കാൻസർ പ്രതിരോധിക്കുന്ന മക്കോട്ട ദേവ കോട്ടയത്ത്
കാൻസർ പ്രതിരോധിക്കുന്ന മക്കോട്ട ദേവ കോട്ടയത്ത്
Saturday, October 22, 2016 4:33 AM IST
മാനവരാശിയുടെ രക്ഷക്കായി സ്വർഗത്തിൽ നിന്നു കൊണ്ടുവന്ന പഴം– അതാണ് മക്കോട്ട ദേവ എന്ന പേരിനർഥം. ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും തനതു ഫലവർഗമായ മക്കോട്ടദേവയെ കേരളത്തിൽ ഉത്പാദിപ്പിച്ചതിന്റെ ക്രെഡിറ്റ് കോട്ടയം പള്ളിക്കത്തോട് ചെങ്ങളത്തുള്ള ചെരിപ്പുറത്ത് നഴ്സറി ഉടമ ടോം സി ആന്റണിക്കാണ്. വ്യത്യസ്തതകൾ നിറഞ്ഞ നഴ്സറി സംരംഭവും ഇദ്ദേഹം നടത്തുന്നുണ്ട്.

ഒന്നുമുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഉഷ്ണമേഖല ഫലവർഗമാണ് മക്കോട്ടദേവ. അലങ്കാര സസ്യമായും വളർത്താവുന്ന ഒന്നാണിത്. 10 മുതൽ 20 വർഷം വരെ ആയുസ്. പഴം ആദ്യം പച്ചനിറത്തിലും പഴുക്കുമ്പോൾ ചുവപ്പുകലർന്ന മജന്ത നിറത്തിലുമായിരിക്കും. നേരിൽ കഴിക്കാൻ കൊള്ളില്ല.

കുരുവിനു ചെറിയ വിഷാംശവുമുണ്ട്. എന്നാൽ ഇതിന്റെ സത്ത് ട്യൂമറിനെതിരേ ഔഷധമായി ഉപയോഗിക്കുന്നു. പ്രമേഹരോഗികൾ ക്ഷീണം കുറക്കാൻ, ഇതിന്റെ അരിഞ്ഞുണങ്ങിയ മാംസളഭാഗം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ആന്റി ഓക്സിഡന്റായും ആന്റി വൈറൽ, ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഏജന്റായും ഇതറിയപ്പെടുന്നു. പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്നതിനുള്ള ഔഷധമെന്നപേരിലും പ്രശസ്തമാണ് മക്കോട്ട ദേവ. ഹൃദ്രോഗം, കാൻസർ എന്നിവയുടെ ചികിത്സയിലും ഇതുപയോഗിക്കുന്നു. പലേറിയ മാക്രോകാർപ (ജവമഹലൃശമ ാമരൃീരമൃുമ) എന്നാണ് ശാസ്ത്ര നാമം. ത്വക്കു രോഗങ്ങൾക്കും ഔഷധമാണ്. ഉയർന്ന രക്‌തസമ്മർദം, സ്ട്രോക്കുകൾ, ഉയർന്ന കൊളസ്ട്രോൾ, കിഡ്നി വീക്കം, യൂറിക്ക് ആസിഡ് പ്രശ്നങ്ങൾ, ടോൺസലൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങൾ ശമിപ്പിക്കാൻ കഴിവുണ്ടിതിന്. മനുഷ്യശരീരത്തിന് ആവശ്യം വേണ്ട നാലു രാസപദാർഥങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗ സാധ്യത ലഘൂകരിക്കുന്ന ഫ്ളാവോനോയ്ഡ് (FLAVONOID), ശരീരത്തിൽ നിന്ന് വിഷാംശം നീക്കുന്ന ആൽക്കലോയ്ഡ് (ALKALOID), വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്ന സപോനിൻ (SAPONIN), അലർജികൾ അകറ്റാൻ സഹായിക്കുന്നപോളിഫെനോൾ (POLIFENOL) എന്നിവയാണിവ. എന്നാൽ ഗർഭിണികൾ ഇതുപയോഗിക്കാൻ പാടില്ല.

ഉപയോഗിക്കേണ്ട വിധം

കുരുമാറ്റി അരിഞ്ഞുണക്കിയ മക്കോട്ടദേവ 500 മില്ലിലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് 250 മില്ലിലിറ്റർ ആക്കിയ ശേഷം രാവിലെയും രാത്രിയും കുടിക്കാം. സൈഡ് ഇഫക്ടുകൾ ഒന്നും തന്നെയില്ലെന്നാണ് കരുതപ്പെടുന്നത്.



