പുതിയ മേഖലകൾ, പുത്തൻ ആശയങ്ങൾ
പുതിയ മേഖലകൾ, പുത്തൻ ആശയങ്ങൾ
Wednesday, February 1, 2017 6:15 AM IST
നോട്ടു പിൻവലിക്കലിനെത്തുടർന്നു ഗവൺമെന്റ് ഡിജിറ്റൽ ഇന്ത്യയ്ക്ക് ഊന്നൽ നൽകുന്നത് നവംസംരംഭങ്ങൾക്കു വഴിയൊരുക്കുകയാണ്. സാധാരണ കട മുതൽ ശതകോടി കമ്പനികൾ വരെ ഡിജിറ്റൽ യുഗത്തിലേക്ക് മാറുവാൻ നിർബന്ധിതമാവുകയാണ്. ഇവയുടെ ഡിജിറ്റൽ ഉപയോഗത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേയുള്ളു.

ഈ സഹാചര്യത്തിൽ പുതിയ ആശയവും പുതിയ ഉത്പന്നങ്ങളുമായി ഇന്ത്യയിൽ നിരവധി സ്റ്റാർട്ടപ്പുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. എല്ലാ മേഖലകളിലും ഇതിന്റെ അലയടികൾ ഉയരുകയും ചെയ്യുന്നു. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മൂന്നാം സ്‌ഥാനത്താണ് ഇന്ത്യ. ഒന്നാം സ്‌ഥാനത്ത് അമേരിക്കയും രണ്ടാം സ്‌ഥാനത്ത് ബ്രിട്ടനും.

രാജ്യത്തെ സ്റ്റാർട്ടപ്പുകൾ വഴി 80,000–85,000 തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കപ്പെട്ടത്. ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിൽ 2020 ഓടെ രണ്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്ന് നാസ്കോം–സിത്തോവ് പഠന റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. 2016 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖല 2.2 ഇരട്ടി വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്. 2020 ആകുമ്പോഴേക്കും ഇന്ത്യയിൽ 10,500 സ്റ്റാർട്ടപ്പുകളുണ്ടാകുമെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു. 2015ൽ 350 ഓളം സ്റ്റാർട്ടപ്പുകൾ കാമ്പസുകളിൽ നിന്നു തന്നെ രൂപപ്പെട്ടു. ടെക്നോളജി സ്റ്റാർട്ടപ്പുകളാണ് കൂടുതലായി രൂപപ്പെടുന്നത്. സാമ്പത്തിക, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് യഥാക്രമം ഫിൻടെക്, എഡ്യൂടെക് (എശി ലേരവ., ഋറൗ ലേരവ) എന്നിവയിൽ വരും വർഷങ്ങളിൽ വൻ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു മേഖല ആരോഗ്യ–മെഡിക്കൽ മേഖലയാണ്.

രാജ്യത്തെ 65 ശതമാനത്തിലധികം സ്റ്റാർട്ടപ്പുകളും മുബൈ, ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ഫിൻടെക്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾ നടക്കുന്നത് ഫിൻടെക് മേഖലയിലാണ്. ഇപ്പോൾ ചെയ്തുവരുന്ന ബിസിനസ് രീതിയിൽ പുനർനിർവചനം നടത്തുകയാണ് ഫിൻടെക് സ്റ്റാർട്ടപ്പുകൾ. ഈ മേഖല ആരംഭിച്ചിട്ടേയുള്ളുവെന്നാണ് വിലയിരുത്തുന്നത്. ആഗോള തലത്തിൽത്തന്നെ ഫിൻടെക് ഇടത്തിലേക്ക് പണം ഒഴുകുകയാണ്. ഇന്ത്യൻ ഫിൻടെക് കമ്പനികൾ തുടങ്ങിയിട്ടേയുള്ളു.

നോട്ട് പിൻവലിക്കലും ധനകാര്യ ഉൾപ്പെടുത്തലും ഈ മേഖലയിൽ വൻ വളർച്ചയുടെ വാതിലുകളാണ് തുറന്നിട്ടുള്ളത്. ഇന്ത്യയിൽ നാനൂറിലധികം ഫിൻടെക് കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാസ്കോം വിലയിരുത്തുന്നത്. 2020–ഓടെ ഇന്ത്യൻ ഫിൻടെക് സോഫ്റ്റ്വേർ വിപണി 245 കോടി ഡോളറാകുമെന്നും നാസ്കോം വിലയിരുത്തുന്നു.

