ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
ഫാഷൻ ചാർട്ടിൽ കളിമൺ  ആഭരണങ്ങൾ
Friday, January 20, 2017 5:48 AM IST
നിന്റെ തലയിലെന്താ, കളിമണ്ണാണോയെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്. കളിമണ്ണിൽ തീർത്ത ആഭരണങ്ങൾക്ക് ഫാഷൻ വിപണിയിൽ പ്രിയമേറുകയാണ്. വള, മാല, കമ്മൽ, മോതിരം, ഹെയർ ക്ലിപ്പ് തുടങ്ങിയ ഫാഷൻ ആക്സസറീസാണ് വിപണിയിലെ താരം.

ഡ്രസ് മാച്ച് അനുസരിച്ച് ധരിക്കാവുന്ന ആഭരണങ്ങളാണിവ. സാരി, ലാച്ച എന്നിവയ്ക്കൊപ്പം ധരിക്കാനായി സെറ്റ് ആയിട്ടുള്ള ടെറാക്കോട്ട ആഭരണങ്ങളും വിപണിയിലുണ്ട്. ടെറാക്കോട്ട വളകളാണ് ലേറ്റസ്റ്റ് ട്രെൻഡ്. ഇത്തരം വളകൾ കൈനിറയെ അണിഞ്ഞാൽ സൂപ്പർ ലുക്കായിരിക്കും. ആവശ്യമെങ്കിൽ ഇവയ്ക്കൊപ്പം സ്വർണവളകളോ കുപ്പിവളകളോ അണിയാം. കോൺട്രാസ്റ്റിംഗ് നിറങ്ങളാണ് ഇതിന് അനുയോജ്യം. കളിമൺ ആഭരണങ്ങൾക്ക് ചൈനീസ് പെയിന്റിംഗുകൾ നൽകുന്നതിനാൽ ഇവ നനഞ്ഞാലും വെയിൽ കൊണ്ടാലുമൊന്നും കേടുപാടു സംഭവിക്കുകയില്ല. ചെറിയ ഒറ്റ വളയ്ക്ക് പത്തു രൂപ മുതലാണ് വില. വർക്കുകളുടെ നിലവാരം അനുസരിച്ച് വിലയും കൂടും.


കളിമൺ പെൻഡന്റുകളാണ് ടീനേജേഴ്സിന്റെ ചോയ്സ്. ചരടിലോ മാലയിലോ കോർത്തിടാൻ പറ്റുന്ന വലിയ ലോക്കറ്റുകളാണിവ. മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളായിരിക്കും ഈ ലോക്കറ്റിൽ അധികവും കാണുക. മാലകൾക്ക് 150 മുതൽ 10,000 രൂപ വരെയാണ് വില.

കളിമണ്ണിൽ തീർത്ത വലിയ കമ്മലുകളാണ് പെൺകുട്ടികളുടെ മറ്റൊരു ട്രെൻഡ്. വിവിധ നിറങ്ങളിലും രൂപത്തിലുമൊക്കെ ഇവ ലഭ്യമാണ്. കമ്മലുകൾക്ക് 25 മുതൽ 500 രൂപ വരെ വില വരും. ഇളം നിറങ്ങളിലുള്ള ടെറാക്കോട്ട ആഭരണങ്ങൾക്കാണ് ആവശ്യക്കാരേറെയും. പാർട്ടിവെയർ ആഭരണങ്ങൾക്കും നല്ല ഡിമാൻഡുണ്ട്. മെറൂൺ, കറുപ്പ് നിറങ്ങളോടും ടീനേജേഴ്സിനു പ്രിയമുണ്ട്. കൊൽക്കത്ത, ബംഗളൂർ എന്നിവിടങ്ങളിൽ നിന്നാണ് കളിമൺ ആഭരണങ്ങൾ കേരള വിപണിയിലേക്ക് എത്തുന്നത്.

സീമ