ഉദ്യാനത്തിലെ ബലൂൺ പൂക്കൾ
ഉദ്യാനത്തിലെ ബലൂൺ പൂക്കൾ
Friday, November 4, 2016 6:16 AM IST
വിടരാൻ വെമ്പുന്ന പൂമൊട്ടുകൾക്ക് ബലൂണിന്റെ രൂപഭാവമാണ്; അങ്ങനെയാണ് ‘പ്ലാറ്റികൊഡോൺ ഗ്രാൻഡിഫ്ളോറസ്’ എന്ന ഉദ്യാനസുന്ദരിക്ക് ബലൂൺ പൂവ് എന്ന് പേരു കിട്ടുന്നത്. ഏഷ്യയാണ് ബലൂൺ പൂവിന്റെ ജന്മനാട്. കൃത്യമായി പറഞ്ഞാൽ കിഴക്കൻ ഏഷ്യ. ഇവിടത്തെ ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ ബലൂൺ പൂവ് സർവസാധാരണമാണ്. വളരുന്ന പ്രദേശമനുസരിച്ച് ഇതിന് കൊറിയൻ ബെൽ ഫ്ളവർ, ചൈനീസ് ബെൽ ഫ്ളവർ ജാപ്പാനീസ് ബെൽ ഫ്ളവർ എന്നിങ്ങനെ വിളിപ്പേരിൽ വ്യത്യാസമുണ്ടെന്നു മാത്രം.

ചെടി പരമാവധി 60 സെന്റീമീറ്റർ ഉയരത്തിൽ വളരും. കടും പച്ചിലകളും വേനൽ തീരാറാകുന്നതോടെ ചെടി നിറയെ വിടരുന്ന നീലപ്പൂക്കളും വിടരാറാകുന്നതിന് തൊട്ടുമുമ്പ് പൂമൊട്ടുകളെല്ലാം ബലൂൺ പോലെ വീർത്തുവരുന്നതാണ് ഇവിടുത്തെ പ്രത്യേകത. പോരാത്തതിന് പൂവിന്റെ അഞ്ചിതജകളും ചുവടോടു ചേർന്ന് ഒരു മണിപോലെ ചേർന്നിരിക്കുകയും ചെയ്യും. നീലക്കുപുറമേ വെള്ള, പിങ്ക്, പർപ്പിൾ നിറത്തിൽ പൂക്കൾ വിടർത്തുന്ന ഇനങ്ങളുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് പൂക്കാലം. പർപ്പിൾ കലർന്ന നീലനിറമാണ് പൂക്കൾക്ക്. നല്ല വെയിലത്ത് വളരുന്നതുപോലെ തന്നെ ഭാഗികമായ തണലത്തും ചെടി വളരും. ചെടിയുടെ പ്ലാറ്റികോഡോൺ എന്ന ഗ്രീക്ക് പദത്തിനർഥം വിസ്തൃതമായ മണി എന്നാണ്. പൂക്കളുടെ രൂപവും ഇതിനോടു സദൃശമാണ്. വായു നിറച്ച് വീർത്തതുപോലെ കാണപ്പെടുന്ന ഇതിന്റെ പൂമൊട്ടുകൾ കൈയിൽ വച്ച് ഞെരട്ടി പൊട്ടിച്ചാൽ നേരിയ ശബ്ദത്തോടെ പൊട്ടുന്നത് കേൾക്കാം. ഇത് വളരുന്നയിടങ്ങളിൽ കൊച്ചുകുട്ടികൾ പൂമൊട്ടുകൾ ഇത്തരത്തിൽ പൊട്ടിച്ചു രസിക്കുക പതിവു കാഴ്ചയാണ്.

