വീണ്ടുമൊരു ഞാറ്റുവേലക്കാലം; നട്ടുവളർത്താം ശാസ്ത്രീയമായി
വീണ്ടുമൊരു ഞാറ്റുവേലക്കാലം; നട്ടുവളർത്താം ശാസ്ത്രീയമായി
Saturday, June 10, 2017 4:07 AM IST
മലയാളക്കരയിൽ കാർ ഷികവർഷത്തിന് തിരശീല ഉയരുന്നത് മേടമാസം ഒന്നാം തീയതി. മേടത്തിൽ ആരംഭിച്ച് മീനത്തോടെ അവസാനിക്കുന്ന ഒരു കാർഷിക വർഷത്തെ നമ്മുടെ പൂർവികർ ശരാശരി പതിമൂന്നര ദിവസം ദൈർഘ്യമുള്ള ഇരുപത്തിയേഴു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ ഓരോ ഭാഗവും ഓരോ ഞാറ്റുവേലയാണ്. അശ്വതി, ഭരണി, കാർത്തിക തുടങ്ങി രേവതിയിൽ അവസാനിക്കുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ പേരുകളിലാണ് ഈ ഞാറ്റുവേലകൾ അറിയപ്പെടുന്നത്. മേടം ഒന്നിന് അശ്വതി ഞാറ്റുവേലയോടെ ആരംഭിക്കുന്ന കാർഷികവർഷം മീനമാസാവസാനം രേവതി ഞാറ്റുവേലയോടെ അവസാനിക്കുന്നു. വരണ്ടുണങ്ങിയ മണ്ണിന്‍റെ മാറിലേക്ക് മഴത്തുള്ളികൾ പൊഴിയുന്നതോടെ സമാഗതമാകുന്ന ഞാറ്റുവേലക്കാലം കേരളത്തിൽ വിവിധകാർഷിക പ്രവർത്തനങ്ങളുടെ തുടക്കകാലം കൂടിയാണ്. മണ്ണിൽ തൊടുന്ന ഏതു തണ്ടും നടുതലയും വിത്തും സുഷുപ്തിയിൽ നിന്നുണർന്ന് താരും തളിരും ചൂടുന്ന ധന്യമൂഹൂർത്തം. വിവിധ വിളകളുടെ കൃഷി ആരംഭിക്കാൻ ഏറ്റവും ഉചിതമാണ് ഞാറ്റുവേലക്കാലം എന്ന് നമ്മുടെ പൂർവികർ സ്വന്തം അനുഭവസാക്ഷ്യത്തിന്‍റെ വെളിച്ചത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. വിത്തു പാകുന്നതും ഞാറു നടുന്നതും പൊടിയിൽ വിത്തിടുന്നതും എള്ളു വിതയ്ക്കുന്നതും നാളികേരം പാകുന്നതും വളം ചെയ്യുന്നതുമെല്ലാം ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയായിരുന്നു.

സായിപ്പും സാമൂതിരിയും

സായിപ്പ് കുരുമുളകുവള്ളിയല്ലേ കൊണ്ടുപോയുള്ളൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോയില്ലല്ലോ?

