മഞ്ഞമന്ദാരമായ് ഗേളി
മഞ്ഞമന്ദാരമായ് ഗേളി
Saturday, February 4, 2017 5:46 AM IST
സൂപ്പർ ക്യാരക്ടർ

കാത്തിരിപ്പിന്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങാനാണ് ആ കൊച്ചുമകൾ പറന്നെത്തിയത്. കളിയും ചിരിയും കുസൃതിയും പരത്തുന്ന ഒരു പൈങ്കിളി പോലെ ഒരു ഋതുകാലത്തിന്റെ ഇടവേളയിൽ ഗേളി തന്റെ വല്യമ്മച്ചിയെ തേടിയെത്തി. എങ്കിലും പുഞ്ചിരിയുടെ മൂടുപടത്തിനു പിന്നിലെ അവളുടെ വേദന ആരും അറിഞ്ഞിരുന്നില്ല, കാരണം ജീവിതത്തിന്റെ ഇനിയുള്ള നാളുകൾ ആഘോഷമാക്കുവാനും ഓർമകളിലേക്കു മടങ്ങുവാനുമാണ് അവൾ പറന്നെത്തിയത്.

മലയാളത്തിന്റെ പ്രിയ കഥാകാരൻ ഫാസിൽ സംവിധാനം ചെയ്ത് 1984 ൽ റിലീസായ ചിത്രമായിരുന്നു നോക്കെത്താദൂരത്ത് കണ്ണും നട്ട്. മുൻകാല നായിക പത്മിനിയും നദിയ മൊയ്തുവുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഒപ്പം മോഹൻ ലാലും. ഏകാന്തതയിലും തന്റെ ചെറുമകളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന വല്യമ്മച്ചിയാണ് ഇതിലെ പത്മിനി. ആ കാത്തിരിപ്പിനു വിരാമം കല്പിച്ചെത്തുന്ന ചെറുമകളാണ് ഗേളി. നദിയ മൊയ്തുവിനെ മലയാളികൾ പരിചയപ്പെടുന്നത് ഈ ചിത്രത്തിലൂടെയാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ് മുതൽ ഒരുപിടി നായികമാരെ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. നദിയ മൊയ്തുവിനേയും ഈ ചിത്രത്തിലെ ഗേളിയായി ഫാസിലാണ് ആദ്യമായി കാമറയ്ക്കു മുന്നിലേക്കു കൊണ്ടു വരുന്നത്.

അപരിചിതമായ ഗ്രാമത്തിന്റെ ആ വഴിത്താരയിൽ ബസിറങ്ങി ഗേളി എത്തിയത് തന്റെ വല്യമ്മച്ചിയുടെ വീട്ടിലേക്കായിരുന്നു. തന്റെ അമ്മയുടെ മരണത്തിനു ശേഷം കുഞ്ഞുനാളിൽ ഡാഡിയോടൊപ്പം ഡൽഹിക്കു പോയതാണ് ഗേളി. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വല്യമ്മച്ചിയെ തേടിയെത്തുന്നത്. സ്നേഹ വും വാശിയും നിറഞ്ഞതുകൊണ്ടാകാം തന്റെ ഉള്ളിലെ സ്നേഹം പുറത്തുകാണിക്കാൻ വല്യമ്മച്ചിയുടെ മനസ് ആദ്യം വിസമ്മതിച്ചത്. അന്നുവരെ ഏകാന്തയുടെ തടവറയായ ആ വീട് പിന്നീട് ഉത്സവത്തിന്റെ മാമങ്കക്കളരിയാവുകയായിരുന്നു. ഇനിയൊരിക്കലും വല്യമ്മച്ചിയെ വിട്ടുപോകില്ലെന്ന് അവൾ വാക്കു കൊടുത്തു. വല്യമ്മച്ചിയോട് വഴക്കിട്ടിരുന്ന കുട്ടികളെ തന്റെ കൂട്ടുകാരാക്കി.

അയൽക്കാരനായിരുന്ന ശ്രീകുമാറും ഗേളിയും അപ്പോഴേക്കും വഴക്കിലായിരുന്നു. ശ്രീകുമാറിന്റെ കയ്യിലുള്ള മഞ്ഞ നിറമുള്ള റോസാച്ചെടി ഗേളി ചോദിച്ചെങ്കിലും അവൻ അതു നിരസിക്കുന്നു. അതുകൊണ്ടു തന്നെ പിന്നീട് ശ്രീകുമാറിനെ അവൾ ഏറെ പറ്റിക്കുന്നു. ഇതിനു പ്രതികാരമായി ക്രിസ്മസിനു പടക്കം പൊട്ടിക്കുന്നതിനിടയൽ ശ്രീകുമാർ ചെയ്ത കുസൃതിയിൽ അവളുടെ കൈക്കു പൊള്ളലേറ്റു. അത് അവനിലും പശ്ചാത്താപം ഉണ്ടാക്കി. അങ്ങനെയിരിക്കെ കൂട്ടുകാരനായ അലക്സിൽ നിന്നും ഗേളി മരണത്തിനുള്ള നാളുകൾ എണ്ണപ്പെട്ട രോഗിയാണെന്നു ശ്രീകുമാർ മനസിലാക്കി.


