നാളികേരം: മൂല്യവർധനയ്ക്കു യന്ത്രസഹായം
നാളികേരം: മൂല്യവർധനയ്ക്കു യന്ത്രസഹായം
Friday, April 7, 2017 4:54 AM IST
കോകോ സാഫ് ചില്ലർ

ഇന്ന് വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു ഉത്പന്നമാണ് നീര. തെങ്ങിന്‍റെ മുകൾഭാഗത്ത് തന്നെ ഘടിപ്പിക്കാവുന്ന കോകോ സാപ്പ് ചില്ലർ നീര ശേഖരിക്കുന്നത് വളരെ സുഖമാക്കുന്നു. തെർമോകോൾ ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്ന ഈ ഉപകരണത്തിൽ നാലുലിറ്റർ കപ്പാസിറ്റിയുള്ള ഒരു പ്ലാസ്റ്റിക് ബാഗും, അതിനടിയിൽ ശീതീകരണ സംവിധാനവുമുണ്ട്. ഭാരക്കുറവ് കാരണം വളരെ സുഗമമായും, സുരക്ഷിതമായും ഇതുപയോഗിക്കാം. പൂന്പൊടിയും മറ്റു പ്രാണികളും വീഴുന്നതു തടയുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന അരിപ്പയും ഇതിന്‍റെ പ്രത്യേകതയാണ്.

ടെൻഡർ കോക്കനട്ട് പഞ്ച് ആൻഡ് കട്ട് മെഷീൻ

ഒരു ഇളനീർ കുടിക്കാൻ ഇനി കത്തിയും കൊടുവാളും ഉപയോഗിച്ച് കഷ്ടപ്പെടേണ്ടതില്ല. ടെൻഡർ കോക്കനട്ട് പഞ്ച് ആൻഡ് കട്ട് മെഷീൻ ഉപയോഗിച്ച് ദ്വാരമിട്ട് അതിലൂടെ സ്ട്രോ ഇറക്കി സ്മാർട്ടായി ഇളനീർകുടിക്കാം. ഇനി അത് മുറിച്ചെടുക്കാനും കഷ്ടപ്പെടേണ്ട, മെഷീനിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കത്തി വച്ച് ഒന്ന് പ്രസ് ചെയ്താൽ മതി. ഈ മെഷീൻ ഉപയോഗിച്ച് മണിക്കൂറിൽ 120 ഇളനീർവരെ പൊളിച്ചെടുക്കാം. ഏഴു മുതൽ എട്ടു മാസം വരെ പ്രായമുള്ള ഇളനീരാണ് ഈ മെഷീൻ ഉപയോഗിച്ച് പഞ്ച് ചെയ്യുന്നത്. 15,000 രൂപയാണ് ഇതിന്‍റെ വില.

സ്നോബോൾ ടെൻഡർ കോക്കനട്ട് മെഷീൻ

ഇനി ഇളനീർ ബോളായി തന്നെ കഴിക്കണമെന്നിരിക്കട്ടെ, അതിനും മാർഗമുണ്ട്. സ്നോ ബോൾ ടെൻഡർ കോക്കനട്ട് മെഷീൻ ഉപയോഗിച്ച് എട്ടു മാസം പ്രായമായ കരിക്ക് ചിരട്ടയിൽ നിന്നും ബോൾ രൂപത്തിൽ തന്നെ വേർതിരിച്ചെടുക്കാൻ സാധിക്കും. ഇന്ന് പല ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഇത്തരത്തിലുള്ള സ്നോബോൾ ഇളനീർ കപ്പുകളിലാക്കി വിളന്പുന്ന രീതി കണ്ടുവരുന്നുണ്ട്.

