തേനും ഉപയോഗങ്ങളും
തേനും  ഉപയോഗങ്ങളും
Wednesday, December 28, 2016 6:11 AM IST
ഊർജ്‌ജദായകവും പോഷകസമൃദ്ധവുമായ സുവ ർണ ദ്രാവകമാണ് തേൻ. പ്രകൃ തിയിലെ തേനീച്ചകളുടെ നിരന്തരമായ അധ്വാനഫലമായി സസ്യസ്രോതസുകളിൽ നിന്നും ശേഖരിക്കപ്പെടുന്ന പൂന്തേൻ തേനീച്ചകളുടെ രാസാഗ്നികളുടെ പ്രവർ ത്തനഫലമായി തേനായി മാറുന്നു. പ്രകൃതിയുടെ ഈ സവിശേഷ ഉത്പന്നത്തെപ്പറ്റി ജനങ്ങൾക്കിടയിൽ സംശയങ്ങൾ നിരവധിയാണ്. ഇതു തന്നെയാണ് തേനിന്റെ ഉപഭോഗം ആഭ്യന്തര വിപണിയിൽ അത്ര ശക്‌തമല്ലാത്തതിനുള്ള ഒരു കാരണവും. തേനിനെ സംബന്ധിച്ച് പ്രചാരത്തിലുള്ള ചില പ്രധാന സംശയങ്ങളും അവയ്ക്കുള്ള ശാസ്ത്രീയ വിശദീകരണങ്ങളുമാണ് ഇവിടെ നൽകിയിരിക്കുന്നത്.

തേനിന്റെ ഗുണങ്ങൾ

ജലാംശം കഴിഞ്ഞാൽ വിവിധയിനം പഞ്ചസാരകളാണ് തേനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്. അവയിൽ ഏറ്റവും പ്രധാനം ഫ്രക്ടോസ് എന്ന പഞ്ചസാരയാണ്. ശരീരത്തിന് ആവശ്യമായ ഊർജ്‌ജം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ്, സുക്രോസ് എന്നിവയും തേനിലുണ്ട്. ചില വിറ്റാമിനുകൾ, മൂലകങ്ങൾ, രാസഗ്നികൾ എന്നിവയും തേനിലടങ്ങിയിരിക്കുന്നു. ശരീരത്തിന് ഉണർവും ഉന്മേഷവും നൽകാൻ തേനുപയോഗിക്കാം. ആയുർവേദമരുന്നുകളിൽ പലതിലും തേൻ ഒരു പ്രധാനഘടകമാണ്. തീപൊള്ളലിന് ഏറെ ഫലപ്രദമായ ഔഷധമായും തേൻ ഉപയോഗിച്ചു വരുന്നു.

ചെറുതേൻ, വൻതേൻ

ഇന്ത്യയിൽ വിവിധയിനം തേനീച്ചകളുണ്ട.് ഈ തേനീച്ചകളിൽ നിന്നു ശേഖരിക്കുന്ന തേൻ വ്യത്യാസമുള്ളതായിരിക്കും. കാട്ടിലെ വൻ മരങ്ങളിൽ കൂടുകൂട്ടുന്ന പെരും തേനീച്ചയിൽ നിന്നും ശേഖരിക്കുന്ന തേൻ പൊതുവെ വൻതേൻ എന്നറിയപ്പെടുന്നു. ഞൊടിയൽ, ഇറ്റാലിയൻ എന്നീ തേനിച്ച ഇനങ്ങളെ വളർത്തിയും തേൻ ശേഖരിക്കാറുണ്ട്. ഈ തേൻ അതാതു ഇനം തേനീച്ചകളുടെ പേരു ചേർത്താണ് സാധാരണയായി അറിയപ്പെടുന്നത്. ഭിത്തികളുടെ വിടവിലും മറ്റും കൂടുകൂട്ടുന്ന വലിപ്പം കുറഞ്ഞ ചെറുതേനീച്ചകളിൽ നിന്നും ശേഖരിക്കുന്ന തേനാണ് ചെറുതേനായി അറിയപ്പെടുന്നത്. നന്നേ ചെറുതാകയാൽ ഇവയ്ക്ക് വളരെ ചെറിയ പൂക്കളിൽ നിന്നുപോലും തേൻ ശേഖരിക്കാനാകും. ഒട്ടനവധി ഔഷധ സസ്യങ്ങളുടെ പൂക്കളിൽ നിന്നും തേൻ ശേഖരിക്കുന്നതിനാൽ ചെറുതേനിന് ഔഷധഗുണമുണ്ട്.

നിത്യേന ഉപയോഗിക്കാമോ?

നാം തേനിനെ പൊതുവേ ഔഷധമായണ് കാണുന്നത്. തേനിനെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടും അതിന്റെ ഉയർന്ന വിലയും നിത്യേനയുള്ള ഉപയോഗത്തിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നു. എന്നാൽ തേൻ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കേന്ദ്ര തേനീച്ചവളർത്തൽ ഗവേഷണ സ്‌ഥാപനത്തിന്റെ (പൂനെ) കണക്കനുസരിച്ച് ആരോഗ്യമുള്ള ഒരാൾക്ക് ദിവസം 30– 35 ഗ്രാം തേൻ കഴിക്കാവുന്നതാണ്. കുട്ടികൾക്ക് ഇത് 10– 15 ഗ്രാം വരെയാകാം. എന്നാൽ രോഗികളും പ്രമേഹമുള്ളവരും ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നതാണുത്തമം.

പുളിക്കാൻ കാരണമെന്ത്

തേനിൽ ചിലയിനം യീസ്റ്റുകൾ അടങ്ങിയിട്ടുണ്ട്. തേനിന്റെ കൂടിയ ഗാഢതയിലും ജീവിക്കാൻ ശേഷിയുള്ളവയാണീ സൂക്ഷ്മാണുക്കൾ. തേനിലെ ജലാംശ തോത് ക്രമാതീതമായാൽ ഇവ പെരുകി തേൻ പുളിക്കും. ശരിയായ രീതിയിൽ തേൻ സംസ്കരിച്ചാൽ ഇവ നശിക്കും. കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കാൻ സംസ്കരിച്ച തേനാണുത്തമം. പച്ചത്തേൻ ഈർപ്പം തട്ടാത്ത വിധം മേന്മയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിക്കാം.

നിറം മാറുന്നു– ദോഷമുണ്ടോ?

തേൻ ഏറെക്കാലം സൂക്ഷിച്ചാൽ നിറം ക്രമേണ കടും നിറമാകാറുണ്ട്. അതിലടങ്ങിയിരിക്കുന്ന ചില സൂക്ഷ്മ മൂലകങ്ങളും ധാതുലവണങ്ങളുമാണിതിനു കാരണം. നിറം മാറുന്നതുകൊണ്ട് തേനിനു ദോഷം സംഭവിക്കുന്നില്ല.

മുറിവുണക്കാൻ

തേനിന് ജലാംശം വലിച്ചെടുക്കാനും നിലനിറുത്താനുമുള്ള ശേഷിയുണ്ട്. ഈ ഗുണവും ഈർപ്പം വലിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ഹൈഡ്രജൻ പെറോക്സൈഡ് എന്ന ഓക്സീകാരകവും മുറിവുണക്കുന്നു. ചെറു മുറിവുകളിൽ തേൻ ലേപനമായി ഉപയോഗിക്കുമ്പോൾ മുറിവുണങ്ങാനുള്ള ഈർപ്പം നിലനിറുത്തുകയും ദോഷകാരികളായ അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. തേനിന്റെ ഗാഢതയിൽ പുറമെയുള്ള അണുക്കൾ സാധാരണ വളരുകയുമില്ല.

ഹണികോള

ദാഹം ശമിപ്പിക്കാനും പെട്ടെന്ന് ശരീരത്തിന് ഊർജം നൽകാനും ഉത്തമമാണ് ഹണികോള. തേൻ, ഇഞ്ചിനീര്, നാരങ്ങാ നീര് എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്താണ് ഇതുണ്ടാക്കുന്നത്. അതിഥി സത്കാരത്തിലും ക്ഷീണമകറ്റാനും മറ്റുമുള്ള ഒരു ലഘുപാനീയമായി ഇതുപയോഗിക്കാം. സാധാരണ കോളകളുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഹണി കോളയുടെ ചേരുവ ഇപ്രകാരമാണ്.


