കുറഞ്ഞ ചെലവിൽ കിടപ്പുമുറി
കുറഞ്ഞ ചെലവിൽ കിടപ്പുമുറി
Thursday, February 16, 2017 5:27 AM IST
പൂമുഖം കഴിഞ്ഞാൽ വീടിെൻറ പ്രധാന ആകർഷണമാണ് കിടപ്പുമുറി. മറ്റെന്ത് സൗകര്യങ്ങളുണ്ടായാലും കിടപ്പുമുറി ഇടുങ്ങിയതോ വെളിച്ചം കുറഞ്ഞതോ ഒക്കെ ആയാൽ പ്രയാസം തന്നെ. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ സ്വപ്നഭവനമൊരുക്കാൻ ആഗ്രഹിക്കുന്നവരെ ഏറെ ആകുലപ്പെടുത്തുന്നത് കിടപ്പുമുറി നിർമാണമാണ്. നിർമാണ മേഖലയിൽ അതിദ്രുതം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അൽപമൊന്ന് ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകാതെ സുന്ദരവും സൗകര്യപ്രദവുമായ കിടപ്പുമുറി ഒരുക്കാം.

ബജറ്റിനനുസരിച്ച് ഡിസൈൻ

ബെഡ്റൂമിെൻറ ഡിസൈൻ തെരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മൊത്തം ബജറ്റിൽ കിടപ്പുമുറിക്ക് ചെലവാക്കാവുന്ന തുക എത്രയെന്ന് പ്രത്യേകം തിട്ടപ്പെടുത്തണം. ഒന്നിലധികം കിടപ്പുമുറിയുണ്ടെങ്കിൽ തുക വിനിയോഗിക്കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കണം. വീട്ടിലെ അംഗങ്ങളുടെ എണ്ണം, അവരുടെ പ്രായം, ആവശ്യങ്ങൾ, സ്‌ഥലത്തിെൻറ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. മുറിയുടെ വലുപ്പം ഒരുപാടു വർധിച്ചതുകൊണ്ട് കാര്യമില്ലെന്ന് ഓർക്കണം. ആവശ്യങ്ങൾക്ക് അനുസരിച്ചാകണം വിസ്തീർണം. സൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. മെയിൻറനൻസിനായി ഭാവിയിൽ വേണ്ടിവരുന്ന ചെലവുകൾ കൂടി മുൻകൂട്ടി കണ്ടുവേണം ബജറ്റും ഡിസൈനും തീരുമാനിക്കാൻ. ഡിസൈൻ തയാറാക്കുന്ന ആർക്കിടെക്ടിനെ ബജറ്റിനെക്കുറിച്ചും ഉദ്ദേശിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും വ്യക്‌തമായി ബോധ്യപ്പെടുത്തണം. വായ്പയെടുത്താണ് നിർമാണമെങ്കിൽ ഇക്കാര്യം കൂടി മനസിലുണ്ടാകണം.

ചെലവു കുറയ്റ്റാവുങ്ക വഴികൾ

നിർമാണഘത്തിൽ തന്നെ ശ്രദ്ധിച്ചാൽ കിടപ്പുമുറിക്കായി അധികം പണം ചെലവിടേണ്ടി വരില്ല. നിർമാണ സാമഗ്രികളുടെ തെരഞ്ഞെടുപ്പു മുതൽ ഇൻറീരിയർ ഡെക്കറേഷൻ വരെയുള്ള ഘട്ടത്തിലും ജാഗ്രത പുലർത്തുക. ചെലവു കുറയ്ക്കുക എന്നാൽ നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കലല്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ 40 ശതമാനത്തോളം മാത്രമേ ഫണ്ട് ലാഭിക്കാനാകൂ എന്നതാണ് വസ്തുത. എന്നാൽ വീടിെൻറ ഉറപ്പിലും നിലനിൽപ്പിലും 80 ശതമാനത്തോളം വീഴ്ചയാണുണ്ടാകുക. പരസ്യത്തിെൻറയും മറ്റും പിൻബലത്തോടെ മാർക്കറ്റിൽ പേരെടുത്ത ബ്രാൻഡഡ് ഉത്പന്നങ്ങൾക്കു പിന്നാലെ പോകാതിരിക്കുന്നതാണ് ബുദ്ധി. കല്ല്, മണ്ണ്, സിമൻറുക, ഇൻറർലോക്ക് ബ്രിക്സ്, മെറ്റൽ, എംസാൻഡ്, മണൽ തുടങ്ങിയവയിലെല്ലാം കഴിവതും പ്രാദേശികമായി ലഭിക്കുന്ന മികച്ച ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. പ്രാദേശിക മാർക്കറ്റിൽ നിന്നു സാധനങ്ങൾ ലഭ്യമാക്കുമ്പോൾ കടത്തുകൂലിയിനത്തിലും ചെറിയ ലാഭമുണ്ടാകും.

