വിവാഹം 18 കഴിഞ്ഞുതന്നെ മതി
വിവാഹം 18 കഴിഞ്ഞുതന്നെ മതി
Wednesday, January 25, 2017 6:47 AM IST
കേരളത്തിൽ പെൺകുട്ടികളുടെ നിയമാനുസൃതമായ വിവാഹപ്രായം 18 വയസാണ്. എങ്കിലും വടക്കേ മലബാറിലെ പല സ്‌ഥലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ബാല വിവാഹങ്ങൾ ഇന്നും നടക്കുന്നുണ്ട്. പോലീസും മറ്റു സാമൂഹിക സംഘടനകളും പലപ്പോഴും ഇത്തരത്തിലുള്ള വിവാഹങ്ങൾക്ക് തടയിടുന്നുമുണ്ട്.

18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെയും 21 വയസിൽ താഴെയുള്ള ആൺകുട്ടികളുടെയും വിവാഹമാണ് ബാലവിവാഹം എന്നതുകൊണ്ട് അർഥമാക്കുന്നത്. ബാലവിവാഹം നിയമപരമായി നിരോധിച്ചിട്ടുണ്ട്.

കേരളത്തിൽ ഏഴുശതമാനം പെൺകുട്ടികൾ 18 വയസിനു മുൻപ് വിവാഹിതരാകുന്നുവെന്നാണ് യുനിസെഫ് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പെൺകുട്ടികളെ 18 വയസിനു മുൻപ് വിവാഹം കഴിപ്പിക്കുന്നത് മാതൃമരണം, ശിശുമരണം, കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ്, പെൺകുട്ടികളുടെ പഠനം മുടങ്ങൽ, പെൺകുട്ടികൾക്കെതിരേയുള്ള അക്രമം എന്നിവയിലേക്ക് നയിക്കുന്നു.

ബാലവിവാഹം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പോഷണത്തിനും സംരക്ഷണത്തിനുമുള്ള കുട്ടികളുടെ അവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. ലൈംഗിക ദുരുപയോഗത്തിന്റെയും ബാല്യത്തിലുള്ള പീഡനത്തിന്റെയും ഏറ്റവും ഹീനമായ രൂപങ്ങളിലൊന്നുകൂടിയാണത്. ആൺകുട്ടികളേക്കാൾ ബാലവിവാഹം ബാധിക്കുക പെൺകുട്ടികളെയാണ്.

ബാലവിവാഹത്തിന്റെ ദൂഷ്യഫലങ്ങൾ മാതൃമരണം

മറ്റു സ്ത്രീകളെ അപേക്ഷിച്ച് 15 വയസിൽ താഴെയുള്ള പെൺകുട്ടികൾ അഞ്ച് ഇരട്ടിയും 15 മുതൽ 19 വയസുവരെയുള്ള പെൺകുട്ടികൾ രണ്ടിരട്ടിയും പ്രസവസമയത്ത് മരിക്കാൻ സാധ്യതയുണ്ട്. ബാലവധുക്കളിൽ പ്രത്യുൽപാദന അവയവങ്ങൾ പൂർണമായി വികസിച്ചിട്ടില്ലാത്തതിനാൽ എക്ളാംപ്സിയ, പ്രീ എക്ളാംപ്സിയ, അണുബാധ, പ്രസവത്തെത്തുടർന്നുള്ള രക്‌തസ്രാവം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നേരത്തെയുള്ള ഗർഭധാരണം

ബാലവിവാഹം നേരത്തെയുള്ള ഗർഭധാരണത്തിന് വഴിതെളിക്കുന്നു. മാതൃ–ശിശുമരണത്തിന് പ്രധാന കാരണമാണിത്. തലമുറകളിലേക്ക് നീളുന്ന പോഷകാഹാരക്കുറവും ഇതുമൂലം ഉണ്ടാവുന്നു.

ആരോഗ്യ പ്രശ്നങ്ങൾ

ഗർഭാശയ കാൻസർ, മൂത്രാശയ വൃണങ്ങൾ എന്നിവയ്ക്കുള്ള സാധ്യത ബാലവിവാഹം വർധിപ്പിക്കുന്നു.

ശിശുമരണം

19 വയസു പൂർത്തിയായ അമ്മമാരിൽ നിന്നുണ്ടാകുന്ന കുഞ്ഞുങ്ങളെക്കാൾ ബാലവധുക്കളിൽ നിന്നുണ്ടാകുന്ന കുഞ്ഞുങ്ങളുടെ മരണസാധ്യത 60 ശതമാനം കൂടുതലാണ്. 18 വയസിന് മുൻപ് വിവാഹം കഴിക്കുന്നതിനാൽ കൂടുതൽ കുട്ടികളുണ്ടാകുന്നു.

പോഷകാഹാരക്കുറവ്

പ്രായപൂർത്തിയാവാത്ത അമ്മമാരിൽ നിന്ന് തൂക്കക്കുറവുള്ള കുട്ടികളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

എച്ച്ഐവി

പ്രായപൂർത്തിയാവാത്ത വധുക്കളിൽ എയ്ഡ്സ് അടക്കമുള്ള ലൈംഗികരോഗങ്ങൾ പകരാനുള്ള സാധ്യതയും കൂടുതലായി കണ്ടുവരുന്നു.


