ജീവിതശൈലീ രോഗങ്ങളെ പുറത്താക്കാം
ജീവിതശൈലീ രോഗങ്ങളെ പുറത്താക്കാം
Wednesday, November 23, 2016 6:45 AM IST
മാറിവരുന്ന ജീവിതശൈലിയും വ്യായാമക്കുറവും ഇന്ന് സ്ത്രീകളെ ജീവിതശൈലീ രോഗങ്ങളുടെ ഉടമകളാക്കിയിരിക്കുകയാണ്. പ്രമേഹം, ബി.പി, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുമായി മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം മുമ്പത്തേക്കാൾ കൂടുതലാണ്. ജീവിതശൈലീ രോഗങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്ന് അറിയാം...

പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ ആർത്തവമുള്ള സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് മുതലായവ ഉണ്ടാകാനുള്ള സാധ്യത കുറവായിട്ടാണ് കാണുന്നതെങ്കിലും ജീവിതശൈലിരോഗങ്ങളായ പ്രമേഹം, ബിപി തുടങ്ങിയവ ഉണ്ടാകുന്നതിനെ ആർത്തവം തടയുന്നില്ല. അങ്ങനെ വരുമ്പോൾ ആർത്തവവിരാമത്തിനുശേഷം മേൽപറഞ്ഞ ഗുരുതര പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത സ്ത്രീകളിൽ പതിന്മടങ്ങ് വർധിക്കുന്നു.

അമിതവണ്ണവമെന്ന വില്ലൻ

പ്രസവത്തിനുശേഷം സ്ത്രീകളിൽ അമിതവണ്ണം വളരെ സാധാരണയായി കണ്ടുവരുന്നു. പഴയ രീതിയിലുള്ള പ്രസവരക്ഷ, വ്യായാമം ഇല്ലായ്മ, അമിതമായ മാനസിക പിരിമുറുക്കം മുതലായവയാണ് ഇതിന്റെ കാരണങ്ങൾ. മുൻകാലങ്ങളിൽ സ്ത്രീകൾക്ക് വീട്ടുജോലിയിൽ നിന്ന് അൽപം ആശ്വാസം കിട്ടിയിരുന്നതു പ്രസവശേഷം മാത്രമായിരുന്നതിനാൽ പ്രസവരക്ഷയ്ക്ക് നല്ല പ്രാധാന്യം നൽകിപ്പോന്നു. എന്നാൽ ഇന്ന് ആധുനികവത്കരണവും നഗരവത്കരണവും അതിന്റെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുമ്പോൾ പ്രസവരക്ഷയ്ക്ക് കൊടുക്കുന്ന അമിത പ്രാധാന്യം വിപരീതഫലമാണ് ഉണ്ടാക്കുക എന്നുള്ളത് മുതിർന്ന തലമുറയിലെ ആളുകൾ മനസിലാക്കണം.

വീട്ടമ്മമാരായ സ്ത്രീകളിലാണ് അമിതവണ്ണം വരാനുള്ള സാധ്യത കൂടുതലുള്ളത്. കഠിനമല്ലാത്ത വീട്ടുജോലിയും ചിട്ടയായ വ്യായാമത്തിന്റെ അഭാവവും ഇതിന് കാരണമാകുന്നു. അമിതമായ ടിവി കാഴ്ച, മിച്ചംവരുന്ന ആഹാരം കഴിച്ചു തീർക്കുക, ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക മുതലായ തെറ്റായ പ്രവണതകളും പൊണ്ണത്തടി വർധിക്കാൻ കാരണമാകുന്നു. വാർത്താധിഷ്ഠിതവും വിനോദപരവുമായ പരിപാടികൾ ചേർത്ത് ഒരു ദിവസത്തെ സ്ക്രീൻടൈം പരമാവധി ഒന്നോ രണ്ടോ മണിക്കൂറായി ചുരുക്കാൻ ശ്രദ്ധിക്കണം. എന്നാൽ ഇത് ആരോഗ്യകരമായ വ്യായാമം ചെയ്യുന്ന സമയത്തെ അപഹരിച്ചുകൊണ്ട് ആയിരിക്കുകയുമരുത്.

പൊണ്ണത്തടി / അമിതവണ്ണം നിയന്ത്രിക്കാം

സ്വന്തം ശരീരഭാരത്തെപ്പറ്റി അവബോധമുണ്ടാക്കുക. ശരീരഭാരത്തിന്റെ അളവുകോൽ ആയ ബിഎംഐ (ബോഡി മാസ് ഇൻഡക്സ്) 23 ൽ താഴെ നിർത്തുക.

* അരവണ്ണം 80 സെന്റി മീറ്ററിൽ താഴെ നിർത്തുക.

* വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ, ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ്, കോള മുതലായവ ഒഴിവാക്കുക.

* ചിട്ടയായ വ്യായാമം – ആഴ്ചയിൽ 150 മിനിറ്റ് (എല്ലാ ദിവസവും 15–20 മിനിറ്റ് എങ്കിലും) വ്യായാമത്തിനായി നീക്കി വയ്ക്കുക.

* സ്ട്രെസ്സ് ഒഴിവാക്കിയുള്ള ജീവിതശൈലി (പ്രാർഥന, യോഗ, മെഡിറ്റേഷൻ) ശീലമാക്കുക.

