പുലി വേട്ട
പുലി വേട്ട
Saturday, November 5, 2016 6:32 AM IST
‘ശത്രു.. അതു പുലിയായാലും മനുഷ്യനായാലും അതിന്റെ മടയിൽ പോയി കൊല്ലണം’ പുലിമുരുകന്റെ പടയോട്ടത്തിന്റെ ശംഖൊലി നാദം മുഴങ്ങുന്നത് അവിടെ നിന്നുമാണ്. പിന്നീടു പുലി വേട്ടയായിരുന്നു, ബുദ്ധികൊണ്ടും ശക്‌തികൊണ്ടും കായിക ബലം കൊണ്ടും ശത്രുവിനെ നിഗ്രഹിച്ചുള്ള മടങ്ങി വരവ്. പുലിമുരുകൻ വേട്ട നടത്തി നടന്നു കയറിയത് മലയാളി പ്രേക്ഷകന്റെ നെഞ്ചകത്തേക്കായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് പുലിമുരുകന്റെ ഗർജനം തിയറ്ററുകളിൽ വിജയാഘോഷമായി മുഴ ങ്ങിക്കേൾക്കുന്നു. നാട്ടിലിറങ്ങിയ പുലിയുടെ തരംഗം കേരളക്കരയാകെ...

പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് പുലിമുരുകൻ തിയറ്ററുകളിലെത്തിയത്. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രമെന്ന പേരിൽ തന്നെ മലയാളികൾ ഏറെ പ്രതീക്ഷയാണ് ഈ ചിത്രത്തിനു നൽകിയിരുന്നത്. ആ പ്രതീക്ഷയ്ക്കും മുകളിൽ മലയാള സിനിമയുടെ നെറുകയിലേക്കാണു പുലിമുരുകൻ ഇന്നെത്തി നിൽക്കുന്നത്. ഇതു മലയാള സിനിമയ്ക്ക് അഭിമാനിക്കാനാവുന്ന അവസരമായി മാറിയിരിക്കുന്നു. പുലിയൂരിന്റെ രക്ഷകൻ പുലിമുരുകനായിട്ടാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു പിടിച്ചിരുത്തുന്നതിനു മാസ് ലെവലിലാണ് സംവിധായകൻ വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്, പ്രത്യേകിച്ചും മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ. മലയാളി പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത ആക്ഷൻ രംഗങ്ങളും മോഹൻലാലിലൂടെ നമ്മൾ കാണാത്ത അഭിനയ മുഹൂർത്തങ്ങളും മെയ് വഴക്കവും ചിത്രം സാക്ഷ്യം വയ്ക്കുന്നു. മാസിനും മുകളിലാണ് പുലിമുരുകൻ.

ബോക്സോഫീസുകളെ ഇളക്കി മറിച്ച നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്– ഉദയകൃഷ്ണ ടീമിലെ ഉദയകൃഷ്ണ സ്വതന്ത്രമായി തിരക്കഥാകൃത്താവുന്ന ആദ്യ സംരംഭമായിരുന്നു പുലിമുരുകൻ. ഒരു സാങ്കൽപിക കഥയെ മജ്‌ജയും മാസംവും നൽകി ശക്‌തമായൊരു തിരക്കഥയാക്കി ഉദയകൃഷ്ണ മാറ്റിയപ്പോൾ അതിനെ ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു ദൃശ്യ വിസ്മയമായി മാറ്റി സംവിധായകൻ വൈശാഖ്. മോഹൻലാൽ എന്ന നടന്റെ ഹീറോയിസത്തിനെ അതിന്റെ പരകോടിയിൽ എത്തിക്കുമ്പോഴും കുസൃതിയും നർമ്മവും തുളുമ്പുന്ന സന്ദർഭങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടവും പുലിമുരുകൻ പിടിച്ചു പറ്റുന്നു. മോഹൻലാലിനൊപ്പം വലിയ താരനിരതന്നെ ചിത്രത്തിലെത്തുമ്പോഴും അവിടെ പാത്ര നിർണയത്തിൽ വളരെ ശ്രദ്ധ വൈശാഖ് ചെലുത്തി. മുരുകന്റെ അമ്മാവൻ ബലരാമനായി ലാലും പൂങ്കായി ശശിയായി സുരാജും ചിത്രത്തിൽ പ്രേക്ഷകരെ രസിപ്പിക്കുന്നു. അതിനൊപ്പം ശക്‌തനായ വില്ലൻ ഡാഡി ഗിരിജയായി തെലുങ്ക് നടൻ ജഗപതി ബാബുവും കാടിനുള്ളിലെ ബിസിനസുമായി മകരന്ത് ദേശ്പാണ്ഡയുടെ രാമയ്യനും എത്തുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസറായി തമിഴ് നടൻ കിഷോറും ശിവനായി ബാലയും മണിക്കുട്ടനായി വിനു മോഹനും ചിത്രത്തിലെത്തി. നായിക മൈനയായി കമാലിനി മുഖർജിയും ശക്‌തമായ വേഷത്തിലെത്തുന്നു. ഒപ്പം സിദ്ധിഖ്, സുധീർ കരമന, ഹരീഷ് പേരടി, എം. ആർ ഗോപകുമാർ എന്നിവരും ചിത്രത്തിൽ നിറ സാന്നിധ്യമാകുന്നുണ്ട്.



