മന്ത്രകോടിയിൽ തിളങ്ങാം
മന്ത്രകോടിയിൽ തിളങ്ങാം
Wednesday, December 14, 2016 6:32 AM IST
വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും മഹനീയവും ആഹ്ലാദകരവുമായ ഒരു അനുഭവമാണ്. അതിനാൽ വിവാഹത്തിനു ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങുക എന്നത് ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്. ഓരോ മതവിഭാഗക്കാരുടെയും വിവാഹസാരിയിലെ പുതിയ ട്രെൻഡിനെക്കുറിച്ച് അറിയാം...

പട്ടുസാരിയിൽ തിളങ്ങി ഹിന്ദു വധു

കസവു കുറഞ്ഞ ലൈറ്റ് വെയ്റ്റ് പട്ടുസാരികളാണ് ഹിന്ദു വധുവിന്റെ ലേറ്റസ്റ്റ് വിവാഹ വസ്ത്രം. നിറയെ കസവുള്ള കാഞ്ചിപുരം, ബനാറസ് സാരികൾ ഇന്ന് ഔട്ടായി.

ലൈറ്റ് വെയ്റ്റായ, റീയൂസ് സാരികളോടാണ് ന്യൂജെൻ പെൺകുട്ടികൾക്കു താൽപര്യം. ഭാരം കുറഞ്ഞ വമ്പൻ വിലയില്ലാത്ത ഡിസൈനർ കാഞ്ചിപുരം – ബനാറസ് സിൽക് സാരികൾ ഇന്നു വിപണിയിൽ ലഭ്യമാണ്.

പാർട്ലി പല്ലു, ടെമ്പിൾ ബോർഡർ, ബാവൻജി ബോർഡർ, ബ്രോക്കേഡ് തുടങ്ങി വിവിധ രൂപമാതൃകയിലുള്ള സാരികളും കല്യാണ മണ്ഡപത്തിലെ പെൺസൗന്ദര്യം കൂട്ടുന്നു. അധികം കസവും വർക്കും ഇല്ലാത്ത രണ്ടോ മൂന്നോ കോൺട്രാസ്റ്റ് നിറങ്ങളുള്ള കാഞ്ചീപുരം സിൽക് സാരികൾ വാങ്ങി, ഹെവി വർക്കുള്ള ബ്ലൗസും അണിഞ്ഞ് വ്യത്യസ്തയായ നവവധു ആകുന്ന ട്രെൻഡും നിലവിലുണ്ട്.

1500 മുതൽ തുടങ്ങുന്ന വിലയിൽ ഈടും ഭംഗിയുമുള്ള കാഞ്ചിപുരം സിൽക് സാരി ലഭിക്കും. മഞ്ഞ – മജന്ത, ഓറഞ്ച് – പിങ്ക് അല്ലെങ്കിൽ മഞ്ഞ – ഓഫ് വൈറ്റ് – മജന്ത, മജന്ത – പച്ച– മസ്റ്റർഡ് കളർ അങ്ങനെ രണ്ടോ മൂന്നോ വ്യത്യസ്തങ്ങളായ കളർ കോമ്പിനേഷനുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. ധാരാളം വർക്കുകൾ ചെയ്ത ബ്ലൗസുകളാണ് പല നവവധുക്കളും തെരഞ്ഞെടുക്കുന്നത്. വിവിധ ഡിസൈനുകളിലുള്ള പട്ടുതുണികൾ ബ്ലൗസിനായി തെരഞ്ഞെടുക്കുന്നുണ്ട്. ബ്ലൗസിനുള്ള അലങ്കാര മെറ്റീരിയലുകൾ ലഭിക്കും. സ്റ്റോൺ വർക്ക്, ഫ്ളോറൽ മെറ്റീരിയൽ, ബീഡ്സ്, ത്രെഡ് വർക്ക് അങ്ങനെ വർണക്കല്ലും ലേസും പുഷ്പമാതൃകകളും മുത്തുകളും സ്വന്തം അഭിരുചിക്കും നവവധുവിന്റെ രൂപത്തിനും വിവാഹ വസ്ത്രത്തിനും അനുസരിച്ച് തെരഞ്ഞെടുക്കാം. ബ്ലൗസിന്റെ കൈയിലും കഴുത്തിലും പിന്നിലും ഇഷ്‌ടാനുസരണം മുത്തോ, കല്ലോ, ഫ്ളവർ പാറ്റേണോ വച്ചു തുന്നുന്ന രീതി വൻ പ്രചാരത്തിലായിക്കഴിഞ്ഞു. (എംബ്രോയിഡറി, സെർദോസി തുടങ്ങിയ വർക്കുകളും ചെയ്യുന്നവരുണ്ട്.).

