കാശിടപാട്., ഈസിയായി
കാശിടപാട്., ഈസിയായി
Tuesday, November 15, 2016 5:24 AM IST
രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ചതാണ് ഇപ്പോഴും ചൂടുള്ള ചർച്ചാ വിഷയം. സാധാരണക്കാർക്ക് വളരെ ബുദ്ധിമുട്ടാണ് നോട്ടുകൾ റദ്ദാക്കിയതിലൂടെ നേരിട്ടത്. പക്ഷെ ന്യൂജനറേഷൻ ചില പൊടിക്കൈകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. ചില ആപ്ലിക്കേഷനുകളാണ് ഇതിന് അവരെ സഹായിച്ചത്. വരും കാലഘട്ടങ്ങളിൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള പണം കൈമാറലിന് വളരെ പ്രധാന്യം ലഭിക്കും. ഇതാ പണം കൈമാറാനും പണം നൽകാനുമുള്ള ചില ആപ്ലിക്കേഷനുകൾ...

പേടിഎം (PayTM)

ഇ– വാലറ്റ് ആപ്പുകളിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നത് പേടിഎം ആപ്പാണ്. മറ്റു ഇ– വാലറ്റ് ആപ്ലിക്കേഷനുകളേക്കാൾ വളരെയധികം ഓപ്ഷനുകൾ പേടിഎമ്മിൽ ചേർത്തിട്ടുണ്ട്. ഓൺലൈൻ സൈറ്റുകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിന്റെ പണം നൽകുന്നതിനോടൊപ്പം നിരവധി സേവനങ്ങളും ആപ്പ് നൽകുന്നുണ്ട്. പേടിഎമ്മിലേക്ക് ബാങ്ക് അക്കൗണ്ടിൽനിന്നു പണം ചേർക്കാനും സുഹൃത്തുക്കളോട് പണം കടം ചോദിക്കാനുമുള്ള സൗകര്യം പേടിഎമ്മിന്റെ മാത്രം പ്രത്യേകതയാണ്. ഒരേസമയം ഇ–വാലറ്റായും ഓൺലൈൻ ഷോപ്പിംഗ് ആപ്പായും പേടിഎം പ്രവർത്തിക്കുന്നു. മൊബൈൽ – ലാൻഡ് ഫോൺ ബില്ലുകൾ, ഡിടിഎച്ച് റീ ചാർജ്, തെരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങിലെ ഇലക്ട്രിസിറ്റി ബില്ലുകൾ, ബസ്–ട്രെയിൻ– വിമാന ടിക്കറ്റുകൾ, സിനിമ ടിക്കറ്റുകൾ, തെരഞ്ഞെടുത്ത ഭക്ഷണശാലകളിൽ നിന്നു ഭക്ഷണം ഓഡർ ചെയ്യാനുള്ള സൗകര്യം തുടങ്ങി നിരവധി സംവിധാനങ്ങൾ പേടിഎമ്മിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മൊബൈൽ ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. ഡിസ്കൗണ്ട് കൂപ്പണുകളും കാഷ് ബാക് ഓഫറുകളും പേടിഎം ഉപയോക്‌താക്കൾക്കു നൽകുന്നുണ്ട്.

രത്തൻ ടാറ്റയും ചൈനീസ് കമ്പനി അലിബാബയും വിജയ് ശേഖർ ശർമയുടെ ഈ കമ്പനിയിൽ ഓഹരി പങ്കാളികളാണ്.

മൊബിക്വിക് (Mobikwik)

പേടിഎം പോലെതന്നെയാണ് മൊബിവികിന്റെ പ്രവർത്തനവും ഉപയോഗിക്കാൻ വളരെ എളുപ്പമാണ് മൊബിക്വിക് മൊബൈൽ ആപ്ലിക്കേഷൻ. ‘നിയർബൈ’ എന്ന ഓപ്ഷനാണ് ആപ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ കാര്യം. നിങ്ങൾ നിൽക്കുന്നതിന്റെ പരിസരത്ത് മൊബിക്വിക് ഉപയോഗിച്ച് പണം നൽകാൻ കഴിയുന്ന സ്‌ഥാപനങ്ങൾ എതൊക്കെയാണെന്ന് ഈ ഓപ്ഷനിലൂടെ കാണാൻ കഴിയും. ആപ് ഉപയോഗിച്ച് പണംനൽകുന്നവർക്ക് മൊബിക്വിക് ബോണസ് പോയിന്റുകളും നൽകുന്നുണ്ട്.