പുലിയിറങ്ങുന്ന പുലിയൂരിനെ രക്ഷിക്കാൻ പുലിമുരുകനു മാത്രമെ സാധിക്കു. അതിനായി മുരുകന് അവന്റേതായ ആയുധ മുറകളുണ്ട്. ഭാര്യ മൈനയും മകളും അനുജൻ മണിക്കുട്ടനും കഴിഞ്ഞാൽ പുലിമുരുകന് എല്ലാം കാടാണ്. കൂപ്പിൽനിന്നു തടികൊണ്ടുപോകാൻ മയിൽ വാഹനം എന്നൊരു ലോറിയും. പുലിയും കാടും കുടുംബവും അടങ്ങുന്നതാണ് മുരുകന്റെ ജീവിതം. മുരുകന്റെ അച്ഛനെ അവന്റെ ചെറുപ്പത്തിൽ പുലി ആക്രമിച്ചു കൊന്നു. അന്നു മുതൽ കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന നരഭോജികളായ വരയൻ പുലികളുടെ അന്തകനാണ് മുരുകൻ. എന്നാൽ ഇടയിലെത്തുന്ന റേഞ്ച് ഓഫീസർ മുരുകന്റെ ശത്രുവാകുന്നു. അങ്ങനെയാണ് മംഗലാപുരത്തുള്ള ഡാഡി ഗിരിജ എന്ന വ്യവസായിയെ മുരുകൻ കാണുന്നത്. എന്നാൽ കുടുംബം സുരക്ഷിതമാക്കാൻ യാത്ര ചെയ്ത മുരുകനു വീണ്ടും പുലിയൂരിലേക്കു തന്നെ എത്തേണ്ടി വന്നു. കാട്ടിലെ മൃഗങ്ങളേക്കാൾ നാട്ടിലെ മനുഷ്യരെ പേടിക്കണമെന്നു മുരുകൻ തിരിച്ചറിഞ്ഞു. പിന്നീടു മുരുകന്റെ വേട്ട തുടങ്ങുകയായിരുന്നു. ശത്രുവായ മനുഷ്യരേയും പുലിയേയും കൊന്നൊടുക്കാനുള്ള വേട്ട. എത്ര കണ്ടാലും മതിവരാത്ത മോഹൻലാൽ എന്ന വിസ്മയത്തിന്റെ നടന മാസ്മരികത എന്നാണ് പുലിമുരുകൻ എന്ന ചിത്രത്തിനെ ഒറ്റവാക്കിൽ ഒതുക്കാനാവുന്നത്. കാതുകൊണ്ടു പുലിയുടെ ദൂരവും വേഗവും അളക്കുന്ന പുലിമുരുകൻ ഇന്നു കേരളക്കരയാകെ പല റിക്കോർഡുകളും തകർത്തു മുന്നേറുകയാണ്.