കൈയിറക്കമുള്ള ബ്ലൗസുകൾ, താഴ്ത്തി വെട്ടിയ ബ്ലൗസുകൾ, ബാക്ക് ഓപ്പൺ ബ്ലൗസുകൾ എന്നിവ സ്വന്തം ശരീരപ്രകൃതി അനുസരിച്ച് തെരഞ്ഞെടുക്കാം. പിന്നിൽ കെട്ടുവച്ച ബ്ലൗസുകളാണ് ട്രെൻഡ്. കെട്ടിൽ പല വർണങ്ങളിലുള്ള കുഞ്ചലവും ചേർത്തു വയ്ക്കുന്നു. പുതിയ ഫാഷൻ ഡിസൈൻ അറിയാത്തവർക്കു റെഡിമെയ്ഡ് കട്ട് ഔട്ട് വർക്ക് വാങ്ങി ബ്ലൗസിൽ തുന്നിച്ചേർക്കാം.

സ്റ്റോൺ വർക്ക്, ബീഡ് വർക്ക് ചെയ്ത റെഡിമെയ്ഡ് ബ്ലൗസുകൾ ലഭ്യമാണ്. കല്ല്യാണ ബ്ലൗസ് തുന്നുമ്പോൾ ഈ കട്ട്ഔട്ടും ഒപ്പം ചേർത്താണ് തുന്നുന്നത്. (ബ്ലൗസ് തയ്ക്കുവാൻ കൊടുക്കുന്ന സമയത്ത് വർക്കും നൽകണം).

നവവധുവിന്റെ നിറം, ശരീര പ്രകൃതി, ഫാഷൻ സെൻസ് തുടങ്ങിയവനുസരിച്ച് ബ്ലൗസ് തുന്നിയെടുക്കാവുന്നതാണ്. വളരെ ഫാഷനബിൾ ആകുവാൻ താല്പര്യമുള്ളവർ ബ്ലൗസിൽ ട്രാൻസ്പരന്റ് സ്ലീവ്, ഹോൾ സ്ലീവ് തുടങ്ങിയവയും വയ്ക്കുന്നു.



ക്രിസ്ത്യൻ വധുക്കൾ അണിയുന്ന ഗോൾഡൺ ബ്രോക്കേഡ് സാരികൾ തന്നെ വ്യത്യസ്തതയ്ക്കുവേണ്ടി തെരഞ്ഞെടുക്കുന്ന ഹിന്ദു പെൺകുട്ടികളുമുണ്ട്. പച്ച, മജന്ത തുടങ്ങിയ കോൺട്രാസ്റ്റ് ബ്ലൗസുകൾ സുവർണ സാരിക്കൊപ്പം അവർ അണിയുന്നു. പച്ച ബ്ലൗസാണെങ്കിൽ പച്ച കല്ല് പതിപ്പിച്ച മാലകൾ അണിഞ്ഞ് സുന്ദരിയാകാം.

വിവാഹ ദിവസം മുണ്ടും നേര്യതിനുമൊപ്പം മുൻകാലത്തെ പെൺകുട്ടികൾ അണിഞ്ഞിരുന്ന കോടി നിറത്തിലെ ബ്ലൗസ് ഔട്ട് ഡേറ്റഡ് ആയി. പച്ചയും ചുവപ്പും വയലറ്റും നിറങ്ങളിലെ പകിട്ടേറിയ ഡിസൈൻ ബ്ലൗസുകളാണ് ലേറ്റസ്റ്റ് ട്രെൻഡ്. മുണ്ടും നേര്യതിന്റെ ബ്ലൗസിലും പലവിധം അലങ്കാരങ്ങൾ വച്ചു പിടിപ്പിക്കുന്നുണ്ട്.