കാഷ്ലെസ് ഇക്കോണമിയായി ഇന്ത്യയെ മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തോടെ ഡിജിറ്റൽ ട്രാൻസാക്ഷൻ മേഖലയിൽ പുതിയ സ്റ്റാർട്ടപ്പുകൾക്കും ഊർജം പകരുകയാണ്. പേടിഎമ്മും ഫ്രീചാർജുമൊക്കെ അരങ്ങുവാഴുന്നുണ്ടെങ്കിലും ഈ മേഖലയിൽ വലിയ സാധ്യതകളാണ് പുതിയ സംരംഭകരെയും കാത്തിരിക്കുന്നത്. ഗൂഗിൾ–ബോസ്റ്റൺ കൺസൾട്ടൻസി ഗ്രൂപ്പിന്റെ കണക്ക് പ്രകാരം അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 500 ബില്യൺ ഡോളറിന്റെ ഇടപാടുകൾ ഡിജിറ്റൽ പേമെന്റിലൂടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഓടെ കറൻസിയെ പിന്തള്ളി ഡിജിറ്റൽ ഇടപാടുകൾ മുൻപന്തിയിലെത്തും. 2025 ആകുമ്പോഴേക്കും ഇത് 59 ശതമാനത്തിൽ എത്തും.

നിലവിലുള്ള ഫിൻടെക് സ്റ്റാർട്ടപ്പുകളിൽ കൂടുതലും റീട്ടെയിൽ മേഖലയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തോടെ ഫിൻടെക് മേഖലയിൽ 1,000 സ്റ്റാർട്ടപ്പുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4ജിയുടെയും ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡിന്റയും വളർച്ച വർധിക്കുന്നതോടെ ഡിജിറ്റൽ ഇടപാടുകൾ വർധിക്കുക തന്നെ ചെയ്യും. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവു കൂടുതൽ വളർച്ചപ്രാപിക്കുന്ന ഇന്റർനെറ്റ് ഇക്കോണമിയാണ് ഇന്ത്യയുടേത്.

കണക്ടിവിറ്റി രംഗത്തെ വളർച്ച സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രയോജനപ്പെടും. 2020 ഓടെ ഇന്ത്യയിൽ ഒരു ബില്ല്യൻ മൊബൈൽ ഉപയോക്‌താക്കളുണ്ടാകുമെന്നാണ് ജിഎസ്എംഎയുടെ പഠനം വ്യക്‌തമാക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് മൊബൈൽ ഉപയോക്‌താക്കളുടെ എണ്ണത്തിൽ രണ്ടാം സ്‌ഥാനമാണുള്ളത്. മൊബൈൽ സമ്പദ് വ്യവസ്‌ഥ–2016 പഠനറിപ്പോർട്ടിൽ ജനസംഖ്യയിൽ പകുതിപേരും മൊബൈൽ സേവനം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2020 ഓടെ 350 ദശലക്ഷം പുതിയ ഉപയോക്‌താക്കളെയാണ് പ്രതീക്ഷിക്കുന്നത്. ഇത് 2015 ലെ 47 ശതമാനത്തിൽ നിന്നും 68 ശതമാനത്തിലെത്തും. 3ജി, 4ജി കണക്ഷൻ എടുക്കുന്നവരുടെ എണ്ണം 2020 ഓടെ 670 ദശലക്ഷത്തിലെത്തുമെന്നാണ് കണക്ക്.

ആധാർ, യുപിഐ, 4ജി നെറ്റവർക്ക് എന്നിവയുടെ സംയോജനത്തോടെ ഉപഭോക്‌താക്കളിൽ ഒരു ഏകീകരണം ഉണ്ടാകും. ഇത് ഫിൻടെക് സ്റ്റാർട്ടപ്പുകളിലെ വളർച്ചയും വേഗത്തിലാകും.

