മാറ്റപ്പെടേണ്ട കീടനാശിനി നിയമങ്ങൾ
മാറ്റപ്പെടേണ്ട  കീടനാശിനി നിയമങ്ങൾ
Wednesday, October 19, 2016 4:41 AM IST
കാലഹരണപ്പെട്ട കീടനാശിനി നിയന്ത്രണ നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്‌ഥിരം സമിതിയുടെ നിർദ്ദേശം. ഒരു വർഷം എത്ര ടൺ കീടനാശിനി ഉപയോഗിക്കുന്നെന്നതിനു പോലും ഇന്ത്യയിൽ കൃത്യമായ കണക്കില്ല. കൃഷി, അനുബന്ധ മേഖലകളിൽ രാസവളങ്ങളും രാസകീടനാശിനികളും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സമിതി കഴിഞ്ഞ മാസം സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശം. തലമുറകളെ ദുരിതത്തിലാഴ്ത്തുന്ന കീടനാശിനി ദുരന്തങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവർത്തിക്കുമ്പോഴും നിലവിലുള്ള കീടനാശിനി നിയന്ത്രണ നിയമങ്ങൾ കുത്തഴിഞ്ഞതായി തുടരുന്നുവെന്ന് സമിതി വിലയിരുത്തുന്നു.

രാജ്യത്തെ ഓരോവർഷത്തെയും കീടനാശിനി ഉപയോഗത്തെക്കുറിച്ചും ഇറക്കുമതിയെക്കുറിച്ചുപോലും വ്യക്‌തമായ കണക്കുകളില്ല. 2014–15 ൽ രാജ്യത്ത് ആകെ ഉപയോഗിച്ചത് 57353 ടൺ ടെക്നിക്കൽ ഗ്രേഡ് കീടനാശിനിയായിരുന്നു. ആഭ്യന്തര ഉത്പാദനവും ഇറക്കുമതിയും ചേർത്താണിത്. എന്നാൽ ഈ വർഷം 77376 ടൺ ടെക്നിക്കൽ ഗ്രേഡ് കീടനാശിനി ഇറക്കുമതി ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ മൊത്തം കീടനാശിനി ഉപയോഗവും ഇറക്കുമതിയും തമ്മിലുള്ള കണക്കുകളിലെ അന്തരം തന്നെ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ആഭ്യന്തര കീടനാശിനി ഉത്പാദനത്തിലും ഇറക്കുമതിയിലും കേന്ദ്ര–സംസ്‌ഥാന ഗവൺമെന്റുകൾക്ക് ഒരു നിയന്ത്രണവുമില്ലെന്നാണ് ഇത് വ്യക്‌തമാക്കുന്നത്. ബഹുരാഷ്ട്ര കുത്തക കമ്പനികൾ രാസവസ്തുവിനു പകരം കീടനാശിനി ഫോർമുലേഷൻ അതെ പടി വൻതോതിൽ ഇറക്കുമതിചെയ്ത് പ്രാദേശിക വിപണികളിൽ തള്ളുകയാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് കീടനാശിനികൾ അമിതമായ അളവിൽ വിറ്റഴിക്കപ്പെടുന്നത്.