* കുടുംബം / കൂട്ടുകാർ ഒന്നിച്ചുള്ള ചെറിയ യാത്രകൾ നടത്തുക


* പ്രിയപ്പെട്ടവരോടൊത്തുള്ള ഒത്തുചേരലുകൾക്കു സമയം കണ്ടെത്തുക.

മരുന്നുകൾ

* 45 വയസിൽ കൂടുതൽ പ്രായമുള്ളവർ വർഷത്തിലൊരിക്കൽ ഡോക്ടറെ കണ്ട് ഷുഗർ ടെസ്റ്റ് ചെയ്ത് നോർമലാണെന്ന് ഉറപ്പുവരുത്തണം.

* 45 വയസിൽ താഴെ പ്രായമുള്ള എന്നാൽ അമിതവണ്ണം, വ്യായാമം ഇല്ലാത്ത ജീവിതശൈലി, ഗർഭകാല പ്രമേഹം, ഹൈ ബിപി, കൊളസ്ട്രോൾ, പിസിഒഎസ്, ഹാർട്ട് അറ്റാക്ക് മുതലായവ ഉള്ളവർ എല്ലാ വർഷവും ഷുഗർ ടെസ്റ്റ് ചെയ്യേണ്ടതാണ്.

* ഇത് ഓർമ്മവയ്ക്കുന്നതിനായി എല്ലാ വർഷവും ജന്മദിനാഘോഷത്തിന്റെ ഭാഗമായി ടെസ്റ്റ് ചെയ്യാവുന്നതാണ്.

പ്രമേഹമുള്ളവർ എല്ലാ മാസവും ഫാസ്റ്റിങ്, പിപിബിഎസ് ഷുഗർ ടെസ്റ്റ് ചെയ്ത് നോർമൽ ആണെന്ന് സ്വയം ഉറപ്പുവരുത്തണം. മൂന്നുമാസത്തിലൊരിക്കൽ ആവറേജ് ഷുഗറിന്റെ ടെസ്റ്റായ എച്ച്ബിഎ വൺ സി ചെയ്ത് നോർമൽ ആണെന്ന് ഉറപ്പുവരുത്തണം. മൂന്നുമാസത്തിലൊരിക്കൽ ഡോക്ടറുടെ നിർദേശപ്രകാരം ടെസ്റ്റുകൾ ചെയ്ത് ഷുഗറിന്റെ അളവുകൾ പരിധിയിൽ നിർത്തണം.

ബിപി

ചുരുങ്ങിയത് രണ്ടു പ്രാവശ്യമെങ്കിലും നന്നായി വിശ്രമിച്ചതിനുശേഷവും ബിപി 140/90 നു മുകളിൽ ഉള്ളവർ തീർച്ചയായും മരുന്നു കഴിക്കേണ്ടതാണ്.

* ചിട്ടയായ വ്യായാമം ബിപി കുറയ്ക്കും.

* ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക (ഒരു ദിവസം 2–3 ഗ്രാമിൽ കുറവ്). എന്നാൽ ഉഷ്ണകാലത്ത് പ്രത്യേകിച്ചും പ്രായമായവർ ഉപ്പ് കഴിച്ചില്ലെങ്കിൽ രക്‌തത്തിലെ സോഡിയം താഴ്ന്നുപോകുന്ന അവസ്‌ഥ ഉണ്ടാകാം. അതുപോലെ ചില പ്രത്യേക ഗണത്തിൽപ്പെട്ട (diuretic) രക്‌തസമ്മർദത്തിന്റെ മരുന്നുകൾ കഴിക്കുന്നവരും ശ്രദ്ധിക്കണം).

* കൂടുതൽ പഴങ്ങൾ കഴിക്കുക

* അനാവശ്യ സ്ട്രെസ് ഒഴിവാക്കുക.

* ഡോക്ടറെ കണ്ട് ആവശ്യാനുസരണം മരുന്നു കഴിക്കുക, കൃത്യമായി ബിപി നോർമൽ ആയാലും സ്വന്തമായി മരുന്നു നിർത്താതെ ഇരിക്കുക.

* ചെറിയ പ്രായത്തിലുള്ള അമിത രക്‌തസമ്മർദം ആവണമെന്നില്ല. ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടുക.

കൊളസ്ട്രോൾ

* ചിട്ടയായ വ്യായാമം (മേൽപറഞ്ഞ രീതിയിൽ)

* എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക

(ട്രാൻസ് കൊഴുപ്പിന്റെയും പൂരിത കൊഴുപ്പിന്റെയും ഉപയോഗം പരമാവധി കുറയ്ക്കുക)

* പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കുക.

* ഹാർട്ട് അറ്റാക്ക് മുതലായ അസുഖങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമെങ്കിൽ മരുന്നു കൃത്യമായി കഴിക്കുക

*തൈറോയ്ഡ് ഗ്രന്ഥിയുടെയും ജനിതകമായ കാരണങ്ങളുടെയും ഫലമായി ഉള്ള അമിത കൊളസ്ട്രോൾ ഇല്ലെന്ന് ഉറപ്പുവരുത്തുക.

ഡോ.നിബു ഡോമിനിക്
സീനിയർ സ്പെഷലിസ്റ്റ്്, എൻഡോക്രൈനോളജിസ്റ്റ്
ആസ്റ്റർ മെഡ്സിറ്റി, എറണാകുളം.