കേരളത്തിന്‍റെ സുഗന്ധവിളസന്പത്തിൽ ദുരാഗ്രഹം പൂണ്ടെത്തിയ വിദേശികൾ കറുത്ത പൊന്നിന്‍റെ മഹത്വം കണ്ടന്പരന്ന് ആകൃഷ്ടരായി ഒടുവിൽ കുരുമുളകുവള്ളി തന്നെ വിദേശത്തേക്ക് കൊണ്ടുപോയതിനെച്ചൊല്ലി ആധി പിടിച്ച മന്ത്രിയോട് കോഴിക്കോട്ടെ സാമൂതിരിയാണ് ഇതു ചോദിച്ചത്. കഥ തെല്ല് പഴയതാണെങ്കിലും ഇന്നും ഇതിന്‍റെ പ്രാധാന്യം കുറഞ്ഞിട്ടില്ല. എല്ലാ ഫലസസ്യങ്ങളും നടുതലകളും നടാൻ പറ്റിയ ഞാറ്റുവേലയുടെ, പ്രത്യേകിച്ച് തിരുവാതിര ഞാറ്റുവേലക്കാലത്തിന്‍റെ പ്രസക്തിയിലേക്കാണിത് വിരൽ ചൂണ്ടുന്നത്. മിഥുനം ഏഴു മുതൽ 21 വരെയുള്ള ദിവസങ്ങളാണ് തിരുവാതിര ഞാറ്റുവേലക്കാലം. (ജൂണ്‍ 21 മുതൽ ജൂലൈ അഞ്ചു വരെ). മകയിരം ഞാറ്റുവേലയിൽ തിമിർത്തുപെയ്യുന്ന മഴ തിരുവാതിര ഞാറ്റുവേലയിൽ അല്പം ശമിക്കും. ഇടവിട്ടു പെയ്യുന്ന മഴയും ഇടയ്ക്ക് തെളിയുന്ന വെയിലുമാണ് ഇതിന്‍റെ പ്രത്യേകത. കുരുമുളകു കൃഷിക്കും ഉത്പാദനത്തിനും തിരുവാതിര ഞാറ്റുവേലയോളം പോന്ന മറ്റൊരു കാലമില്ല. ഈ ഞാറ്റുവേലയുണ്ടെങ്കിലേ കുരുമുളകു കൊടി വേരുപിടിക്കൂ. കുരുമുളകു മാത്രമല്ല ഏതാണ്ടെല്ലാ വിളകളും നടുന്നതിന് ഈ സമയം തന്നെയാണുത്തമം.

ഇനം പാതി, പരിപാലനം പാതി

കാർഷികവിള ഏതായാലും മികച്ച നടീൽ വസ്തു തെരഞ്ഞെടുക്കുന്നതും യഥാസമയം നട്ടുനനച്ചു വളർത്തുന്നതും ശരീയായ പരിപാലനമുറകൾ കൃത്യമായി അനുവർത്തിക്കുന്നതും തുല്യപ്രാധാന്യമർഹിക്കുന്നു. പ്രത്യേകിച്ച് തലമുറകളോളം നിന്ന് വിളവും തണലും തരേണ്ട ദീർഘകാല വൃക്ഷവിളകൾ. നടുന്പോൾ തന്നെ യാതൊരു പാകപ്പിഴയും വരാതെ ശ്രദ്ധിക്കണം. സാധാരണയായി തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിക്കുന്ന ഈ സമയമാണ് ഫലവൃക്ഷങ്ങൾ നടുന്നതിനും ഏറ്റവും യോജിച്ച സമയം.

അനുയോജ്യമായ സമയത്ത് വേണ്ടത്ര വലിപ്പമുള്ള കുഴികൾ നിർദ്ദിഷ്ട അകലത്തിനെടുത്ത് ഗുണമേ·യുള്ള തൈകൾ നടണം. തണൽ, താങ്ങ്, നന തുടങ്ങിയ പരിചരണങ്ങൾ കൃത്യമായി നൽകണം. തൈകൾ നന്നായി പിടിച്ചു കിട്ടുന്നതുവരെ അവയെ ചിതലിൽ നിന്നും ഉറുന്പിൽ നിന്നും സംരക്ഷിക്കണം. കുഴികൾ നേരത്തെ തന്നെ തയാറാക്കി ഒരു മാസക്കാലം വെയിൽ കൊള്ളിച്ചാൽ രോഗ-കീടബാധ കുറഞ്ഞിരിക്കും.

തെങ്ങ്

പത്താമുദയത്തിന് ഒരു ചുവട് തെങ്ങിൻ തൈയെങ്കിലും നടുകയെന്നത് നമ്മുടെ പരന്പരാഗത കൃഷിസന്പ്രദായമാണ്. പത്താമുദയത്തിന് തൈ വച്ചാൽ പത്തിരട്ടി പുഷ്ടിയെന്നാണ് പഴയ കർഷകർ പറയുന്നത്. വേനൽമഴയുടെ ഈർപ്പത്തിൽ വേരോടുന്ന തൈ രണ്ടോ മൂന്നോ ഇടമഴ കിട്ടുന്പോഴേക്കും ഇരട്ടി കരുത്തോടെ വളർന്നു കഴിഞ്ഞിരിക്കും. ഇങ്ങനെ തൈ നടുന്പോൾ ഒരു കൂവയും തെങ്ങിൻ ചുവട്ടിൽ നട്ടിരുന്നു. വേരുതീനിപ്പുഴുവിന്‍റെയും ചിതലിന്‍റെയും ഒക്കെ ശല്യം ഒഴിവാക്കാനുള്ള ഒരു തന്ത്രമായിരുന്നു ഇത്.

