അയാൾ ശശി
അയാൾ ശശി
Wednesday, March 29, 2017 4:38 AM IST
ഐ.എഫ്.എഫ്.കെയിൽ രജത ചകോരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ അസ്തമയംവരെ എന്ന ചിത്രത്തിനുശേഷം സജിൻ ബാബു കഥ, തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് അയാൾ ശശി.

പിക്സ് എൻ ടെയിൽസിന്‍റെ ബാനറിൽ കാമറാമാൻ പി. സുകുമാർ, സുധീഷ് പിള്ള എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അനന്തപുരിയിൽ താമസിക്കുന്ന ശശി അറിയപ്പെടുന്ന ചിത്രകാരനാണ്. സവർണനാണ്. തികഞ്ഞ മദ്യപാനിയാണ്. സൗഹൃദം ഏറെയുള്ള വ്യക്തിയാണ്. പേരും പ്രശസ്തിയും നേടാൻ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്ന ആളാണ്.

അതുകൊണ്ടുതന്നെയാണ് പണ്ട് സ്ഥലപ്പേരായ നന്പൂതിരിക്കാലായിലെ ആദ്യവാക്ക് പേരിനൊപ്പം ചേർത്ത് ശശി നന്പൂതിരി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അങ്ങനെ പൊതുപരിപാടികളിലും ജനങ്ങൾക്കിടയിലും നിറസാന്നിധ്യമായിരുന്ന ശശി ഒരു ദിവസം തന്‍റെ മരണത്തെ തൊട്ടറിയാൻ കാരണമായി. അതോടെ നാട്ടിലേക്ക് മടങ്ങിയ ശശി തന്‍റെ ഓർമകളെ വീണ്ടെടുക്കാൻ ശ്രമിക്കുന്പോൾ തിരിച്ചറിയുന്ന ചില യാഥാർഥ്യങ്ങളാണ് ആക്ഷേപ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ അാൾ ശശി എന്ന ചിത്രത്തിൽ സജിൻ ബാബു ദൃശ്യവത്കരിക്കുന്തന്.


ഒടുവിൽ കാട്ടിലും പ്രകൃതിയിലും മാത്രം സമത്വം കാണുന്ന ശശിയിലൂടെ ഈ ചിത്രം ചുറ്റുപാടുകളുമുള്ള സകല മേഖലകളിലേക്കും ആക്ഷേപത്തിന്‍റെ സൂചിമുന രസകരമായി എറിയുന്നുണ്ട്.

എസ്.പി ശ്രീകുമാർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ എന്നിവർക്കൊപ്പം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയരായ അനിൽ നെടുമങ്ങാട്, ദിവ്യാ ഗോപിനാഥ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ശ്രീനിവാസന്‍റെ അസാധാരണമായ അഭിനയമായിരിക്കും ഈ ചിത്രത്തിന്‍റെ പ്രത്യേകത. ശശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ 12 കിലോ ഭാരം കുറച്ചും പ്രതിഫലം വാങ്ങാതെയുമാണ് ശ്രീനിവാസൻ ഈ ചിത്രത്തിൽ അഭിനയിച്ചത്.

എ.എസ്. ദിനേശ്