സുവർണ സാരിയിലെ മണവാട്ടി

പഴയ കാലത്ത് ക്രിസ്ത്യൻ വധു വെള്ള സാരി (ഓഫ് വൈറ്റ് നിറവും ഉൾപ്പെടും)യാണ് വിവാഹസമയത്ത് അണിഞ്ഞിരുന്നത്. ഭക്‌തിയും പരിശുദ്ധിയും നിറയുന്ന അൾത്താരയ്ക്ക് മുന്നിൽ വളരെ ലളിതമായ വിവാഹവസ്ത്രം ധരിച്ചു നിൽക്കുന്ന നവവധുവായിരുന്നു പതിവുകാഴ്ച. എന്നാൽ കാലം മാറിയതോടെ ക്രിസ്ത്യൻ വധുവിന്റെ വിവാഹ വസ്ത്രങ്ങൾക്കും മാറ്റം സംഭവിച്ചുതുടങ്ങി. വെള്ളയിൽ ചെറിയ പ്രിന്റുകളും ഡിസൈനുകളുമൊക്കെയായി തുടങ്ങിയ മാറ്റം ഇന്നു ബഹുദൂരം പിന്നിട്ടു. ഗോൾഡൺ നിറമുള്ള പകിട്ടാർന്ന വിവാഹ സാരികൾക്ക് ഇന്നു വലിയ പ്രചാരമുണ്ട്.


കാഞ്ചിപുരം, ബനാറസ്, ഡിസൈനർ പട്ടു സാരികൾ വലിയൊരു വിഭാഗം ക്രിസ്ത്യൻ പെൺകുട്ടികളും വിവാഹ വസ്ത്രമായി തെഞ്ഞെടുക്കുന്നു. ഗോൾഡൺ ബ്രോക്കേഡ് സാരികൾക്കും വലിയ ഡിമാന്റുണ്ട്. ബനാറസ് ജ്യൂട്ട്നൈറ്റ്, ഖടി ജോർജറ്റ് എന്നിവയിൽ അതിമനോഹരങ്ങളായ ക്രിസ്ത്യൻ വിവാഹ വസ്ത്രങ്ങൾ ലഭ്യമാണെന്നു സെറീന റൊയാൽ (വെഡിംഗ് കളക്ഷൻ ഉടമയും പ്രശസ്ത ഫാഷൻ ഡിസൈനറുമായ ഷീല ജെയിംസ് പറയുന്നു. ക്രീം, പീച്ച്, ബെയ്ജ് (ബിസ്കറ്റിന്റെ ഇളം നിറം) എന്നീ നിറങ്ങളിലെ സാരികളും പുതിയ തലമുറയിലെ ക്രിസ്ത്യൻ വധുക്കൾ തെരഞ്ഞെടുക്കുന്നുണ്ട്.

ഡിസൈനർ കാഞ്ചിപുരം, ബനാറസ് സാരികൾ വാങ്ങിയശേഷം അതിൽ ഹെവിവർക്ക് ചെയ്ത് വിവാഹസാരികൾ വളരെ വ്യത്യസ്തമാക്കുന്ന ട്രെൻഡും ഇന്നു നിലവിലുണ്ട്. (പഴയ കാലത്തിൽ നിന്നു വ്യത്യസ്തമായി വളരെ വർണപ്പകിട്ടുള്ള മന്ത്രികോടികളും വരന്റെ വീട്ടുകാർ തെരഞ്ഞെടുക്കുന്നു). റിച്ച് ബ്ലൗസ്(അലങ്കാരങ്ങളുള്ള ബ്ലൗസുകൾ) ക്രിസ്ത്യൻ വധുവിന് വളരെ പ്രിയപ്പെട്ടതാണ്.

പാശ്ചാത്യരുടെ വിവാഹ വസ്ത്രമായ വൈറ്റ് ഗൗൺ ഇടക്കാലത്ത് കേരളത്തിലെ ക്രിസ്ത്യൻ ബ്രൈഡുകളുടെ ഇഷ്‌ട വസ്ത്രമായിരുന്നു. വളരെ അലങ്കാര വർക്കുള്ള ഗൗണുകളുടെ സൗന്ദര്യവും പകിട്ടും പലരെയും ഇതിലേക്കു ആകർഷിച്ചു.

ഇന്നും ഗൗൺ ധരിക്കുന്ന ക്രിസ്ത്യൻ നവവധുക്കൾ ഉണ്ടെങ്കിലും സാരിയിലേക്കു വീണ്ടും ചുവടുറപ്പിക്കുന്ന ഒരു പ്രവണതയാണ് കൂടുതലും. വിവാഹ ഗൗണിന്റെ വിലക്കൂടുതലും ഒരിക്കൽ മാത്രമേ ധരിക്കുവാൻ കഴിയൂ എന്നതും സാരിയിലേക്കു മടങ്ങുവാൻ പലരെയും പ്രേരിപ്പിക്കുന്നു.

