ക്രിസ്മസ് പാചകം– എഗ് ലെസ് കേക്ക്
ക്രിസ്മസ് പാചകം– എഗ് ലെസ് കേക്ക്
Tuesday, December 20, 2016 6:12 AM IST
മഞ്ഞു പൊഴിച്ചും നക്ഷത്രവിളക്കുകൾ തെളിച്ചും പള്ളിമണികൾ ആരാധനാപൂർവം മുഴക്കിയുമാണ് ക്രിസ്മസ് വിരുന്നെത്തുന്നത്. ഇതോടൊപ്പം നാവിൽ അലിഞ്ഞു ചേരുന്ന കേക്കിന്റെ മധുരം കൂടി ചേരുമ്പോഴെ ക്രിസ്മസ് ആഘോഷം പൂർണമാകൂ. ഓരോ വർഷവും കേക്കുകൾ രൂപത്തിലും ഭംഗിയിലും രുചിയിലും വൈവിധ്യം പുലർത്തുന്നു. സ്ത്രീധനം വായനക്കാർക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത് മുട്ട ചേർക്കാത്ത കേക്കുകളാണ്. രുചിക്കാം ആ മധുരം...

വാനില കേക്ക്

ചേരുവകൾ
മൈദ– ഒന്നരക്കപ്പ്
വെള്ളം – അരകപ്പ്
ബട്ടർ – അര കപ്പ്
പഞ്ചസാര – മുക്കാൽ കപ്പ്
വാനില എസൻസ് – ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡ – അര ടീസ്പൂൺ
ബേക്കിംഗ് പൗഡർ – ഒരു ടീസ്പൂൺ
നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
തൈര് – നാല് ടേബിൾ സ്പൂൺ
വെള്ളം– ഒരു ടേബിൾ സ്പൂൺ.

തയാറാക്കുന്ന വിധം
ഒരുബൗളിലേക്ക് മൈദയും ബേക്കിംഗ് പൗഡറും ഒരുനുള്ള് ഉപ്പും കൂടി തെള്ളി ഇടുക. ബട്ടർ ഒരു പാനിൽ ഇട്ട് ഉരുക്കി വാങ്ങി പഞ്ചസാരയുമായി ചേർക്കുക. നന്നായിളക്കി വാങ്ങുക. ഒരു ചെറിയ ബൗളിൽ ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ വെള്ളവും എടുത്ത് ഇളക്കി യോജിപ്പിക്കുക. മയമാകുമ്പോൾ നാരങ്ങ നീരൊഴിക്കുക. ബേക്കിംഗ് സോഡയിട്ട് ഇളക്കുക.
ബട്ടർ– പഞ്ചസാര മിശ്രിതം, ഒന്നര കപ്പ് വെള്ളം, തൈര് – ബേക്കിംഗ് സോഡാ മിശ്രിതം എന്നിവ തെള്ളിവച്ച മൈദാകൂട്ടിൽ ചേർക്കുക. വാനിലാ എസൻസ് ചേർത്തിളക്കുക. അവ്ന്റെ താപനില 180 ഡ്രിഗിയിൽ ക്രമീകരിക്കുക. പ്രീഹീറ്റ് ചെയ്യുക. 6–7 ഇഞ്ച് വലുപ്പമുള്ള ബട്ടർ തടവിയ ബേക്കിംഗ് പാൻ തയാറാക്കിവയ്ക്കുക. തയാറാക്കിയ ബേക്കിംഗ് പാനിലേക്ക് ബാറ്റർ പകർന്നു പതിയെ തട്ടി നിരപ്പാക്കുക. പ്രീഹീറ്റ് ചെയ്തുവച്ച അവ്നിലേക്ക് ഈ പാൻ മാറ്റുക. 30–35 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.