ജൂണ്‍ മുതൽ ഓഗസ്റ്റ് വരെ തെങ്ങിൻ തൈ നടീൽ തുടരാം. 7.5-ഒന്പതു മീറ്റർ അകലത്തിൽ ഒന്പത്-12 മാസം പ്രായമായ തൈകൾ 100 സെന്‍റീ മീറ്റർ സമചതുരത്തിലും ആഴത്തിലുമുള്ള കുഴികളിൽ നടാം. തീരപ്രദേശങ്ങളിൽ മണൽ മണ്ണിൽ 75 ഃ 75 ഃ 75 സെന്‍റീ മീറ്റർ വലിപ്പത്തിലും ചെങ്കൽ പ്രദേശങ്ങളിൽ 120 ഃ 120 ഃ 120 സെന്‍റീ മീറ്റർ വലിപ്പത്തിലും കുഴിയെടുക്കാം. തൈകൾക്ക് നാലു ദിവസത്തിലൊരിക്കൽ 45 ലിറ്റർ വീതം വേനൽക്കാലത്ത് വെള്ളമൊഴിക്കണം. തുലാവർഷം കഴിയുന്പോൾ പച്ചിലകളോ കരിയിലയോ ഉപയോഗിച്ച് പുതയിടാം. ഇത് മണ്ണിൽ ഈർപ്പം നിലനിർത്തും. വളക്കൂറും വർധിപ്പിക്കും.

മാവും പ്ലാവും

മലയാളക്കരയുടെ സ്വന്തം ഫലവൃക്ഷങ്ങളാണ് മാവും പ്ലാവും. ഇവയെ മറുന്നുകൊണ്ടുള്ള ഒരു ഞാറ്റുവേലക്കാലവും അർഥപൂർണമാകില്ല. ഒന്പതു മീറ്റർ അകലത്തിൽ 100 ഃ 100 ഃ 100 സെന്‍റീ മീറ്റർ വലിപ്പമുള്ള കുഴികൾ ഏപ്രിൽ-മേയിൽ എടുത്തിടണം. ഒരു വർഷം പ്രായമുള്ള ഒട്ടുതൈ മേയ്-ജൂണിൽ മഴ തുടങ്ങുന്നതോടെ നടാം. മേൽമണ്ണും കുഴിയൊന്നിന് 10 കിലോഗ്രാം കാലിവളവും ചേർത്ത് കുഴി നിറയ്ക്കുക. ഒട്ടുതൈകതൾ അവ പോളിത്തീൻ സഞ്ചികളിലോ, ചട്ടികളിലോ നട്ടിരുന്ന അതേ ആഴത്തിൽ കുഴി നിറച്ച ഭാഗത്തിന്‍റെ മധ്യഭാഗത്ത് ചെറിയ കുഴിയെടുത്ത് നടുക. വൈകുന്നേരം വേണം നടാൻ. തൈയുടെ ഒട്ടുസന്ധി മണ്‍നിരപ്പിന് മുകളിലായിരിക്കണം തൈകൾക്ക് താങ്ങു കൊടുക്കണം. ഒട്ടിച്ച ഭാഗത്തിനു താഴെ റൂട്ട് സ്റ്റോക്കിൽ നിന്ന് മുളയ്ക്കുന്ന നാന്പുകൾ അപ്പപ്പോൾ നുള്ളിക്കളയണം.

നല്ല ഒട്ടുപ്ലാവിൻ തൈകൾ ഒരു വർഷം പ്രായമായത്, കാലവർഷാരംഭത്തോടെ 12-15 മീറ്റർ വരെ അകലത്തിൽ 60 ഃ 60 ഃ 60 സെന്‍റീ മീറ്റർ വലിപ്പമുള്ള കുഴികളിൽ നടണം. മേൽമണ്ണും കുഴിയൊന്നിന് 10 കിലോ കാലിവളവും ചേർത്ത് കുഴി നിറയ്ക്കണം. തൈകളുടെ ഒട്ടുഭാഗം മണ്‍ നിരപ്പിനു മുകളിൽ നിൽക്കണം. വേനൽക്ക് നനയ്ക്കണം. പുതയിടുകയും വേണം.

