2016 തിളക്കമേകി കടന്നുപോകുന്നു...
2016 തിളക്കമേകി കടന്നുപോകുന്നു...
Friday, December 30, 2016 7:23 AM IST
മലയാളസിനിമയെ സംബന്ധിച്ച് അവിസ്മരണീയ വർഷമായിരിക്കും 2016. ആദ്യമായ് ഒരു മലയാളസിനിമ നൂറുകോടി ക്ലബ്ബിൽ കടന്നതിന്റെ ആവേശം ഇൻഡസ്ട്രിക്കു നൽകിയ ഉണർവും പ്രതീക്ഷകളും ചെറുതല്ല. തെലുങ്കിനോടും തമിഴിനോടും ബോളിവുഡിനോടുമൊക്കെ കിടപിടിക്കാൻ നമുക്കും സാധിക്കുമെന്ന് തെളിയിച്ച് പുലിമുരുകൻ 150 കോടി കളക്ഷനിലേക്ക് എത്തുകയാണ്. 2016 കടന്നുപോകുമ്പോൾ സിനിമാപ്രവർത്തകരേയും പ്രേക്ഷകരെയും ഒരുപോലെ ആവേശം കൊള്ളിക്കുന്നതും ഈ മിന്നുന്ന വിജയം തന്നെ. ഒപ്പം വിജയ ചിത്രങ്ങളുടെ എണ്ണത്തിലുണ്ടായ വർധന, അതു സിനിമാ വ്യവസായം എത്രത്തോളം മുന്നോട്ടാണ് പോകുന്നതെന്നു തെളിയിക്കുന്നു. 115 ഓളം സിനിമകളാണ് ഈ വർഷം റിലീസ് ചെയ്തത്. ഇതിൽ നാൽപതിലധികം സിനിമകൾ നേടിയ വിജയം ഈ രംഗത്തിനു നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ഏറെ നാളുകൾക്കുശേഷമാണ് ഇത്തരമൊരു നേട്ടം നമുക്കുണ്ടായതെന്നും ശ്രദ്ധേയം.

ഏഴു സൂപ്പർഹിറ്റുകൾ, 17 ഹിറ്റുകൾ, 14 ആവറേജ് ഹിറ്റുകൾ... ഇങ്ങനെ രക്ഷപ്പെട്ട സിനിമകൾ നാൽപതിൽ അധിമാകുമ്പോൾ സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. അതിന്റെ അലയൊലികൾ കണ്ടു തുടങ്ങിയിരിക്കുന്നു. ഒരുകാലത്ത് തിയറ്ററുകൾ അടച്ചുപൂട്ടുന്ന ട്രെൻഡായിരുന്നുവെങ്കിൽ നാട്ടിൻപുറങ്ങളിൽ വരെ ഇപ്പോൾ പുതിയ തിയറ്ററുകൾ എത്തുകയാണ്. ചെറു പട്ടണങ്ങളിൽ മൾട്ടിപ്ലക്സുകൾ ഉയരുന്നു.
ഇങ്ങനെ എല്ലാ രീതിയിലും തിളക്കം നൽകിയാണ് 2016 കടന്നുപോകുന്നത്.

