ജിംഷി ഖാലിദ് (കാമറ സ്ലോട്ട്)
ജിംഷി ഖാലിദ് (കാമറ സ്ലോട്ട്)
Tuesday, November 15, 2016 5:43 AM IST
പുതിയ കാലത്തിന്റെ സിനിമാക്കാഴ്ചകൾക്കിടയിലേക്ക് ലളിതസുന്ദരമായ ഒരു കൊച്ചുസിനിമയുമായി നവാഗത സംവിധായകനായ ഖാലിദ് റഹ്മാൻ കടന്നുവന്നു; ചിത്രം അനുരാഗ കരിക്കിൻവെള്ളം. മേയ്ക്കിംഗിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധനേടിയ ഈ ചിത്രത്തിലെ കാഴ്ചകൾ കാമറയിൽ പകർത്തിയത് ഖാലിദ് റഹ്മാന്റെ സഹോദരൻ ജിംഷി ഖാലിദാണ്. ജിംഷി സ്വതന്ത്ര ഛായാഗ്രഹകനായി മാറുന്ന ആദ്യചിത്രവും ഇതുതന്നെ. പ്രശസ്ത ഛായാഗ്രാഹകനായ ഷൈജു ഖാലിദിന്റെ ഇളയ സഹോദരങ്ങളാണ് റഹ്മാനും ജിംഷിയും. ഒരേ കുടുംബത്തിൽനിന്നുവന്ന ഈ മൂന്നു സഹോദരങ്ങളും വരുംനാളുകളിൽ സംവിധാന– ഛായാഗ്രഹണ മേഖലകളിൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരിക്കുമെന്നു തീർച്ച.

സിനിമയുടെ ടൈറ്റിൽ കാർഡ് തെളിയുമ്പോൾ മുതൽ ക്ലൈമാക്സ് വരെ കാഴ്ചക്കാരന്റെ മുഖത്ത് ഒരു ചെറുചിരി സമ്മാനിക്കാൻ സാധിച്ചിടത്താണ് അനുരാഗ കരിക്കിൻ വെള്ളത്തിന്റെ സംവിധായകന്റെയും കാമറാമാന്റെയും വിജയം. ജ്യേഷ്ഠൻ ഷൈജു ഖാലിദ് സോൾട്ട് ആൻഡ് പെപ്പറിൽ സ്വീകരിച്ച അതേ ശൈലിയാണ് ചിത്രത്തിൽ ജിംഷിയും സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിലെ ഏറെ ദൃശ്യങ്ങളും റോഡിലും തെരുവിലും മറ്റുമാണ്. വീട്, റോഡ്, വർക്ക് ഷോപ്പ് എന്നിങ്ങനെ ആവർത്തിക്കുന്ന രംഗങ്ങൾ പ്രേക്ഷകർക്കു മടുപ്പുതോന്നാതെ പകർത്തുന്നതിനു ജിംഷിക്കു സാധിച്ചു. സിനിമയുടെ മൂഡിനു ചേർന്നവിധമുള്ള ഗാനരംഗ ചിത്രീകരണവും ശ്രദ്ധേയമായി. നീയോ ഞാനോ എന്ന ആരംഭഗാനവും ഇടയ്ക്കു വരുന്ന മനോഗതം ഭവാൻ എന്നീ ഗാനങ്ങളും അവയ്ക്കു യോജിച്ചവിധമുള്ള ചിത്രീകരണഭംഗി പുലർത്തി.

നമുക്കു ചുറ്റും സംഭവിക്കുന്ന, നാം കാണാതെ പോകുന്ന ചെറിയ ചെറിയ കാര്യങ്ങൾ കോർത്തിണക്കിയതാണ് ഈ സിനിമയുടെ തിരക്കഥ. എവിടെയൊക്കെയോ പരിചിതമായ സന്ദർഭങ്ങൾ എന്നു പ്രേക്ഷകർക്കു തോന്നിപ്പിക്കുന്നവിധമാണ് ചിത്രത്തിന്റെ ഫ്രെയിമുകൾ ജിംഷി ഒരുക്കിയത്. രണ്ടു തലമുറകളെ സമന്വയിപ്പിച്ചുകൊണ്ട് വിദഗ്ധമായി കഥ പറഞ്ഞ ചിത്രം പഴയതും പുതിയതുമായ തലമുറകളുടെ ബന്ധങ്ങളെക്കുറിച്ചു പല ചിന്തകളും ചിരിയും നൽകുന്നതിൽ വിജയിച്ചു.


കലാപാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് ജിംഷിയുടെ വരവ്. പിതാവ് വി.പി. ഖാലിദ് തിയറ്റർ ആർട്ടിസ്റ്റും സിനിമ– സീരിയൽ നടനുമാണ്. അനുരാഗ കരിക്കിൻവെള്ളമുൾപ്പെടെ ഏതാനും സിനിമകളിൽ ഇദ്ദേഹം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജ്യേഷ്ഠൻ ഷൈജു ഖാലിദിനെ റോൾ മോഡലായിക്കണ്ടിരുന്ന സഹോദരങ്ങളായിരുന്നു റഹ്മാനും ജിംഷിയും. ഷൈജു സിനിമയിൽ ചുവടുറപ്പിച്ചതോടെ ഇളയ സഹോദരങ്ങളായ ഇരുവരിലും സിനിമാ മോഹങ്ങൾ പൂവിട്ടു. ബിജു മേനോനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ഇവർ പദ്ധതിയിട്ടപ്പോൾ ഈ ചിത്രത്തിന്റെ കാമറാമാനാകാനുള്ള തീരുമാനമൊന്നും ജിംഷിക്കുണ്ടായിരുന്നില്ല. ചിത്രത്തിന്റെ പ്രാരംഭ ചർച്ചകളിൽ ആൽബി ആന്റണിയെ ഛായാഗ്രഹണം ഏൽപിക്കാനായിരുന്നു ഖാലിദ് റഹ്മാന്റെ തീരുമാനം. എന്നാൽ, ഇതേസമയം കിംഗ് ലയറിന്റെ ഛായാഗ്രഹണം ഏറ്റിരുന്നതിനാൽ ആൽബി ഈ പ്രോജക്ടികിൽനിന്നു പിന്മാറി. തുടർന്ന് ജിംഷിയെ ചിത്രത്തിന്റെ കാമറമാനായി തെരഞ്ഞെടുക്കുകയായിരുന്നു. ഷൈജു ഖാലിദിന്റെയും ആൽബി ആന്റണിയുടെയും അസിസ്റ്റന്റായി മുൻപ് പ്രവർത്തച്ചിരുന്ന പരിചയം ജിംഷിക്കു തുണയായി.

ഖാലിദ് റഹ്മാൻ അസിസ്റ്റന്റ് ഡയറക്ടായി പ്രവർത്തിച്ചിരുന്ന സമയത്ത്, രണ്ടുവർഷം മുൻപേ പൂർത്തിയായതായിരുന്നു അനുരാഗ കരിക്കിൻവെള്ളത്തിന്റെ സ്ക്രിപ്റ്റ്. സഹോദരങ്ങൾ തമ്മിൽ ഏറെ നാളത്തെ ആലോചനകൾക്കുശേഷം സിനിമ ചെയ്തതിനാൽ സിനിമയെപ്പറ്റി വ്യക്‌തമായ ധാരണ ആദ്യംതന്നെ ലഭിച്ചെന്നും ജിംഷി പറയുന്നു. വൻ താരനിരയും ബിഗ് ബജറ്റുമല്ല ഒരു മികച്ച ചിത്രത്തിന്റെ വിജയത്തിന് അടിസ്‌ഥാനമെന്ന് ദൃശ്യാനുഭവത്തിനു വേറിട്ടൊരു വ്യാഖ്യാനം നൽകിയ ഈ ചിത്രം തെളിയിക്കുകയും ചെയ്തു.

തയാറാക്കിയത്: സാലു ആന്റണി