പോക്കിരി സൈമണ്‍
പോക്കിരി സൈമണ്‍
Sunday, May 7, 2017 3:05 AM IST
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകൻ. ഡാർവിന്‍റെ പരിണാമത്തിനു ശേഷം ജിജു ആന്‍റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ സൈമണായി എത്തുന്നത് സണ്ണി വെയ്നാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആൻ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങൾക്കു ശേഷം സണ്ണി വെയ്ൻ നായകനാകുന്ന ചിത്രമാണ് ഇത്.

വിജയ് ആരാധകനായ സൈമണിലൂടെയും അവന്‍റെ പ്രണയത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്.

മകൻ ഒരു സർക്കാർ ജോലിക്കാരനായി കാണാനാഗ്രഹിച്ചിരുന്ന സൈമണിന്‍റെ പിതാവ് കോണ്‍സ്റ്റബിൾ യേശുദാസിന്‍റെ സ്വപ്നങ്ങളെ പാടേ തകിടം മറിക്കുന്നതായിരുന്നു സൈമണിന്‍റെ ഈ താരാരാധന.
തന്‍റെ പ്രിയതാരത്തിന്‍റെ ആരാധികയെ മാത്രമേ തന്‍റെ ജീവിതസഖിയാക്കൂ എന്നു കരുതിയിരുന്ന സൈമണിന് അതിന് അനുസരിച്ചുള്ള ഒരു പെണ്‍കുട്ടിയെ കാണാനിടയായി. ദീപ. ഈ കഥാപാത്രമായി എത്തുന്നത് പ്രയാഗ മാർട്ടിനാണ്. എന്നാൽ കാര്യങ്ങൾ ഈസിയായി നടക്കും എന്ന കരുതിയിരിക്കുന്പോഴാണ് കാര്യങ്ങ അത്ര പന്തിയല്ലെന്ന് സൈമണ്‍ മനസിലാക്കുന്നത്.


ഈ ചിത്രത്തിനു രചന നിർവഹിക്കുന്നത് അന്പാടി കെ ആണ്. ശ്രീവരി ഫിലിംസിന്‍റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമിക്കുന്ന ഈ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. ശ്രീവരി ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

തികച്ചും ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നെടുമുടി വേണു, സൈജു കുറുപ്പ്, ഗ്രിഗറി, ശരത്, ബിറ്റോ, അശോകൻ, ബൈജു, ഷമ്മി തിലകൻ, ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്നുണ്ട്. പാപ്പിനു ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിക്കുന്നു. ഹരി നാരായണന്‍റെ ഗാനങ്ങൾക്ക് ഗോപിസുന്ദർ ഈണം പകർന്നിരിക്കുന്നു.
വാഴൂർ ജോസ്