പേര

പേര നടാൻ അനുയോജ്യമാണ് ജൂണ്‍-ജൂലൈ മാസം. ആറുമീറ്റർ അകലത്തിൽ 100 സെന്‍റീമീറ്റർ സമചതുരത്തിലും ആഴത്തിലും കുഴികളെടുക്കുക. മേൽമണ്ണും ചാണകവും ചേർത്ത മിശ്രിതം കൊണ്ട് കുഴികൾ നിറച്ച് കുഴിയുടെ മധ്യഭാഗത്ത് പതിവച്ച തൈകൾ നടുക. താങ്ങ് കൊടുക്കണം. പുതയിടണം.

സപ്പോട്ട

മേയ്-ജൂണ്‍ മാസമാണ് സപ്പോട്ട നടാൻ പറ്റിയ സമയം. കനത്ത മഴയത്ത് നടീൽ ഒഴിവാക്കണം. 7-8 മീറ്റർ അകലത്തിൽ 60 ഃ 60 ഃ 60 സെന്‍റീമീറ്റർ വലിപ്പമുള്ള കുഴികളിൽ ഒട്ടുതൈകൾ നടാം. ഒട്ടിച്ച ഭാഗത്തിനു താഴെ നിന്നു വരുന്ന നാന്പുകൾ അപ്പപ്പോൾ നുള്ളിക്കളയണം.

ഇതുപോലെ തന്നെ ജാന്പ, പപ്പായ തുടങ്ങിയ ഫലസസ്യങ്ങളും ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാത്ത വിധം തടമൊരുക്കി നടാം. പപ്പായ 50 ഃ 50 ഃ 50 സെന്‍റീമീറ്റർ വലിപ്പമുള്ള കുഴിയിൽ നടണം. രണ്ടു തൈ വീതം നടാം.

കൊക്കോ

തെങ്ങിൻതോപ്പിലും കവുങ്ങിൻ തോപ്പിലും ഇടവിളയായി കൊക്കോ വളർത്താം. തെങ്ങിൻ തോപ്പിൽ രണ്ടുവരി തെങ്ങിനു നടുവിൽ 8 മീറ്ററിൽ കൂടുതൽ അകലം ഉണ്ടെങ്കിൽ രണ്ടുവരി കൊക്കോ നടാം. കവുങ്ങിൻ തോപ്പിൽ ഒന്നിടവിട്ട വരികളിൽ നാല് കവുങ്ങുകളുടെ നടുക്ക് ഒരു കൊക്കോ നടാം. 50 ഃ 50 ഃ 50 സെന്‍റീമീറ്റർ വലിപ്പമുള്ള കുഴികൾ നടീലിന് ഒരു മാസം മുന്പു തന്നെ തയാറാക്കണം. മേൽമണ്ണും 15-20 കിലോഗ്രാം കാലിവളവും കൊണ്ട് കുഴി നിറച്ച് തൈകൾ നടാം. നനയ്ക്കാൻ സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ മഴക്കാലത്തിന്‍റെ തുടക്കമാണ് തൈകൾ നടാൻ യോജിച്ച സമയം.

ജാതി

ഒരു വയസുള്ള ജാതിത്തൈ കൾ മഴയുടെ തുടക്കത്തിൽ 8 ഃ 8 മീറ്റർ അകലത്തിൽ 90 ഃ 90 ഃ 90 സെന്‍റീമീറ്റർ വലിപ്പമുള്ള കുഴികൾ തയാറാക്കി മേൽമണ്ണും ഉണക്കി പ്പൊടിച്ച കാലിവളവും ചേർത്തു നടാം. ജാതിക്ക് തണൽ നിർബ ന്ധമാണല്ലോ. അതിനാൽ മുരിക്ക് പോലുള്ള തണൽമരങ്ങൾ നേര ത്തെ നടണം. തൈകളുടെ ആദ്യവളർച്ചാഘട്ടത്തിൽ വാഴ നട്ടാൽ തണലിനു പുറമെ വരുമാനവും ഉറപ്പ്.