ഫ്രൂട്ട് കേക്ക്

ചേരുവകൾ
വാൾനട്ട് – മുക്കാൽ കപ്പ്
അണ്ടിപ്പരിപ്പ് – മുക്കാൽ കപ്പ്
ഈന്തപ്പഴം– അര കപ്പ്
ആപ്പിൾ ജ്യൂസ് – ഒരു കപ്പ്
കിസ്മിസ് – രണ്ട് ടേബിൾ സ്പൂൺ
കറുത്ത മുന്തിരിങ്ങ – രണ്ട് ടേബിൾ സ്പൂൺ
ബദാം, പിസ്റ്റ – 2 ടേബിൾ സ്പൂൺ വീതം
കാന്റീസ് ഓറഞ്ച് പീൽ – 40 ഗ്രാം
ചെറിപ്പഴം – 8–10 എണ്ണം
ഗോതമ്പുമാവ് – രണ്ട് കപ്പ്
ബേക്കിംഗ് സോഡ – ഒരു ടീസ്പൂൺ
ബേക്കിംഗ് പൗഡർ – അര കപ്പ്
പട്ട പൊടിച്ചത് – കാൽ ടീസ്പൂൺ
ജാതിക്കാ പൊടിച്ചത് – കാൽ ടീസ്പൂൺ
ഏലയ്ക്കാ പൊടിച്ചത്– കാൽ ടീസ്പൂൺ
ഗ്രാമ്പൂ പൊടിച്ചത് – 1/8 ടീസ്പൂൺ
കരാമലിന്
പഞ്ചസാര – അര കപ്പ്
വെള്ളം – ഒരു കപ്പ് + 2 ടേബിൾ സ്പൂൺ

മറ്റു ചേരുവകൾ
ഒലിവെണ്ണ – 1/3 ടേബിൾ സ്പൂൺ
നാരങ്ങാ നീര്– ഒന്നര ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം
ഒരു സോസ്പാനിൽ അര കപ്പ് പഞ്ചസാരയും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അടുപ്പത്ത് വച്ച് നന്നായി ഇളക്കുക. ചെറുതീയാക്കുക. കടും ബ്രൗൺ നിറമാകുമ്പോൾ വാങ്ങുക. ഒരു കപ്പ് വെള്ളം ഇതിലേക്കൊഴിക്കുക. വീണ്ടും അടുപ്പത്ത് വയ്ക്കുക. കരാമൽ ആറുമ്പോൾ 1/3 കപ്പ് ഒലിവെണ്ണ ഒഴിക്കുക. ഇനി നാരങ്ങാ നീരൊഴിക്കുക.
ഇനി കേക്കിന്റെ ബാറ്റർ തയാറാക്കാം. എട്ട് ഇഞ്ച് വൃത്താകൃതിയിലുള്ള ബേക്കിംഗ് പാനിൽ ബട്ടർ തടവി വയ്ക്കുക. അവ്ന്റെ താപനില 180 ഡിഗ്രിയിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക.
ഒരു അരിപ്പയിൽ രണ്ട് കപ്പ് ഗോതമ്പുമാവ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ,അര ടീസ്പൂൺ ബേക്കിംഗ് പൗഡർ, പട്ടപൊട്ടിച്ചത്, ജാതിക്കാ പൊടിച്ചത്, ഏലയ്ക്കാപൊടിച്ചത് എന്നിവ കാൽ ടീസ്പൂൺ വീതം, 1/8 ടീസ്പൂൺ ഗ്രാമ്പു പൊടിച്ചത് എന്നിവയെടുത്ത് നന്നായി തെള്ളി ഒരു ബൗളിലിടുക. ഇതിലേക്ക് ഡ്രൈഫ്രൂട്ട്സ് – ആപ്പിൾ ജ്യൂസ് മിശ്രിതം ചേർക്കുക. നന്നായി ഇളക്കുക. കരാമൽ ലായനി ചേർത്ത് വീണ്ടും ഇളക്കുക. (മാവ് മിശ്രിതം) കേക്കിന്റെ കൂട്ട് ഇതിലേക്കിടുക. ഇളക്കി ബട്ടർ തടവിയ കേക്ക് ടിന്നിലേക്ക് പകരുക. ഈ ബേക്കിംഗ് ടിൻ പ്രീഹീറ്റ് ചെയ്ത അവ്നിൽ വയ്ക്കുക. ഒരു മണിക്കൂർ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