ഇന്ത്യയിൽ ഹരിതവിപ്ലവം അരങ്ങേറിയതിന്റെ അമ്പതാണ്ടുകൾ പൂർത്തിയാകുന്ന വർഷമാണ് 2016. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, രാസകീടനാശിനികൾ, ഊർജ്‌ജിത ജലസേചനം എന്നിവയായിരുന്നു ഹരിതവിപ്ലവത്തിന്റെ വിജയഘടകങ്ങൾ. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ രാജ്യത്തെ ഭക്ഷ്യോത്പാദനം കേവലം 50 ദശലക്ഷം ടണ്ണായിരുന്നെങ്കിൽ ഇന്നത് 260 ദശലക്ഷം ടണ്ണിന് അടുത്തെത്തി. എന്നാൽ ഈ ഉത്പാദനം കൈവരിക്കാൻ പാരിസ്‌ഥികമായി വലിയ വില കൊടുക്കേണ്ടിവന്നു. ഹരിത വിപ്ലവ സാങ്കേതിക വിദ്യകൾ പരിസ്‌ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും സൃഷ്ടിക്കുന്ന ആഘാതങ്ങൾ കണക്കിലെടുത്തുകൊണ്ട് കൂടുതൽ സുസ്‌ഥിരമായ ഒരു ഉത്പാദന തന്ത്രത്തെക്കുറിച്ച് പുനരാലോചന വേണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. രാസവളങ്ങളും കീടനാശിനികളും പരിസ്‌ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഗണിച്ച് ഇവയുടെ സന്തുലിതവും വിവേകപൂർണവുമായ ഉപയോഗത്തിന് കൂടുതൽ നല്ല കാർഷിക മുറകൾക്ക് രൂപം നൽകി പ്രചരിപ്പിക്കണം.



കീടനാശിനികളുടെ അശാസ്ത്രീയവും അമിതവുമായ ഉപയോഗം നിയന്ത്രിക്കുന്നതിൽ കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾക്ക് വിജയം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. കീടനാശിനികളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് ഗവൺമെന്റ് വിജ്‌ഞാന വ്യാപന ഏജൻസികൾ നടത്തുന്ന ബോധവത്കരണ പരിപാടികൾ തീർത്തും അപര്യാപ്തമാണ്. സമഗ്രമായ ഒരു കീടനാശിനി നിയമം 1968 ലാണ് രാജ്യത്ത് നിലവിൽ വന്നത്. ഈ നിയമം നടപ്പാക്കുന്നതിനുള്ള അനുബന്ധ ചട്ടങ്ങൾ 1971 ൽ നിലവിൽ വന്നു. ഫരീദാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര കീടനാശിനി ബോർഡിനാണ് 1968 ലെ കീടനാശിനിനിയമം നടപ്പാക്കുന്നതിനുള്ള ചുമതല. ബോർഡിന്റെ കീഴിലുള്ള രജിസ്ട്രേഷൻ കമ്മിറ്റി പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നു. പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ നൽകുന്നതിനുമുമ്പ് അതിന്റെ പാരിസ്‌ഥിതിക പ്രത്യാഘാതങ്ങൾ, പ്രത്യേകകീടത്തെ നിയന്ത്രിക്കുന്നതിലുള്ള കാര്യക്ഷമമായ പ്രവർത്തനം, അവശിഷ്ട വിഷാംശം തുടങ്ങിയവയെക്കുറിച്ച് വിശദമായ പഠനം നടത്തി അതിന്റെ വിവരങ്ങൾ കേന്ദ്ര കീടനാശിനി ബോർഡിന്റെ രജിസ്ട്രേഷൻ കമ്മിറ്റിക്ക് സമർപ്പിച്ചിരിക്കണം. നിയമം കടലാസിൽ ശക്‌തമാണെങ്കിലും രജിസ്ട്രേഷൻ നടപടികൾ പലപ്പോഴും പ്രഹസനമായിമാറുന്നു. കമ്പനികൾ നൽകുന്ന പരീക്ഷണ വിവരങ്ങൾ നിഷ്പക്ഷമായ വിശകലനത്തിനു വിധേയമാക്കാതെ അതേപടി മുഖവിലക്കെടുത്തുകൊണ്ടാണ് മിക്കപ്പോഴും രജിസ്ട്രേഷൻ നൽകുന്നത്. കീടനാശിനികൾ വിപണിയിലിറക്കുന്നതിനു മുമ്പു വരെ മാത്രമാണ് സുരക്ഷാപഠനങ്ങൾ. കർഷകരിലെത്തിയ ശേഷം സുരക്ഷാപഠനങ്ങൾ നടത്തുന്നത് കേന്ദ്ര കീടനാശിനി ബോർഡിന്റെ ഉത്തരവാദിത്വമേയല്ല. നിലവിലുള്ള രജിസ്ട്രേഷൻ സമ്പ്രദായവും നിയമങ്ങളും കീടനാശിനികൾ പരിസ്‌ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ഏല്പിക്കുന്ന ആഘാതങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്തമല്ല.

