എന്‍റെ അമ്മ എന്‍റെ ടീച്ചർ
എന്‍റെ അമ്മ എന്‍റെ ടീച്ചർ
Friday, February 24, 2017 6:26 AM IST
രണ്ട് അമാരോടുള്ള സ്നേഹം. അതാണ് എ.പി.അശ്വനിയെക്കുറിച്ചുള്ള ഈ കുറിപ്പിെൻറ കാതൽ. ഒന്നു പെറ്റ. മറ്റേത് അമ്മ മലയാളം. സ്നേഹത്തിെൻറ ഈ തണൽവഴികളിലൂടെ അവൾ നടന്നു. കാലം അവൾക്കായി കാത്തുവച്ചത് ഭാഗ്യത്തിെൻറ ഔദാര്യമായിരുന്നില്ല, മറിച്ച് അർഹതയ്ക്കുള്ള അംഗീകാരമായിരുന്നു. കേരള സർവകലാശാല എംഎ മലയാളം പരീക്ഷയിൽ അശ്വനി ഒന്നാം റാങ്കിൽ വിജയിച്ചു. റാങ്കിനപ്പുറം ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സത്യത്തിൽ അശ്വനിയെ മലയാളികൾ ഇന്നു തിരിച്ചറിയുന്നത്.

അശ്വനിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെ:

എഴുത്തും വായനയും അറിയാത്ത ഒരു അമ്മയുടെ മകളാണു ഞാൻ. ഒരുപാടു മക്കൾ ഉള്ള വീട്ടിലെ നടുവിലെ സന്തതിയായ എെൻറ അമ്മയെ പഠിക്കാൻ വിടുന്നതിൽ അന്ന് ആർക്കും താത്പര്യമുണ്ടായിരുന്നില്ല. അടുക്കളയുടെ പുകയ്ക്കുള്ളിൽ എല്ലാവർക്കും വച്ചുവിളമ്പി തീർന്നുപോയ ബാല്യത്തെക്കുറിച്ച് എെൻറ അമ്മ എനിക്കു പറഞ്ഞുതരുമായിരുന്നു. മത്സരവേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുമ്പോഴൊക്കെ പലരും ചോദിച്ചിട്ടുണ്ട് അമ്മ ടീച്ചറാണോ എന്ന്. അതേ, എെൻറ അമ്മ എെൻറ ടീച്ചർ ആണെന്ന് ഞാൻ ഉത്തരം പറയും. അമ്മയിലൂടെയാണ് ഞാൻ ഈ ലോകത്തെ ആദ്യമായി കാണുന്നത്. ബോംബെയിൽ നിന്ന് അച്ഛൻ അയയ്ക്കുന്ന കത്തുകൾ വായിക്കാൻ കഷ്‌ടപ്പെടുന്ന അമ്മയെ കണ്ടപ്പോഴാണ് വായിക്കാൻ പഠിക്കണം എന്ന ചിന്ത മനസിൽ ഉണ്ടായത്. പിന്നെ ബസിലെ ചെറിയ ചെറിയ ബോർഡുകൾ വായിച്ചു തുടങ്ങി. എന്നിലൂടെയാണ് എെൻറ അമ്മ എഴുത്തു പഠിക്കുന്നത്, ചെറുതായെങ്കിലും വായിക്കാൻ പഠിക്കുന്നത്. ഞാൻ എഴുതുമ്പോൾ, പഠിക്കുമ്പോൾ, സംസാരിക്കുമ്പോൾ കൗതുകത്തോടെ നോക്കുന്ന കണ്ണുകളെ ഇപ്പോഴും അമ്മയിൽ കാണാം...