സാധാരണഗതിയിൽ വളർന്ന് പ്രായമായ ചെടികൾ ചെറുതൈകളായി പിരിച്ചു നട്ടോ വിത്തുകൾ ശേഖരിച്ചു പാകിയോ ആണ് ബലൂൺ പൂവിന്റെ പ്രജനനം നടത്തുന്നത്. വിടർന്നു വികസിച്ച പൂവ് വാടിക്കരിയുമ്പോഴേക്കും തണ്ടിന്റെ അഗ്രഭാഗത്തായി ബ്രൗൺ നിറത്തിൽ ഇതിന്റെ കായ് കാണാം. കുറച്ചു കൂടെ കായ്കൾ ഉണങ്ങാൻ അനുവദിക്കുക. ഇനി കായ്കൾ തട്ടിത്തുറന്നാൽ ഉള്ളിൽ നേർത്ത വിത്തുകൾ ബ്രൗൺ നിറത്തിൽ ധാരാളം കാണാം. ഇവ അല്പം ജൈവവളവും മണ്ണും കലർത്തിയ പോട്ടിംഗ് മിശ്രിതത്തിൽ പാകുക. രണ്ടാഴ്ചക്കുള്ളിൽ വിത്തുകൾ മുളപൊട്ടും. ഇതുപോലെ തന്നെ ചുവട്ടിൽ വളരുന്ന തൈകൾ ഇളക്കിനട്ടും ചെടി വളർത്താം. മണ്ണിനടിയിൽ നിന്ന് നീണ്ടുവളരുന്ന വേരുകളും (റണ്ണർ) ചിലയവസരത്തിൽ ചെറുതൈകൾ ഉത്പാദിപ്പിക്കാറുണ്ട്. ചെടി ഉയരത്തിൽ വളരുന്നതിനുസരിച്ച് ചിലപ്പോൾ താങ്ങു കൊടുക്കേണ്ടിവരും. ഇടയ്ക്ക് ചെടിയുടെ തടം തുറന്ന് 1–2 ഇഞ്ച് കനത്തി ൽ ജൈവപ്പുത ഇട്ടുകൊടുക്കുന്നത് നല്ലതാണ്. എന്നാൽ ഇതിന്റെ തന്നെ ഉയരം കുറഞ്ഞ ഇനങ്ങളുമുണ്ട്.



ബലൂൺ ഫ്ളവറിന്റെ ചില പ്രധാന ഇനങ്ങൾ പരിചയപ്പെടാം.

അപ്പോയമ : 10–15 ഇഞ്ച് മാത്രം ഉയരത്തിൽ വളരുന്ന ഇനം. നിവർന്നു വളരും. വയലറ്റ് നിറമുള്ള പൂക്കൾ.

ഫ്യൂജി : 2–3 അടി ഉയരത്തിൽ വളരുന്ന ഇനം. പിങ്കോ, വെള്ളയോ, നീലയോ പൂക്കൾ വിടർത്തും. വെട്ടുപൂക്കളായുപയോഗിക്കാൻ അനുയോജ്യം.

കോമാച്ചി : തെളിഞ്ഞ നീലനിറമുള്ള പൂക്കൾ, പൂമൊട്ട് രണ്ടിഞ്ച് വരെ വലിപ്പത്തിൽ കാറ്റു നിറഞ്ഞതുപോലെ വികസിക്കുന്നത് കാണാം. എന്നാൽ മൊട്ട് തുറന്നുകൊള്ളണമെന്നില്ല.


സെന്റിമെന്റൽ ബ്ലൂ : ആറു മുതൽ ഒമ്പതിഞ്ച് ഉയരത്തിൽ വളരുന്ന ഇനം നീലപ്പൂക്കൾ. ഇവയ്ക്കു പുറമേ ആസ്ട്രബ്ലൂ, ഹക്കോൺ ബ്ലൂ എന്നീ ഇനങ്ങളുമുണ്ട്.

നീർവാർച്ചയുള്ള വളർച്ചാമാധ്യമം നിർബന്ധമെങ്കിലും ബലൂൺ പൂവിന് അല്പം പുളിരസമുള്ള മണ്ണിലും വളക്കൂറ് കുറഞ്ഞ മണ്ണിലും വളരാൻ കഴിയും.

ആസ്ട്ര സീരീസ്

വലിയ പൂമൊട്ടുകൾക്ക് ബലൂൺ ആകൃതിയാണ്. ഇവ വിടരുമ്പോൾ മൂന്നടി വീതിയിൽ നക്ഷത്രാകൃതിയിൽ പൂക്കൾ വിടരും. ഉയരക്കുറവ്, കുറ്റിച്ചെടിയായി നിറയെ ശിഖരങ്ങളുമായി വളരുന്ന സ്വഭാവം. വേനൽക്കാലത്ത് നിറയെപ്പൂചുടുന്നത് പതിവ്. ഉദ്യാനങ്ങളിൽ അരികുകൾക്ക് ഭംഗി പകരും വിധം നടാനും ചട്ടികളിൽ വളർത്തി പൂമുഖം അലങ്കരിക്കാനും ജനാലപ്പടിമേൽ ചെറിയ തടിക്കൂടയിൽ വളർത്തി വയ്ക്കാനുമൊക്കെ ഉചിതം.