പുലിമുരുകൻ എന്ന സിനിമ തുടങ്ങുന്നതുമുതൽ രണ്ടു മണിക്കൂർ നാൽപതു മിനിറ്റു കഴിയുന്നതു വരെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിരിക്കുന്നു. മുരുകന്റെ ചെറുപ്പകാലത്തിൽ നിന്നുമാണ് കഥ വികസിക്കുന്നത്. അവിടെ മുരുകനായി എത്തുന്ന ബാലതാരം അജാസിന്റെ പ്രകടനം ഏടുത്തു പറയാനുള്ളതാണ്. പ്രേക്ഷകരുടെ മനസു നിറച്ച് കൈയടിയേറ്റുവാങ്ങുന്ന അജാസിൽ നിന്നും മോഹൻലാലിലേക്കെത്തുമ്പോൾ കൈയടിശബ്ദം ആഘോഷമായി മാറുകയാണ്. കാടിന്റെ സൗന്ദര്യവും വന്യതയും ഒരുപോലെ ചടുലമായും കൃത്യതയോടും കൂടെ ഒപ്പിയെടുത്ത ഷാജിയുടെ കാമറ ചിത്രത്തിനു വലിയ പിന്തുണയാണ് നൽകുന്നത്. എഡിറ്റർ ജോൺകുട്ടിയുടെ ഇടപെടലുകൂടിയായപ്പോൾ ചിത്രം ദൃശ്യവിസ്മയമായി തീർന്നു.

തിരക്കഥയിൽ രണ്ടാം പകുതിയിൽ സംഭവിക്കുന്ന ദുർബലതയെ പുത്തൻ ആവിഷ്കരണം കൊണ്ട് വൈശാഖൻ തരംണം ചെയ്യുന്നു. രണ്ടു വർഷത്തോളമെടുത്ത സിനിമ നിർമാണത്തിൽ യഥാർത്ഥ പുലിയെ കൊണ്ടുവന്നും കാടിന്റെ നടുവിൽ പുഴയുടെ തീരത്തെ സെറ്റൊരുക്കിയും ഒരു ബ്രഹ്മാണ്ഡ സിനിമയുടെ തലത്തിലേക്കു പുലിമുരുകനെ എത്തിക്കാൻ സംവിധായകനു കഴിഞ്ഞു. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷൻ സീക്വൻസ് തന്നെ ചിത്രത്തിന്റെ മർമ്മ ഭാഗമായി മാറിയിരിക്കുന്നത്. ഒപ്പം മികവാർന്ന ഗ്രാഫിക്സും വിഎഫ്എക്സും സംവിധാനം കൂടി ഒത്തു ചേർന്നപ്പോൾ പുലിമുരുകൻ ഒരുബോളിവുഡ് സിനിമയോട് കിടപിടിക്കുന്ന രീതിയിൽ രൂപാന്തരപ്പെട്ടു. ചിത്രത്തിന്റെ മൂഡിനെ പ്രേക്ഷകരിലേക്ക് ആദിമധ്യാന്തം നിലനിർത്തുന്നതായിരുന്നു ഗോപിസുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും പാട്ടുകളും.

ഇന്നുമലയാളത്തിലെ ഏറ്റവും ഉയർന്ന ബഡ്ജറ്റിലൊരുങ്ങിയ പുലിമുരുകൻ ടോമിച്ചൻ മുളകുപാടമാണ് നിർമിച്ചത്. വലിയൊരു കാൻവാസിൽ നീണ്ട സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. കേരളവും കടന്നു മലയാള സിനിമാ മേഖലയുടെ വളർച്ചയ്ക്കു റെക്കോർഡു വിജയം നേടിയ പുലിമുരുകൻ ഒരു വലിയ കാരണമാകും എന്നതു ശരിവയ്ക്കുന്നു. എന്നും മികച്ച സിനിമകൾ ലോകത്തിനു കാണിച്ചു തന്നിട്ടുള്ള മലയാളത്തിൽ നിന്നും ഇത്തരം വാണിജ്യ സിനിമകൾ കൂടി എത്തുമ്പോൾ അതിന്റെ വിശാലതയാണ് ഉയരുന്നത്. രണ്ടേമുക്കാൽ മണിക്കൂർ ലാൽ ഷോ മാത്രമാണ് ചിത്രമെന്നു വിമർശനം പറയുമ്പോഴും ഇന്നു മലയാളവും കടന്നുള്ള തന്റെ വാണിജ്യ വ്യാപാരം മോഹൻലാൽ കാട്ടിത്തരുന്നു. പുലിമുരുകൻ ഇന്ത്യൻ സിനിമയിൽ ഇന്നു നൽകുന്നത് ഒരു ഓർമപ്പെടുത്തലാണ്. ഈ ചെറിയ ഇൻഡസ്ട്രിക്ക് ഇനിയുമേറെ ചെയ്യാനുണ്ട് എന്ന്...



