കാൽപനികതയെ തഴുകി
കാൽപനികതയെ തഴുകി
Monday, January 30, 2017 6:47 AM IST
ജീവിതത്തിന്റെ വിരസതകൾ കഴുകിക്കളഞ്ഞു മനസും ശരീരവും ശുദ്ധമാക്കുന്നവയാണു യാത്രകൾ. പുതിയ കാഴ്ചകൾ, അനുഭവങ്ങൾ, ജലാശയത്തിലെ കുളി, വഴിയോരത്തുനിന്നുള്ള ഭക്ഷണം... കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു ചേർന്നുള്ള ഉല്ലാസനിമിഷങ്ങൾ... ഓരോ യാത്രയും മനസിനെ കൂടുതൽ ആഹ്ളാദഭരിതവും ജീവിതം ഉല്ലാസപൂർണവുമാക്കും. കാൽപനികതയുടെ താഴ്വരകളെ ഉണർത്തുന്ന ഹംപിയിലെ യാത്രാവിശേഷങ്ങളറിയാം...

ഹംപിയിലേക്ക്

കാൽപനികതയുടെ താഴ്വരകളെ ഉണർത്തുന്ന ഹംപി. യുനെസ്കോയുടെ പുതിയ കണക്കുപ്രകാരം ലോകത്തിലെ സമ്പന്ന നഗരങ്ങളിൽ മൂന്നാം സ്‌ഥാനം ഹംപിക്കാണ്. അതിലുപരി പാരീസിനു തുല്യമായ അംബരചുംബികളായ മലനിരകൾക്കും തുംഗഭദ്ര നദിക്ക് തിലകവുമായിരുന്നൊരു നഗരം. ഹംപി എന്ന വാക്കിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിത നമ്മുടെ തൊട്ടടുത്ത സംസ്‌ഥാനമായ കർണാടകയിലാണ്.
ബംഗളൂരിൽ നിന്നും 370 കിലോമീറ്റർ സഞ്ചരിച്ചാൽ ഹംപിയിലെത്താം. മുംബൈ, പൂനെ ഹൈവേയിലൂടെ ഹോസ്പെറ്റ് വരെ വളരെ വിശാലമായ ഗതാഗത മാർഗമുണ്ട്. ഇതു കൂടാതെ ചിത്ര ദു:ർഖ വഴിയും ഹംപിയിലെത്താം. ഈ വഴിയിൽ പ്രകൃതിയുടെ മനോഹാരിത തൊട്ടറിഞ്ഞ് യാത്ര ചെയ്യാം. നഷ്‌ടപ്പെടുന്ന ഓരോ മണിക്കൂറുകളും സമ്മാനിക്കുന്നത് ജീവിതത്തിലെ വളരെ വിലപ്പെട്ട മുഹൂർത്തങ്ങളാണ്.

ആറ് മണിക്കൂറിലെ യാത്രയ്ക്കൊടുവിൽ, പഴമയുടെ മുഖവും പുതുതലമുറ ചിന്തിക്കുന്ന വഴിയുമായ ഹംപിയിൽ എത്തിച്ചേരുമ്പോൾ വളരെ ദൂരെ നിന്നു തന്നെ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളെ കാണാം. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ ചരിത്ര പുരാതന ഭൂമിയിൽ വിദേശികളെ എണ്ണത്തിലധികം കാണാൻ കഴിയും.

ചരിത്രവഴിയേ...

ദൂരെ നിന്ന് ആകർഷിക്കപ്പെട്ട ആ നഗരം പുരാതന കാലത്ത് കൃഷ്ണ ദേവരായനാൽ പ്രസിദ്ധിയാർജിച്ചതാണ്. രാജാവിന്റെ കാലഘട്ടത്തിൽ സംരക്ഷിക്കപ്പെട്ട വിരൂപാക്ഷ ക്ഷേത്രം അതിന്റെ തലയെടുപ്പോടെ നമ്മെ കാത്തിരിക്കുന്നുണ്ട്. ചരിത്രങ്ങൾ സത്യങ്ങളായിരുന്നു എന്ന് നേരിട്ട് വിശ്വസിക്കാൻ പ്രാപ്തമാണ് ഹംപി. നൂറ്റാണ്ടുകളുടെ പഴക്കം വിളിച്ചോതുന്ന ക്ഷേത്രങ്ങൾ, തകർന്നതും സംരക്ഷിക്കപ്പെടുന്നതുമായ കോട്ടകൾ, ചെറിയ ചെറിയ ക്ഷേത്രങ്ങൾ... ഇവയെല്ലാം ഹംപിയെ വ്യത്യസ്തമാക്കുന്നു.