‘‘ഫേസ്ബുക്കിൽ എെൻറ ലൈഫ് ഞാൻ തുറന്നെഴുതാറുണ്ട്. നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും എഴുതിയതിനു കടുത്ത എതിർപ്പുകളുണ്ടായി. ഒരിക്കൽ കേസുവരെ ഉണ്ടായി. ഫേസ്ബുക്കിൽ ഒത്തിരി സുഹൃത്തുക്കളുണ്ട്. നല്ല സപ്പോർട്ടാണ് എല്ലാവരും. ഞാൻ ധാരാളം സമ്മാനങ്ങൾ നേടിയിട്ടും ഞങ്ങളുടെ നാട്ടിൽ ആരും അഭിനന്ദിക്കില്ല. ഒരു നല്ല വാക്കുപോലും പറയില്ല. എല്ലാക്കാര്യങ്ങളിലും സപ്പോർട്ടായി നിൽക്കുന്നതു ഫേസ്ബുക്കിലുള്ളവരാണ്...’’ യുവ എഴുത്തുകാരി എ.പി. അശ്വനി മനസുതുറക്കുന്നു അമ്മയെക്കുറിച്ച്, കവിതയെക്കുറിച്ച്, കാര്യവട്ടത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്...

‘സന്തോഷം’

‘വൈറലാകണമെന്നു കരുതി എഴുതിയതല്ല. കാമ്പസിൽ പോയ ആദ്യദിനത്തിലും അവിടെ നിന്നിറങ്ങിയ അവസാന ദിനത്തിലും അമ്മയുടെ സ്വാധീനം എന്തായിരുന്നുവെന്ന് എനിക്ക് എഴുതണമെന്നു തോന്നി. കാര്യവട്ടത്തു ക്ലാസ് തുടങ്ങിയ ദിനം. ആദ്യം കുട്ടികളാണു സംസാരിച്ചത്. അന്നു നല്ല രീതിയിൽ ആശയങ്ങൾ അവതരിപ്പിച്ചതിനു രക്ഷിതാക്കളും അധ്യാപകരുമെല്ലാം എന്നെ അഭിനന്ദിച്ചിരുന്നു. മറ്റുകുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തിലും തൊഴിൽമേഖലയിലുമെല്ലാം മികച്ചുനിൽക്കുന്നവരായിരുന്നു. അവരെല്ലാം അവരുടെ മക്കളെക്കുറിച്ചു വളരെ ഗംഭീരമായി പറഞ്ഞപ്പോൾ എല്ലാവരും കരുതിയത് എെൻറ അമ്മയായിരിക്കും ഏറ്റവും നന്നായി സംസാരിക്കുകയെന്ന്. പക്ഷേ, ‘സന്തോഷം’ എന്ന് ഒറ്റവാക്കിൽ എല്ലാം ഒതുക്കി അമ്മ സീറ്റിൽ വന്നിരുന്നു. അമ്മയ്ക്കു വാസ്തവത്തിൽ അതു വലിയ സങ്കടമായി... ’

അമ്മ പ്രാർഥിക്കുന്നത്...

‘ഞാൻ കൊച്ചു ക്ലാസിൽ പഠിക്കുമ്പോൾ അമ്മ അടുത്തുവന്നിരുന്നു നോക്കുമായിരുന്നു. ബസിെൻറ ബോർഡൊക്കെ അത്യാവശ്യം വായിക്കാനും പേരെഴുതി ഒപ്പിടാനുമൊക്കെ അമ്മ അങ്ങനെയാണു പഠിച്ചെടുത്തത്. അമ്മയ്ക്കിപ്പോൾ വലിയ സന്തോഷമാണ്. അമ്മയ്ക്കു കിട്ടാതെപോയ വിദ്യാഭ്യാസം എനിക്കുണ്ടാകണം എന്നാണ് അമ്മ എപ്പോഴും പറയുന്നത്. അമ്മ പ്രാർഥിക്കുന്നതും ആ ഒരു കാര്യം മാത്രമാണ്.’