മാർബിൾ കേക്ക്

ചേരുവകൾ
ബട്ടർ – 150 ഗ്രാം
പൊടിച്ച പഞ്ചസാര – 150 ഗ്രാം
മൈദ – 150 ഗ്രാം
പാൽ – 3/4 കപ്പ്
വിനാഗിരി – മൂന്നു ടീസ്പൂൺ
വാനിലാ എസൻസ് – ഒരു ടീസ്പൂൺ
ബേക്കിംഗ് പൗഡർ – ഒന്നര ടീസ്പൂൺ
കൊക്കോപ്പൊടി – ഒരു ടേബിൾസ്പൂൺ
ഐസിംഗിന്
ബട്ടർ – 50 ഗ്രാം
ഐസിംഗ് ഷുഗർ – 100 ഗ്രാം
മെൽറ്റഡ് ചോക്കേളറ്റ്
കൊക്കോപ്പൊടി – രണ്ടു ടീസ്പൂൺ

തയാറാക്കുന്ന വിധം
ഒരു ബൗളിൽ ബട്ടറും പഞ്ചസാരയും എടുത്തു മയമാകും വരെ ഇളക്കുക. ഒരു ടേബിൾസ്പൂൺ മൈദ മാറ്റി വയ്ക്കുക. മിച്ചമുള്ള മാവ് ഇതിൽ ചേർക്കുക. പാലും വിനാഗിരിയും ചേർത്ത് നന്നായിളക്കുക. ഈ ബാറ്റർ രണ്ടാക്കി ഭാഗിച്ചു വയ്ക്കുക. ഒരു പങ്കിൽ ഒരു ടേബിൾ സ്പൂൺ മൈദ ചേർക്കുക. മറ്റൊരു പകുതിയിൽ കൊക്കൊപ്പൊടിയും ചേർക്കുക.ബട്ടർ പുരട്ടിയ എട്ട് ഇഞ്ച് കോക്കോ ടിന്നിലേക്ക് രണ്ടുതരം മാവും ഇടവിട്ടിടവിട്ട് ഇടുക. അവ്ന്റെ താപനില 180 ഡ്രിഗ്രിയിൽ ക്രമീകരിച്ച് ചൂടാക്കുക. കേക്ക് ടിൻ ഇതിൽ വച്ച് 20–25 മിനിറ്റ് ബേക്ക് ചെയ്യുക. ആറിയശേഷം ഐസിംഗ് നടത്താം. ഇതിനായി ഐസിംഗ് ഷുഗർ, ബട്ടർ, മെൽറ്റഡ് ചോക്കളേറ്റ്, കൊക്കൊപ്പൊടി എന്നിവ തമ്മിൽ നന്നായി യോജിപ്പിക്കുക. ഇത് തയാറാക്കിയ കേക്കിന് മീതെ ഒരേ കനത്തിൽ വ്യാപിപ്പിക്കുക.

ട്രിപ്പിൾ കേക്ക്

ചേരുവകൾ സ്പോഞ്ചിന്
എണ്ണ – 150 മില്ലി
പഞ്ചസാര – 275 ഗ്രാം
മിൽക്ക് മെയ്ഡ് – 185 ഗ്രാം
തൈര് – 375 ഗ്രാം
മൈദ – 375 ഗ്രാം
ബേക്കിംഗ് സോഡ,
ബേക്കിംഗ് പൗഡർ– ഒൻപതു ഗ്രാം വീതം
സിറപ്പിന്
ഡാർക്ക് ചോക്ലേറ്റ് – 500 ഗ്രാം
ഫ്രഷ് ക്രീം – 250 ഗ്രാം

തയാറാക്കുന്നവിധം

സ്പോഞ്ച് തയാറാക്കാൻ
പഞ്ചസാര, മിൽക്ക്മെയ്ഡ്, തൈര്, മൈദ,ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ എന്നിവ ഒരു ബൗളിലെടുക്കുക. നന്നായി ഇളക്കിയശേഷം എണ്ണ ചേർക്കുക. പതിയെ ഇളക്കി ബട്ടർ തടവിയ ബേക്കിംഗ് ട്രേയിലേയ്ക്ക് പകരുക. അവ്ന്റെ താപനില 180 ഡിഗ്രിയിൽ ക്രമീകരിച്ച് പ്രീഹിറ്റ് ചെയ്യുക. ബേക്കിംഗ് ട്രേ ഇതിൽ 35–40 മിനിറ്റ് വച്ച് ബേക്ക് ചെയ്യുക.

ട്രഫിൾ തയാറാക്കൽ
ഡാർക്ക് ചോക്കളേറ്റ് ചെറുതായി മുറിക്കുക. ഒരു ബൗളിലിടുക. ഒരു സോസ്പാനിൽ ഫ്രഷ്ക്രീം എടുത്തു തിളപ്പിക്കുക. ഇതു ചോക്കളേറ്റിന് മീതെ ഒഴിക്കുക. ചോക്കളേറ്റ് അലിയും വരെ ഇളക്കുക. ഇതു ആറാൻ അനുവദിക്കുക.

സിറപ്പിന്
വെള്ളം തിളപ്പിച്ച് പഞ്ചസാരയിടുക. സിറപ്പാക്കി വാങ്ങി ആറാൻ വയ്ക്കുക.
തയാറാക്കിയ കേക്ക് ഒരേ കനമുള്ള മൂന്നു കഷ്ണങ്ങൾ ആക്കുക. ഒരു കഷണത്തിൽ പഞ്ചസാരപ്പാനി തേയ്ക്കുക. ഇനി ട്രഫിൾ തേയ്ക്കുക. മീതെ മറ്റേ കഷണം വയ്ക്കുക. ഇതേ കാര്യങ്ങൾ ആവർത്തിക്കുക. മുകൾവശത്തും വശങ്ങളിലുമെല്ലാം ട്രഫിൾ തേച്ച് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക.



ബനാന കേക്ക്

ചേരുവകൾ
മൈദ – 280 ഗ്രാം
വാൾനട്ട് – 100 ഗ്രാം
ഏത്തപ്പഴം – 280 ഗ്രാം
ബട്ടർ – 70 ഗ്രാം
ബേക്കിംഗ് പൗഡർ – 1.2 ഗ്രാം
പട്ടപൊടിച്ചത് – 5 ഗ്രാം
തൈര് – 100 മി ലി
പാൽ– 150 മി ലി

തയാറാക്കുന്നവിധം
മൈദയും ബേക്കിംഗ് പൗഡറും കൂടി തെളളി ഒരു ബൗളിലിടുക. ഇതിൽ പട്ടപൊടിച്ചതും വാൾനട്ടും കൂടി ചേർക്കുക. പഴം നന്നായി ഉടച്ചതും ഉരുക്കിയ ബട്ടറും തമ്മിൽ നന്നായി യോജിപ്പിക്കുക. തൈരും ചേർക്കുക. മറ്റു ചേരുവകൾ എല്ലാം കൂടി ഇതിൽ ചേർത്തിളക്കി നെയ്യ് തടവിയ ബേക്കിംഗ് ടിന്നിലേയ്ക്ക് പകർന്ന് പ്രീഹീറ്റ് ചെയ്ത അവ്നിൽ വയ്ക്കുക. അവ്ന്റെ താപനില 170 ഡ്രിയിൽ ക്രമീകരിച്ചിരിക്കണം. 50–60 മിനിറ്റ് ബേക്ക് ചെയ്യുക.