അവിസ്മരണീയ ദൃശ്യങ്ങൾ

ഫോട്ടോഗ്രഫിയുടെ സാധ്യതകൾ തിരിച്ചറിയുന്നതിന് മുൻപ് നിർമിച്ചിട്ടുള്ള പിൻ കാമറ ടെക്നോളജിയുടെ സവിശേഷത നേരിട്ടറിയാം. ക്ഷേത്രത്തിനകത്ത് കല്യാണ മണ്ഡപം കാണാം. രാജാവിന്റെ വിവാഹം നടന്ന വേദിയിൽ ഇപ്പോഴും പലരും വിവാഹിതരാവാറുണ്ട്. മേൽക്കൂരയിൽ കാണുന്ന പെയിന്റ് കാലപ്പഴക്കങ്ങളാൽ മങ്ങലേറ്റെങ്കിലും വിവരണാതീതമാണ്.

ക്ഷേത്രത്തിലെ പൗരാണികമായ തൂണുകൾ ശിൽപഭംഗിയാൽ ആരെയും ആകർഷിക്കുന്നതാണ്. ക്ഷേത്രത്തിന് പുറത്ത് ഇടതു ഭാഗത്ത് ചെറിയ ക്ഷേത്രങ്ങളും മണ്ഡപങ്ങളും കൂറ്റൻ പാറക്കൂട്ടങ്ങൾക്ക് മുകളിലേക്ക് നടന്നു കയറിയാൽ കാണുന്നത് തകർന്നടിഞ്ഞ സുവർണ കാലത്തിന്റെ പൂർണ മുഖവുമാണ്. താമസിക്കാൻ ചെറുതും വലുതുമായ ഹോം സ്റ്റേകൾ ലഭ്യമാണ്. വിദേശികൾ ധാരാളം വരുന്നതിനാൽ ശാലീനഭംഗി നഷ്ടപ്പെടാതെ പഴമയുടെ പ്രൗഢിയോതുന്ന ഭക്ഷണശാലകളാണ് ഒരുക്കിയിരിക്കുന്നത്.

തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ ഒറ്റക്കല്ലിൽ തീർത്ത ഭീമാകാരമായ ശിവലിംഗവും നരസിംഹ മൂർത്തിയുടെ പ്രതിമയും ആകർഷണീയമാണ്. ടേൺ റോക്ക് കടന്ന് ക്യൂൻ ബാത്ത് എന്നറിയപ്പെടുന്ന സ്‌ഥലത്ത് കൃഷ്ണ ദേവരായരുടെ പത്നി കുളിച്ചിരുന്ന കുളവും അത്യപൂർവമായ ശിൽപചാരുതയും കോട്ട കൊത്തളങ്ങളും കാണാം.

രാജാവിന് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ലോട്ടസ് ടെമ്പിളും സംഗീത മണ്ഡപവും സൈന്യങ്ങളുടെ കോർട്ടും രാജ്യനീതി നടപ്പിലാക്കിയിരുന്ന സ്‌ഥലങ്ങളും ആനകൾക്കായി ഒരുക്കിയിരിക്കുന്ന കോട്ടകളും നയന മനോഹരമാണ്.

ദേവദാസികളുടെ നൂപുരധ്വനി മുഴങ്ങിയിരുന്ന നൃത്ത മണ്ഡപങ്ങളും തെന്നാലി രാമന്റെ ഫലിതങ്ങൾ മുഴങ്ങിയിരുന്ന സാമ്രാജ്യത്തിന്റെ സമ്പന്ന കാലവും ഓർമയിലേക്ക് ഓടിയെത്തും. മുസ്ലീം ഭരണാധികാരികളായ ഡെക്കാൻ സുൽത്താനേറ്റിന്റെ പ്രഹരം ഏറ്റ് തകർന്നടിഞ്ഞു പോയ വിജയനഗര സാമ്രാജ്യത്തെ ഓർത്ത് യാത്രികന്റെ മനസ് ഒന്ന് വിങ്ങും.

ഇന്ത്യയുടെ പൈതൃകങ്ങളെ ചരിത്ര പുസ്തകങ്ങളിൽ വായിക്കുമ്പോൾ തോന്നുന്ന അദ്ഭുതത്തിനുമപ്പുറം നേരിട്ട് കാണുമ്പോഴും തൊട്ടറിയുമ്പോഴും നഷ്‌ടപ്പെട്ട സുവർണ കാലത്തിനെ ഓർത്ത് തേങ്ങും, ഏതൊരു ഭാരതീയനും.

ഷൈനി