കീടനാശിനികളുടെ സുരക്ഷിതമായ ഉപയോഗത്തിനുവേണ്ടി പതിനൊന്നുവർഷം മുമ്പ് ജോയിന്റ് പാൽലമെന്ററി കമ്മിറ്റി നൽകിയ ശിപാർശകൾ ഇനിയും നടപ്പാക്കിയിട്ടില്ല. നിലവിലുള്ള 1968 ലെ കീടനാശിനി നിയമത്തിനു പകരം ഒരു കീടനാശിനി മാനേജ്മെന്റ് നിയമത്തിന് രൂപം നൽകാനുള്ള ബിൽ 2008 മുതൽ രാജ്യസഭയുടെ പരിഗണനയിലുണ്ട്. എന്നാൽ ഈ ബിൽ ഇപ്പോൾ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പരിസ്‌ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിന് കൂടുതൽ മെച്ചപ്പെട്ട ഒരു കീടനാശിനി നിയന്ത്രണ നിയമത്തിന് അടിയന്തിരമായി രൂപം നൽകണമെന്ന് റിപ്പോർട്ട് ശിപാർശചെയ്യുന്നു. 1968 ലെ കേന്ദ്ര കീടനാശി നിയമത്തിലെ വ്യവസ്‌ഥകൾ പ്രകാരം 260–ലേറെ കീടനാശിനികളാണ് ഇപ്പോൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കീടനാശിനികൾക്ക് രജിസ്ട്രേഷൻ നൽകുന്ന കേന്ദ്ര കീടനാശിനി ബോർഡിന് സ്വതന്ത്രമായ ഗവേഷണം നടത്തുന്നതിനുള്ള സംവിധാനങ്ങളൊന്നും തന്നെയില്ല. അപകടകാരിയായ ഏതെങ്കിലും കീടനാശിനി നിരോധിക്കണമെങ്കിൽ ആ കീടനാശിനി മറ്റേതെങ്കിലും വിദേശരാജ്യത്ത് നിരോധിച്ചതായി വിവരം കിട്ടിയാൽ മാത്രമേ കേന്ദ്ര കീടനാശിനി ബോർഡ് നടപടികൾ തുടങ്ങുകയുള്ളു. വിദേശത്ത് നിരോധിച്ച കീടനാശിനികൾ ഇന്ത്യയിൽ നിരോധിക്കുമ്പോഴേക്കും വർഷങ്ങൾ പിന്നെയും കഴിഞ്ഞിട്ടുണ്ടാവും. അതിനകം വിദേശത്തു നിരോധിച്ച കീടനാശിനി മനുഷ്യരുടെ ആരോഗ്യത്തെയും പരിസ്‌ഥിതിയെയും അപകടപ്പെടുത്തി ആയിരക്കണക്കിന് ടൺ ഇവിടെ വിറ്റഴിഞ്ഞിട്ടുണ്ടാകും. കീടനാശിനി ലോബികളുടെ സമ്മർദ്ദമാണ് നിലവിലെ കുത്തഴിഞ്ഞ സംവിധാനം തുടരുന്നതിന് കാരണമെന്നാണ് ആരോപണം.