എല്ലാ രംഗത്തും തലമുറ മാറ്റം

സിനിമാ നിർമാണവും അതിന്റെ രീതികളും അടിമുടി മാറിക്കഴിഞ്ഞു. സിനിമയുടെ സമസ്ത മേഖലകളിലും തലമുറ മാറ്റം സംഭവിച്ചിട്ടുണ്ട്. കൂട്ടുകെട്ടിന്റെ പിൻബലത്തിലാണ് ഇപ്പോൾ സിനിമകൾ മിക്കതും സംഭവിക്കുന്നത്. നല്ല സബ്ജക്ടിനായുള്ള തിരച്ചിലിലാണ് എല്ലാവരും. താരങ്ങൾ സിനിമകളുടെ നിർമാണത്തിലേക്ക് നേരിട്ടിറങ്ങുന്നു. പ്രത്യേകിച്ചും യുവതാരങ്ങൾ. എല്ലാ രംഗത്തും നവാഗതർക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മികച്ച കഥയുണ്ടെങ്കിൽ അതു താരങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ അവർ തന്നെ നിർമാതാവിനേയും സംവിധായകനേയുമൊക്കെ കണ്ടെത്തുന്ന രീതിയാണ് ഇപ്പോൾ കൂടുതലും. കഥ– തിരക്കഥ രംഗത്തും സംവിധാനമേഖലയിലും ഒട്ടേറെ പുതുമുഖങ്ങൾക്ക് ഇതുവഴി അവസരം ലഭിക്കുന്നു. മാത്രമല്ല സിനിമയുടെ എല്ലാ രംഗത്തും യുവതലമുറ ആധിപത്യം സ്‌ഥാപിച്ചു കഴിഞ്ഞു. സാങ്കേതിക രംഗത്തും തലമുറ മാറ്റം പൂർണമായിട്ടുണ്ട്.

താരസമവാക്യങ്ങൾ

സീനിയർ താരങ്ങളേയും യുവതാരങ്ങളേയും ഒരുപോലെ സ്വീകരിച്ച വർഷമായിരുന്നു 2016. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് എന്തെങ്കിലും ട്രെൻഡുകൾ ഇൻഡസ്ടിയെ ഭരിച്ചിരുന്നതായി പറയാൻ കഴിയില്ല. സബ്ജക്ടിലും മേക്കിംഗിലുമുള്ള പുതുമകൾ വഴി ഒരുപിടി സിനിമകൾ വിജയിച്ചു. താരത്തേക്കാൾ കഥയ്ക്കും കഥ പറയുന്ന രീതിക്കുമൊക്കെയാണ് പ്രാധാന്യം ലഭിച്ചതെങ്കിലും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയുമൊക്കെ സിനിമകൾ നേടിയ വിജയം എല്ലാ രീതിയിലുമുള്ള സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ്. പരിമിതമായ താരങ്ങളിൽ ഒതുങ്ങി നിൽക്കാതെ കൂടുതൽ പേർക്ക് അവസരങ്ങളും വിജയങ്ങളും സംഭവിക്കുന്നു എന്നതാണ് പുതിയ ട്രെൻഡ്. നിവിൻപോളിയും ദുൽഖർ സൽമാനും മുന്നേറുമ്പോൾ തന്നെ പൃഥ്വിരാജിനും കുഞ്ചാക്കോയ്ക്കും ഫഹദ്ഫാസിലിനും ജയസൂര്യയ്്കുമൊക്കെ ഇവിടെ സ്പേസുണ്ട്. ബിജുമേനോനെപ്പോലുള്ളവർ തനതു രീതിയിൽ മുന്നേറുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ വിഷ്ണു ഉണ്ണിക്കൃഷ്ണനെപ്പോലെ നായക സങ്കൽപങ്ങളോട് ചേർന്നു പോകാത്തവർക്കും നായകനാകുകയും സിനിമ വിജയിപ്പിക്കുകയും ചെയ്യാം എന്ന സ്‌ഥിതിയുമുണ്ട്. ഇതൊക്കെ സംഭവിക്കുമ്പോൾ തന്നെ മമ്മൂട്ടിയേയും മോഹൻലാലിനേയും ദിലീപിനേയും പോലുള്ള സീനിയർ താരങ്ങൾ അവരുടെ അജയ്യത നിലനിറുത്തുന്നു.


