സ്റ്റാർ ഓഫ് ദി ഇയർ– മോഹൻലാൽ
സ്റ്റാർ ഓഫ് ദി ഇയർ– മോഹൻലാൽ
Wednesday, January 4, 2017 6:51 AM IST
മലയാള സിനിമയുടെ ചരിത്രത്തിൽ മറ്റാർക്കും നേടാനാവാത്ത വിജയത്തിളക്കമാണ് മോഹൻലാൽ ഈ വർഷം നേടിയത്. ഒരു വർഷത്തോളം വരുന്ന ഇടവേളയക്കു ശേഷം മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ മലയാള റിലീസായിരുന്നു ഒപ്പം. ദൃശ്യത്തിനു ശേഷം അമ്പതുകോടി ക്ലബ്ബിൽ ഇടം നേടിയ ലാൽ ചിത്രമായിരുന്നു ഇത്. പിന്നാലെ മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനുമായി എത്തി 125 കോടി ക്ലബ്ബിന്റെ സുവർണ്ണ നേട്ടവും. പ്രായത്തെ വെല്ലുന്ന നാട്യ പ്രകടനത്താൽ പ്രേക്ഷകരുടെ മനസ് നിറയ്ക്കാനും വിമർശകരുടെ നാവടപ്പിക്കാനും ലാലിനു കഴിഞ്ഞു. മലയാളത്തിലെ ഇന്നുവരെയുള്ള മികച്ച ഇനിഷ്യൽ കളക്ഷനാണ് ചിത്രം നേടിയത്. ഇവിടെ സംഭവിച്ച ഇടവേളയിൽ വിസ്മയം, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളുമായി തെലുങ്കിൽ വിജയം ആവർത്തിക്കാൻ ലാലിനു കഴിഞ്ഞു. ജനതാ ഗാരേജ് തെലുങ്കിൽ 100 കോടി ക്ലബ്ബിലാണ് ഇടം നേടിയത്. മൊഴി മാറ്റം നടത്തി മാന്യം പുലി എന്ന പേരിൽ തെലുങ്കിലെത്തിയ പുലിമുരുകൻ പ്രദർശനം തുടരുന്ന മറ്റു തെലുങ്കു ചിത്രങ്ങളേക്കാൾ ജനപ്രീതിയാണ് നേടിയിരിക്കുന്നത്.

ഒപ്പത്തിലെ അന്ധ കഥാപാത്രം ജയരാമനായി അഭ്രപാളിയിൽ ലാലെത്തിയപ്പോൾ പ്രേക്ഷകർക്കു വീണ്ടും ലാൽ വസന്തം ആസ്വദിച്ചറിയാനായി. 56–ന്റെ നടപ്പിലും പുലിമുരുകനിൽ കാട്ടിയ അനായാസ സംഘട്ടന രംഗങ്ങളും അഭിനയ ചാരുതയും ഇരട്ട വിജയനേട്ടമാണ് ലാലിനു സമ്മാനിച്ചത്. പുലിമുരുകൻ തീർത്ത അലയൊലികൾ അടങ്ങും മുമ്പേ തന്നെ മുന്തിര വള്ളികൾ തളിർക്കുമ്പോളുമായി വീണ്ടും പ്രേക്ഷകർക്കു മുന്നിലേക്കെത്തുകയാണ് ലാൽ. ചരിത്രത്തിലിടം നേടുന്ന വിജയത്തിളക്കവുമായി ലാൽ മാജിക് വീണ്ടും തുടരുകയാണ്. അതുകൊണ്ടു തന്നെ സംശയമില്ലാതെ പറയാം സ്റ്റാർ ഓഫ് ദി ഇയർ മോഹൻലാൽ തന്നെ.