വിദ്യാഭ്യാസം അവസാനിക്കൽ

പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം അവസാനിക്കാൻ ബാലവിവാഹം കാരണമാകുന്നു.

ദാരിദ്ര്യം

വിദ്യാഭ്യാസം മുടങ്ങിയതിനാൽ നല്ല വരുമാനം കിട്ടുന്ന തൊഴിൽ ലഭിക്കാനുള്ള സാധ്യത കുറയുന്നു. ഇതു ദാരിദ്ര്യത്തിന് കാരണമാകുന്നു.

അക്രമവും പീഡനവും

ബാലവധുക്കൾക്ക് ഭർത്താവിന്റെയും മറ്റുള്ളവരുടെയും ആക്രമണത്തിനും പീഡനത്തിനും ഇരയാകേണ്ടി വന്നേക്കാവുന്ന സാധ്യത കൂടുതലാണ്. ഇന്ത്യയിലെ ബാലവധുക്കൾക്ക് ഭർത്താവിന്റെ മർദനവും ഭീഷണിയും നേരിടേണ്ടി വന്നേക്കാവുന്ന സാധ്യത ഇരട്ടിയാണ്. ഇന്ത്യയിൽ 18 വയസിന് മുൻപ് വിവാഹിതരായ പെൺകുട്ടികളിൽ മൂന്നിൽ രണ്ടിലധികം പേരും ഗാർഹിക പീഡനം നേരിടുന്നു. ഇതു ആഗോളതലത്തിലെ ഏറ്റവും കൂടിയ നിരക്കാണ്.

ബാലവിവാഹ നിരോധ* നിയമം 2006 ഈ നിയമം എല്ലാ മതങ്ങളിലുമുള്ള എല്ലാവർക്കും ബാധകമാണ്.

ശിക്ഷ ആർക്കൊക്കെ?

പിസിഎംഎ നിയമം അനുസരിച്ച് വാറന്റില്ലാതെ അറസ്റ്റു ചെയ്യാൻ കഴിയുന്നതും ജാമ്യം ലഭിക്കാത്തതുമായ കുറ്റമാണ് ബാലവിവാഹം.

* ബാലവിവാഹം നടത്തുന്നവർ, നിർദേശിക്കുന്നവർ, സഹായിക്കുന്നവർ, കുട്ടിയെ വിവാഹം കഴിക്കുന്ന 18 വയസിൽ കൂടുതലുള്ള പുരുഷനെ, കുട്ടിയുടെ മാതാപിതാക്കൾ, രക്ഷിതാക്കൾ, ബാല വിവാഹത്തിന് പ്രോത്സാഹനമോ അനുമതിയോ നൽകുന്നവർ, ഇത്തരം വിവാഹത്തിൽ പങ്കെടുക്കുന്നവർ ഇവർക്കൊക്കെ ശിക്ഷ ലഭിക്കും.

ആരൊക്കെയാണ് കുറ്റവാളികൾ ?

* മാതാപിതാക്കൾ, രക്ഷിതാക്കൾ, മതപുരോഹിതർ, ഇരു കക്ഷികളുടെയും ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ
* ഇത്തരം വിവാഹങ്ങൾക്ക് പിന്തുണ നൽകുന്ന സാമുദായിക നേതാക്കൾ
* വിവാഹ ബ്യൂറോകൾ/ വിവാഹം ഉറപ്പിച്ചതിന് ഉത്തരവാദികളായവർ
* കുട്ടികളെ കടത്തിക്കൊണ്ടുവന്നവർ
* 18 വയസിൽ കൂടുതലുള്ള വരൻ
* കേറ്ററിങ്, മറ്റു സൗകര്യങ്ങൾ എന്നിവ നൽകിയവർ

ശിക്ഷ

രണ്ടു വർഷം വരെ കഠിന തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, ഈ നിയമമനുസരിച്ച് കുറ്റവാളികളായ സ്ത്രീകൾക്ക് തടവുശിക്ഷയില്ല. എന്നാൽ, അവരിൽ നിന്ന് പിഴ ഈടാക്കാൻ കഴിയും.

എവിടെ പരാതി നൽകണം

ബാലവിവാഹം വാറന്റില്ലാതെ അറസ്റ്റുചെയ്യാൻ കഴിയുന്ന കുറ്റമായതിനാൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകേണ്ടത്. ഇതു സംബന്ധിച്ച് പരാതി പോലീസ് സ്റ്റേഷനിലെ ഡെയ്ലി ഡയറി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും വേണം. ജുഡീഷൽ മജിസ്ട്രേറ്റിനോ മെട്രോ പൊലീറ്റൻ മജിസ്ട്രേറ്റിനോ പരാതിനൽകാം. പരാതി എഴുതി നൽകുകയോ പറയുകയോ ചെയ്യാം. ഫോൺ കോൾ, കത്ത്, ഇ മെയിൽ, ഫാക്സ്, ടെലഗ്രാം എന്നീ രൂപത്തിലുള്ള പരാതികളും സ്വീകരിക്കാം.

സീമ മോഹൻലാൽ