നടത്താൻ.

5. കടങ്ങൾ ഒഴിവാക്കി നിർത്താം

കടങ്ങളെ ഒഴിവാക്കി നിർത്തുക എന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
കടങ്ങൾ കഴിവതും ഒഴിവാക്കണമെന്നു പറയുന്പോൾ നല്ല കടവും ചീത്തകടവുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക. നല്ല കടമെന്നു പറഞ്ഞാൽ ആസ്തി സൃഷ്ടിക്കുന്നതിനുവേണ്ടി എടുക്കുന്ന കടമാണ്.

ഉദാഹരണത്തിന് വീട് വാങ്ങുന്നതിനുള്ള വായ്പ. ഇത് നല്ല കടമാണ്. ഇതിന്‍റെ പലിശയ്ക്കു നികുതിയിളവും കിട്ടും. വീടിന് മൂലധന വളർച്ചയുമുണ്ടാകും.

ചീത്തക്കടമെന്താണെന്നു നോക്കാം. വ്യക്തിഗത വായ്പ എടുക്കുന്നു. അതുപയോഗിച്ചു ഷോപ്പിംഗ് നടത്തുന്നു; ഉപഭോക്തൃവസ്തുക്കൾ വാങ്ങുന്നു... തുടങ്ങിയവ. മിക്കവരേയും കടക്കെണിയിലേക്കു നയിക്കുന്നത് അനിയന്ത്രിതമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകളാണ്.

ഇവിടെ ചെയ്യാവുന്നത് ക്രെഡിറ്റ് കാർഡ് ആവശ്യത്തിനു മാത്രം ഉപയോഗിക്കുക എന്നതാണ്. നിരവധി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ക്രെഡിറ്റ് കാർഡിൽ കുടിശിക വരുത്താതിരിക്കുക. പറഞ്ഞിരിക്കുന്ന തീയതിക്കു മുന്പേ ക്രെഡിറ്റ് തുക അടച്ചു തീർക്കുക.

ഒന്നിൽ കൂടുതൽ ലോണുകൾ എടുക്കാതിരിക്കാൻ ശ്രമിക്കുക. എടുക്കുകയാണെങ്കിൽ തന്നെ ഇഎംഐ എടുത്താൽ തിരിച്ചടക്കാനുള്ള ശേഷി ഉണ്ടോ എന്ന് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ്. വരുമാനത്തിന്‍റെ 40 ശതമാനത്തിൽ താഴെ ഇഎംഐ നിർത്തുവാൻ ശ്രമിക്കുക.

ഇത്രയും കാര്യങ്ങൾ ആസൂത്രണം ചെയ്തു വേണം നിക്ഷേപം നടത്താൻ. എവിടെ നിക്ഷേപിക്കണം എന്ന് ഉപദേശിക്കാൻ നിരവധി പേരുണ്ടാകും. സാന്പത്തിക ഉപദേശകരോട് അഭിപ്രായങ്ങൾ ചോദിക്കാം. പക്ഷേ, പണം സ്വന്തം അദ്ധ്വാനത്തിന്‍റെ ഫലമാണെന്ന് ഓർത്തുവേണം നിക്ഷേപം നടത്താൻ. അതിനാൽ തങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾക്കനുസൃതമായിട്ടുള്ള നിക്ഷേപ ഉപകരണങ്ങൾ മാത്രം നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക.