വേദം
വേദം
Wednesday, December 21, 2016 6:21 AM IST
സ്കെച്ച് എന്ന ചിത്രത്തിനുശേഷം പ്രസാദ് യാദവ് കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വേദം. പുതുമുഖം സഞ്ജയ് മേനോൻ നായകനാകുന്ന ചിത്രത്തിൽ മധു, സിദ്ധിഖ്, ജഗദീഷ്, തലൈവാസൽ വിജയ്, സായ്കുമാർ, സുനിൽ സുഖദ, നോബി, രേഖ, കവിയൂർ പൊന്നമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രക്‌തബന്ധങ്ങളെപ്പോലും അവഗണിച്ച് ദൈവസ്മരണകൾ കൈമോശംവന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരു ചെറുപ്പക്കാരൻ മാതൃകാപരമായി കടന്നുവന്നു മുന്നോട്ടു നയിക്കുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് വേദം എന്ന ചിത്രത്തിലുള്ളതെന്ന് സംവിധായകൻ പ്രസാദ് യാദവ് പറഞ്ഞു.

പാലക്കാട് പ്രശസ്തമായ തറവാട്ടിലെ അംഗമായ ഹരിഹരൻ തികഞ്ഞ അയ്യപ്പഭക്‌തനാണ്. ഓർമവച്ചനാൾ മുതൽ എല്ലാ വർഷവും മണ്ഡലകാലത്ത് വ്രതം നോറ്റ് മല ചവുട്ടി അയ്യപ്പഭഗവാനെ ദർശിക്കാറുണ്ട്. തന്റെ ജീവിതത്തിന്റെ എല്ലാ ഐശ്വര്യങ്ങൾക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ ആണെന്നു വിശ്വസിക്കുന്ന ഹരിഹരന്റെ ഭാര്യ നിർമലാദേവിയുമൊത്ത് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു.

ഇവർക്ക് ഒരു മകനുണ്ട്. ശബരിനാഥ്. എൻജിനീയറിംഗ് കോളജ് വിദ്യാർഥിയാണ്. ഏറെക്കാലത്തിനുശേഷം അയ്യപ്പ അനുഗ്രഹത്താൽ ജനിച്ച ശബരിനാഥിനെ ഇതുവരെ ശബരിമലയിൽ കൊണ്ടുപോയി അയ്യപ്പദർശനം നടത്തിക്കാൻ കഴിഞ്ഞില്ലെന്നതാണു ഹരിരന്റെയും നിർമലാദേവിയുടെയും ദുഃഖം. കഴിഞ്ഞ പതിനെട്ടുവർഷമായി ഹരിഹരൻ മകനെ മല ചവുട്ടാൻ കൊണ്ടുപോകാൻ ശ്രമിക്കുന്നു. മകൻ ശബരിനാഥാകട്ടെ കൂട്ടുകാർക്കൊപ്പം കലാലയ ജീവിതം ആഘോഷമായി കൊണ്ടാടുകയാണ്.




ഇതിനിടയിലാണ് മകൻ അച്ഛനോട് ഒരാഗ്രഹം പറയുന്നത്. കിട്ടിയ അവസരം മുതലെടുത്ത് നീ ശബരിമലയിൽ പോയി അയ്യപ്പനെ കണ്ടു തൊഴുതുവന്നാൽ ആഗ്രഹം സാധിച്ചുതരാമെന്ന് അച്ഛൻ വാക്കുകൊടുക്കുന്നു. കൂട്ടുകാരുടെ നിർബന്ധവും ആഗ്രഹം സഫലമാകുമെന്ന വിശ്വാസവും മൂലം ഒട്ടും ഭക്‌തിഭാവമില്ലാതെ ഗുരുസ്വാമിയോടൊപ്പം ശബരിനാഥ് ശബരിമലയ്ക്കു യാത്ര തിരിക്കുന്നു. തന്റെ യാത്രയ്ക്കിടയിൽ ശബരിനാഥ് ഒറ്റപ്പെടുന്നു. തുടർന്ന് ശബരിനാഥിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് വേദം എന്ന ചിത്രത്തിൽ പ്രസാദ് യാദവ് ദൃശ്യവത്കരിക്കുന്നത്.

ശബരിനാഥായി സഞ്ജയ് മേനോനും ഹരിഹരനായി സിദ്ധിഖും ഗുരുസ്വാമിയായി ജഗദീഷും നിർമലാ ദേവിയായി രേഖയും അഭിനയിക്കുന്നു. പുതുമുഖം സാനിയ അയ്യപ്പനാണു നായിക.

സാംസൺ ക്രിയേഷൻസിന്റെ ബാനറിൽ സാംസൺ വിശ്വനാഥ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സജീവ് വ്യാസൻ എഴുതുന്നു. സാംലാൽ ഡി. തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു. എ.എസ്. ദിനേശ്