വാൾനട്ട് – ബദാം കേക്ക്

ചേരുവകൾ
ബദാം പൊടിച്ചത് – കാൽ കപ്പ്
വാൾനട്ട്– കാൽ കപ്പ്
മൈദ – അര കപ്പ്, + 1 ടീ സ്പൂൺ
പഞ്ചസാര – കാൽ കപ്പ്
പാൽ – അര കപ്പ്
നെയ്യ് – മൂന്നു ടീസ്പൂൺ
ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ – അര ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
കൊപ്ര ഗ്രേറ്റ് ചെയ്തത് – ഒരു ടീസ്പൂൺ

തയാറാക്കുന്നവിധം
അവ്ന്റെ താപനില 350 ഡ്രിഗിയിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ബേക്കിംഗ് പാനിൽ നെയ്യ് തടവി വയ്ക്കുക. വശങ്ങളിലും തേയ്ക്കുക.
ഒരു ബൗളിൽ ബദാം, വാൾനട്ട് എന്നിവ പൊടിച്ചതിൽ മൈദ, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡർ, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കുക.
മറ്റൊരു ബൗളിൽ നെയ്യ് എടുത്തു നന്നായി ഇളക്കി പതപ്പിക്കുക. പഞ്ചസാരയിട്ട് വീണ്ടും ഇളക്കുക. രണ്ടു ബൗളിലേയും ചേരുവകൾ തമ്മിൽ യോജിപ്പിച്ച് നെയ്യ് തടവിയ ബേക്കിംഗ് പാനിലേയ്ക്ക് പകരുക.
കൊപ്ര ഗ്രേറ്റ് ചെയ്തതിൽ ഒരു ടീസ്പൂൺ മൈദയിട്ടിളക്കി കേക്കിന്റെ കൂട്ടിന് മീതെ വിതറുക. 20–25 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.

ഗോതമ്പുമാവ് – ശർക്കര കേക്ക്

ചേരുവകൾ
ഗോതമ്പുമാവ് – രണ്ടുകപ്പ്
ശർക്കര – രണ്ട് കപ്പ്
സോഡാപ്പൊടി – ഒന്നരടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ – അരടേബിൾ സ്പൂൺ
പട്ട പൊടിച്ചത് – രണ്ട് ടേബിൾ സ്പൂൺ
തൈര് – ഒരു കപ്പ്
റിഫൈൻഡ് ഓയിൽ – മുക്കാൽ കപ്പ്
വെള്ളം– ബാറ്റൻ കലക്കാൻ പാകത്തിന്
കിസ്മിസ്, വാൾനട്ട് – ഒരുപിടി (രണ്ടുംകൂടി)

തയാറാക്കുന്നവിധം
അവ്ന്റെ താപനില 200 ഡിഗ്രിയിൽ ക്രമീകരിച്ച് പ്രിഹീറ്റ്ചെയ്യുക.
തൈരും എണ്ണയും ഒരു ബൗളിലെടുത്ത് ഇളക്കുക. മറ്റൊരു ബൗളിൽ ഗോതമ്പുമാവ്, സോഡാപ്പൊടി, ബേക്കിംഗ് പൗഡർ , പട്ടപൊടിച്ചത് എന്നിവ തെള്ളിയിടുക. ശർക്കര ചീകിയതും, പാകത്തിന് വെള്ളവും ചേർത്തിളക്കുക. കിസ്മിസും വാൾനട്ടും ചേർത്തിളക്കുക. ഇത് തൈര് – എണ്ണ മിശ്രിതത്തിലേക്ക് ചേർത്തിളക്കുക. ഒരു ബേക്കിംഗ് ഡിഷിൽ എണ്ണ തടവുക. കേക്കിന്റെ ബാറ്റർ ഇതിലേയ്ക്ക് പകർന്ന് പ്രിഹീറ്റ് ചെയ്ത അവ്നിൽ വച്ച് 170 ഡിഗ്രിയിൽ ഒരു മണിക്കൂർ 15 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. ആറിയതിന് ശേഷം മുറിച്ച് വിളമ്പുക.