പുലിമുരുകന്റെ വിശേഷങ്ങൾ

തിയറ്ററുകളിൽ ആഘോഷപെരുമ്പറ കൊട്ടി റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുകയാണ് പുലിമുരുകൻ. അന്യ ഭാഷാ ചിത്രങ്ങളെ അതിശയത്തോടെ കാണ്ടിരുന്ന മലയാളികൾക്കു മുന്നി ലേക്കാണ് വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഈ ചിത്രം എത്തിയത്. പ്രേക്ഷകരെ അത്ഭുതവാഹകരാക്കി ദൃശ്യ മാമാങ്കം തീർത്തു മുന്നേറുമ്പോൾ ചരിത്രത്തിൽ തങ്ക ലിപികളാൽ പേരെഴുതിയാണ് പുലിമുരുകൻ തന്റെ ജാത്ര യാത്ര തുടരുന്നത്. ഇന്ത്യൻ സിനിമാ മേഖലയിൽ മലയാളത്തിന്റെ യശസുയർത്തി നിൽക്കുന്ന പുലിമുരുകനു പറയാനുണ്ട് പല വിശേഷങ്ങൾ... പ്രതീക്ഷകൾ... പ്രയത്നങ്ങൾ...

മോഹൻലാൽ ഒരു വിസ്മയം

മോഹൻലാൽ എന്ന നടനാണ് പുലിമുരുകൻ എന്ന സിനിമയുടെ നെടുംതൂൺ. മലയാളത്തിൽ ഇത്രയും വാണിജ്യ മൂല്യമുള്ളൊരു നടൻ വേറെയില്ല എന്നതു സത്യമാണ്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും തന്റെ മേൽവിലാസം ഒരുക്കിത്തീർത്തിരിക്കുന്നു ഇതിനോടകം തന്നെ. ദൃശ്യം എന്ന മോഹൻലാൽ സിനിമ ഇന്ത്യൻ സിനിമാ മേഖലയിൽ തീർത്ത പ്രഭാവം ഇന്നും കെട്ടടങ്ങിയിട്ടില്ല. അവിടേക്കാണ് പുലി മുരുകൻ എന്ന ബിഗ് ബഡ്ജറ്റ് ചിത്രവുമായി വീണ്ടും എത്തുന്നത്. ദൃശ്യത്തിൽ തിരക്കഥയിലെ മാസ് ആയിരുന്നു ഹൈലൈറ്റ് എങ്കിൽ ഇത്തവണ ആക്ഷൻ രംഗങ്ങളും ദൃശ്യ വിസ്മയവും തീർത്താണ് പുലിമുരുകനുമായി എത്തിയിരിക്കുന്നത്. 56 വയസുള്ള ഒരു മനുഷ്യനാണ് ഈ ഫൈറ്റ് സീനിൽ ഡ്യൂപ് പോലുമില്ലാതെ പ്രത്യക്ഷപ്പെടുന്നതെന്ന് അതിശയത്തോടെ മാത്രം നോക്കിയിരിക്കാനേ ഓരോ സിനിമാ ആസ്വാദകനും സാധിക്കുകയുള്ളു. കാരണം മോഹൻലാലിൽ നിന്നും മലയാളികൾ പ്രതീക്ഷിച്ചതിനും മുകളിലായിരുന്നു സിനിമയിൽ അരങ്ങേറുന്ന ആക്ഷൻ രംഗങ്ങൾ. ഒപ്പം പതിവു ശൈലിയിൽ കുസൃതിയും നർമ്മവും വിതറാനും വൈകാരികമായി പ്രേക്ഷകരിലേക്കു കടന്നു ചെല്ലാനും മറന്നില്ല. മോഹൻലാലിൽ നിന്നും മലയാളികൾ പ്രതീക്ഷിക്കുന്ന മീശ പിരിച്ചും മുണ്ടു മടക്കിക്കുത്തിയും ശത്രുവിനു നേരെ പാഞ്ഞടുക്കുന്ന ഹീറോയിസത്തിന്റെ ഉച്ചസ്‌ഥായിയിലേക്ക് ഈ ചിത്രത്തിനെത്താൻ കഴിഞ്ഞു. പുലിമുരുകനായി ആടിത്തീർക്കുമ്പോൾ തന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചിരിക്കുകയാണ് മോ ഹൻലാൽ.