ഡൽഹിയിൽ നിന്നും നാട്ടിലേക്കവൾ ഓടിയെത്തിയത് തന്റെ അമ്മയുടെ ഓർമകളുള്ള വീട്ടിൽ ഇനിയുള്ള നാളുകൾ ജീവിക്കാനായിരുന്നു. എന്നാൽ തന്റെ ഡാഡിയോടുള്ള വല്യമ്മച്ചിയുടെ വിദ്വേഷം എന്നും അവളെ അലട്ടയിരുന്നു. അലക്സിൽ നിന്നും വിവരങ്ങളറിഞ്ഞു നാട്ടിലെത്തുന്ന ഡാഡിയോട് വല്യമ്മച്ചി തന്റെ രോഗവിവരം അറിയരുതെന്ന് അവൾ സത്യം ചെയ്യിക്കുന്നു. സ്നേഹിക്കാൻ മാത്രം അറിയുന്ന ആ ഇരു ഹൃദയങ്ങളുടെ നടുവിൽ പലപ്പോഴും അവൾ തളർന്നു പോയി. എങ്കിലും തന്റെ ഡാഡിയോടുള്ള അമ്മച്ചിയുടെ സമീപനം മാറ്റാൻ തന്റെ രോഗവിവരം അറിയിക്കുന്നു. തന്റെ ജീവിതം നിലനിർത്താൻ ഇനി ഒരു ശസ്ത്രക്രിയയ്ക്കു വിധായമാക്കാനാണ് ഡാഡി എത്തിയിരിക്കുന്നത്. പക്ഷേ, തനിക്കു തന്റെ അമ്മയുടെ വീട്ടിൽ കിടന്നു മരിച്ചാൽ മതി. തന്റെ പറഞ്ഞുവിടല്ലേ എന്നവൾ വല്യമ്മച്ചിയോട് കേണു...
ശ്രീകുമാറിനോടുള്ള സൗഹൃദം എന്നും അവൾ മനസിൽ സൂക്ഷിക്കാൻ ആഗ്രഹിച്ചു. തന്റെ വേദനകളും ആകുലതകളും അവനോട് പങ്കുവെച്ചു. ഒപ്പം അവന്റെ ഒരു ഫോട്ടോയും തന്റെ പെട്ടിയിൽ സൂക്ഷിക്കാനായി അവൾ എടുത്തു. അമ്മച്ചി തന്ന സൂപ്പ് സ്നേഹത്തോടെ കഴിക്കുമ്പോഴും അവളറിഞ്ഞിരുന്നുവോ, ദൂരെ കേൾക്കുന്ന വണ്ടിയുടെ ശബ്ദം തന്നെ കൊണ്ടുപോകാനെത്തുന്ന ഡാഡിയുടെ വരവ് അറിയിക്കാനുള്ളതാകാമെന്ന്. അപ്പോഴും തനിക്കുള്ള പേടിയെ വല്യമ്മച്ചിയെ അറിയിച്ചാണ് ഉറക്കത്തിലേക്കവൾ പോയത്. ഉറങ്ങിക്കിടന്ന ഗോളിയെ ആംബുലൻസിലേക്കു കയറ്റുമ്പോഴും ആ മുഖത്ത് നിറയെ സ്നേഹം വാരിനൽകുന്ന അമ്മച്ചിയോടുള്ള പുഞ്ചിരി വിളങ്ങിയിരുന്നു...

നോക്കത്താ ദൂരത്ത് കണ്ണും നട്ട് തന്റെ കൊച്ചുമകൾക്കായി ആ വല്യമ്മച്ചി ഇന്നും കാത്തിരിക്കുകയാണ്. പൂമുഖപ്പടിയിലെ കോളിംഗ് ബെൽ ശബ്ദം മുഴക്കുവാൻ ഒരു മഞ്ഞ മന്ദാരപുഷ്പമായി അവൾ വീണ്ടും വരും...

അനൂപ് ശങ്കർ