ഡിജിറ്റൽ പേമെന്റിലേക്ക് മാറുന്നതിന് ചെറുകിട ഇടത്തരം ബിസിനസുകൾക്ക് ബജറ്റിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുവാൻ ഒരുങ്ങുകയാണ് ഗവൺമെന്റ്. എങ്ങനേയും ഏതാനും വർഷങ്ങൾക്കുള്ളിൽ കാഷിന്റെ മുന്നിൽ ഡിജിറ്റൽ പേമെന്റിനെ എത്തിക്കുന്നതിനു ഗവൺമെന്റ് എല്ലാ ശ്രമവും നടത്തുകയാണ്.

ഇതു പുതിയ ബിസനസുകൾക്ക് അവസരമൊരുക്കുന്നു. ഡെലിവറി മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യയും സ്‌ഥാപനങ്ങളും ഏറ്റവും അവശ്യമാണ്. പണമിടപാടായതിനാൽ അതിന്റെ സുരക്ഷയും പ്രധാനമാണ്. ചെറുതും വലുതുമായ കോടിക്കണക്കിനു സ്‌ഥാപനങ്ങൾ ഉള്ളതിനാൽ നിരവധി സ്‌ഥാപനങ്ങൾക്ക് ഈ മേഖലകളിൽ സാധ്യതയുണ്ട്.

എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വാലറ്റുകൾ, മറ്റു കാർഡുകൾ തുടങ്ങിയവയ്ക്കു പകരമുള്ള ഡെലിവറി സംവിധാനവും അതിന്റെ സുരക്ഷയും ഉയർന്നുവരുന്ന മേഖലയാണ്.ധനകാര്യമേഖലയിൽ തന്നെ നിക്ഷേപം, വായ്പ എന്നിവയിൽ നിരവധി സാധ്യതകളാണ് നിലനിൽക്കുന്നത്.

ലോജിസ്റ്റിക്

ചരക്ക് സേവനരംഗത്ത് 2016 ലെ കണക്കുകൾ പ്രകാരം വിവിധ സ്റ്റാർട്ടപ്പുകളിൽ 119 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം പക്ഷേ ഈ രംഗത്ത് അത്ര അനുകൂലമായിരുന്നില്ല. പുതിയ രീതിയിലുള്ള ഇന്നവേഷനും ഏകീകരണവും വേണ്ട മേഖലയായതുകൊണ്ടു തന്നെ വരും നാളുകളിൽ പുതിയ സാധ്യതകൾ ഇവിടെയുമുണ്ടാകും. 30 മുതൽ 40 ദിവസത്തെ ക്രെഡിറ്റിലാണ് ചരക്ക് സേവനരംഗം പ്രവർത്തിക്കുന്നത് എന്നതുതന്നെയാണ് സ്റ്റാർട്ടപ്പുകൾക്കും പ്രശ്നമായി നിൽക്കുന്നത്. മാത്രമല്ല ചരക്ക് സേവനമേഖല വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നതിനാൽ ഇവ തമ്മിലുള്ള ഏകീകരണവും ബുദ്ധിമുട്ടുണ്ടാക്കുന്നു.


എന്നാൽ കേന്ദ്രസർക്കാരിന്റെ ചരക്ക് സേവന നികുതിയും കാഷ്ലെസ് പദ്ധതിയും ഇതിൽ മാറ്റമുണ്ടാകും. ധനഇടപാടുകൾ വേഗത്തിലാകുന്നതോടെ കൂടുതൽ നിക്ഷേപങ്ങളും ടെക്നോളജിയും മേഖലയിലേക്കെത്തും. 2020 ഓടെ 307 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ലോജിസ്റ്റിക് മേഖലയിൽ പ്രതീക്ഷിക്കുന്നത്.