സ്പോഞ്ച് കേക്ക്

ചേരുവകൾ
മൈദ –ഒന്നേകാൽ കപ്പ് + കേക്ക് ടിന്നിൽ വിതറാൻ
കണ്ടൻസ്ഡ് മിൽക് – മുക്കാൽ കപ്പ്
ബേക്കിംഗ് പൗഡർ – ഒന്നര ടീസ്പൂൺ
സോഡാപ്പൊടി– അര ടീസ്പൂൺ
വാനില എസൻസ് – ഒരു ടീസ്പൂൺ
ബട്ടർ ഉരുക്കിയത് – നാല് ടേബിൾ സ്പൂൺ + കേക്ക് ടിന്നിൽ തേയ്ക്കാൻ

തയാറാക്കുന്നവിധം
മൈദയും ബേക്കിംഗ് പൗഡറും സോഡാപ്പൊടിയും കൂടി തെള്ളി ഒരു ബൗളിൽ ഇടുക. ഇതിൽ അഞ്ചു ടേബിൾസ്പൂൺ വെള്ളം ഒഴിച്ചിളക്കുക. മറ്റൊരു ബൗളിൽ കണ്ടൻസ്ഡ് മിൽക്, ഉരുക്കിയ ബട്ടർ, വാനില എസൻസ് എന്നിവ എടുത്ത് നന്നായി ഇളക്കുക. മൈദ കൂട്ട് ഇതിൽ ചേർത്തിളക്കുക. ഏഴ് ഇഞ്ച് കേക്ക് ടിന്നിൽ ഉരുക്കിയ ബട്ടർ പുരട്ടി മൈദ വിതറി, നന്നായി തട്ടി പൊടി എല്ലായിടത്തേക്കും വ്യാപിപ്പിച്ച് അധികമുള്ള മാവ് തട്ടിക്കളഞ്ഞ് വയ്ക്കുക. ഇതിലേയ്ക്ക് തയാറാക്കിവച്ച കേക്ക് ബാറ്റർ പകർന്നുവയ്ക്കുക.
അവ്ന്റെ താപനില 180 ഡിഗ്രിയിൽ ക്രമീകരിച്ച് പ്രിഹീറ്റ് ചെയ്യുക. ഇതിലേയ്ക്ക് കേക്ക് ടിൻ മാറ്റുക. 25
മിനിറ്റബേക്ക്ചെയ്യുക.