ജീവിതകഥ ഇതുവരെ

കടയ്ക്കലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ കൊടിഞ്ഞം എന്ന ഗ്രാമത്തിലാണ് എെൻറ വീട്. അച്ഛൻ അശോകൻ. അമ്മ പ്രകാശിനി. ബന്ധുക്കളുടെ എതിർപ്പു വകവയ്ക്കാതെ അച്ഛൻ അമ്മയെ വിവാഹം കഴിച്ചതോടെയാണ് തെൻറ ജീവിതത്തിൽ നല്ലതു സംഭവിച്ചതെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കടബാധ്യതകളെത്തുടർന്ന് അച്ഛൻ ജോലിതേടി മുംബൈയ്ക്കു പോയി. ബന്ധുക്കളെല്ലാം ചേർന്നു ഞങ്ങളെ അവിടെനിന്ന് ഇറക്കിവിട്ടു. പല ബന്ധുവീടുകളിലും അഗതികളായി താമസിച്ചു. അമ്മയുടെ അപ്പച്ചിയായിരുന്നു വലിയ ആശ്രയം. ആ സമയത്തു ഞാൻ സ്കൂളിൽ പഠിക്കുകയായിരുന്നു. അതിനിടെ അച്ഛ മുംബൈയിൽ നിന്നു നാട്ടിലെത്തി. ഒരു ചെറിയ വീടുവച്ചു. പിന്നീടു ഗൾഫിൽ പോയി കടമെല്ലാം തീർത്തു. ഭേദപ്പെട്ട ഒരു വീടുവച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അച്ഛൻ നാട്ടിലേക്കു മടങ്ങി. ഒന്നര വർഷത്തോളം ചികിത്സയിലായിരുന്നു. ഇപ്പോൾ സെയിൽസ്മാനായി പോകുന്നു. അമ്മ തൊഴിലുറപ്പു പദ്ധതിയിൽ പോകാറുണ്ട്.


മാത്യു സാറും ന്യായവിലയും

സ്കൂൾ, കോളജ് കാലങ്ങളിൽ ധാരാളം കവിതകൾ വായിച്ചിരുന്നു, ചിലതൊക്കെ എഴുതിയിരുന്നു. അഞ്ചൽ സെൻറ് ജോൺസ് കോളജിലെ മാത്യു വർഗീസ് സാറാണ് ഞാൻ എഴുതുന്നതു കവിതയാണെന്നു പറഞ്ഞത്. പ്രസിദ്ധീകരണത്തിന് അയയ്ക്കാൻ പ്രേരിപ്പിച്ചു. ന്യായവില എന്ന കവിത മാധ്യമത്തിൽ വന്നു. സാർ നല്ല അഭിപ്രായം പറഞ്ഞതോടെ പിന്നെയും എഴുതണമെന്നു തോന്നി. മാത്യുസാറാണ് കാര്യവം കാമ്പസിൽ ചേർന്നു പഠിക്കണമെന്നു പറഞ്ഞത്. പക്ഷേ മാത്യുസാർ ഒരപകടത്തിൽ അകാലത്തിൽ ജീവിതത്തിൽ നിന്നു മറഞ്ഞു.

കാര്യവട്ടം

എഴുത്തിനും ചിന്തയ്ക്കും തുറന്ന ഒരിടം കിട്ടിയതു കാമ്പസിലെത്തിയശേഷമായിരുന്നു. പിന്നീടാണു മാതൃഭൂമിയിലും ദേശാഭിമാനിയിലും കലാകൗമുദിയിലുമൊക്കെ കവിതകൾ വന്നുതുടങ്ങിയത്. പല്ലികൾ, ദേഹവും ദേഹിയും, പെൺബുദ്ധി, സീതാശുദ്ധി, രാഷ്്ട്രീയം, നഷ്‌ടക്കടൽ... അങ്ങനെ മുപ്പതിനടുത്തു കവിതകൾ. എഴുതിയതെല്ലാം അച്ചടിച്ചുവന്നിട്ടുണ്ട്. പ്രോത്സാഹനം കിട്ടുമ്പോഴാണ് എഴുതണമെന്നു തോന്നുന്നത്. കവിത മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു വരുമ്പോൾ വലിയ സന്തോഷമാണ് അമ്മയ്ക്ക്. അമ്മ അതു ജോലി സ്‌ഥലത്തൊക്കെ കൊണ്ടുപോയി എല്ലാവരെയും കാണിക്കും.

‘മത്സരത്തൊഴിലാളി’