ഗ്രാന്പൂ

മേയ്-ജൂണ്‍ മാസമാണ് ഗ്രാന്പൂവിന്‍റെയും നടീൽക്കാലം. കാപ്പി, കവുങ്ങ്, തെങ്ങ്, ജാതി, വാഴ എന്നിവയുടെ തോട്ടങ്ങളിൽ ഇടവിളയായാണ് ഗ്രാന്പു നടുക. 18 മാസം പ്രായമായ കരുത്തുള്ള തൈകൾ 6 ഃ 6 മീറ്റർ അകലത്തിൽ 60 ഃ 60 ഃ 60 സെന്‍റീ മീറ്റർ വലിപ്പ മുള്ള കുഴികളിൽ മേൽ മണ്ണും മണലും ചാണകപ്പൊടിയും കലർത്തിയ മിശ്രിതം നിറച്ചു നടണം.


കറുവ

സ്ഥലലഭ്യതയനുസരിച്ച് ഒന്നു- രണ്ടു വർഷം പ്രായമായ കറുവ ത്തൈകളും നടാം. 2ഃ2 മീറ്റർ അകലത്തിൽ 60 ഃ60 ഃ 60 സെന്‍റീ മീറ്റർ വലിപ്പമുള്ള കുഴികളിൽ മഴയുടെ തുടക്കത്തിലേ തൈ നടണം. കുഴികൾ നേരത്തെ എടുത്തിടുന്നതാണു നല്ലത്. ചാണകപ്പൊടിയോ കന്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് കുഴി നിറച്ചാണ് തൈ നടേണ്ടത്.

സർവസുഗന്ധി

കേരളത്തിൽ സുഗന്ധവിളയായ സർവസുഗന്ധിക്കും (ഓൾ സ്പൈസ്) ഇപ്പോൾ പ്രചാര മുണ്ട്. നടുന്നതിന് ഒരു മാസം മുന്പ് 60 ഃ 60 ഃ 60 സെന്‍റീ മീറ്റർ വലിപ്പമുള്ള കുഴികൾ 6 ഃ 6 മീറ്റർ അകലത്തിൽ എടുക്കുക. വിത്തു മുളപ്പിച്ച തൈകൾ ആറുമാസം പ്രായത്തിലാണ് നടുന്നത്. നടുന്നതിനു മുന്പ് മേൽമണ്ണും കാലിവളവും ചേർത്ത മിശ്രിതം കൊണ്ട് കുഴികൾ നിറയ്ക്കണം.

കുടംപുളി

വീട്ടുവളപ്പിൽ സ്ഥലമുണ്ടെ ങ്കിൽ കുടംപുളിത്തൈയും നടാം. സാധാരണ തെങ്ങിൻ തോപ്പിലും കവുങ്ങിൻ തോപ്പിലും ഇടവിള യായി നടാറാണ് പതിവ്. കുടന്പുളി ഒറ്റവിളയായി നടുന്പോൾ 10 മീറ്റർ അകലത്തിൽ 100 ഃ 100 ഃ 100 സെന്‍റീ മീറ്റർ വലിപ്പമുള്ള കുഴികളും ഇടവിളയായി നടു ന്പോൾ 7 ഃ 7 മീറ്റർ അകലവും വേണം. ഒട്ടുതൈകൾക്ക് 4 ഃ 4 മീറ്റർ അകലം മതി. ഒട്ടു ഭാഗം മണ്ണിനു മുകളിൽ ആയിരിക്കണം. ഒട്ടുഭാഗത്തിന് താഴെ നിന്നു വരുന്ന നാന്പുകൾ അപ്പപ്പോൾ തന്നെ നുള്ളിക്കളയണം.