ചില അപ്രതീക്ഷിത വിജയങ്ങൾ

ചില അപ്രതീക്ഷിത വിജയങ്ങൾ ഈ വർഷം കാണാനായി. കാഴ്ചയുടെ സംസ്കാരം മാറി വരുന്നതിന്റെ വ്യക്‌തമായ സൂചനകളായിരുന്നു അവ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ഇത്തരമൊരു ചിത്രമായിരുന്നു. ഫഹദ് ഫാസിലിന്റെ തുടർച്ചയായ പരാജയങ്ങൾക്കുശേഷം എത്തിയ ഈ സിനിമ റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിൽ ഇനിഷ്യലിൽ പിറകിലായിരുന്നു. പക്ഷേ ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം സംസാര വിഷയമായി. സബ്ജക്ടിലും അവതരണരീതിയിലും ഫ്രഷ്നസ് കൊണ്ടു വന്ന ഈ സിനിമ പുതുമകൾ പരീക്ഷിക്കാൻ യുവ സംവിധായകർക്ക് ധൈര്യം നൽകുകയാണ്. പുതുമുഖ താരങ്ങൾ വേഷമിട്ട ഹാപ്പിവെഡ്ഡിംഗും അപ്രതീക്ഷിത വിജയമാണ് നേടിയത്. കോമഡി സിനിമകളുടെ ശ്രേണിയിലെ പുതിയ ട്രെൻഡാണ് ഈ ചിത്രമെന്നു കരുതാം. നവാഗതനായ ഒമർ ആണ് ചിത്രം ഒരുക്കിയത്. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ വിജയവും എടുത്തുപറയേണ്ടതാണ്. കുറച്ചു കാലങ്ങൾക്ക് മുമ്പാണെങ്കിൽ ഒരു സിനിമയ്ക്ക് യോജിച്ച സബ്ജക്ടാണോ എന്നു പോലും സംശയിക്കുന്ന കഥയാണ് ഈ ചിത്രത്തിന്റേതെന്നു പറയാം. പക്ഷേ കാഴ്ചയുടെ രീതികൾ മാറി വരുമ്പോൾ ഇത്തരം സിനിമകൾ ജനപ്രിയമാവുകയാണ്. സമാന്തര സിനിമയുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ചിത്രം ഹൗസ് ഫുൾ ആയി ഓടിയതും ഈ വർഷത്തെ പ്രത്യേകതയായിരുന്നു. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിക്കാണ് ഈ ഭാഗ്യം ലഭിച്ചത്. വിതരണക്കാരനായ ആഷിക് അബുവിന്റെ ബുദ്ധിപൂർവമായ മാർക്കറ്റിംഗ് ആണ് ചിത്രത്തിനു തുണയായത്.

2016 കടന്നുപോകുമ്പോൾ

വ്യക്‌തമായ സൂചനകൾ നൽകിയാണ് 2016 കടന്നുപോകുന്നത്. ഏതു തരം സിനിമയാണെങ്കിലും അതിൽ എന്റർടൈൻമെന്റ് വാല്യു ഉണ്ടെങ്കിൽ അതു വിജയിക്കും. ഒഴിവുദിവസത്തെ കളിയും വെൽക്കം ടു സെൻട്രൽ ജയിലും ഒരു പോലെ പ്രേക്ഷക പ്രീതി നേടുന്ന കാഴ്ചയിൽ നിന്നും പ്രേക്ഷകർ ഒരു ട്രെൻഡിനും പിന്നാലേയല്ലയെന്ന് വീണ്ടും തെളിഞ്ഞു. സിനിമാമേഖലയിൽ ഉണ്ടായിരിക്കുന്ന ഈ പുതിയ ഉണർവിന്റെ തുടർച്ച തെളിയേണ്ടത് 2017–ലാണ്. ഒട്ടേറെ പുതുമുഖങ്ങളാണ് പുതു വർഷത്തിൽ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. സംവിധാന രംഗത്തും തിരക്കഥാരചനയിലുമെല്ലാം നവാഗതരുടെ നീണ്ട നിരയായിരിക്കും അടുത്ത വർഷം എത്തുക. ഒപ്പം പരിചയ സമ്പന്നരും സജീവമായി രംഗത്തുണ്ടാകും. എന്നാൽ പുലിമുരുകൻ സൃഷ്ടിച്ച കളക്ഷൻ റിക്കോർഡ് മറികടക്കാൻ 2017നു കഴിയുമോ? കാത്തിരിക്കാം..

–ബിജോ ജോ തോമസ്