പാഴായിപ്പോകുന്ന ഇടങ്ങൾ കുറച്ചായിരിക്കണം ബെഡ് റൂമിെൻറ നിർമാണം. ഷെൽഫ്, റാക്ക്, ഷോക്കേസ് എന്നിവ ആവശ്യമെങ്കിൽ ചുവരിൽ എവിടെ വേണം എന്നുള്ളത് കൃത്യമായി പ്ലാൻ ചെയ്യണം. കിടപ്പുമുറിയിലെ അവിഭാജ്യ ഘടകമായ കട്ടിൽ ഇൻ ബിൽറ്റായി നിർമിക്കുന്ന രീതി ഇന്ന് നിലവിലുണ്ട്. കട്ടിൽ ബിൽറ്റ് ഇന്നാണെങ്കിൽ ലാഭം പലതാണ്. കുറഞ്ഞ ചെലവിൽ ഒരു കട്ടിൽ എന്നതിനു പുറമെ അത്രയും ഭാഗത്ത് ഫ്ളോറിംഗും വേണ്ട. കട്ടിലിെൻറ അടിഭാഗത്ത് ഷെൽഫു പണിതാൽ അലമാര ലാഭിക്കാം. സാധാരണ കട്ടിലുകൾക്ക് അടിയിലും ഇത്തരത്തിൽ ഷെൽഫ് പണിയാം. ബെഡിെൻറ ഹെഡ് ഡിസൈൻ ചുവരിൽ തീർത്ത് ആഡംബര കട്ടിലിെൻറ പ്രതീതി ഉണ്ടാക്കുന്നതും നിലവിലെ ട്രെൻഡാണ്.

ബാത്ത്റൂം

കിടപ്പുമുറിയോടു ചേർന്ന് ബാത്ത്റൂം അവിഭാജ്യഘടകമാണ്. ചെലവു വളരെ കുറയ്ക്കണമെങ്കിൽ അറ്റാച്ച്ഡ് ബാത്ത്റൂം ഉപേക്ഷിക്കാം. കോമൺ ബാത്ത്റൂമാണ് നിർമിക്കുന്നതെങ്കിലും ഭാവിയിൽ അറ്റാച്ച്ഡ് സൗകര്യമൊരുക്കാൻ കഴിയുന്ന വിധത്തിലാകണം. അറ്റാച്ച്ഡ് ആയാലും കോമണായാലും ബാത്ത് റൂമിൽ സ്റ്റീലിനുപകരം ഗുണമേന്മ കൂടിയ ഫൈബർ ഫിറ്റിംഗ്സ് ഉപയോഗിച്ചാൽ മതി. ഫൈബർ മെറ്റീരിയൽ ഉപയോഗിച്ച് ബാത്ത് ടബ് വരെ നിർമിക്കാൻ കഴിയും. (ബാത്ത് ടബ് വയ്ക്കുന്നത് അനാവശ്യചെലവാണ്. ഇത് മിക്കവരും ഉപയോഗിക്കാറില്ല). ബാത്ത് റൂമിെൻറ വാതിലുകളും ഫൈബറിലാണ് നല്ലത്. മനോഹര ഡിസൈനിലുള്ള ഫൈബർ പാനലുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ചുവരിൽ ടൈൽസ് പതിക്കുന്നതിന് പകരം ജിപ്സം പൂശി കളർ ഡിസൈൻ ചെയ്ത് ഗ്ളാസ് ഉറപ്പിക്കുന്ന രീതിയും നിലവിലുണ്ട്. ഇതിനും ചെലവ് കുറവാണ്. പൈപ്പുകളും ഫിറ്റിംഗ്സുകളും തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധവേണം. അനാവശ്യമായി ടാപ്പുകളോ ഷവറുകളോ പിടിപ്പിക്കരുത്. ക്ലോസറ്റ്, വാഷ്ബേസിൻ തുടങ്ങിയ ബാത്ത്റൂം ഫിറ്റിംഗ്സുകൾ വെള്ള കളറിലുള്ളതായാൽ ചെലവു ഗണ്യമായി കുറയും.


മരം തെരബ്ലെടുറ്റുമ്പോൾ

മുൻവശത്തെ പ്രധാന വാതിലിനും ജനലിനും മാത്രം തേക്കും വീട്ടിയും പോലുള്ള വിലകൂടിയ മരങ്ങൾ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ രീതി. മറ്റിടങ്ങളിൽ ചെലവ് കുറഞ്ഞ മരങ്ങൾ ഉപയോഗിക്കാം. കിടപ്പുമുറിക്കും ഇത്തരം വാതിലുകൾ മതിയാകും. എന്നാൽ മാസ്റ്റർ ബെഡ്റൂമിെൻറ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. വീടിനാവശ്യമുള്ള മുഴുവൻ തടിയും ഒന്നിച്ചു വാങ്ങുന്നതാണ് ലാഭം. ആവശ്യത്തിനുള്ള തടിയുടെ കണക്ക് കൃത്യമായെടുത്ത് കൂപ്പിൽ നിന്ന് നേരിു വാങ്ങിയാൽ വില കുറച്ച് ലഭ്യമാകും. പഴയ വീടുകൾ പൊളിച്ചുപണിയുന്നവർക്ക് അതിലെ പഴയ മരങ്ങൾ പരമാവധി ഉപയോഗിക്കുന്നതാകും ലാഭകരം. ചിപ്പ് ബോർഡ് വാതിലുകളും പ്ലൈവുഡ് ഡിസൈൻഡ് വാതിലുകളും യഥേഷ്‌ടം വിപണിയിൽ ലഭ്യമാണ്. മികച്ച ഗുണനിലവാരമുള്ളവ മാത്രം ഉപയോഗിക്കുക. വാതിൽക്കട്ടിള, ജനൽ എന്നിവ റെഡിമെയ്ഡ് കോൺക്രീറ്റിലാകുന്നതിൽ കുഴപ്പമില്ല. സുരക്ഷയും ഈടും ഇവ ഉറപ്പു നൽകുന്നു. സിമൻറിൽ തീർത്ത റെഡിമെയ്ഡ് ഷോക്കേസും ഷെൽഫുകളുമെല്ലാം ഇന്ന് സുലഭമാണ്. ഇവ ചുവരിൽ ഉറപ്പിച്ച് ഫ്രെയിമുകളും മറ്റും മാത്രം മരം കൊണ്ടു നിർമിച്ചാൽ മതി. ഫാബ്രിക്കേറ്റഡ് അലുമിനിയം ചാനലുകൾ ഉപയോഗിച്ച് ഫ്രെയിം നിർമിച്ച് ഗ്ലാസിടുന്നതിനും അധികം ചെലവു വരില്ല. ചെലവു വീണ്ടും കുറയ്ക്കണമെങ്കിൽ ജനൽപാളികളും അലൂമിനിയത്തിൽ ഒരുക്കാം.

ഇലക്ട്രിക് ഫിറ്റിംഗ്സ്

ഗുണമേന്മയ്ക്കാവണം മുൻഗണന. എന്നാൽ കൂടുതൽ ഫാൻസിയായ ലൈറ്റുകളോ ഫിറ്റിംഗ്സുകളോ കിടപ്പുമുറിയിൽ ആവശ്യമില്ല. ബെഡ് സ്വിച്ച് പോലുള്ള സംവിധാനങ്ങൾ തുടക്കത്തിലേ ഉണ്ടായിരിക്കുന്നത് നന്ന്. പിന്നീട് ഇവ ഘടിപ്പിക്കാൻ അധികച്ചെലവു വരും. എയർ കണ്ടീഷൻ പോലുള്ള സംവിധാനങ്ങൾക്കും പ്രൊവിഷനുണ്ടാകണം. ഫാനിെൻറ വലിപ്പം മുറിക്ക് യോജിച്ചതാകണം. കിടപ്പുമുറിയിൽ ഒന്നിലധികം പ്ലഗ് പോയിൻറുകളുടെ ആവശ്യമുണ്ടാകാറില്ല.

ഇന്റീരിയർ

ലളിതമായ അലങ്കാരമാണ് കിടപ്പുമുറിക്ക് കൂടുതൽ ഭംഗി നൽകുക. ആവശ്യത്തിലധികം ഫർണീച്ചറുകൾ നിറയ്ക്കുന്നത് അഭംഗിയുണ്ടാക്കും. അലമാരകൾ, ടേബിളുകൾ എന്നിവയെല്ലാം വാങ്ങുമ്പോൾ മുറിയുടെ വലിപ്പവും സൗകര്യവും പരിഗണനയിലുണ്ടാകണം. ചുവരുകൾക്ക് ലൈറ്റ് നിറത്തിലുള്ള പെയിൻറുകളാണ് ഉചിതം. മുറിയിൽ വെളിച്ചമുണ്ടാകാൻ ഇത് ഉപകരിക്കും. കർട്ടനുകളും ഇളം നിറത്തിലുള്ളവയാകണം.

എം. ജയപ്രസാദ്
നിർമിതി ഡിസൈനേഴ്സ്
കോഴിക്കോട്

തയാറാക്കിയത് : ടി.വി. ജോഷി.