തേൻ – 35 മില്ലി ലിറ്റർ
ഇഞ്ചിനീര് – 5 മില്ലി ലിറ്റർ
നാരങ്ങാനീര് – 15 മില്ലി ലിറ്റർ
വെള്ളം – 145 മില്ലി ലിറ്റർ
(ഒരു ഗ്ലാസ്–200 മില്ലി ലിറ്റർ തയാറാക്കാൻ)

തേനീച്ചയ്ക്ക് പഞ്ചസാര ലായനി

ക്ഷാമകാലത്ത് ഉപയോഗിക്കാനായി തേനീച്ച സംഭരിക്കുന്ന ഭക്ഷണമാണ് തേൻ. അതു നാം കവർന്നെടുക്കുന്നതിനാൽ തേനീച്ച ക്ഷാമകാലത്ത് (കേരളത്തിൽ മേയ് മുതൽ സെപ്റ്റംബർ, ഒക്ടോബർ വരെ) ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു. ഇത് തേനീച്ചകളുടെ വളർച്ച മുരടിപ്പിക്കുകയും കോളനി ക്ഷയിപ്പിക്കുകയും ചെയ്യും. ഇതൊഴിവാക്കാനാണ് ക്ഷാമകാലത്ത് തേനിനു പകരമായി പഞ്ചസാരലായനി തേനീച്ചകൾക്ക് നൽകുന്നത്. തേൻ ഉത്പാദന കാലത്ത് ഈ ലായനി കൊടുക്കാറില്ല. അതിനാൽ തേനുണ്ടാക്കാനല്ല പഞ്ചസാരലായനി കൊടുക്കുന്നത്. മറിച്ച് ക്ഷാമകാലത്ത് കോളനിയുടെ ആരോഗ്യകരമായ നിലനിൽപ്പിനാണ് ഇതു നൽകുന്നത്.

വളരെയേറെ ഗുണങ്ങളും ഔഷധമൂല്യമുള്ള തേൻ എല്ലാ വീടുകളിലും കരുതിവയ്ക്കേണ്ടതാണ്. ഗുണമേന്മാ മുദ്രയായ അഗ്മാർക്ക് ഉള്ള തേനോ അല്ലെങ്കിൽ തേനീച്ച കർഷകരിൽ നിന്നോ തേൻ വാങ്ങാവുന്നതാണ്. തേൻ നിത്യ ജീവിതത്തിൽ ഒരു ഭാഗമാക്കാൻ നമുക്ക് ശ്രമിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0479–2449268.

തേൻ ശുദ്ധമാണോ എന്നറിയാൻ

തേനിലെ മായം കണ്ടത്താൻ രാസ പരിശോധന തന്നെ വേണ്ടിവരും. തേനിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അവയ്ക്ക് അഗ്മാർക്ക് നൽകാറുണ്ട്. ഇത്തരം ഗുണനിലവാര മുദ്ര നോക്കി ശുദ്ധമായ തേൻ വാങ്ങാവുന്നതാണ്. വിശ്വാസമുള്ളയിടങ്ങളിൽ നിന്നും തേൻ വാങ്ങുകയാണ് ശുദ്ധതയുറപ്പിക്കാനുള്ള മറ്റൊരു വഴി. വ്യക്‌തികളും വനിതാഗ്രൂപ്പുകളും തേനീച്ചകൃഷിയിൽ വ്യാപൃതരായിരിക്കുന്ന ഇക്കാലത്ത് അവരിൽ നിന്നും ശുദ്ധമായ തേൻ വാങ്ങാം.

തേനിന്റെ ഗുണമേന്മ വർധിപ്പിക്കാൻ

തേനീച്ചവളർത്തുന്നവർ തേനിന്റെ ഗുണമേന്മ വർധിപ്പിക്കാൻ പുഴു അറയിലെ പഴയ കറുത്ത നിറത്തിലുള്ള അടകൾ മാറ്റി പുതിയ അട നിർമിക്കണം. ഇതിനായി കൂട്ടിലെ അവസാനത്തെ (വലത്തേഅറ്റം) അടയെ മുഴുവനായി ചട്ടത്തിൽ നിന്നും മുറിച്ചുമാറ്റിയശേഷം ഒഴിഞ്ഞ ചട്ടം മധ്യ ഭാഗത്ത് അടകളുടെ ഇടയിൽ ഇട്ടുകൊടുക്കണം. തുടർന്നുള്ള 4–6 ദിവസങ്ങൾ കൊണ്ട് ഒഴിഞ്ഞ ചട്ടത്തിൽ പുതിയ അട നിർമിച്ചു കഴിയും. അട മുറിച്ചുമാറ്റിയ ചട്ടത്തിൽ അടയുടെ കൃത്രിമ അടിസ്‌ഥാനം (കോമ്പ് ഫൗണ്ടേഷൻ ഷീറ്റ് ) വച്ചു പിടിപ്പിച്ച് മധ്യഭാഗത്ത് ഇട്ടുകൊടുക്കുന്നതും അഭികാമ്യമാണ്. ഇങ്ങനെ ചെയ്താൽ 2–3 ദിവസം കൊണ്ട് കോമ്പ് ഫൗണ്ടേഷന്റെ അടിസ്‌ഥാനത്തിൽ രണ്ടു വശങ്ങളിലും പുതിയ അറകൾ നിർമിച്ചുകഴിയും. ഇത്തരത്തിൽ കൃത്രിമ അടിസ്‌ഥാനം നല്കുന്നതുമൂലം തേനീച്ചകൾക്ക് ജോലി ഭാരം, മെഴുകിന്റെ ഉപയോഗം, സമയ ദൈർഘ്യം ഇവ കുറയ്ക്കാൻ സഹായിക്കും.