ഇഞ്ചി, മഞ്ഞൾ

നീർവാർച്ചയുള്ള സ്ഥലങ്ങൾ പുതുമഴയോടെ ഉഴുത് ഒരു മീറ്റർ വീതിയും 25 സെന്‍റീ മീറ്റർ ഉയരവും ആവശ്യത്തിന് നീളവു മുള്ള തടങ്ങൾ കോരി ഇഞ്ചിയും മഞ്ഞളും നടാം. നന്നായി പാകമായ മഞ്ഞൾ വേണം നടാൻ. അഞ്ച് സെന്‍റീമീറ്റർ വരെ നീളവും 15 ഗ്രാം തൂക്കവുമുള്ള ഓരോ മുകുളവുമുള്ള ഇഞ്ചിക്കഷ ണങ്ങൾ നടാം. ചെടികൾ തമ്മിലും വരികൾ തമ്മിലും 25 സെന്‍റീ മീറ്റർ അകലത്തിൽ ചെറുകുഴികളെടുത്ത് ചാണക പ്പൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത് ഒന്നോ രണ്ടോ മുകുളം മുകൾഭാഗത്ത് വരും വിധം നടാം. മിത്രകുമിളായ ട്രൈക്കോ ഡെർമ ചാണകത്തോ ടൊപ്പം കുഴിയിൽ ചേർക്കുന്നത് കുമിൾ രോഗങ്ങൾ തടയും. പച്ചില ഉപയോഗിച്ച് പുതയിടുന്നത് ഇഞ്ചിക്കും മഞ്ഞ ളിനും നല്ല താണ്. നട്ട് 45-ാം ദിവസവും 90-ാം ദിവസവുമാണ് പുതയിടേണ്ടത്. തടത്തിൽ ചൂടേൽക്കാതിരിക്കാ നും മണ്ണൊലിപ്പ് തടയാനും ജൈ വാംശം വർധിപ്പിക്കാനും ഇതു സഹായിക്കും.

വരദ, രജത, മഹിമ എന്നിവ മികച്ച ഇഞ്ചി ഇനങ്ങളും കാന്തി, ശോഭ, സോന, വർണ്ണ എന്നിവ മികച്ച മഞ്ഞൾ ഇനങ്ങളുമാണ്.

നടുതലകൾ നിരവധി

മരച്ചീനി

മഴക്കാലത്തിന്‍റെ തുടക്ക ത്തിൽ മരച്ചീനി നടാം. കന്പിന്‍റെ താഴത്തെ 10 സെന്‍റീ മീറ്ററും മുകളിലത്തെ 30 സെന്‍റീ മീറ്ററും ഒഴിവാക്കി വേണം നടാൻ കന്പ് തെരഞ്ഞെടുക്കാൻ. 15-20 സെന്‍റീമീറ്റർ നീളത്തിൽ മുറിച്ച മരച്ചീനി കന്പ് 4-5 സെന്‍റീമീറ്റർ താഴാതെ ഒരു കൂനയിൽ ഒന്ന് എന്ന തോതിൽ കുത്തനെ നടുക. 90 ഃ 90 സെന്‍റീമീറ്റർ അകലം. ഒരു കൂനയ്ക്ക് ഒരു കിലോ ചാണക പ്പൊടി എന്നതാണു കണക്ക്.

ഇരുപത്തഞ്ചു വർഷത്തിനു മേൽ പ്രായമുള്ള തെങ്ങിൻ തോപ്പി ൽ മരച്ചീനി ഇടവിളയായി കൃഷി ചെയ്യാം. കൽപക, ശ്രീവിശാഖ്, ശ്രീ സഹ്യ തുടങ്ങിയവ ഈ വിധം കൃഷി ചെയ്യാം. ഇവ കീട-രോഗ പ്രതിരോധശേഷിയുള്ളതാണ്.

മധുരക്കിഴങ്ങ്

മഴക്കാലത്തിന്‍റെ ആരംഭത്തോ ടെയാണ് പൊതുവെ മധുരക്കിഴ ങ്ങുകൃഷി തുടങ്ങുന്നത്. 75ഃ75 സെന്‍റീ മീറ്റർ അകലത്തിലുള്ള കൂനയിൽ 20-25 സെന്‍റീ മീറ്റർ നീളമുള്ള വള്ളികൾ നട്ടുവള ർത്താം. എച്ച്-41, എച്ച് -42, ശ്രീനന്ദിനി, ശ്രീവർധിനി, ശ്രീര ത്ന, ശ്രീഭദ്ര, ശ്രീ അരുണ്‍, ശ്രീവരുണ്‍, കാഞ്ഞങ്ങാട് എന്നിവ പ്രധാന ഇനങ്ങളാണ്.