ഹീറോയിൻ ഓഫ് ദി ഇയർ– അപർണ ബാലമുരളി



ഇടുക്കിയുടെ പശ്ചാത്തലത്തിൽ പുതുമയുള്ള കഥ പറഞ്ഞെത്തിയ മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നായികയാണ് അപർണ ബാലമുരളി. നാട്ടിൻ പുറത്തിന്റെ നിഷ്ക്കളങ്കതയും കുസൃതിയും പ്രണയവുമെല്ലാം ജിംസി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് ആവോളം പകർന്നു നൽകാൻ അപർണയക്കു കഴിഞ്ഞു. തൊട്ടു പിന്നാലെ ഓണക്കാലത്ത് വൃത്യസ്ത പ്രമേയവുമായി എത്തിയ ഒരു മുത്തൾി ഗദയിൽ രണ്ടു കാലഘട്ടത്തിന്റെ ഗെറ്റപ്പുമായി എത്തി ശ്രദ്ധ നേടാനും ഈ പ്രതിഭയ്ക്കു സാധിച്ചു.

വിനീത് ശ്രീനിവാസൻ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്രിയിലൂടെയാണ് അപർണ സിനിമയിലെത്തിയത്. എന്നാൽ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ എണ്ണപ്പെട്ട നായിക നിരയിലേക്കാണ് അപർണയും എത്തിനിൽക്കുന്നത്. അഭിനയലാവണ്യത്തിനൊപ്പം ഗായികയായും മികവ് തെളിയിച്ചിരിക്കുകയാണ് അപർണ. നായികയായി എത്തിയ മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങൾ മിണ്ടുമൊരു, ഒരു മുത്തൾി ഗദയിൽ തെന്നൽ നിലാവിന്റെ, അനൂപ് മേനോൻ– മുരളി ഗോപി ചിത്രം പാവയിലെ വിണ്ണിൽ തെളിയും മേഘമേ തുടങ്ങിയ ഗാനങ്ങളിലൂടെ ഈ പ്രതിഭയുടെ സ്വര മാധുര്യവും പ്രേക്ഷകർക്ക് ആസ്വദിച്ചറിയുവാനായി.

പുതു വർഷത്തിൽ ആസിഫ് അലിയ്ക്കൊപ്പം എത്തുന്ന തൃൾിവപേരൂർ ക്ലിപ്തത്തിലും ഈ നടിയുടെ മികവുറ്റ പാത്രാവിഷ്കാരത്തിനു സാക്ഷികളാകാൻ ഓരോ പ്രേക്ഷകനും സാധിക്കും. മൊത്തത്തിൽ 2015–ൽ നായികയായും ഗായികയായും മലയാള സിനിമയിൽ തന്റെ ഇടം കണ്ടത്താൻ അപർണയ്ക്കു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ ഹീറോയിൻ ഓഫ് ദ ഇയറായി അപർണ ബാലമുരളി മാറിക്കഴിഞ്ഞു.

മൂവി ഓഫ് ദി ഇയർ– പുലിമുരുകൻ



മലയാള സിനിമയ്ക്ക് അന്യമെന്നു കരുതിയരുന്ന പല നേട്ടങ്ങളും സ്വന്തമാക്കി ദേശാന്തരത്തോളം സഞ്ചരിക്കുകയാണ് പുലിമുരുകൻ. രണ്ടു വർഷത്തോളം വരുന്ന മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിലാണ് മോഹൻലാൽ– വെശാഖ് ടീമിന്റെ പുലിമുരുകൻ തിയറ്ററിലെത്തിയത്. തിയറ്ററിലെത്തുന്നതിനു മുന്നേ തന്നെ പ്രേക്ഷക പ്രതീക്ഷയും അത്രത്തോളം വലുതായിരുന്നു. പ്രേക്ഷകരെ രസിപ്പിക്കാനും പിടിച്ചിരുത്താനും വീണ്ടും വീണ്ടും കാണാനും പ്രേരണ ജനിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിൽ സമം ചേർത്തിരുന്നു. അതുകൊണ്ടു തന്നെ തിയറ്ററിലെത്തിയ അന്നു മുതൽ രണ്ടു മാസത്തോളം പുലിമുരുകൻ കാണാൻ ജനപ്രവാഹമായിരുന്നു ഓരോ തിയറ്ററിലും. മലയാളത്തിൽ ഉയർന്ന കളക്ഷനും ഇന്ത്യയ്ക്കകത്തും പുറത്തുമായി ചിത്രം നേടിയ ആരാധകവൃന്ദവും പുലിമുരുകന്റെ മാറ്റുകൂട്ടുന്നു.


ഇന്ത്യൻ സിനിമാ മേഖലയിൽ മലയാള സിനിമ ശക്‌തമെങ്കിലും പരിമിതമായ വാണിജ്യ മേഖല എന്നത് ഒരു വെല്ലുവിളിയായിരുന്നു. അതിനെയാണ് പുലിമുരുകൻ പൊളിച്ചെഴുതിയിരിക്കുന്നത്. മലയാളത്തിൽ ഒരു സൂപ്പർഹിറ്റു ചിത്രം നേടുന്ന കളക്ഷൻ 25 കോടി എന്നുനിൽക്കെ അത്രത്തോളം മുതൽ മുടക്കിൽ ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രം നിർമിച്ചത്. മാസ് ഹിറ്റു ചിത്രങ്ങളുടെ സംവിധായകൻ വൈശാഖ് ചിത്രത്തിനെ ഒരു ദൃശ്യ വിരുന്നാക്കിയപ്പോൾ 125 കോടി കളക്ഷൻ എന്നതു നിശ്ചിത ദിവസം കൊണ്ട് നേടിയെടുത്തു. ഭാഷയ്ക്കതീതമായി വമ്പൻ താരനിരയാണ് ചിത്രത്തിലെത്തിയത്. ഒപ്പം വിദേശ രാജ്യങ്ങളിൽ പോയി യഥാർഥ പുലിയെ അഭിനയിപ്പിച്ചതും മികച്ച ഗ്രാഫിക്സ് ഒരുക്കിയതും മലയാളികളുടെ കാഴ്ചയുടെ ആവർത്തനത്തെ തകിടം മറിക്കുകയായിരുന്നു. ഇവയ്ക്കെല്ലാം പുറമെ മുരുകൻ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന മോഹൻലാലിന്റെ നടനവൈഭവവും, ഷാജി കുമാർ ഒരുക്കിയ കാടിന്റെ ഫ്രെയ്മുകളോരോന്നും ഭാഷാ വ്യത്യസമില്ലാതെ പ്രേക്ഷകർക്കു പുത്തൻ അനുഭവമായിരുന്നു.

ലോക സിനിമകൾ കൈക്കുമ്പിളിൽ എത്തുന്ന പ്രേക്ഷകനു മുന്നിൽ സിനിമ എന്ന വ്യവസായ കല അതിവിശാലമാണ്. അവിടെ പുത്തൻ പരീക്ഷണങ്ങൾക്ക് ഇനിയും ഏറെ അവസരമുണ്ടെന്നു പുലിമുരുകൻ ഓർമിപ്പിക്കുന്നു. മികച്ച സൃഷ്ടികളെ കൊടുത്താൽ മലയാള സിനിമയ്ക്കു ലോക വിപണിയിൽ ഇനിയുമേറെ ദൂരം മുന്നോട്ടു പോകാൻ കഴിയുമെന്ന് ചിത്രം കാണിച്ചുതരുന്നു.

താരങ്ങളുടെ പ്രായമോ കഥയുടെ പുതുമയോ എന്നതിനുമപ്പുറം സിനിമയെന്ന കലയ്ക്കു സഞ്ചരിക്കാനാവുന്ന വിശാലമായ ശാസ്ത്രീയ വളർച്ചയും കഥപറച്ചിലിന്റെ നവ ആഖ്യാനങ്ങളും മാസ് ചേരുവകളുടെ മികവാർന്ന ഇടകലർത്തലും ഉണ്ടെങ്കിൽ ആസ്വാദന– വാണിജ്യ മേഖലയിൽ ഇനിയും മുന്നോട്ടു പോകാനാകുമെന്നാണ് പുലിമുരുകൻ കാട്ടിത്തരുന്നതും. അതുകൊണ്ടു തന്നെ മലയാള സിനിമയ്ക്കു പുത്തൻ ദിശാബോധം നൽകിയ പുലിമുരുകനുള്ളതാണ് 2016 ലെ മൂവി ഓഫ് ദ ഇയർ പട്ടം.

ഡയറക്ടർ ഓഫ് ദി ഇയർ– വൈശാഖ്



മാസ് ചിത്രങ്ങളിലൂടെ നിരവധി ഹിറ്റുകൾ മലയാളത്തിൽ സൃഷ്ടിച്ച സംവിധായകനാണ് വൈശാഖ്. രണ്ടു വർഷത്തോളമായി ഒരു ചിത്രത്തിനു വേണ്ടി പണിപ്പെടുകയും അതിനെ മലയാളം കാണാത്ത ദൃശ്യമാമാങ്കമായി അഭ്രപാളിയിലെത്തിക്കാനും കഴിഞ്ഞതാണ് സംവിധായകൻ വൈശാഖിന്റെ വിജയം. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കഥ, നായകനൊപ്പം കഥാപാത്രമാകുന്ന പുലി, നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനാവാത്ത ഷൂട്ടിംഗ് തുടങ്ങി നിരവധി വെല്ലുവിളികളെ സ്വയം തോളിലേറ്റിയാണ് സംവിധായകൻ വൈശാഖ് പുലിമുരുകനുമായി മുന്നോട്ടു പോയത്.

വലിയൊരു കാൻവാസിൽ ഒരുങ്ങുന്ന ചിത്രമെങ്കിലും കഥയിൽ കൂടുതൽ മാറ്റത്തിന് ഇടമില്ല എന്ന തിരച്ചറിവിൽ നിന്നുമാണ് മലയാള സിനിമ ഇന്നുവരെ കാണാത്ത ആക്ഷൻ മാസ് ചിത്രമായി വൈശാഖ് പുലിമുരുകനെ ഒരുക്കിയത്. മികച്ച ടെക്നീഷ്യൻമാരുടെ സഹകരണത്തോടെ തന്റെ സിനിമയെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി നിലനിർത്താൻ വൈശാഖിനു കഴിഞ്ഞു. പറഞ്ഞുകേട്ട കഥാതന്തുവിനെ പുത്തൻ പ്രതലത്തിൽ പ്രതിഷ്ഠിക്കുമ്പോഴും ചിത്രം സുരക്ഷിതമാക്കാനുള്ള വഴികൾ വൈശാഖ് മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടു തന്നെ ഒരു സാങ്കൽപിക കഥയെ സിനിമയാക്കുമ്പോഴുള്ള സ്വാതന്ത്യത്തിനെ മികവാർന്ന രീതിയിൽ കഥാഗതിയിൽ ഉപയോഗിക്കാനായി വൈശാഖിന്.

അന്യഭാഷാ ചിത്രങ്ങൾ ടെക്നിക്കലി മികവിന്റെ പിന്തുണയാൽ നമ്മുടെ പ്രേക്ഷകരെ വിസിമയിപ്പിച്ചപ്പോൾ അത്തരമൊരു പരീക്ഷണം ഏറ്റെടുക്കാൻ കാണിച്ച വൈശാഖിന്റെ ധൈര്യമാണ് പുലിമുരുകനായി മുന്നിൽ നിൽക്കുന്നത്. സുരക്ഷിതമായി പോകാവുന്ന സിനിമകൾ മുന്നിൽ നിൽക്കുമ്പോഴും വെല്ലുവിളികളെ തരണം ചെയ്ത് ഏറെനാളത്തെ പ്രയത്നത്തിനൊടുവിലാണ് ഈ ചിത്രം വൈശാഖൻ തയ്യാറാക്കിയത്. സിനിമാ ചരിത്രത്തിൽ സ്വർണലിപികളാൽ പേരു ചേർക്കപ്പെട്ട വൈശാഖിന്റെ നിശ്ചയദാർഢ്യത്തിനുള്ളതാണ് 2016–ന്റെ ഡയറക്ടർ ഓഫ് ദ ഇയർ നിറവ്.