നാടകമേ ജീവിതം
നാടകമേ ജീവിതം
Monday, March 13, 2017 3:25 AM IST
വിശപ്പ് മാറ്റാനും നല്ല വസ്ത്രം ധരിക്കാനുമുള്ള ആഗ്രഹംകൊണ്ടാണ് പത്താംക്ലാസ് കഴിഞ്ഞ ഉടൻ തന്നെ രജിത എന്ന പതിനാറുകാരി നാടകലോകത്തെത്തിയത്. അന്ന് കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ അമച്വർ നാടകരംഗത്ത് നിറഞ്ഞുനിന്ന എ.വി.സരസ്വതിയാണ് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിനിയായ രജിതയെ നാടകലോകത്തേക്ക് കൊണ്ടുവന്നത്. സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പാഞ്ഞുകൊണ്ടിരുന്ന സി.എൽ.ജോസിെൻറ ജ്വലനം എന്ന പ്രശസ്ത നാടകത്തിലെ സുമ എന്ന കഥാപാത്രത്തെയാണ് രജിത ആദ്യമായി അവതരിപ്പിച്ചത്. മുപ്പത്തിയഞ്ച് വർഷത്തോളം നീണ്ട ആ നാടകയാത്ര പതിനായിരത്തിലേറെ സ്റ്റേജുകൾ പിന്നിട്ടിരിക്കുന്നു. ഇതിൽ 2004 ൽ ആരംഭിച്ച ഏകപാത്രനാടകമായ അബൂബക്കറിെൻറ ഉമ്മ പറയുന്നു എന്ന നാടകം മാത്രം 1800 ലധികം സ്റ്റേജുകൾ പൂർത്തിയാക്കി. ഇപ്പോഴും നാടകരംഗത്ത് അബൂബക്കറിെൻറ ഉമ്മ പറയുന്നത് എന്താണെന്ന് കേൾക്കാൻ കാതുകൂർപ്പിക്കുന്നവർ നിരവധിയാണ്. യുആർഎഫ് ഏഷ്യൻ റിക്കാർഡ് കരസ്ഥമാക്കിയ ഈ നാടകം കേരളത്തിന് പുറമെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ആദ്യ പ്രതിഫലം 75 രൂപ

നാടകത്തിൽ വന്നാൽ ചീത്തയാകുമെന്നും വിവാഹം നടക്കില്ലെന്നും നല്ല കുടുംബജീവിതം ലഭിക്കില്ലെന്നും നിരവധി പേർ ആദ്യകാലത്ത് ഉപദേശിച്ചിരുന്നു. എന്നാൽ എെൻറ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും ഐശ്വര്യങ്ങൾക്കും കാരണം നാടകം തന്നെയാണ്. ആരംഭകാലത്ത് കണ്ണൂർകാസർഗോഡ് ജില്ലകളിലെ വിവിധ കലാസമിതികളുടെ അമേച്വർ നാടകങ്ങളിലാണ് അഭിനയിച്ചത്. ഒരു സ്റ്റേജിന് 75 രൂപയായിരുന്നു പ്രതിഫലം. അച്ഛെൻറ മരണശേഷം കുടുംബം പുലർത്താൻ കൂലിപ്പണി ചെയ്തിരുന്ന അമ്മയെ സഹായിക്കാനായിട്ടാണ് ഞാൻ നാടകം ഉപജീവനമാർഗമായി തെരഞ്ഞെടുത്തത്. അമ്മയെ പുറംജോലിക്ക് വിടാതെ സംരക്ഷിക്കാൻ കഴിഞ്ഞതിനു പുറമെ അന്തസായി ജീവിക്കാനും സാധിച്ചു.

പള്ളിക്കുന്ന് യുപിസ്കൂളിൽ പഠിക്കുന്ന കാലത്ത് അവിടെ മുഖ്യാധ്യാപികയായിരുന്ന അഴീക്കോടൻ രാഘവെൻറ ഭാര്യ മീനാക്ഷി ടീച്ചറാണ് തന്നെ ഡാൻസിനും മറ്റു കലാപരിപാടികൾക്കും പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. അത് അഭിനയത്തിലേക്ക് വഴി തുറന്നു. അന്ന് നാടകത്തിൽ അഭിനയിക്കുന്ന സ്ത്രീകൾ കുറവും കലാസമിതികൾ വളരെയധികവുമായതിനാൽ നിരവധി സ്റ്റേജുകളിൽ അഭിനയിക്കാൻ സാധിച്ചു. മലബാറിലെ ഗ്രാമീണ നാടകപ്രതിഭയായ ഒ.കെ.കുറ്റിക്കോലായിരുന്നു അന്ന് ഒുമിക്ക അമച്വർ നാടകങ്ങളും സംവിധാനം ചെയ്തിരുന്നത്. അദ്ദേഹത്തിെൻറ കളരിയിൽ നാടകപഠനം നടത്തിയതാണ് ഒരു നടിയെന്ന നിലയിൽ തന്നെ ഇന്നും നിലനിർത്തുന്നത്. അന്നൂർ നാടകവീട്, കണ്ണൂർ സംഘചേതന എന്നീ നാടകസമിതികളിലും അഭിനയിച്ചു.