കാച്ചിൽ

കാച്ചിൽ കൃഷിയും തുടങ്ങാം. കാച്ചിൽ കിഴങ്ങിന്‍റെ മോടുഭാഗ ത്തിന്‍റെ അംശം എല്ലാ വിത്തിലും വരത്തക്കവിധത്തിലും ഭാരം 150 മുതൽ 200 ഗ്രാം വരത്തക്ക വിധവും മുറിക്കുക. ഇവ ചാണക പ്പാലിൽ മുക്കി തണലത്തുണക്കി വിത്തു കാച്ചിൽ തയാറാക്കാം. ഇങ്ങനെ തയാറാക്കിയ വിത്ത് 1 ഃ 1 മീറ്റർ അകലത്തിലെടുത്ത 45 ഃ 45 ഃ 45 സെന്‍റീ മീറ്റർ വിസ്തീർണമുള്ള കുഴിയിൽ നടുക. നടുന്നതിനു മുന്പ് ഈ കുഴികളിൽ മേൽമണ്ണും ജൈവ വളവും, നട്ടശേഷം കരിയില കൊണ്ട് പുതയും കൊടുക്കാം. മുളച്ചു വരുന്പോൾ നല്ല സൂര്യ പ്രകാശം ലഭിക്കുന്ന രീതിയിൽ പടർത്തണം.

ചേന

ചേനവിത്ത് തയാറാക്കാൻ ഏകദേശം ഒരു കിലോഗ്രാം ഭാരവും ഒരു മുകുളമെങ്കിലുമുള്ള കഷണങ്ങളാക്കി മുറിക്കണം. ഇവ ചാണകപ്പാലിൽ മുക്കി തണല ത്തുണക്കിയെടുക്കുക. 90 ഃ 90 സെന്‍റീ മീറ്റർ അകലത്തിൽ മേൽമണ്ണും ജൈവവളവുമിട്ട് 60 ഃ 60 ഃ 45 സെന്‍റീമീറ്റർ വിസ്തീർ ണമുള്ള കുഴിയിൽ വേണം നടാൻ. ചാണകത്തിൽ മുക്കി വിത്തുചേന കുഴിയിൽ നട്ട് ഉണങ്ങിയ ഇലകൾ കൊണ്ട് നട്ട തടം മൂടണം. 8-9 മാസം മൂപ്പുള്ള ശ്രീപത്മ മുന്തിയ ഇനം ചേനയാണ്.

കൂർക്ക

കിഴങ്ങുകളിൽ നിന്ന് മുളച്ചു വരുന്ന കന്നുകളാണ് കൂർക്കയിൽ നടാൻ ഉപയോഗിക്കുക. മുളപ്പിച്ച തൈകൾ 30 സെന്‍റീമീറ്റർ അകല ത്തിലും ഉയരത്തിലുമെടുത്ത വാരങ്ങളിൽ 20 സെന്‍റീ മീറ്റർ ഇടവിട്ടു നട്ട് മണ്ണിട്ടു മൂടുക. 45 ദിവസം കഴിയുന്പോൾ കളമാറ്റി ഇടകിളച്ച് മണ്ണിട്ടു കൊടുക്കണം. ശ്രീധര, നിധി എന്നിവ മികച്ച ഇനങ്ങളാണ്.

മഴപ്പേടി വേണ്ട, മഴമറയുണ്ടല്ലോ

കേരളത്തിലെ മഴക്കാലം ഒരേസമയം കൃഷിക്ക് അനുഗ്ര ഹവും ശാപവുമായി മാറാറുണ്ട്. മഴയെ ആശ്രയിച്ചാണ് നമ്മുടെ ഒട്ടുമിക്ക വിളകളുടെയും കൃഷിയെ ങ്കിലും മഴക്കാലം പച്ചക്കറികൃഷി ചിലപ്പോഴെങ്കിലും ദുഷ്കര മാക്കും. വെള്ളക്കെട്ടും കുമിൾ ബാധയും നിമിത്തം പല വിളകളു ടെയും കൃഷി ബുദ്ധിമുട്ടി ലാകും. എന്നാൽ ശക്തമായ മഴയിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ പാകത്തി നുള്ള ഒരു സംവിധാനം ഒരുക്കാ നായാൽ കനത്ത മഴക്കാല ത്തും നമുക്ക് വിവിധ തരം പച്ചക്കറികൾ ആശങ്കയില്ലാതെ കൃഷി ചെയ്യാം. ഈ സുരക്ഷാ സംവിധാന ത്തിനാണ് മഴമഴ എന്നു പറയു ന്നത്. സുതാര്യമായ പോളിത്തീൻ ഷീറ്റു കൊണ്ട് ആവരണം ചെയ്ത ഗ്രീൻഹൗസാണ് മഴമറ.