വിജയ കൂട്ടുകെട്ട്

വൈശാഖ് എന്ന സംവിധായകന്റെ ആദ്യ ചിത്രം പോക്കിരി രാജ പക്കാ മാസ് ചിത്രമായിരുന്നു. ടോമിച്ചൻ മുളകുപാടം നിർമിച്ച് ഉദയകൃഷ്ണ– സിബി കെ തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ മമ്മൂട്ടിയും പൃഥ്വിരാജും നായകരായി എത്തിയ ചിത്രം അന്നു മലയാളത്തിൽ തീർത്തത് സർവ്വകാല റെക്കോർഡായിരുന്നു. ചരിത്രം വീണ്ടും ആവർത്തിക്കുമ്പോൾ വിജയ കൂട്ടുകെട്ടുതന്നെ അതിനും സാക്ഷിയായിരിക്കുന്നു. ഇത്തവണ ഉദയകൃഷ്ണ ആദ്യമായി സ്വതന്ത്ര തിരക്കഥാകത്താകുമ്പോൾ വൈശാഖും ടോമിച്ചനും നായകനായി ഒപ്പം കൂട്ടിയത് മോഹൻലാലിനെയായിരുന്നു എന്നു മാത്രം. വീണ്ടും കളക്ഷനിൽ ആ വിജയ കൂട്ടുകെട്ട് മാന്ത്രികത കാണിക്കുമ്പോൾ അത് പ്രേക്ഷകനു ഇവരിലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു.

വമ്പൻ സിനിമകളാൽ ഇതര സിനിമ മേഖലകൾ നമ്മളെ ഞെട്ടിക്കുന്നിടത്താണ് മലയാളത്തിൽ നിന്നും വൈശാഖ് പുലിമുരുകനുമായി എത്തുന്നത്. രണ്ടു വർഷത്തോളം ഈ ചിത്രത്തിന്റെ പുറകെയായിരുന്നു സംവിധായകൻ. കഥയ്ക്കും തിരക്കഥയ്ക്കും മുകളിൽ സിനിമ ആവിഷ്കരണത്തിൽ കാണിച്ച മികവു തന്നെയാണ് സംവിധായകന്റെ മികവ്. പതിവു മാസ് സിനിമകളിൽ നിന്നും ഒരുപടി ഉയർന്ന് ആദിമധ്യാന്തം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ വൈശാഖൻ വിജയിച്ചിരിക്കുന്നു. മുന്നിലുള്ള വെല്ലുവിളികളെ തരണം ചെയ്തു ചിത്രം ദൃശ്യ വിരുന്നാക്കിയ വൈശാഖനുള്ളതാണ് ചിത്രത്തിന്റെ വിജയാവകാശവും. ഒന്നുറപ്പിക്കാം, മലയാളികൾക്ക് ഇനിയുമേറെ പ്രതീക്ഷിക്കാം ഈ സംവിധായകനിൽ നിന്നും...

ചരിത്രം തീർത്ത്

മലയാള സിനിമയുടെ ഇന്നുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചുകൊണ്ടാണ് 25 കോടി ബഡ്ജറ്റിലൊരുക്കിയ പുലിമുരുകന്റെ വിജയാഘോഷം തുടരുന്നത്. ഇതര ഭാഷ ചിത്രങ്ങൾ മലയാള സിനിമയ്ക്കു നേടാനാവാത്ത ആദ്യദിന കളക്ഷൻ നേടുന്നത് വ്യസനത്തോടെ നോക്കി നിന്ന മലയാളി പ്രേക്ഷകനു മുന്നിലേക്കാണ് എല്ലാ പട്ടങ്ങളും ശിരസിലേന്തി പുലിമുരുകൻ വന്നു നിൽക്കുന്നത്. കേരളത്തിൽ 160 തിയറ്ററുകളിലും കേരളത്തിനു പുറത്ത് 165 തിയറ്ററുകലിലും റിലീസ് ചെയ്ത പുലിമുരുകൻ ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം കളക്ഷൻ ഇനത്തിൽ നേടിയത് 4,05,87,933/ കോടി രൂപയാണ്. രണ്ടാം ദിവസം 4,02,80,666/ കോടി രൂപയും മൂന്നാം ദിനം 4,83,03,147/–യും നേടി കളക്ഷനിൽ മുൻതൂക്കമാണ് കാണിച്ചത്. അതുകൊണ്ടു തന്നെ പ്രേക്ഷകർ ചിത്രം സ്വീകരിച്ചിരിക്കുന്നു എന്നു വ്യക്‌തം. മലയാളത്തിൽ ഏറ്റവും വേഗത്തിൽ പത്തുകോടി കളക്ഷൻ നേടിയ ചിത്രം അഞ്ചു ദിവസം കൊണ്ട് 21 കോടിയിലധികമാണ് കളക്ഷൻ ഇനത്തിൽ നേടിയത്. മലയാളത്തിൽ നിന്നും ആദ്യമായി 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ചിത്രമായി പുലിമുരുകൻ മാറുമെന്നാണ് സിനിമാ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. കരിഞ്ചന്തയിൽ ഒരു മലയാള ചിത്രത്തിനും പ്രതീക്ഷിക്കാൻ കഴിയാത്ത നിലയിലേക്ക് ടിക്കറ്റ് വില ഉയർന്നു എന്നതു തന്നെ ശ്രദ്ധേയമായ കാര്യമാണ്. ആദ്യ ദിനത്തിനേക്കാൾ പിന്നീടുള്ള ദിവസങ്ങളിലെ തിരക്കും പ്രേക്ഷക പ്രീതിയും ചിത്രത്തിന്റെ മാറ്റു കൂട്ടുകതന്നെ ചെയ്യുന്നു.