ഫ്രീചാർജ് (Freecharge)

ഫ്രീചാർജിൽ ഒരാൾക്ക് രജിസ്റ്റർ ചെയ്യാൻ വളരെ എളുപ്പമാണ്. വിവിധ സേവനങ്ങൾക്കായി പണം നൽകാനുള്ള ഓപ്ഷൻ ഹോം സ്ക്രീനിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. പേടിഎം പോലെ കാഷ് ബാക് ഓഫറുകളും ഡിസ്കൗണ്ടുകളും ഫ്രീചാർജും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ വില പേശാനുള്ള സൗകര്യമാണ് ഫ്രീചാർജിന്റെ ഏറ്റവും വലിയ പ്രത്യേകതയായി അണിയറക്കാർ പറയുന്നത്. ഷോപ്പിംഗുകളിൽ ഡീൽ ഷ്‌ടപ്പെടുന്നവർക്ക് ഫ്രീചാർജ് ആപ്പും ഇഷ്‌ടപ്പെടും.


ഫോൺപി (PhonePe)

യെസ് ബാങ്ക് മുൻകൈയെടുത്ത് നിർമിച്ചതാണ് ഫോൺപി. ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾതന്നെ ഉപയോഗിക്കുന്നയാളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ആകും. പേയിമെന്റുകൾക്ക് ഏത് അക്കൗണ്ടിൽ നിന്നുള്ള പണമാണോ ഉപയോഗിക്കേണ്ടത് ആ ബാങ്കിന്റെ പേരുകൂടി നൽകിയാൽ ഫോൺപി ഉപയോഗിച്ച് തുടങ്ങാം. ഫോൺപി ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നു മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാൻ വളരെ എളുപ്പാണ്. ഡിസ്കൗണ്ടുകൾ നൽകുന്ന ആപ്പുകളിൽ വിശ്വാസമില്ലെങ്കിൽ, ഫോൺപി നിങ്ങൾക്ക് അനുയോജ്യമായ ആപ്ലിക്കേഷനാണ്.

ട്രൂപേ (TruPay)

യെസ് ബാങ്കിന്റെ സഹകരണത്തോടെയുള്ള മറ്റൊരു ആപ്ലിക്കേഷനാണ് ട്രൂപേ. ഫോൺപിയിലുള്ള ബാങ്ക് ടു ബാങ്ക് ട്രാൻസ്ഫർ സൗകര്യം ട്രൂപേയിലുമുണ്ട്. മറ്റ് ഇ–വാലറ്റ് ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്യുന്നതിനേക്കാൾ സ്റ്റൈപ്പ് കൂടുതലുണ്ട് ഈ ആപ്പിന്.

മാത്രമല്ല ആപ് പ്രവർത്തിക്കാൻ സമയം ഏറെ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. പക്ഷെ വളരെ ഉയർന്ന സുരക്ഷ ട്രൂപേ വാഗ്ദാനം ചെയ്യുന്നുണ്ട്.

മൈപൂളിൻ (MyPoolin)

യെസ്ബാങ്കിന്റെ സഹകരണത്തോടെയുള്ള മറ്റൊരു ആപ്ലിക്കേഷനാണ് മൈപൂളിൻ. ചില ആപ്ലിക്കേഷനുകൾ നൽകുന്നതുപോലെ ഡിസ്കൗണ്ട് വൗച്ചറുകളും മൈപൂളിൻ നൽകുന്നുണ്ട്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫേസ്ബുക്ക് പ്രൊഫൈലിന്റെ വിവരങ്ങൾ ആപ്ലിക്കേഷൻ ആവശ്യപ്പെടും. ഇതിലൂടെ മൈപൂളിൻ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന കൂട്ടുകാരെ കണ്ടെത്താനും അവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും സാധിക്കും. മൈപൂളിൻ ഉപയോഗിച്ച് പേയ്മെന്റ് നടത്താനും പണം ട്രാൻസ്ഫർ ചെയ്യാനും ബുദ്ധിമുട്ടാണെന്ന് മൈപൂളിനെക്കുറിച്ച് ആക്ഷേപമുണ്ട്. ഇത്തരം തേഡ്പാർട്ടി ആപ്ലിക്കേഷനുകൾ കൂടാതെ ബാങ്കുകളും മൊബൈൽ ഫോൺ സേവന ദാതാക്കളും അവരുടെ സ്വന്തം ആപ്പുകൾ ഉപയോക്‌താക്കൾക്ക് നൽകുന്നുണ്ട്. ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ആപ് സ്റ്റോറുകളിൽ നൽകിയിരിക്കുന്ന റേറ്റിംഗും റിവ്യൂകളും ശ്രദ്ധിക്കണം. റിവ്യൂവിൽ ആപ്ലിക്കേഷന്റെ പ്രത്യേകതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമൊക്കെ ആപ് ഉപയോഗിച്ചിട്ടുള്ളവർ കുറിച്ചിരിക്കും. ഇത് അനുയോജ്യമായ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കും. സുരക്ഷിതമായിട്ടുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുന്ന വഴികാണില്ല.

– സോനു തോമസ്