ചെലവു കുറഞ്ഞ രീതിയിൽ നിർമിച്ച മഴമറ ഒരു അടുക്കള ത്തോട്ടമാക്കിയും മാറ്റാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും വെള്ളം കെട്ടി നിൽക്കാത്തതുമായ നിരപ്പായ സ്ഥലം മഴമറ തയാറാ ക്കാൻ തെരഞ്ഞെടുക്കുക.

ഒരു സെന്‍റ് വിസ്തൃതിയുള്ള ഒരു പോളിഹൗസ് നിർമിക്കാൻ തെക്കുവടക്കു ദിശയിലായി എട്ടു മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമുള്ള ദീർഘചതുരാ കൃതിയിലുള്ള സ്ഥലം നോക്കുക. മേൽക്കൂരയുടെ മധ്യഭാഗത്തിന് ഉയരം 4-4.25 മീറ്റർ വരെയും വശങ്ങളിലെ ഉയരം 2-2.5 വരെയും ആകാം. എട്ടു മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമുള്ള ഒരു സെന്‍റ് സ്ഥലത്ത് ഷെഡ് നിർമി ക്കുന്പോൾ, നീളം താങ്ങാൻ 2.5 മീറ്റർ അകലത്തിൽ മുളങ്കാലുകൾ വേണം. മേൽക്കൂരക്കായി ഓരോ മുളകൾകൂടി വച്ചു കെട്ടിയാൽ ഷെഡിന്‍റെ ചട്ടക്കൂട് തയാറായി. മഴവെള്ളം കെട്ടി നിൽക്കാതെ സ്വതന്ത്രമായി ഒഴുകിപ്പോകാൻ രണ്ടുവശത്തേക്കും ചരിച്ച് ഢ ആകൃതിയിൽ നിർമിക്കുന്ന മേൽക്കൂരയാണനുയോജ്യം. മേൽക്കൂര മൂടാൻ 200 മൈക്രോണ്‍ ഘനയുള്ള സുതാര്യമായ യു.വി. സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റ് ഉപയോഗിക്കണം.

ഏഴു മീറ്റർ വിതിയിലും ഒന്പതു മീറ്റർ വീതിയിലും വിപണിയിൽ ലഭി ക്കുന്ന യു.വി. ഷീറ്റിന് വില ചതുരശ്രമീറ്ററിന് 52-55 രൂപ വരെയാണ്. ചെന്പുകന്പിയോ കയറോ ഉപയോഗിച്ച് ഷീറ്റ് ചട്ടക്കൂടുമായി ചേർത്ത് തുന്നി വച്ചാൽ ഒരു ചെറിയ കുടുംബത്തി നാവശ്യമായ ഒരു സെന്‍റ് വിസ്തൃ തിയും വായുസഞ്ചാരവുമുള്ള മഴമറ റെഡിയായി. ഷെഡിന്‍റെ നാലുവശവും തുറന്നിടാം. പക്ഷി -മൃഗാദികളിൽ നിന്ന് വിളകളെ രക്ഷിക്കാൻ വശങ്ങളിൽ താഴെ നിന്ന് ഒരു മീറ്റർ ഉയരത്തിൽ നേർത്ത കണ്ണിയുള്ള ഇരുന്പുവല യോ തണൽവലയോ കെട്ടണം.

ഒരു സെന്‍റ് സ്ഥലത്ത് മഴമറ തീർക്കാൻ സാമഗ്രികളും നിർമാണ ച്ചെലവും ഉൾപ്പെടെ ആകെ 62,00 രൂപയാണ് ചെലവ്. ഇതിന് പ്രാദേശികമായി ചെറിയ ഏറ്റക്കുറ ച്ചിലുകൾ വന്നേക്കാം.

5000 മുതൽ 7000 രൂപ എന്നു കണക്കാക്കാം. തണൽവലകൾക്കു പകരം കൊതു കുവല പോലെ വായു കടക്കുന്ന ഇഴയടുപ്പമുള്ള വലകളും ഉപയോ ഗിക്കുന്നതിൽ തെറ്റില്ല. ആധുനിക മഴമറകൾ വേണമെങ്കിൽ അതും റെഡി. ഇനി നടീലിന് ഒരുങ്ങി ക്കോളൂ. ഫോണ്‍- 9446306909.

സുരേഷ് മുതുകുളം
റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ
ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം