നടുവേദനയെ പേടിക്കേണ്ട?
നടുവേദനയെ പേടിക്കേണ്ട?
Tuesday, May 2, 2017 12:45 AM IST
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന അഥവാ ലോ ബാക്ക് പെയ്ൻ. വൃദ്ധരിലും മധ്യവയ്സകരിലുമാണ് നടുവേദന കാണാറുള്ളതെങ്കിലും ഇന്ന് ചെറുപ്പക്കാർക്കും കുട്ടികൾക്കും വരെ നടുവേദന ഉണ്ടാകാറുണ്ട്. ആധുനിക ജീവിതശൈലീരോഗങ്ങളുടെ ഗണത്തിലേക്ക് നടുവേദനയും മാറിക്കൊണ്ടിരിക്കുന്നു.

കാരണങ്ങൾ

വ്യായാമമില്ലായ്മ, അമിതവണ്ണം, ശരിയായ രീതിയിൽ അല്ലാതെ ഇരുന്നുള്ള ജോലികൾ, ദീർഘനേരം ഇരുന്നുള്ള ജോലികൾ തുടങ്ങി ആധുനിക ജനതയുടെ പലശീലങ്ങളും നടുവേദനയ്ക്ക് കാരണമാകുന്നു.
ചെറിയൊരു ശതമാനം ആളുകളിൽ ഡിസ്കിെൻറ തേയ്മാനം മൂലം നടുവേദന ഉണ്ടാകാറുണ്ട്.

നടുവേദന രണ്ടുതരം

1. നട്ടെല്ലിന്േ‍റയും അനുബന്ധ ഭാഗങ്ങളുടെയും പ്രശ്നങ്ങൾ
2. വയറിന്േ‍റയും ഗർഭാശയസംബന്ധമായ അസുഖങ്ങളുടെയും ഭാഗമായി വരുന്ന നടുവേദന.

നമ്മുടെ നട്ടെല്ല് 33 കശേരുക്കൾകൊണ്ട് നിർമിതമാണ്. കാർട്ടിലേജുകളും നാരുകലകളും കൊണ്ട് നിർമിതമായ ഡിസ്കുകൾ കശേരുക്കളെ തമ്മിൽ വേർതിരിക്കുന്നു. നട്ടെല്ലിെൻറ പ്രശ്നങ്ങളോ ഡിസ്കുകളുടെ തേയ്മാനമോ നടുവേദനയ്ക്ക് കാരണമാകാറുണ്ട്.

കശേരുക്കൾക്കിടയിലുള്ള സന്ധികൾ, നട്ടെല്ലും ഇടുപ്പും ചേരുന്ന സന്ധികൾ എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങളും പുറംവേദന ഉണ്ടാക്കാറുണ്ട്. എല്ലാ നടുവേദനയ്ക്കും കാരണം ഡിസ്കിെൻറ തേയ്മാനമല്ല. കൃത്യമായ രോഗലക്ഷണങ്ങളുടെ വിലയിരുത്തലും പരിശോധന രീതികളും കൊണ്ട് പുറംവേദനയുടെ യഥാർത്ഥ കാരണം കണ്ടുപിടിക്കാവുന്നതാണ്.

ഇതു ശ്രദ്ധിക്കണം

ഭൂരിഭാഗം നടുവേദനയും ഗുരുതരരോഗമല്ല. ലളിതമായ ചികിത്സകൊണ്ട് അവ പരിഹരിക്കാവുന്നതാണ്. എന്നാൽ ചില നടുവേദനകൾ നാം ശ്രദ്ധിക്കണം. 20 വയസിനു താഴെയുള്ള കുട്ടികളിലും 50 വയസിനു മുകളിലുള്ളവർക്കും വരുന്ന നടുവേദന പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. മുൻപ് കാൻസർ പോലുള്ള വ്യാധികൾ ബാധിച്ചവരിലും മയക്കുമരുന്നുപയോഗിക്കുന്നവരിലും നടുവേദന ശ്രദ്ധിക്കേണ്ടതാണ്. അകാരണമായ ഭാരക്കുറവ്, മൂത്രം അറിയാതെ പോകുന്ന അവസ്ഥ, രഹസ്യഭാങ്ങളിലെ മരവിപ്പ്, കൈകാലുകളുടെ തളർച്ച എന്നിവ നടുവേദനയോടൊപ്പം അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധനകൾക്ക് വിധേയമാവേണ്ടതുണ്ട്. രാത്രിയിൽ മാത്രം വരുന്ന നടുവേദന, അപകടങ്ങളെ തുടർന്നുള്ള നടുവേദന, തുടർച്ചയായി നിലനിൽക്കുന്ന വേദന എന്നിവയും പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു.


ചികിത്സാരീതികൾ

ഭൂരിഭാഗം നടുവേദനയും ലളിതമായ ചികിത്സകൊണ്ട് മാറാവുന്നതേയുള്ളു. രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം, ലളിതമായ വേദനസംഹാരികൾ, ഫിസിയോതെറാപ്പി എന്നിവ ആവശ്യമായി വന്നേക്കാം.
ചികിത്സാരീതികൾ നിശ്ചയിക്കുന്നതിനു മുൻപ് വിശദമായ രോഗലക്ഷണങ്ങളുടെ അവലോകനം നടത്തണം. നട്ടെല്ലിെൻറ സന്ധികളിൽ വരുന്ന നീർക്കെട്ടും പുറംവേദനക്കു കാരണമാകും. ഇത്തരം വേദനകൾക്ക് എക്സ്റേയുടെ സഹായത്തോടെ കൃത്യമായ സന്ധിയിലേക്ക് മരുന്നു കുത്തിവച്ച് പരിഹരിക്കാനാവും.

പ്രതിരോധ മാർഗങ്ങൾ

കൃത്യമായ വ്യായാമം, ശരിയായ രീതിയുള്ള ഇരിപ്പ്, കിടപ്പ്, അമിതവണ്ണം കുറയ്ക്കൽ എന്നിവ ഒരു പരിധിവരെ നടുവേദന ഒഴിവാക്കാൻ സഹായിക്കും. വലിയഭാരം ഉയർത്തുന്നതുപോലെ മുതുകിന് ആയാസം കൊടുക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണം.

വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ നടുവേദനയ്ക്ക് ശസ്ത്രക്രിയ ഒരു പരിഹാരമായി വരികയുള്ളു. ശസ്ത്രക്രിയ പലർക്കും ഭയമാണ്. എന്നാൽ ശസ്ത്രക്രിയ ആവശ്യമായ സമയങ്ങളിൽ അത് ചെയ്യാതിരിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചുവരുത്തും. സ്വയം ചികിത്സയും അശാസ്ത്രീയമായ ചികിത്സാരീതികളും നല്ലതല്ല.

ഡോ.ടി.കെ ജയരാജൻ
കണ്‍സൾട്ടന്‍റ് നീ സർജൻ ആൻഡ് ഇൻറർവെൻഷണൽ പെയിൻ സ്പെഷലിസ്റ്റ്, എറണാകുളം മെഡിക്കൽ സെന്‍റർ