മലയാളം കൂടാതെ ഇന്ത്യയിലെ ഇതരഭാഷകളിലേക്ക് ഉടൻ ചിത്രം എത്തുകയാണ്. ഒപ്പം ഇംഗ്ലീഷ്, ചൈനീസ് തുടങ്ങിയ വിദേശ ഭാഷകളിൽ ഡബ്ബ് ചെയ്തു ലോകോത്തര പ്രദർശനം നടത്താനുമുള്ള പ്രവർത്തനങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. പുലിമുരുകൻ നമ്മുടെ മലയാള സിനിമയെ ലോകത്തിനു മുന്നിൽ വാണിജ്യ പരമായി വിശാലമാക്കാൻ, പുതിയ വാതിലുകൾ തുറന്നുതരാൻ കാരണമാകുന്നു എന്നതാണ് മറ്റൊരു വലിയ സംഗതി.

കാമറയ്ക്കു പിന്നിൽ

പുലിമുരുകനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഏറെ ശ്രദ്ധേയനായ വ്യക്‌തിയാണ് കാമറമാൻ ഷാജി കുമാർ. മോഹൻലാലിന്റെ നരനിൽ ഹൊഗനക്കലിന്റെയും വൈശാഖിന്റെ മല്ലുസിംഗിൽ പഞ്ചാബിന്റെയും സൗന്ദര്യം മലയാളികൾക്കു മുന്നിലെത്തിച്ച ഈ കാമറമാൻ പൂയംകുട്ടി മലനിരകളും മാമലക്കണ്ടവും പിണ്ടിമേട് വെള്ളച്ചാട്ടവും തുടങ്ങി കാടിന്റെ സൗന്ദര്യവും വന്യതയും തന്റെ കാമറക്കണ്ണുകളാൽ ഒപ്പിയെടുത്തിരിക്കുന്നു. സിനിമ ഒരു ദൃശ്യ കലതന്നെയാണന്നു ഷാജി ഈ ചിത്രത്തിലൂടെ ഊട്ടി ഉറപ്പിക്കുന്നു. കാമറയോടൊപ്പം ചിത്രത്തിന്റെ എഡിറ്റിംഗിൽ ജോൺകുട്ടി കാണിച്ച വൈഭവം ചിത്രത്തിനു നട്ടെല്ലായി മാറുന്നുണ്ട്. ഓരോ സീനും അതിന്റെ ആഴത്തിൽ തന്നെ പ്രേക്ഷകരിലേക്കെത്തിക്കാൻ എഡിറ്റർക്കു കഴിഞ്ഞിട്ടുണ്ട്. കലാസംവിധായകനായ ജോസഫ് നെല്ലിക്കലിന്റെ പ്രാഗൽഭ്യവും ചിത്രത്തിനു വിജയ ഘടകമാകുന്നു. മുരുകനും കുടുംബവും താമസിക്കുന്ന പുഴയരികിലെ വീടും ക്ലൈമാക്സിൽ പുലിയുമായി സംഘട്ടനം നടക്കുന്ന ഗുഹയുമടക്കം സിനിമയ്ക്കായി വമ്പൻ സെറ്റുകളാണ് ജോസഫ് നെല്ലിക്കൽ ഒരുക്കിയിരുന്നത്.

ഗോപി സുന്ദർ സ്പർശം

പുലി മുരുകനെ ഓരോ സീനും പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതം ഒരുക്കി ഒരു ശ്രവ്യ വിരുന്നു തീർത്തിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. മുരുക... മുരുക.. പുലിമുരുക എന്ന ഗാനത്തിലൂടെ പ്രേക്ഷകരെയും പുലിമരുകനൊപ്പം കൊണ്ടു പോകാൻ കഴിഞ്ഞിരിക്കുന്നു. ഒപ്പം ഓരോ സീനിലും പ്രേക്ഷകരെ മുൾ മുനയിൽ നിർത്തുവാൻ തക്ക പശ്ചാത്തല സംഗീതം ഒരുക്കാനും ഗോപി സുന്ദറിനു കഴിഞ്ഞു.

ചിത്രത്തിന്റെ ടൈറ്റിൽ സോംഗായി എത്തുന്ന മാനത്തെ മാരിക്കുറുമ്പേ എന്ന വാണി ജയറാമിന്റെ പാട്ടും യേശുദാസും ചിത്രയും ചേർന്നാലപിച്ച കാടണിയും കാൽച്ചിലമ്പേ എന്ന ഗാനവും പതിവു ഗോപി സുന്ദർ ട്രാക്കിൽ നിന്നും മാറി ഹൃദ്യമായി ഒരുക്കാൻ കഴിഞ്ഞിരിക്കുന്നു. സന്ദർഭോചിതമായി ചിത്രത്തിന്റെ മൂഡു പ്രേക്ഷകരിലേക്കെത്തിക്കാൻ ചിത്രത്തിനു സാധിച്ചു. അതിനനുസൃതമായുള്ള ശബ്ദ മിശ്രണം കൂടിയായപ്പോൾ ചിത്രം മാസ് ലെവലിനും മേൽ സഞ്ചരിച്ചു. ഇന്നു കേരളക്കരയുടെ ചുണ്ടിലാകെ പുലിമുരുകന്റെ തീം സോഗാണ് മൂളിക്കേൾക്കുന്നത്.


പീറ്റർ ഹെയ്നു സല്യൂട്ട്



ഒരു ചിത്രം തീർക്കുന്ന കാൻവാസാണ് സ്റ്റണ്ട് മാസ്റ്റർക്കു തന്റെ മികവ് തെളിയിക്കാനുള്ള അവസരമായി മാറുന്നത്. പീറ്റർ ഹെയ്ൻ എന്ന ആക്ഷൻ കോറിയോഗ്രാഫർ പുലിമുരുകനിൽ തീർത്ത മാസ്മരികത തന്നെയാണ് പ്രേക്ഷകരെ ചിത്രം അത്ഭുതപ്പെടുത്തുന്നതിന്റെ കാരണം. മലയാളത്തിൽ നേരത്തെ മമ്മൂട്ടി – സഞ്ജീവ് ശിവൻ ചിത്രം അപരിചിതനിൽ സ്റ്റണ്ട് മാസ്റ്ററായി പീറ്റർ എത്തിയിരുന്നെങ്കിലും മലയാളികൾക്കു പരിചിതനാകുന്നത് അന്യഭാഷ ചിത്രങ്ങളിലൂടെയാണ്. അന്യൻ, ശിവാജി, എന്തിരൻ, ഗജിനി എന്നീ ചിത്രങ്ങൾക്കുശേഷം ബാഹുബലിയിലൂടെയാണ് പീറ്ററിനെ നമ്മൾ ശ്രദ്ധിക്കുന്നത്. പുലിമുരുകനിലേക്കു പീറ്ററും കൂടി ചേർന്നതോടെ പ്രതീക്ഷകൾ വർധിക്കുകയായിരുന്നു. മലയാളികൾ കണ്ടു പരിചിതമല്ലാത്ത ആക്ഷൻ സീക്വൻസുകളും പുലിയുമായുള്ള സംഘട്ടനങ്ങളും പുത്തൻ ദൃശ്യാനുഭവമായിരുന്നു. മോഹൻലാലിലെ ആക്ഷൻ നായകനെ പൂർണമായും പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നതിൽ പീറ്ററിനു സാധിച്ചു. സിനിമ തീയറ്ററിലെത്തിയപ്പോൾ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്ത പ്രേക്ഷകനു തന്റെ ഫേസ്ബുക്ക് പേജിലൂടെ നന്ദി പറയാനും പീറ്റർ മടികാണിച്ചില്ല.