എഡ്യൂടെക്

കണ്ണൂർ അഴിക്കോട് സ്വദേശിയായ ബൈജു രവീന്ദ്രൻ തയാറാക്കിയ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് ആപ്പ് ഇന്ന് 3,500 കോടി മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനിയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ഫേസ്ബുക്ക് സ്‌ഥാപകൻ മാർക് സുക്കർബർഗിന്റെയും ഭാര്യ ചാൻ സുക്കർബർഗിന്റെയും ഉടമസ്‌ഥതയിലുള്ള സിഎസ്ഐ ഇനിഷ്യേറ്റീവ് ബൈജൂസ് ആപ്പിൽ നിക്ഷേപിച്ചത് 332 കോടി രൂപയാണ്. ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ മൊബൈൽ ആപ്പിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കുന്ന സംരംഭമാണ് ബൈജൂസ് ലേണിംഗ് ആപ്പ്. ഇതിനോടകം തന്നെ ആപ്ലിക്കേഷൻ 5.5 ദശലക്ഷം പേർ ഡൗൺലോഡ് ചെയ്തു. 250,000 വാർഷിക പെയ്ഡ് ഉപഭോക്‌താക്കളുണ്ട്.

ഇന്ത്യയിൽ മുഴുവൻ 1.4 ദശലക്ഷം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലായി 227 ദശലക്ഷം വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവർക്കായി ഇപ്പോൾ ഉള്ളത് 270 എഡ്യുടെക് സ്റ്റാർട്ടപ്പുകളും. മിക്ക സ്റ്റാർട്ടപ്പുകളും മികച്ച വിദ്യാഭ്യസ രീതി രൂപികരിക്കുന്നതിന്റെ പരീക്ഷണത്തിലുമാണ്.

പതിയെ മാത്രം വളർച്ച പ്രകടമാക്കുന്ന സ്റ്റാർട്ടപ്പ് മേഖലയാണ് എഡ്യൂടെക് എന്നു വിളിക്കുന്ന വിദ്യാഭ്യാസ രംഗം. ഉപയോഗിക്കുന്നവരിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുന്നതിനായി കൂടുതൽ കഠിനാധ്വാനം വേണ്ടിവരികയും ചെയ്യും. സൗജന്യമായ നിരവധി സങ്കേതങ്ങൾ ഉള്ളതുകൊണ്ടു തന്നെ പെയ്മെന്റ് നൽകിയുള്ള സ്റ്റാർട്ടപ്പുകൾ അതിനു തക്കവിധത്തിലുള്ള സേവനം നൽകിയെങ്കിൽ മാത്രമേ പിടിച്ചു നിൽക്കാനാകൂ.

ഉന്നത വിദ്യാഭ്യാസത്തിന് ചെലവേറുന്ന കാലഘട്ടമാണ് വരുന്നത്. അതുകൊണ്ടു തന്നെ ചെലവു കുറഞ്ഞ സൗകര്യപ്രദമായ പുതിയ പാഠ്യരീതിയിലേക്ക് സമൂഹവും മാറിത്തുടങ്ങുകയാണ്. ഈ സാധ്യത തന്നെയാണ് എഡ്യൂടെക് സ്റ്റാർട്ടപ്പുകളെയും കാത്തിരിക്കുന്നത്.

വേദാന്ത്, ബൈജൂസ് ലേണിംഗ്, സൂപ്പർപ്രോഫ്സ്, സിംപ്ലീ ലേൺ, നയീ ദിശ, എംബൈബ്, സ്കൂൾ ഗുരു, ടെസ്റ്റ് ബുക്ക് തുടങ്ങിയ സ്റ്റാർട്ടപ്പുകൾ ഈ വിഭാഗത്തിൽ മുൻ നിരയിൽ നിൽക്കുന്നവയാണ്. മുൻ വർഷങ്ങളെവച്ചു നോക്കിയാൽ എഡ്യുടെക് മേഖലയിൽ ഏറ്റവും കൂടതൽ നിക്ഷേപമുണ്ടായത് 2015 ലാണ്. 115.7 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് ആ വർഷം നടന്നത്. 2016 ൽ ഇത് 77.6 മില്യൺ ഡോളറിലേക്ക് ഒതുങ്ങി.

