പകരക്കാരനില്ലാത്ത പദ്മരാജൻ
പകരക്കാരനില്ലാത്ത പദ്മരാജൻ
Wednesday, February 1, 2017 4:48 AM IST
സങ്കീർണമായ ജീവിത യാഥാർഥ്യങ്ങൾക്കുപോലും തന്റെ ചലച്ചിത്രങ്ങളിലൂടെ കാൽപനിക ചാരുത പകർന്ന സംവിധായകനും തിരകാവ്യ രചയിതാവുമായ പദ്മരാജന്റെ അനശ്വര സ്മരണകൾക്ക് 26 വയസ്. മലയാള ചലച്ചിത്ര രംഗത്ത് ഉജ്വലശോഭയോടെ തിളങ്ങിനിന്ന സമയത്ത് 1991 ജനുവരി 24–നാണ് അദ്ദേഹം അന്തരിക്കുന്നത്. ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ റിലീസിനു തൊട്ടുപിന്നാലെ കോഴിക്കോട്ടുവച്ചായിരുന്നു അന്ത്യം.

മലയാള സിനിമയ്ക്കു പദ്മരാജൻ നൽകിയ സംഭാവനകൾ വിലമതിക്കാവുന്നതല്ല. നമുക്കുചുറ്റും നാം കണ്ടും കേട്ടും പരിചയിച്ചിട്ടുള്ള കഥകളാണ് പദ്മരാജൻ വെള്ളിത്തിരയിലെത്തിച്ചിട്ടുള്ളത്. പക്ഷേ, ഇദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിൽ അന്തർലീനമായിരിക്കുന്ന സ്വഭാവ സവിശേഷതകളും കഥാപശ്ചാത്തലവും ഒരു മനഃശാസ്ത്രജ്‌ഞന്റെ പാടവത്തോടെ പ്രേക്ഷകനു മനസിലാക്കിക്കൊടുക്കാൻ സാധിച്ചിടത്താണ് പദ്മരാജൻ വ്യത്യസ്തനാകുന്നത്. ഇത്രമാത്രം അസാമാന്യവൈഭവം പുലർത്തുന്ന പദ്മരാജന് ഒരു പകരക്കാരൻ അദ്ദേഹത്തിന്റെ മരണേശേഷമുള്ള കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയ്ക്ക് ഉണ്ടായിട്ടില്ലെന്നുറപ്പ്, ഇനി ഉണ്ടാകാനിടയുമില്ല.

മാറിമാറി വരുന്ന കാലഘട്ടങ്ങളിലും പ്രസക്‌തി നഷ്ടപ്പെടാത്ത വിധമുള്ള പ്രമേയ സ്വീകരണമായിരുന്നു പദ്മരാജന്റെ മറ്റൊരു സവിശേഷത. അതുകൊണ്ടുതന്നെയാണ് പദ്മരാജൻ ചിത്രങ്ങൾ പ്രേക്ഷകരെ എക്കാലവും ആനന്ദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നത്.

പരമ്പരാഗതമായ ചലച്ചിത്ര രസക്കൂട്ടുകളിൽനിന്ന് പദ്മരാജൻ ബോധപൂർവം അകലം പാലിച്ചു. നന്മയുടെ പ്രതിരൂപങ്ങൾ മാത്രമായ നായകനും കൊടും ക്രൂരതകൾ മാത്രം കാട്ടിക്കൂട്ടുന്ന വില്ലനുമൊന്നും പദ്മരാജൻ സിനിമകളിലെ പതിവുകാരല്ല. ഓരോ പദ്മരാജൻ ചിത്രവും ഓരോ തരത്തിലുള്ള പുതുമ സമ്മാനിക്കുന്നവയാണ്. നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമനെപ്പോലെ കഥാന്ത്യത്തിൽ പ്രേക്ഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന നായകനെ അവതരിപ്പിച്ചുകൊണ്ടുള്ള പുതുമയാവാം. അല്ലെങ്കിൽ നവംബറിന്റെ നഷ്ടത്തിലെ ദാസിനെപ്പോലെ താൻ ചെയ്യുന്ന തെറ്റുകൾക്കൊക്കെ തന്റേതായ ന്യായങ്ങൾ നിരത്തുന്ന മോഡേൺ വില്ലനെ അവതരിപ്പിച്ചുകൊണ്ടുമാവാം. അമ്മയെ വൃദ്ധസദനത്തിലേക്ക് അയയ്ക്കാൻ തത്രപ്പെടുന്ന മക്കളുടെ കഥ പറഞ്ഞ തിങ്കളാഴ്ച നല്ല ദിവസം, മിശ്രവിവാഹത്തിന്റെ തുടർപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ പറന്ന് പറന്ന് പറന്ന്, അപൂർവ പെൺ സൗഹൃദങ്ങളുടെ കഥ പറഞ്ഞ ദേശാടനക്കിളി കരയാറില്ല, സ്ത്രീ എന്ന പദത്തിനു പുതിയ കുറേ നിർവചനങ്ങൾകൂടി നൽകിയ തൂവാനത്തുമ്പികൾ തുടങ്ങിയ മിക്ക ചിത്രങ്ങളുടെയും പ്രമേയങ്ങൾക്ക് ഇന്നും പ്രസക്‌തിയുണ്ട്.

പച്ചയായ ജീവിതം കലാമൂല്യത്തോടെ ആവിഷ്കരിക്കുമ്പോഴും സിനിമ ഒരു കച്ചവടംകൂടിയാണെന്ന യാഥാർഥ്യബോധവും ഇദ്ദേഹത്തിനുണ്ടായിരുന്നു. അക്കാഡമിക് അംഗീകാരങ്ങൾ നേടിയതിനൊപ്പംതന്നെ പദ്മരാജൻ ചിത്രങ്ങൾ സാമ്പത്തികനേട്ടം കൈവരിച്ചതിനു കാരണവും ഇതാണ്.