കോക്കനട്ട് ചിപ്സ് സ്ലൈസിംഗ് മെഷീൻ

തേങ്ങയിൽ നിന്നും ഉണ്ടാക്കാവുന്ന മറ്റൊരു ഉത്പന്നമാണ് കോക്കനട്ട് ചിപ്സ്. കോക്കനട്ട് ചിപ്സ് സ്ലൈസിംഗ് മെഷീൻ മണിക്കൂറിൽ 68 തേങ്ങ വരെ ഒരു മില്ലിമീറ്റർ കട്ടിയുള്ള ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുന്നു. ഇങ്ങനെ തയാറാക്കിയ കഷ്ണങ്ങൾ ഒരു മണിക്കൂർ പഞ്ചസാരലായനിയിൽ ഇട്ടുവച്ചശേഷം 65 ഡിഗ്രി സെൽഷ്യസിൽ അഞ്ചു മണിക്കൂർ നിർജലീകരണം നടത്തി ഉണക്കിയെടുത്താൽ ചിപ്സ് റെഡി. 20 ഗ്രാം ചിപ്സിന് 20 രൂപയാണ് വില.


കോക്കനട്ട് ഡീഹസ്ക്കിംഗ് മെഷീൻ

തെങ്ങു കയറാനും തേങ്ങ പൊളിക്കാനും ആളുകളെ കിട്ടാത്ത ഇക്കാലത്ത് കോക്കനട്ട് ഡീഹസ്ക്കിംഗ് മെഷീൻ വരെ സഹായകമാണ്. മണിക്കൂറിൽ 350 തേങ്ങ ഈ മെഷീൻ ഉപയോഗിച്ച് പൊളിച്ചെടുക്കാം. ഏകദേശം 3.5 ലക്ഷമാണ് ഇതിന്‍റെ വില.

കോക്കനട്ട് മിൽക്ക് എക്സ്ട്രാക്റ്റിംഗ് മെഷീൻ

തിരക്കേറിയ ഇക്കാലത്തെ ജീവിതശൈലിയിൽ തേങ്ങ അരയ്ക്കാനും, പാലെടുക്കാനുമൊന്നും പല വീട്ടമ്മമാർക്കും സമയമില്ല. റിട്ടോർട്ട് പൗച്ചുകളിലെത്തുന്ന തേങ്ങാപ്പാൽ ഇപ്പോൾ വിപണി കീഴടക്കിക്കഴിഞ്ഞു. ഈ മേഖലയിലെ സംരംഭകർക്ക് ഒരു കൈത്താങ്ങാണ് കോക്കനട്ട് മിൽക്ക് എക്സ്ട്രാക്റ്റിംഗ് മെഷീൻ. മണിക്കൂറിൽ 100 തേങ്ങകളിൽ നിന്നും തേങ്ങാപ്പാൽ വേർതിരിച്ചെടുക്കും. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന തേങ്ങാപ്പാൽ അണുനശീകരണം നടത്തിയ ശേഷം റിട്ടോർട്ട് പൗച്ചുകളിൽ വിപണിയിലെത്തുന്നു. 100 തേങ്ങയിൽ നിന്നും 25 ലിറ്റർ വരെ തേങ്ങാപ്പാൽ ലഭിക്കും.

വെർജിൻ കോക്കനട്ട് ഓയിൽ വിപണി കീഴടക്കിയ മറ്റൊരു ഉത്പന്നമാണ്. നാളികേര പഞ്ചസാര, സ്നോബോൾ ഇളനീർ, ചിപ്സ്, വെളിച്ചെണ്ണ, ഡി.സി പൗഡർ, കോക്കനട്ട് മിൽക്ക് തുടങ്ങിയ കേര ഉത്പന്നങ്ങൾ നാളികേരത്തിന്‍റെ ആവശ്യകത വർധിപ്പിക്കുന്നതിനും, അതുവഴി നാളികേരകർഷകർക്ക് ഭേദപ്പെട്ട വില കൈവരിക്കുന്നതിനും സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി സിപിസിആർഐ കാസർഗോഡുമായി ബന്ധപ്പെടുക. ഫോണ്‍: 04994 232894.

നിമിഷ ടി.
കാർഷിക കോളജ്, പടന്നക്കാട്, കാസർഗോഡ്