മക്കോട്ട ദേവയും ടോമും

ടോം സി ആന്റണിയുടെ ചെരിപ്പുറത്തു നഴ്സറിയിൽ മക്കോട്ട ദേവയെ എത്തിച്ചത് ഇന്തോനേഷ്യയിൽ നിന്നു വന്ന സുഹൃത്താണ്. കടുത്ത പ്രമേഹം ബാധിച്ച് ക്ഷീണിതനായിരുന്ന ടോം ഇതിന്റെ വെള്ളം കുടിച്ച് ക്ഷീണത്തെ മറികടന്നു. ഇതിന്റെ വിത്തിട്ട് കിളിർപ്പിച്ചു. രണ്ടാം കൊല്ലം കായ്ച്ചു. അതിൽ നിന്നു വിത്തെടുത്ത് 50 തൈകളാക്കി. ഇന്നിപ്പോൾ ഇതെല്ലാം കായ്ക്കുന്നു. ഡിസംബറിൽ ഇതിന്റെ തൈകൾ വിൽപനയ്ക്കു പാകമാകും. ഒന്നര അടി താഴ്ചയിലുള്ള കുഴിയിൽ ചാണകപ്പൊടി അടിവളമായി നൽകിയാണ് ചെടി നടേണ്ടത്. തണൽ ആവശ്യമുള്ള സസ്യമായതിനാൽ റബറിനിടവിളയായും നടാം. എട്ടടി അകലത്തിൽ വേണം തൈകൾ വയ്ക്കാൻ. പൂവിട്ട് നാലു മാസത്തിനുള്ളിൽ വിളവെടുക്കാം.


വൈവിധ്യമുള്ള നഴ്സറി സംരംഭം

ചെരിപ്പുറത്തു നഴ്സറി വൈവിധ്യമുള്ള ഒരു സംരംഭം കൂടിയാണ്. പല വൻകിട വിത്തുത്പാദകരും ഇവിടെ അവരുടെ വിത്തുകളെത്തിക്കുന്നു. ചിലകമ്പനികൾ വിത്തുകൾ കേരളത്തിൽ വിളയുമോയെന്നു പരിശോധിക്കുന്നതും ഇവിടെ തന്നെ. ഇത്തരത്തിൽ ഒരു പരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ടോം. നിരജ്‌ഞൻ ഭാട്ട എന്ന ഛത്തീസ്ഗഡ് സ്വദേശിയുടെ 45 സെന്റീമീറ്റർ നീളവും അരക്കിലോയിലധികം തൂക്കവും വരുന്ന വഴുതിന ഇവിടെ വിളയുമെന്നു തെളിയിച്ചു. അരക്കിലോയിലധികം തൂക്കമുള്ള വഴുതിന വിത്തിനു പാകമായി വരുന്നു. ചിതൽ ശല്യം വിളകളിൽ നിന്നും വീട്ടിൽ നിന്നും ഒഴിവാക്കാൻ സഹായിക്കുന്ന കരിങ്കൊട്ടയുടെ തൈകൾ ശാസ്ത്രജ്‌ഞരുടെ നിർദ്ദേശാനുസരണം ഇവിടെ തയാറാക്കി വിൽക്കുന്നു. ഇതിന്റെ ഇലയിട്ടാൽ ചിതൽ അവിടെനിന്നും പമ്പകടക്കും. മലമ്പനിയെ പ്രതിരോധിക്കുന്ന കൊയ്ന, കിരിയാത്ത് എന്നിവയും ടോമിന്റെ ശേഖരത്തിലുണ്ട്. 15 ഏക്കറിലെ സംരംഭമാണ് നഴ്സറി. 20 കൊല്ലമായി തുടങ്ങിയിട്ട്. ആദ്യം റബർ നഴ്സറിയായിരുന്നു. അതിൽ പ്രതിസന്ധിവന്നപ്പോൾ വൈവിധ്യവത്കരണം നടപ്പാക്കുകയായിരുന്നു. സാന്തോൾ എന്ന വിദേശിപ്പഴം ലഹരി തരുന്നതാണ്. ഇത് കായ്ക്കാറായി നിൽക്കുന്നു. പ്ലാവിൽ നിരവധിയിനങ്ങൾ വിൽപനയ്ക്കുണ്ട്. ചെമ്പരത്തി വരിക്ക, സിന്ദൂര വരിക്ക, മങ്കടേ റെഡ്, എല്ലാകാലത്തും കായ്ക്കുന്ന ഓൾ സീസൺ പ്ലാവ്, ബ്ര,ീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് രണ്ടാം വർഷം കായ്ക്കും. തിപ്പലിയ്ക്ക് വേരു കൂടുതലുള്ളതു കാരണമാണിത്. ഗ്രാഫ്റ്റ് അവക്കാഡോ, മുള്ളാത്ത ബഡ്, മങ്കോസ്റ്റിൻ തുടങ്ങി നിരവധി ചെടികൾ ഇവിടെ വിൽക്കുന്നു. മിനിയേച്ചർ പൂക്കളും ധാരാളമുണ്ട്. ഭാര്യ സിജിയും മക്കാളായ ഫെബിനും ലിയയും ജോസുമെല്ലാം ടോമിനൊപ്പം കൃഷിപ്പണികളിൽ വ്യാപൃതരാണ്.
ഫോൺ ടോം സി ആന്റണി–97472 52299.
ലേഖകന്റെ ഫോൺ– 93495 99023.

– ടോം ജോർജ്