വാട്സ് ആപ്പിൽ വീഡിയോയും ചിത്രങ്ങളും ഓട്ടോമാറ്റിക് ഡൗൺലോഡ് ആകാതിരിക്കാൻ
വാട്സ് ആപ്പിൽ വീഡിയോയും ചിത്രങ്ങളും ഓട്ടോമാറ്റിക് ഡൗൺലോഡ് ആകാതിരിക്കാൻ
Thursday, October 27, 2016 12:20 AM IST
വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികമാരുമുണ്ടാകില്ല. ആപ്പിൽ സജീവമായി ചാറ്റ് ചെയ്യുന്നുണ്ടെങ്കിലും പലരും വാട്സ്ആപ്പിന്റെ ഫീച്ചറുകൾ കൃത്യമായി ഉപയോഗിക്കാറില്ലെന്നതാണ് വസ്തുത. ഉദാഹരണത്തിന്, വാട്സ് ആപ്പ് ഉപയോക്‌താക്കൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മീഡിയ ഓട്ടോ ഡൗൺലോഡിംഗ്. ഇന്റർനെറ്റ് കണക്ട് ആകുമ്പോൾ തന്നെ വാട്സ് ആപ്പ് ചാറ്റിൽ വരുന്ന എല്ലാ ഫയലുകളും ഓട്ടോമാറ്റിക് ആയി ഡൗൺലോഡ് ആകും.

ചാറ്റ് ചെയ്യുന്നവരുടെ സൗകര്യത്തിനായാണ് വാട്സ് ആപ്പ് ഈ ഫീച്ചർ നല്കിയിരിക്കുന്നതെങ്കിലും മൊബൈൽ ഡേറ്റ നെറ്റ്വർക്ക് ഉപയോഗിക്കുന്നവർക്കാണ് ഇതുമൂലം ഏറ്റവും കൂടുതൽ നഷ്‌ടം. തങ്ങൾക്ക് ആവശ്യമില്ലാത്ത ഫോട്ടോകളും വീഡിയോകളും ഓട്ടോ ഡൗൺലോഡ് ആകുന്നതു വഴി അനാവശ്യമായ ഡാറ്റാ നഷ്‌ടമുണ്ടാകുന്നു. ടെക് പരിജ്‌ഞാനികളായവർക്ക് ഓട്ടോ ഡൗൺലോഡിംഗ് ഫീച്ചർ ഓഫ് ചെയ്യാൻ അറിയാമായിരിക്കുമെങ്കിലും സാധാരണക്കാരായ പലർക്കും ഈ ഫീച്ചറിനെക്കുറിച്ച് ധാരണയുണ്ടാകില്ല. ഇത്തരക്കാർക്കായി ഓട്ടോ ഡൗൺലോഡിംഗ് ഓഫ് ചെയ്യുന്ന രീതി താഴെ ചേർക്കുന്നു.

ആൻഡ്രോയ്ഡ്, വിൻഡോസ്, ഐഫോൺ... ഓപ്പറേറ്റിംഗ് സിസ്റ്റം ഏതായാലും വാട്ട്സ് ആപ്പ് ഫീച്ചർ ഏതാണ്ട് ഒരുപോലെയായിരിക്കും.

ആൻഡ്രോയ്ഡ് ഉപയോക്‌താക്കൾ ചെയ്യേണ്ടത്..





ഘട്ടം 1. വാട്സ് ആപ്പിലെ 'Settings' ഓപ്ഷൻ എടുക്കുക

ഘട്ടം 2. ഇവിടെ 'Data Usage' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3. Media AutoDownload എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


ഘട്ടം 4. മൊബൈൽ ഡാറ്റ, വൈഫൈ, റോമിംഗ് എന്നീ ഓപ്ഷനുകളിൽ ഓരോന്നും ക്ലിക്ക് ചെയ്ത ശേഷം ഫോട്ടോ, വീഡിയോ, ഓഡിയോ ഡോക്യുമെന്റ്സ് എന്നിവയുടെ ഓട്ടോ ഡൗൺലോഡിംഗിനായുള്ള ടിക് എടുത്തുകളയുക.

വിൻഡോസ് ഫോണുകളിൽ....





വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണുകളിൽ ഈ ഫീച്ചർ കുറച്ചുകൂടി എളുപ്പമാണ്.

ഘട്ടം 1. വാട്സ് ആപ്പിലെ 'Settings' ഓപ്ഷനിൽ നിന്ന് Chat and Calls ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 2. Media AutoDownload എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഘട്ടം 3. ഇമേജസ്, വീഡിയോസ്, ഓഡിയോസ്, ഡോക്യുമെന്റ്സ് എന്നീ ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്ത ശേഷം എല്ലാം Never ആക്കുക.

ഐഫോൺ ഉപയോക്‌താക്കൾ ചെയ്യേണ്ടത്...





ഐഫോണിൽ ഓട്ടോ ഡൗൺലോഡിംഗ് ഓഫ് ചെയ്യാൻ വളരെയെളുപ്പമാണ്.

ഘട്ടം 1. വാട്സ് ആപ്പിലെ 'Settings' ഓപ്ഷനിൽ നിന്ന് Chats ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 2. Save Incoming Media എന്ന ഓപ്ഷനിലെ ഓൺ/ഓഫ് ബട്ടണിൽ നിന്ന് ഓട്ടോ ഡൗൺലോഡ് ഓഫ് ചെയ്യാം.