കളിയിലും കാര്യത്തിലും ക്യാപ്റ്റൻ ജോപ്പൻ
കളിയിലും കാര്യത്തിലും ക്യാപ്റ്റൻ ജോപ്പൻ
Tuesday, November 8, 2016 6:00 AM IST
മലയാളി പ്രേക്ഷകന്റെ സിനിമാ ആസ്വാദനത്തിൽ ചില കഥാപാത്രങ്ങൾ എന്നും ഒളിമങ്ങാതെ നിലനിൽക്കും. മമ്മൂട്ടിയിൽ നിന്നും നിരവധി പാത്രസൃഷ്ടികൾ മലയാളികൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അതിൽ കോട്ടയം കുഞ്ഞച്ചനോട് എന്നും ഒരു പ്രത്യേക വാൽസല്യം ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം കോട്ടയം കുഞ്ഞച്ചനെ ഓർമിപ്പിച്ചുകൊണ്ട് തോപ്രാംകുടിക്കാരൻ തോപ്പിൽ ജോപ്പനെന്ന അച്ചായൻ കഥാപാത്രമായി മമ്മൂട്ടി വീണ്ടും പ്രേക്ഷകനു മുന്നിലെത്തിയിരിക്കുന്നു. കുഞ്ഞച്ചനോളം ഇല്ലെങ്കിലും ഹാസ്യത്തിന്റെ അകമ്പടിയിൽ പ്രേക്ഷകരെ രസിപ്പിച്ചുമുന്നേറാൻ ജോപ്പനും കഴിയുന്നു.

തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് തോപ്പിൽ ജോപ്പൻ. മുൻ ചിത്രങ്ങൾ പോലെ തന്നെ ഹാസ്യരസത്തിനെ പ്രേക്ഷകരിലേക്കു പകരാനാണ് ജോണി ആന്റണി ഇവിടെയും ശ്രദ്ധിച്ചിരിക്കുന്നത്. ഇത്തവണ ജോണിക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തായി ഒപ്പം കൂടിയിരിക്കുന്നത് നജീം കോയയാണ്. ജോപ്പൻ എന്ന കഥാപാത്രത്തിന്റെ പ്രണയ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. അതിനൊപ്പമുള്ള സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. തോപ്പന്റെ പ്രണയ ജീവിതം സുരഭിലമാക്കാൻ ആനി, മരിയ എന്നീ രണ്ടു നായികമാരും ചിത്രത്തിലെത്തുന്നു. എന്നാൽ നഷ്ട പ്രണയവും മദ്യപാനവും മാത്രമായി തോപ്പന്റെ ജീവിതം മുന്നോട്ടു പോകുന്നു. ജോപ്പനായി മമ്മൂട്ടി തുടക്കംമുതൽ നിറഞ്ഞാടിയപ്പോൾ ആനിയായി ആൻഡ്രിയയും മരിയയായി മംമ്ത മോഹൻദാസും ചിത്രത്തിലെത്തുന്നു. ഇവർക്കൊപ്പം അലൻസിയാർ, രൺജി പണിക്കർ, സലിം കുമാർ, ഹരിശ്രീ അശോകൻ, സാജു നവോദയ, ശ്രീജിത് രവി, സോഹൻ സീനുലാൽ, കവിയൂർ പൊന്നമ്മ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഓഡിയോ റിലീസിനു മമ്മൂട്ടി പറഞ്ഞതുപോലെ കുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്ന കഥാപാത്രം തന്നെയാണ് തോപ്പിൽ ജോപ്പൻ. മമ്മൂട്ടി– ജോണി ആന്റണി ടീമിന്റെ പതിവു ഹാസ്യരസ ചേരുവ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.