ആസ്ട്ര ബ്ലൂ, ആസ്ട്ര വൈറ്റ്, ആസ്ട്ര പിങ്ക്, ആസ്ട്ര സെമി ഡബിൾ ബ്ലൂ, തുടങ്ങിയവ ഈ സീരീയസിലെ പ്രധാന ഇനങ്ങൾ ആണ്.

ഫ്യൂജി സീരിസ്

2–3 അടി ഉയരത്തിൽ വളരുന്ന ചെടി. ബലൂൺ പൂമൊട്ടുകൾ പൊട്ടിത്തുറക്കുമ്പോൽ രണ്ടടി വീതിയുള്ള നീലയോ, പിങ്കോ വെള്ളയോ നിറമുള്ള പൂക്കൾ വിടരും. ചെടിക്ക് താങ്ങുനൽകി വളർത്തണം.



ഫ്യൂജി വൈറ്റ്, ഫ്യൂജി പിങ്ക്, തുടങ്ങിയവ സാധാരണ ഇനങ്ങൾ

ഹക്കോൺ ഡബിൾ സീരീസ്

15–24 അടി ഉയരമുള്ള നീളൻ തണ്ടുകളിൽ 2–3 അടി വീതിയുള്ള ഇരട്ടപ്പൂക്കൾ വടർത്തുന്നതാണ് ഇവയുടെ പ്രത്യേകത. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് ഈ സീരീസിൽപ്പെട്ട ചെടികളുടെ പൂക്കാലം. ഹാക്കോൺ ഡബിൾ ബ്ലൂ, ഹാക്കോൺ ഡബിൾ വൈറ്റ് എന്നിവ പ്രധാന ഇനങ്ങൾ.

ഇവയ്ക്കു പുറമെ കുള്ളൻ ബലൂൺ പൂവാണ് മരിയേസി. 15–18 അടി മാത്രം ഉയരം. ഭാഗികമായ തണലിൽ വളരാനിഷ്ടം. ജൂൺ മുതൽ ഓഗസ്റ്റ് വരെ ബലൂൺ പൂമൊട്ടുകൾ രൂപപ്പെട്ട് വിടർന്ന് രണ്ടടി വലിപ്പമുള്ള നീലനിറമുള്ള നക്ഷത്രപ്പൂക്കൾ മിഴിതുറക്കും.

ഒരിക്കൽ വേരോടിക്കഴിഞ്ഞാൽ ബലൂൺ പൂവിന് അധികനന വേണ്ട. ഇടവേളകളിൽ വരൾച്ചെയ സഹിക്കാൻ ഇതിന് കഴിവുണ്ട്. അമിത വളപ്രയോഗവും വേണ്ട. എങ്കിലും ഇടയ്ക്ക് ജൈവവളങ്ങൾ ചേർക്കുന്നത് നന്ന്. ആറിഞ്ച് ഉയർന്ന ചെടി. അഗ്രം നുള്ളി വിട്ടാൽ നന്നായി പടർന്നു വളരും. വാടിയ പൂക്കളും പൂകൊഴിഞ്ഞ് നീർജീവമായ തണ്ടുമെല്ലാം യഥാസമയം നീക്കണം. വാടിയ പൂക്കൾ മാത്രമേ മാറ്റേണ്ടതുള്ളൂ. അവശേഷിക്കുന്ന പൂമൊട്ടുകൾ നിശ്ചയമായും വിടരും എന്നോർക്കുക. വാടിയ പൂക്കൾ യഥാസമയം നീക്കുന്നത് ചെടിയുടെ പൂക്കാലത്തിന്റെ ദൈർഘ്യം കൂട്ടുകയും ചെയ്യും.

ഉദ്യാനങ്ങളെ പുഷ്പസുരഭിലമാക്കുന്ന ബലൂൺ പൂവിന് നിരവധി ഔഷധ ഗുണങ്ങളുമുണ്ട്. ചെടിയുടെ ചുവട്ടിൽ വളരുന്ന കിഴങ്ങ് ഭക്ഷ്യാവശ്യത്തിനും ഔഷധാവശ്യത്തിനും പണ്ടേക്കുപണ്ടേ ഉപയോഗിച്ചുവരുന്നു.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടർ
കൃഷിവകുപ്പ്, തിരുവനന്തപുരം