ഇരട്ടത്തിളക്കത്തിൽ സിമി
ഇരട്ടത്തിളക്കത്തിൽ സിമി
Tuesday, April 18, 2017 3:35 AM IST
കൊല്ലം തട്ടാമലയിലുള്ള നാട്യബ്രഹ്മ എന്ന നൃത്തവിദ്യാലയത്തിലെ അധ്യാപിക സിമി ബൈജു ഇപ്പോൾ നർത്തകി മാത്രമല്ല സിനിമയിലെ നായികയുമാണ്. എം.സുരേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച സംസ്കൃത സിനിമ സൂര്യകാന്തയാണു സിമിയെ നായികയാക്കിയത്. സഞ്ചു എസ്. ഉണ്ണിത്താൻ നിർമിച്ച സൂര്യകാന്തയിൽ രാജേഷ് ഹെബ്ബാറാണു നായകൻ.

ഒന്നാം റാങ്കോടെ നൃത്തപഠനം

പത്താം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു നൃത്ത അരങ്ങേറ്റം. അന്നുമുതൽ സ്റ്റേജ് പെർഫോമൻസ് തുടങ്ങി. കോളജിലെത്തിയപ്പോഴും നൃത്തം പഠനവിഷയമായി. സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്നു ഭരതനാട്യം കേരളനടനം ബിരുദവും കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ഭരതനാട്യം എംഎയും ഒന്നാം റാങ്കോടെ വിജയിച്ചു. സിമി ഇപ്പോൾ കലാമണ്ഡലത്തിൽ നൃത്ത ഗവേഷണത്തിലാണ്.

കഥകളിവേഷത്തിനു ചേരുന്ന മുഖം

കഥകളിയും സംസ്കൃതവും വശമുള്ള ഒരു നടിയെയാണ് സൂര്യകാന്തയുടെ അണിയറക്കാർ തേടിക്കൊണ്ടിരുന്നത്. ബിരുദത്തിനു കേരളനടനം പഠിച്ചിരുന്നു. അതിനു കഥകളിയുമായി ബന്ധമുണ്ട്. എംഎയ്ക്ക് സംസ്കൃതം പഠിച്ചിരുന്നു. പ്രൊഡക്ഷനിലെ റാം വഴിയാണ് സംവിധായകൻ എം. സുരേന്ദ്രൻ സാറിനെ പരിചയപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. അദ്ദേഹത്തിെൻറ മനസിലുള്ള ജാനകിയെ എന്നിൽ കണ്ടെത്തിയതു പോലെ. എേൻറതു കഥകളിവേഷത്തിനു പറ്റിയ മുഖമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത ദിവസം സൂര്യകാന്തയുടെ സെറ്റിലെത്തി.. സൂര്യകാന്തയിലേക്കുള്ള വഴി ഇങ്ങനെയായിരുന്നു.

കഥകളി കലാകാരിയായ ജാനകി

രാജേഷ് ഹെബ്ബാർ അവതരിപ്പിച്ച കഥകളി സംഗീതജ്ഞൻ നാരായണൻ എന്ന കഥാപാത്രത്തിെൻറ ഭാര്യ ജാനകിയുടെ വേഷമാണു സിമിക്കു സൂര്യകാന്തയിൽ. കഥകളി ആർട്ടിസ്റ്റാണു ജാനകി. അവരുടെ പ്രണയം വീട്ടുകാരുടെ എതിർപ്പുകൾ മറികടന്നു വിവാഹത്തിലെത്തുന്നു. കുടുംബവും കുട്ടികളുമായി ജീവിത പ്രാരാബ്ധങ്ങളുടെ നടുവിൽ നാരായണൻ കുലത്തൊഴിലായ മരപ്പണിയിലേക്കു മടങ്ങി. വാർധക്യമെത്തുന്നതോടെ ജാനകി അസ്ഥിപൊടിയുന്ന രോഗം ബാധിച്ചു കിടപ്പിലായി. മക്കൾ മൂന്നു പേരുണ്ടെങ്കിലും അവർ ജീവിതത്തിരക്കുകളിലാണ്. ജാനകിയെ ജീവിതാവസാനം വരെ ശുശ്രൂഷിക്കാൻ നാരായണൻ മാത്രമാകുന്നു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ താത്പര്യമില്ലാത്ത ഒരു തലമുറയുള്ള സമൂഹത്തിലാണു നാം ജീവിക്കുന്നത്. ഈ സിനിമ പുതിയ തലമുറയെ ഏറെ ചിന്തിപ്പിക്കുമെന്നാണു പ്രതീക്ഷ- സിമി പറഞ്ഞു.