കഥയിലെ പുതുമയേക്കാൾ പ്രേക്ഷകരെ രസിപ്പിച്ച് മുന്നോട്ടു പോകാനുള്ള ശ്രമമാണ് ചിത്രത്തിന്റെ വിജയ ഘടകമായി മാറുന്നത്. കൗമാരത്തിൽ ജോപ്പനു പ്രണയം തോന്നിയ പെൺകുട്ടിയായിരുന്നു ആനി. എന്നാൽ കർക്കശക്കാരനായ അപ്പന്റെ വാശിക്കു മുന്നിൽ പണക്കാരനാവാൻ ജോപ്പൻ നാടുവിട്ടു. കോടീശ്വരനായി തിരികെ എത്തി ആനിയെ തിരിക്കി ചെന്നപ്പോൾ അന്നു ആനിയുടെ മനസമ്മതമാണ് ജോപ്പൻ കാണുന്നത്. ആനിയെ മറക്കാനാണ് മദ്യപാനം തുടങ്ങുന്നത്. അതു ജോപ്പന്റെ ദിനചര്യയായി മാറി. ഇപ്പോഴും ജോപ്പന്റെ മനസിൽ ആനിയുണ്ട്. അന്നും ഇന്നും എന്നും ജോപ്പനു കൂട്ടായി നാൽവർസംഘം ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഡോക്ടറായ മരിയ ജോപ്പന്റെ ജീവിതത്തിലേക്കു കടന്നു വരുന്നത്. എന്നാൽ മരിയയും മോഹിപ്പിച്ചു കടന്നു കളഞ്ഞു. അങ്ങനെയാണ് ജോപ്പനും കൂട്ടുകാരും ധ്യാനം കൂടാൻ പോകുന്നത്. ജിവിതം പിന്നെയും ജോപ്പൻ വിചാരിക്കാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. മാറിമറിഞ്ഞ സംഭവങ്ങൾക്കിടയിലൂടെ ജോപ്പന്റെ പ്രണയ ജീവിതവും സുരഭിലമായി പൂത്തുലയുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ഒരു തികഞ്ഞ ഫാമിലി എന്റർടെയ്ൻമെന്റ് എന്ന നിലയിലാണ് ചിത്രത്തിനെ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. കഥയിൽ പ്രവചനാതീതമായി ഒന്നുമില്ലെങ്കിലും നർമ്മത്തിനെ കോർത്തിണക്കി ചിത്രം വിതറിയിരിക്കുന്നു. പാളിപ്പോകാവുന്ന ഒരു കഥാപാത്രത്തിനെയാണ് മമ്മൂട്ടി തന്റെ കൈയിൽ ഭദ്രമാക്കുന്നത്. സംഭാഷണത്തിൽ പുലർത്തുന്ന വൈവിധ്യം ഇവിടെയും ജോപ്പനെ അവതരിപ്പിക്കുന്നതിൽ സഹായകമായിരിക്കുന്നു. ആനിയെ റോയിയെ ഏൽപിച്ചു പിൻവാങ്ങുന്ന സന്ദർഭത്തിലെ വൈകാരികമായുള്ള സംഭാഷണം മമ്മൂട്ടിയിലെ നടനെ പ്രേക്ഷകർക്കു കാണിച്ചു തരുന്നതാണ്. ഹരിശ്രീ അശോകൻ, സലിം കുമാർ എന്നിവരുടെ ഗംഭീര തിരിച്ചുവരവിനു ചിത്രം വഴിയൊരുക്കയിരിക്കുന്നു. ഫാദർ ഐസക് വാളാമ്പറമ്പിൽ എന്ന ശക്‌തമായ കഥാപാത്രത്തിലൂടെ സലിം കുമാർ തന്റെ ഹാസ്യ പ്രതാപ കാലത്തിലേക്കു തിരിച്ചെത്തി പ്രേക്ഷകരെ കൈയിലെടുക്കുന്നു.


ജോണി ആന്റണി തന്റെ മുൻ ചിത്രങ്ങളുടെ ശ്രേണിയിൽ ജോപ്പനെയും എത്തിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കുടുംബ ചിത്രമെന്നു വിളിക്കാനുള്ള ഗുണങ്ങളെ കൂട്ടിയിണക്കിയപ്പോഴും ദ്വയാർത്ഥ പ്രയോഗങ്ങളും സംഭാഷണങ്ങളും ചിത്രത്തിൽ ഇല്ലെന്നത് ഒരു പ്ലസ് പോയിന്റാണ്. നാട്ടിൻ പുറത്തിന്റെ രസങ്ങളും യാഥാർത്ഥ്യ സന്ദർഭങ്ങളുമായി ജോപ്പന്റെ ഹീറോയിസവും ഗ്ലാമറും ഇഴചേർത്ത് പ്രേക്ഷകരെ രസിപ്പിച്ചു ചിത്രം മുന്നേറുന്നു. കൂടെയുള്ള ഹാസ്യതാരങ്ങൾക്കൊപ്പം മമ്മൂട്ടിയും കൈയ്യടി നേടുന്നു.

ഒരു ചെറിയ കഥയെ മികച്ച ആവിഷ്കാരത്തോടെ ദൃശ്യവത്കരിക്കാൻ അണിയറ പ്രവർത്തകർക്കു കഴിഞ്ഞു. ഒരു മാസ് ലെവലിലേക്കു ചിത്രത്തിനെ കൊണ്ടു പോകാതെ പക്കാ ഫാമിലി എന്റർടെയ്ൻമെന്റ് തലത്തിൽ സുരക്ഷിതമായാണ് ജോപ്പൻ നിൽക്കുന്നത്. പുലിമുരുകൻ പോലൊരു മാസ് പടത്തിനൊപ്പം മികച്ച കളക്ഷനോടെ ജോപ്പനു മുന്നേറാനാവുന്നത് അതുകൊണ്ടു തന്നെയാണ്.

മമ്മൂട്ടിയുടെ ഗ്ലാമറിലും ഹീറോയിസത്തിലുമാണ് ചിത്രം മൊത്തമായി സഞ്ചരിക്കുന്നത്. അവിടെയും പ്രണയം, വിരഹം, നർമ്മം തുടങ്ങി പ്രേക്ഷകനു രസിക്കത്തക്കവിധം എല്ലാ ചേരുവകളേയും സമം ചേർത്തിരിക്കുന്നു. ശുഭമായൊരു ക്ലൈമാക്സ് ജോപ്പന്റെ പ്രണയ ജീവിതത്തിനു സമ്മാനിക്കുമ്പോൾ പ്രേക്ഷകന്റെയും മനസ് നിറയുന്നു. തോപ്പിൽ ജോപ്പൻ ക്യാപ്റ്റനായി ജയിച്ചു കയറുന്നത് കബഡി കളിയിൽ മാത്രമല്ല... തന്റെ പ്രണയജീവിതത്തിലുമാണ്...

–സ്റ്റാഫ് പ്രതിനിധി