ചോക്കളേറ്റ് കേക്ക്

ചേരുവകൾ
മൈദ – ഒരു കപ്പ്
എണ്ണ – കാൽ കപ്പ്
പഞ്ചസാര – 1/3 കപ്പ്
ചൂടുവെള്ളം – 3/4 കപ്പ്
കൊക്കോപ്പൊടി – മൂന്നു ടേബിൾ സ്പൂൺ
നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ
വാനിലാ എസൻസ് – 1/4 ടീസ്പൂൺ
ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ
സോഡപ്പൊടി – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം
എണ്ണ ഒരു ബൗളിൽ ഒഴിക്കുക. പഞ്ചസാര, ചൂടുവെള്ളം, വാനില എസൻസ് എന്നിവ എടുത്ത് പഞ്ചസാര അലിയും വരെ ഇളക്കുക. ഇതിലേക്ക് ഒരു അരിപ്പവച്ച് അതിൽ മൈദ കൊക്കൊപ്പൊടി, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ (സോഡപ്പൊടി) എന്നിവ എടുത്ത് നന്നായി ഇളക്കുക. നാരങ്ങാനീര് ഒഴിച്ച് ഇളക്കുക.
ഒരു പ്രഷർ കുക്കർ അടുപ്പത്ത് വച്ച് അഞ്ചുമിനിറ്റ് പ്രീഹീറ്റ് ചെയ്യുക. പ്രഷർ കുക്കറിന്റെ സെപ്പറേറ്റർ എടുത്ത് അതിൽ ബട്ടർ തേയ്ക്കുക. ഇതിലേക്ക് കേക്കിന്റെ ബാറ്റർ ഒഴിച്ച് നന്നായി തട്ടുക.
പ്രഷർ കുക്കറിലേക്ക് ഈ തട്ട് വച്ച് അടയ്ക്കുക. വെയ്റ്റ് വയ്ക്കരുത്. 30–35 മിനിറ്റ് അടുപ്പത്ത് വച്ചശേഷം വാങ്ങുക. ഒരു ടൂത്ത് പിക്ക് കേക്കിൽ കുത്തി നോക്കുക. ഒന്നും ്അതിൽ ഒട്ടിപ്പിടിക്കുന്നില്ലെങ്കിൽ പാകമായി എന്നുമാനിക്കാം. ഇനി ഇത് ഒരുപാത്രത്തിലേക്ക് കമഴ്ത്തുക.

വാനില സ്പോഞ്ച് കേക്ക്

ചേരുവകൾ
മൈദ – ഒരു കപ്പ്
ബട്ടർ ഉരുക്കിയത് – അര കപ്പ്, + ബേക്കിംഗ് ട്രേയിൽ പുരട്ടാൻ
പൊടിച്ച പഞ്ചസാര – 3/4 കപ്പ്
ബേക്കിംഗ് പൗഡർ,
വാനില എസൻസ് – ഒരു ടീസ്പൂൺ വീതം
ബേക്കിംഗ് സോഡ – അര കപ്പ്
പുളിയുള്ള തൈര് – നാല് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം
6 ഇഞ്ച് വ്യാസമുള്ള ഷാലോ മൈക്രോ വേവ് സേഫ് ഡിഷിൽ മയമുള്ള ബട്ടർ തേയ്ക്കുക. ഇതിൽ ഗ്രീസ്പ്രൂഫ് പേപ്പറിടുക. ഇതിൽ ബട്ടർ തേയ്ക്കുക.
ഒരു ബൗളിലേക്ക് മൈദയും ബേക്കിംഗ് പൗഡറും തെള്ളിയിടുക.
മറ്റൊരു ബൗളിൽ തൈരും ബേക്കിംഗ് സോഡയും എടുത്തു നന്നായി ഇളക്കുക. ഇതു മാറ്റിവയ്ക്കുക.
ബട്ടർ, പഞ്ചസാര, കാൽ കപ്പ് ചൂടുവെള്ളം എന്നിവ ഒരു ബൗളിലെടുത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തൈര് – ബേക്കിംഗ് സോഡാ മിശ്രിതം, മൈദ – ബേക്കിംഗ് പൗഡർ മിശ്രിതം, വാനില എസൻസ് എന്നിവ ചേർക്കുക. നന്നായി ഇളക്കി മയമുള്ള ബാറ്ററാക്കി വയ്ക്കുക. ഇതു മൈക്രോവേവ് സേഫ് ഗ്ലാസ് ഡിഷിലേക്ക് പകരുക. ‘ഹൈ’യിൽ വച്ച് നാലുമിനിറ്റ് മൈക്രോവേവ് ചെയ്ത് വാങ്ങി ആറാനായി അഞ്ചു മിനിറ്റ് വയ്ക്കുക. ഇനി മറ്റൊരു പ്ലേറ്റിലേക്ക് കമഴ്ത്തുക. ബട്ടർ പേപ്പർ മാറ്റി കഷണങ്ങൾ ആക്കി വിളമ്പുക.



ഇന്ദുനാരായൺ
തിരുവനന്തപുരം