ആരോഗ്യം, മെഡിക്കൽ

വിദ്യാഭ്യാസംപോലെ തന്നെ പുതിയ സംരംഭങ്ങൾക്കു വളരെ സാധ്യതയുള്ള മേഖലയാണ് ആരോഗ്യം, മെഡിക്കൽ മേഖല. ടെലിമെഡിസിൻ മുതൽ മെഡിക്കൽ ഡിജിറ്റൽ ഡേറ്റ വരെയുള്ള സംരംഭങ്ങൾക്കു സാധ്യതയേറെയാണ്. മെഡിക്കൽ റിക്കാർഡുകൾ ഡിജിറ്റലായി സൂക്ഷിക്കുന്ന എച്ച് ക്യൂ അടുത്തകാലത്ത് ആരംഭിച്ച് അതിവേഗം വളരുന്ന സംരംഭമാണ്. പോർത്തിയ മെഡിക്കൽ, മെഡ്ജെനോം, ലൈബ്രേറ്റ്, മെഡ്വെൽ വെൻച്വർ തുടങ്ങി നിരവധി കമ്പനികൾ ഈ മേഖലയിൽ അടുത്തകാലത്ത് പ്രവേശിക്കുകയും വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവയാണ്.

ഈ മേഖലയിൽ ഡേറ്റ മൈനിംഗിനും വലിയ സാധ്യതയാണ്. മരുന്നുത്പാദനം, ആരോഗ്യ സംരക്ഷണം, ഹെൽത്ത് മാനേജ്മെന്റ്, ഡോക്ടർ നെറ്റ്വർക്കിംഗ് ആൻഡ് എൻഗേജ്മെന്റ്, ഇ–കൊമേഴ്സ് ഫാർമസി, പേഷ്യൻ എഡ്യൂക്കേഷൻ നെറ്റ്വർക്ക്, ലൈഫ് സ്റ്റൈൽ സർവീസസ്, ഹെഡ്ത്ത് ഡിവൈസസ് തുടങ്ങിയവയിൽ നിരവധി സാധ്യതകളാണുള്ളത്. ഇന്ത്യൻ ജനസംഖ്യതന്നെയാണ് ഈ മേഖലയിലെ സംരംഭക സാധ്യതകൾ തുറന്നു തരുന്നത്.

സൈബർ സെക്യൂരിറ്റി

പുതിയ കാലഘട്ടത്തിൽ എല്ലാം ഇന്റർനെറ്റ് അധിഷ്ഠിതമായതോടെ സൈബർ സുരക്ഷാ മേഖലയുടെ പുതിയ വാതിലുകൾ സ്റ്റാർട്ടപ്പുകൾക്കായി തുറന്നിരിക്കുകയാണ്. സൈബർ സെക്യൂരിറ്റി മേഖലഏതാണ്ടുതന്നെ വിദേശരാജ്യങ്ങൾക്ക് കയ്യടക്കി വച്ചിരിക്കുന്നിടത്തേക്കാണ് നൂതന ആശയങ്ങളുമായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ എത്തുന്നത്.

കാഷ്ലെസ് ഇന്ത്യയുടെ ഭാഗമായി ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വർധിച്ചതോടെ കൂടുതൽ സൈബർ സുരക്ഷയും ആവശ്യമായി വന്നിരിക്കുന്നു. അതുകൊണ്ടു തന്നെ സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. രാജ്യത്തെ 120–ലധികം സ്റ്റാർട്ടപ്പുകളിലായി 286 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 2014ൽ മൊത്തം 29 കമ്പനികളാണ് ഉണ്ടായിരുന്നതെങ്കിൽ 2015ൽ മാത്രം പുതുതായി 27 കമ്പനികളാണ് രൂപംകൊണ്ടത്.

ഡേറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം നിലവിൽ 400 കോടി ഡോളർ വിലയുള്ളതാണ് ഇന്ത്യയിലെ സൈബർ സെക്യൂരിറ്റി മാർക്കറ്റ്.

2025 ആകുമ്പോഴേക്കും ഇത് 3500 കോടി ഡോളറിലേക്ക് വളർച്ചപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നതിനാൽ ഡിജിറ്റൽ സൈബർ സെക്യൂരിറ്റി മേഖയിൽ ഗവൺമെന്റും കൃത്യമായൊരു റിപ്പോർട്ടു തയാറാക്കുന്നതേയുള്ളു. ഇതും പുതിയ സ്റ്റാർട്ടപ്പുകൾക്ക്് പുത്തൻ പരീക്ഷണത്തിന് വഴികൾ തുറന്നു തരുന്നു. ലോകമൊട്ടാകെ സൈബർ സെക്യൂരിറ്റി മേഖലയിൽ നിരവധി സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുകയാണ്.

മനീഷ് മാത്യു