അതുപോലെ പഴയ കാലത്ത് കല്യാണപ്പെണ്ണുങ്ങൾ തലയിൽ ചെറിയ വെള്ള നെറ്റാണ് ധരിച്ചിരുന്നത്. ഇന്നു നിലംതൊടുന്ന രീതിയിലുള്ള നീളമുള്ള നെറ്റുകൾ, അലങ്കാര നെറ്റുകൾ, രണ്ടോ മൂന്നോ ലെയറുകൾ ഉള്ള നെറ്റുകൾ എന്നിവയാണ് ഫാഷൻ. നെറ്റ് പിടിക്കുവാൻ ചെറിയ കുട്ടികൾ അണിനിരക്കുന്ന പതിവുമുണ്ട്.

അറേബ്യൻ ലാച്ചയിൽ മുസ്ലീം വധു

ചന്ദനനിറവും അതുപോലുള്ള ഇളം നിറവുമാണ് ഒരു കാലത്ത് മുസ്ലീം മണവാട്ടിമാർ നിക്കാഹിനു അണിഞ്ഞിരുന്നത്. പിന്നീട് മറൂൺ, പച്ച, നീല തുടങ്ങിയ കടും നിറങ്ങളിലെ കസവു നിറഞ്ഞ ബനാറസ് – കാഞ്ചീപുരം തുടങ്ങിയ സാരികളായി.

കുറച്ചുകാലം മുൻപു വരെ ലാച്ച, ലഹംഗ, ഗാഗ്ര, ചോളി, ഗൗൺ എന്നിവ മുസ്ലീം പെൺകൊടിമാരുടെ ഇഷ്‌ടവിവാഹ വേഷമായിരുന്നെങ്കിൽ ഇന്ന് അറേബ്യൻ ലാച്ചയ്ക്കാണ് ആരാധകർ ഏറെയും. മണലാരണ്യത്തിൽ നിന്നും തുടക്കം കുറിച്ച അറേബ്യൻ ലാച്ച മുൻപു മലപ്പുറം പ്രദേശത്തെ മാത്രം വിവാഹവേഷമായിരുന്നു. ഇന്നാകട്ടെ തെക്കൻ കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നവവധുക്കൾ ചോളിയും കോട്ടും ഒക്കെ ചേരുന്ന അറേബ്യൻ ലാച്ച തന്നെ തെരഞ്ഞെടുക്കുന്നു.

മനോഹരവും വർണാഭവുമായ ലാച്ച 15,000 മുതൽ തുടങ്ങുന്ന വിലയിൽ ലഭ്യമാണ്. വില കൂടുന്നതനുസരിച്ച് വർക്കുകളും സൗന്ദര്യവും കൂടും. ചുവപ്പ് – ക്രീം കോമ്പിനേഷൻ, ഗോൾഡൺ, ക്രീം തുടങ്ങിയ നിറങ്ങളിലെ അറേബ്യൻ ലാച്ചകളാണ് പലർക്കും പ്രിയം. നിക്കാഹിനു പൊതുവേ ഇളം നിറങ്ങളാണ് പെൺകുട്ടികളും രക്ഷിതാക്കളും താൽപര്യപ്പെടുന്നത്. (വിവാഹനിശ്ചയത്തിനു കടും നിറങ്ങളും ലെഹംഗ, ഗാഗ്ര ചോളി തുടങ്ങിയവയും അണിയും). തലയിൽ സ്കാർഫ് കെട്ടി അതിനു മുകളിൽ ലാച്ചയ്ക്കൊപ്പം ലഭിക്കുന്ന ഷാൾ (ദുപ്പട്ട) ഇടുന്നതാണ് പുതിയ രീതി (മുൻകാലത്ത് ക്രീം, ഗോൾഡൺ, വെള്ള നെറ്റുകൾ ഉപയോഗിച്ചിരുന്നു). ഈ ഷാളിൽ തന്നെ വിവിധ അലങ്കാരങ്ങൾ പ്രത്യേകം വച്ചുപിടിപ്പിച്ചാണ് ഉപയോഗിക്കുന്നത്. ലാച്ച പിന്നീട് റീയൂസ് ചെയ്യാവുന്നതാണ്. ഹെവി വർക്കുള്ള ഷാൾ മാറ്റാം.

നിക്കാഹിനു പഴയ രീതിയിൽ സാരി തന്നെ അണിയുന്ന നവവധുക്കളുമുണ്ട്. എന്നാൽ പുതിയ ട്രെൻഡിലെ ഡിസൈൻ സാരികളും ബ്ലൗസുമാണ് ന്യൂജെൻ വധുക്കൾ കൂടുതലും താൽപര്യപ്പെടുന്നത്.



എസ്. മഞ്ജുളാദേവി