അബൂബക്കറിന്‍റെ ഉമ്മ പറയുന്നു

കഴിഞ്ഞ 13 വർഷമായി അബൂബക്കറിെൻറ ഉമ്മ പറയുന്നു എന്ന നാടകം മാത്രമാണ് അവതരിപ്പിക്കുന്നത്. കരിവെള്ളൂർ മുരളി രചിച്ച ക്ലാരക്കുഞ്ഞമ്മ ഓർക്കുന്നു എന്ന ഏകപാത്രനാടകവും അഞ്ഞൂറോളം സ്റ്റേജുകളിൽ അവതരിപ്പിച്ചിരുന്നു.

കയ്യൂർ രക്തസാക്ഷികളുടെ ഓർമ നിറഞ്ഞുനിൽക്കുന്ന അബൂബക്കറിെൻറ ഉമ്മ പറയുന്നു എന്ന നാടകം ആദ്യം മുപ്പതോളം പേർ ചേർന്ന് അവതരിപ്പിച്ചതായിരുന്നുവെങ്കിൽ അത് ചുരുക്കിയെടുത്ത് ഒരു മണിക്കൂർ സമയത്തേക്കാണ് ഏകപാത്ര നാടകമായി മാറ്റിയത്. കരിവെള്ളൂർ മുരളി തന്നെയാണ് രചനയും സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കരിവെള്ളൂർ മുരളി എഴുതിക്കൊണ്ടിരിക്കുന്ന പുതിയ ഏകപാത്രനാടകത്തിലും രജിത മധു തന്നെയാണ് അഭിനയിക്കുന്നത്. ഒറ്റ കഥാപാത്രം മാത്രമുള്ള നാടകത്തിൽ ഒരുമണിക്കൂറോളം കാണികളെ പിടിച്ചിരുത്തുക എന്നത് സാഹസികമായ ഒരു ഉദ്യമമാണെന്ന് രജിത മധു പറയുന്നു. ലോകത്ത് തന്നെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഏകപാത്രനാടകം 1800 സ്റ്റേജുകളിൽ മറ്റാരും അവതരിപ്പിച്ചിട്ടില്ലെന്ന് യുആർഎഫ് ഏഷ്യൻ റിക്കാർഡ് അധികൃതർ പറയുന്നു. ഗിന്നസ് ബുക്കിലേക്ക് കയറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.

സിനിമയിലേക്കും

സീരിയലും സിനിമയുമൊക്കെ പ്രശസ്തിക്കും പണത്തിനും നല്ലതാണെന്ന് അഭിപ്രായമുണ്ടെങ്കിലും സീരിയൽ രംഗത്ത് എത്തിനോക്കിയിില്ലാത്ത രജിത മധു അഞ്ചിൽപ്പരം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ നെയ്ത്തുകാരൻ, പുലിജൻമം, രാമാനം, പേടിത്തൊണ്ടൻ, ഡബിൾസ് എന്നിവയിലും കഴിഞ്ഞവർഷം മഞ്ജുവാര്യർ, റിമ കല്ലിങ്കൽ എന്നിവർക്കൊപ്പം റാണി പത്മിനിയിലും വേഷമിട്ടു.
അഭിനയത്തിൽ നാടകം മാത്രമാണ് തന്നെ ഇന്നും മോഹിപ്പിക്കുന്നതെന്നും മറ്റൊന്നിനും പിന്നാലെ പോകാനില്ലെന്നും ഉറച്ച മനസോടെ രജിത പറയുന്നു.

പുരസ്കാരങ്ങൾ

1989 ൽ പയ്യന്നൂരിൽ നടന്ന കേരള സംഗീതനാടക അക്കാദമി നാടകമൽസരത്തിൽ മരണക്കിണർ എന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡും 2002 ലെ ആകാശവാണി നാടകമൽസരത്തിൽ മികച്ച നടിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

കുടുംബവിശേഷങ്ങൾ

രജിത മധു തളിപ്പറന്പ് കൂവോടാണ് സ്ഥിരതാമസം. കഐസ്ഇബിയിൽ നിന്നും അസി.എൻജിനിയറായി വിരമിച്ച മധുവാണ് ഭർത്താവ്. മിഥുൻരാജും തില്ലാനയും മക്കളാണ്. കുടുംബം തെൻറ നാടകജീവിതത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും, പ്രത്യേകിച്ച് 1800 സ്റ്റേജുകളിൽ ഏകപാത്രനാടകം അവതരിപ്പിച്ചപ്പോഴും ലൈറ്റിങ്ങും സംഗീതവും സംയോജിപ്പിച്ച് കൂടെയുണ്ടായിരുന്ന ഭർത്താവ് മധു വെങ്ങര തന്നെയാണ് തെൻറ ഏറ്റവും വലിയ കരുത്തെന്നും രജിത മധു പറയുന്നു.

കരിന്പം കെ.പി. രാജീവൻ