ഇനി ആവശ്യാനുസരണം തേനറകൾ സജ്‌ജമാക്കുകയാണ് വേണ്ടത്. ഇതിനായി പുഴു അറയിലെ വലത്തേ അറ്റത്തുള്ള അട പുറത്ത് എടുത്ത് ഈച്ചകളെമുഴുവൻ പുഴു അറയിലേക്ക് മാറ്റിയതിനുശേഷം അട മുഴുവനായി മുറിച്ചുമാറ്റി ഒഴിഞ്ഞ ചട്ടം വീണ്ടും കൂടിന്റെ മധ്യഭാഗത്ത് ഇട്ടുകൊടുക്കണം. മുറിച്ചുമാറ്റിയ അട ഒന്നര ഇഞ്ച് വീതിയിൽ നെടുകെ മൂന്നായി മുറിക്കുക. ഓരോ കഷണവും തേനറയിലെ ചട്ടത്തിന്റെ താഴ്ഭാഗത്ത് വെച്ച് വാഴനാര് ഉപയോഗിച്ച് കെട്ടി ഉറപ്പിച്ച ശേഷം തേനറയുടെ ഇടത്തെ ഭാഗത്ത് ഇട്ടു കൊടുക്കുക. പുഴു അറയിൽ കൂടുതലായി ഉണ്ടാകുന്ന വേലക്കാരി ഈച്ചകൾ ഇവിടെ പ്രവേശിച്ച് 5–7 ദിവസം കൊണ്ട് അട പൂർണമായും നിർമിച്ചു കഴിയും. ഇത്തരത്തിൽ ഒരേസമയത്ത് ഒരു ചട്ടത്തിൽ മാത്രമെ മുറിച്ച കഷണങ്ങൾ ഘടിപ്പിക്കാവു. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ ചട്ടം മേൽപറഞ്ഞ രീതിയിൽ നൽകേണ്ടതാണ്.

ദീർഘകാലം സൂക്ഷിക്കാൻ

ചില സ്രോതസുകളിൽ നിന്നും ലഭിക്കുന്ന തേൻ ദീർഘകാലം സൂക്ഷിക്കുകയോ ഫ്രിഡ്ജിൽ വയ്ക്കുകയോ ചെയ്താൽ അടിയിൽ പഞ്ചസാര പരലുകൾ രൂപപ്പെടുന്നതായി കാണാം. ഇതു തേനിനു ഗുണനിലവാരമില്ലാത്തതിനാലല്ല. തേനിലുള്ള പഞ്ചസാരകൾ അടിഞ്ഞുകൂടി പരലുകളായി മാറുന്നതാണ്. ഇത്തരം തേൻ പാത്രത്തോടെ ചെറുചൂട് വെള്ളത്തിൽ കുറച്ചു സമയം വച്ചിരുന്നാൽ പലരുകൾ അലിഞ്ഞ് തേൻ പഴയ രീതിയിലായി കിട്ടും. സുക്രോസിന്റെ അംശം കൂടിയ സ്രോതസിൽ നിന്നുള്ള തേനിലാണ് ഈ പരൽ രൂപീകരണം കൂടുതലായി കാണുന്നത്.

ശിവകുമാർ ടി, ഡോ. പി. മുരളീധരൻ
കൃഷി വിജ്‌ഞാന കേന്ദ്രം, ആലപ്പുഴ