തുണച്ചതു നൃത്തം

നൃത്തത്തിലൂടെ കൈവന്ന ഭാവാഭിനയം സിനിമയിലെത്തിയപ്പോൾ തുണച്ചു. പക്ഷേ, നൃത്തമല്ലല്ലോ സിനിമ. എങ്കിലും അത് അഭിനയം അനായാസമാക്കി. അറുപതു വയസിനു മേൽ പ്രായമുള്ള ജാനകിയായിട്ടാണ് ഏറെ സീനുകളിലും. ഫ്ളാഷ്ബാക്കിൽ കുറച്ചു ചെറുപ്പകാലവുമുണ്ട്. സംസ്കൃതം അറിയാവുന്നതിനാൽ സീനുകൾ പെട്ടെന്നു ഗ്രഹിക്കാനായി.

കഥകളിവേഷത്തിൽ രണ്ടു ദിവസം

ഏറെ സീനുകളിലും പ്രായമായ അവസ്ഥ തന്നെയായിരുന്നു കഥാപാത്രത്തിന്. എല്ലുപൊടിയുന്ന രോഗമായതിനാൽ ഏറെ സമയവും കിടപ്പിലുമായിരുന്നു. കഥകളിവേഷം ധരിച്ചു കിടക്കേണ്ട സീനുകളും ഉണ്ടായിരുന്നു. തുടർച്ചയായ ഷൂട്ടിംഗ് ആയതിനാൽ ഇടയ്ക്കിടെ വേഷം അഴിച്ചു മാറ്റാനാവില്ലല്ലോ. കഥകളി വേഷം ധരിച്ചു ലൈറ്റിലും ചൂടിലും തുടരുന്നത് അസ്വസ്ഥമായിരുന്നു. കഥകളിവേഷം ധരിച്ചു രണ്ടുദിവസം വരെ ലൈറ്റിലും ചൂടിലും തുടരേണ്ടി വന്നു.

ലെനിൻ രാജേന്ദ്രന്‍റെ കരുണയിൽ

പാും നൃത്തവുമൊക്കെ ഇഷ്ടമുള്ള കുടുംബമാണ് സിമിയുടെ കലാജീവിതത്തിനു കരുത്ത്. ഭർത്താവ് ബൈജു സിമിയുടെ നൃത്തവിദ്യാലയത്തിെൻറ ചുമതലകളുമായി ഒപ്പമുണ്ട്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത കരുണ എന്ന നൃത്താവിഷ്കാരത്തിലെ മുഖ്യ ഭരതനാട്യ വേഷം സിമിക്കു പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. നൃത്തമികവിന് അബുദാബിയിൽ വച്ച് അബ്ദുൾകലാം പുരസ്കാരം ലഭിച്ചത് അവിസ്മരണീയമെന്ന് സിമി പറഞ്ഞു.

പ്രചോദനം

കലാമണ്ഡലം ശ്രീകല ടീച്ചറാണ് സിമിയുടെ ആദ്യഗുരു. പിന്നീട് വിനയചന്ദ്രൻ, ശിവാനന്ദൻ, വേണു തുടങ്ങിയ അധ്യാപകരുടെ ശിക്ഷണം ലഭിച്ചു. പാസുബ്രഹ്മണ്യം, അലർമേൽവള്ളി തുടങ്ങിയവരൊക്കെയാണു പ്രചോദനം.

ജനങ്ങളുടെ അംഗീകാരം

മികച്ച കാരക്ടർ ലഭിച്ചാൽ സിനിമയിൽ തുടരണമെന്നാണ് സിമിയുടെ ആഗ്രഹം. പുതിയ പ്രോജക്ടിെൻറ ചർച്ചകളിലാണ്. ജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. എന്നാൽ, നൃത്തം അവഗണിച്ചുള്ള അഭിനയമോഹമൊന്നുമില്ല. തനിക്ക് എല്ലാം നൃത്തംതന്നെയാണ്. നൃത്തപരിപാടികളും സിനിമാഭിനയവുമായി കലാരംഗത്തു സജീവമാകയാണു സിമി ബൈജു.

ടി.ജി.ബൈജുനാഥ്