1945–ൽ ആലപ്പുഴ മുതുകുളത്താണ് പദ്മരാജന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസം ചേപ്പാട്ട് പൂർത്തിയാക്കി. തിരുവനന്തപുരം എം.ജി കോളജിലും യൂണിവേഴ്സിറ്റി കോളജിലുമായി പഠനം. ആകാശവാണി തൃശൂർ നിലയത്തിൽ പ്രോഗ്രാം അസിസ്റ്റന്റായായി ജോലി ലഭിച്ചു. പിന്നീടു തിരുവനന്തപുരത്തേക്കു മാറി. ആകാശവാണിയിൽ ജോലിചെയ്യവേ കണ്ടെത്തിയ രാധാലക്ഷ്മിയാണ് ജീവിതസഖിയായത്. അനന്തപദ്മനാഭൻ, മാധവിക്കുട്ടി എന്നിവർ മക്കളും.


കോളജ് പഠനകാലത്ത് എഴുതിയ ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവാണ് ആദ്യകഥ. കഥാ രചനയിലെ വൈഭവം നോവൽ രചനയിലേക്കും വഴിമാറ്റി. താഴ്വാരമാണ് ആദ്യം രചിച്ച നോവലെങ്കിലും നക്ഷത്രങ്ങളേ കാവൽ ആണ് ഒരു നോവലിസ്റ്റെന്ന നിലയിൽ പദ്മരാജനെ പ്രശസ്തനാക്കിയത്. നോവലുകളും കഥാസമാഹാരങ്ങളുമായി മലയാള സാഹിത്യരംഗത്തിനും ഇദ്ദേഹം ഗണ്യമായ സംഭാവനകൾ ചെയ്തു. ഇദ്ദേഹത്തിന്റെ ചില നോവലുകൾ പിന്നീട് ചലച്ചിത്രമായും രൂപാന്തരപ്പെട്ടിട്ടുണ്ട്.

1974–ൽ ഭരതൻ സംവിധാനം ചെയ്ത പ്രയാണം എന്ന ചിത്രത്തിനു തിരക്കഥ രചിച്ചാണു സിനിമയിൽ ഹരിശ്രീ കുറിച്ചത്. പ്രേക്ഷകശ്രദ്ധ നേടിയ ഭരതൻ– പദ്മരാജൻ കൂട്ടുകെട്ടിനു തുടക്കംകുറിച്ച ചിത്രംകൂടിയാണിത്. തുടർന്ന് തകര, ലോറി, രതിനിർവേദം എന്നിങ്ങനെ ആറു ചിത്രങ്ങൾക്കുവേണ്ടി ഇദ്ദേഹം ഭരതനുമായി ഒത്തുചേർന്നു.

1979–ൽ പെരുവഴിയമ്പലം എന്ന തന്റെ കഥ ചലച്ചിത്രമാക്കിയാണ് സംവിധാന രംഗത്ത് ഇദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിലൂടെയാണ് അശോകൻ അഭിനയത്തുടക്കം കുറിച്ചത്. തുടർന്നു സംവിധാനംചെയ്ത ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, കൂടെവിടെ, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, നൊമ്പരത്തിപ്പൂവ്, അപരൻ, ഇന്നലെ, ഞാൻ ഗന്ധർവ്വൻ തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളുമായി സംവിധാനംചെയ്ത ചിത്രങ്ങൾ പ്രേക്ഷകമനസിൽ കുടിയേറി. ഈ ചിത്രങ്ങളിലൂടെ ഏതാനും അഭിനയപ്രതിഭകളെക്കൂടി ഇദ്ദേഹം മലയാള സിനിമയ്ക്കു നൽകി. ജയറാം, റഹ്മാൻ, അശോകൻ, സുഹാസിനി, ശാരി എന്നിവർ പദ്മരാജൻ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തുടക്കമിട്ടവരാണ്.

സ്വന്തം കഥയിലും തിരക്കഥയിലുമാണ് പദ്മരാജൻ ചിത്രങ്ങളൊരുക്കിയത്. സംവിധായകനായി പ്രശസ്തി നേടിയപ്പോഴും മറ്റു സംവിധായകർക്കുവേണ്ടി തിരക്കഥ രചിക്കാനും ഇദ്ദേഹം തയാറായി. ഐ.വി. ശശി, കെ.എസ് സേതുമാധവൻ, കെ.ജി. ജോർജ്, മോഹൻ, ജോഷി തുടങ്ങിയവർ പദ്മരാജന്റെ തിരക്കഥയിൽ ചിത്രങ്ങളൊരുക്കി സംവിധായകരാണ്. സ്വന്തമായി സംവിധാനം ചെയ്ത 18 ചിത്രങ്ങൾ ഉൾപ്പെടെ 36 ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്.

പദ്മരാജൻ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 48 വയസ് മാത്രമായിരുന്നു പ്രായം. വിധി മറ്റൊന്നായിരുന്നെങ്കിൽ ഒരുപക്ഷേ, മലയാള സിനിമയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടാകുമായിരുന്ന ഒരുപിടി ഒരുപിടി സർഗസൃഷ്ടികൾ കൂടി അദ്ദേഹത്തിൽനിന്നു ലഭിക്കുമായിരുന്നു. വരും തലമുറകൾക്കുപോലും പഠനവിഷയമാക്കാവുന്ന അനശ്വരസൃഷ്ടികൾ അദ്ദേഹത്തിന്റെ വേർപാടിനു പരിഹാരമാകുമെന്നു കരുതാം.

സാലു ആന്റണി