താരനിർണയം

മോഹൻലാലിനോട് കിടപിടിക്കത്തക്ക വിധമുള്ള താരനിരയെ തന്നെ ചിത്രത്തിൽ സംവിധായകൻ ഉൾക്കൊള്ളിച്ചിരിക്കുന്നു. കുട്ടിസ്രാങ്ക്, നെത്തോലി ചെറിയ മീനല്ല തുടങ്ങിയ സിനിമകളിൽ തിളങ്ങിയ കമാലിനി മുഖർജിയാണ് ചിത്രത്തിൽ മോഹൻലാലിനു നായികയായി എത്തുന്നത്. കാടിന്റെ മകളായി ഇണക്കവും പിണക്കവും തീർക്കുന്ന പുലിമുരുകന്റെ മൈനയായി കമാലിനി ചിത്രത്തിലെത്തിയിരിക്കുന്നു. മോഹൻലാലിനൊപ്പം ആദ്യമായാണ് കമാലിനി അഭിനയിക്കുന്നത്. ഇരുവരും തമ്മിലുള്ള രസതന്ത്രം തന്നെ ചിത്രത്തിന്റെ വിജയ ഘടകങ്ങളിലൊന്നായിരുന്നു. വൈശാഖിന്റെ മുൻ ചിത്രമായ കസിൻസിൽ ഒരു പാട്ടു സീനിൽ അഭിനയിച്ചിരുന്നു കമാലിനി. കമാലിനിയെ കൂടാതെ പുലിമുരുകനു ശക്‌തനായ വില്ലനായി തെലുങ്കിൽ നിന്നും ജഗപതി ബാബുവും ചിത്രത്തിലെത്തിയിരിക്കുന്നു. മകരന്ത് ദേശ്പാണ്ഡെ, തമിഴ് നടൻ കിഷോർ എന്നിവരേയും അണിചേർത്ത് ശത്രു പക്ഷം ശക്‌തമാക്കി. ലാൽ, സുരാജ് വെഞ്ഞാറമ്മൂട്, വിനു മോഹൻ, എം. ആർ ഗോപകുമാർ, നന്ദു, ഹരീഷ് പേരടി, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, നമിത, അഞ്ജലി, മാസ്റ്റർ അജാസ്, ബേബി ദുർഗ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലെത്തുന്നു. ലാൽ– സുരാജ് വെഞ്ഞാറമ്മൂടിന്റെ നർമ്മ നിമിഷങ്ങളും പ്രേക്ഷകരെ ശരിക്കും രസിപ്പിക്കുന്നു.

സോഷ്യൽ മീഡിയയിലും തരംഗമുണർത്തി

ഫേസ്ബുക്ക്, വാട്സ്ആപ് പോലുള്ള സോഷ്യൽ മീഡിയയിലും തരംഗമുണർത്തിയാണ് പുലിമുരുകൻ മുന്നേറുന്നത്. ചിത്രം റിലീസ് ചെയ്ത വാരത്തിൽ ഇന്ത്യയുടെ ടോപ്പ് ട്രെൻഡിംഗ് പട്ടികയിൽ ആദ്യ മൂന്നു ദിവസവും പുലിമുരുകനായിരുന്നു ഒന്നാമത്. യുടൂബിലും സ്‌ഥിതി മറിച്ചായിരുന്നില്ല. ഗൂഗിളിന്റെ സെർച്ച് എൻജിനിലും പുലിമുരുകൻ മുന്നേറി. ഫേസ്ബുക്കിൽ ചിത്രത്തെക്കുറിച്ചുള്ള ട്രോളുകളും മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പുകളുമായിരുന്നു നിറഞ്ഞു നിന്നത്. വാർത്ത മാധ്യമങ്ങൾക്കു പോലും അന്നത്തെ പ്രധാന വിഷയം പുലിമുരുകന്റെ വിശേഷങ്ങൽ തന്നെയായിരുന്നു.

ലിജിൻ കെ. ഈപ്പൻ