പ്രസംഗത്തിനും ഉപന്യാസരചനയ്ക്കും മുമ്പ് പോകാറുണ്ടായിരുന്നു. കാമ്പസിൽ വന്നശേഷമാണ് ഡിബേറ്റിനു പോയിത്തുടങ്ങിയത്. എല്ലാ മത്സരങ്ങൾക്കു പോകുമ്പോഴും അമ്മയെയും കൂടെ കൂട്ടിയിരുന്നു. അടുത്തിടെ ചില ആരോഗ്യപ്രശ്നങ്ങൾ മൂലം അമ്മ യാത്രകൾ ഒഴിവാക്കി. കാഷ് അവാർഡു കിട്ടുന്ന മത്സരങ്ങൾക്കെല്ലാം യൂണിവേഴ്സിറ്റി അനുവാദത്തോടെ ഞാൻ പോകുമായിരുന്നു. മിനിമം 3000 രൂപ കിട്ടുമായിരുന്നു തിരുവനന്തപുരത്ത്. അതു കിട്ടിക്കഴിഞ്ഞാൽ ഹോസ്റ്റൽ ഫീസിനു വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടിവരില്ല. 20 വയസായ ഒരു ആൺകുട്ടിയെ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി വീട്ടുകാർ പ്രചോദിപ്പിക്കാറുണ്ടല്ലോ. ഒരു പെൺകുട്ടിയും അങ്ങനെതന്നെ ചെയ്യേണ്ടതാണെന്ന് എനിക്കു തോന്നി. കാമ്പസിൽ എല്ലാവരും എന്നെ മത്സരത്തൊഴിലാളി എന്നാണു വിളിച്ചിരുന്നത്. ഏറ്റവുമധികം സഹായിച്ചതു കാമ്പസിലെ ലൈബ്രറി തന്നെയാണ്. എല്ലാം അവിടെയുണ്ട്. നമ്മൾ അതു വേണ്ടവിധം ഉപയോഗിച്ചാൽമതി. ഈ കാമ്പസിനൊരു പ്രത്യേകതയുണ്ട്... നമ്മൾ എന്തായിത്തീരണമെന്ന് ആഗ്രഹിക്കുകയും കുറച്ചു ശ്രമിക്കുകയും ചെയ്താൽ ഈ കാമ്പസ് അതു നേടിത്തരും.

ഒമ്പതു നക്ഷത്രങ്ങൾ

മത്സരങ്ങൾക്കും മറ്റും പോകുന്നതിനാൽ റഗുലറായി ക്ലാസിൽ പോകുന്ന ഒരാളായിരുന്നില്ല ഞാൻ. എെൻറ ക്ലാസിൽ സെക്കൻഡ് റാങ്ക് ആർക്കാണെന്ന് ഇപ്പോൾ പറഞ്ഞുമാത്രമേ എനിക്കറിയുകയുള്ളൂ. കുത്തിയിരുന്നു പുസ്തകം വായിക്കുന്ന ഒരാളായിരുന്നില്ല ഞാൻ. റാങ്ക് കിട്ടാൻ വേണ്ടി പഠിച്ചിരുന്നില്ല. ഹെഡ് റാവുസാർ ഉൾപ്പെടെ ഒമ്പതു പേരും ഒമ്പതു നക്ഷത്രങ്ങളായിരുന്നു. ക്ലാസിൽ അധ്യാപകർ മിക്കപ്പോഴും ചോദ്യങ്ങളാവും ഉന്നയിക്കുന്നത്. നമുക്കുകൂടി ചിന്തിക്കാൻ ഒരു സ്‌ഥലം തന്നിരുന്നു. അവർ കുറച്ചുകാര്യങ്ങൾ പറഞ്ഞുവയ്ക്കും. ബാക്കി കാര്യങ്ങൾ അന്വേഷിക്കാനുള്ള ഒരു സ്പേസ് ഉണ്ടാവും; ചിന്തിക്കാനും.

കോളജ് അധ്യാപികയാവണം

എംഫിലിനു ശേഷം പിഎച്ച്ഡി ചെയ്യണമെന്നാണു വിചാരിക്കുന്നത്. കോളജ് അധ്യാപിക ആവാനാണ് എനിക്കിഷ്‌ടം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എംഫിൽ മലയാളത്തിനു പഠിക്കുകയാണിപ്പോൾ. ഒരു പൂവിരിയുന്നതുപോലും ഞാനിവിടെയുണ്ടെന്നു ലോകത്തോടു പറയാനല്ലേ. അതുപോലെ ഞാനെഴുതുന്ന കവിതകൾ എല്ലാവരും വായിക്കണമെന്ന ആഗ്രഹമുണ്ട്. എഴുത്ത് വിപുലമാക്കണമെന്ന് ആഗ്രഹമുണ്ട്.

ടി.ജി.ബൈജുനാഥ്