ഓരോ വിളയിലും ഓരോ കീടനാശിനയുടെയും അനുവദനീയമായ അവശിഷ്ടവിഷാംശത്തിന്റെ പരിധി നിശ്ചയിക്കാതെ കീടനാശിനികൾക്ക് രജിസ്ട്രേഷൻ നൽകുന്നതായി ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) മൂന്നു വർഷം മുമ്പ് പുറത്തിറക്കിയ ഒരു പഠനറിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കീടനാശിനികൾ വാണിജ്യപരമായി പുറത്തിറക്കിയതിനുശേഷവും അതിന്റെ സുരക്ഷാപരമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കാൻ സംവിധാനമില്ല. ഏതെല്ലാം വിളകളിൽ തളിക്കുന്നതിനാണോ ഒരു കീടനാശിനിക്ക് കേന്ദ്ര കീടനാശിനി ബോർഡ് അനുമതി നൽകിയിരിക്കുന്നത് എന്നതു പരിഗണിക്കാതെ രജിസ്ട്രേഷൻ നൽകാത്ത മറ്റുവിളകളിലും അതേ കീടനാശിനി തളിക്കുന്നതിന് കാർഷിക സർവകലാശാലകൾ അനുമതി നൽകുന്നതായും സിഎസ്ഇ കണ്ടെത്തിയിരുന്നു. രജിസ്റ്റർ ചെയ്തിരിക്കുന്ന കീടനാശിനികളിൽ ചിലതിന് പരമാവധി അനുവദനീയമായ അവശിഷ്ട വിഷാംശത്തിന്റെ പരിധി നിശ്ചയിച്ചിട്ടില്ല. നല്ല കൃഷിരീതികൾ പിന്തുടർന്നതിനു ശേഷവും വിളകളിൽ കാണപ്പെടുന്ന അവശിഷ്ടവിഷാംശത്തിന്റെ പരിധി മാക്സിമം റെസിഡ്യൂ ലിമിറ്റ് അഥവാ എംആർഎൽ എന്നറിയപ്പെടുന്നു. പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ ലഭിക്കാൻ എംആർഎൽ സംബന്ധിച്ച വിവരങ്ങൾ അനിവാര്യമെങ്കിലും 2004 മുതൽ ഇത് നിർബന്ധിതമാക്കുമെന്ന് കേന്ദ്ര കൃഷിവകുപ്പ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ തീരുമാനവും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.


ഒരു വിളയിൽ കീടനാശിനി തളിച്ചു കഴിഞ്ഞാൽ അത് നിർവീര്യമാകുന്നതിനുള്ള സമയം കഴിഞ്ഞു മാത്രമേ വിളവെടുത്ത് ഉപയോഗിക്കാൻ പാടുള്ളൂ. കാത്തിരിപ്പുകാലം എന്നറിയപ്പെടുന്ന ഈ ഇടവേളക്കുശേഷം വിളവെടുത്താൽ മാത്രമേ ഉത്പന്നം സുരക്ഷിതമായിരിക്കുകയുള്ളൂ. അപകടകരമല്ലാത്ത അളവിൽ മാത്രമേ കീടനാശിനി, ഉത്പന്നത്തിൽ അടങ്ങിയിട്ടുള്ളുവെന്ന് ഉറപ്പാക്കാനാണ് കാത്തിരിപ്പുകാലം നിശ്ചയിക്കുന്നത്. വിളവെടുത്തതിനുശേഷം നേരിട്ടു ഭക്ഷിക്കുന്ന പഴം–പച്ചക്കറി വിളകളിൽ കാത്തിരിപ്പു കാലത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. കാത്തിരിപ്പുകാലത്തിന്റെ വിശദവിവരങ്ങളും കമ്പനികൾ രജിസ്ട്രേഷനു നൽകുന്ന രേഖകൾക്കൊപ്പം കേന്ദ്ര ഇൻസെറ്റിസൈഡ് ബോർഡിന് നൽകണം. എന്നാൽ പല കീടനാശിനികളുടെ കാര്യത്തിലും കാത്തിരിപ്പുകാലത്തിന്റെ കാര്യത്തിൽ വ്യക്‌തതയില്ല. ചില കീടനാശിനികൾക്ക് കാത്തിരിപ്പുകാലം ശിപാർശ ചെയ്തിട്ടേയില്ല. രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന വ്യാജകീടനാശിനികൾ കണ്ടെത്തി നടപടി എടുക്കുന്നതിനും സംവിധാനമില്ല. അംഗീകൃത കീടനാശിനി പരിശോധന ലാബോറട്ടറികളുടെ എണ്ണത്തിലുള്ള അപര്യാപ്തതയാണ് പ്രധാനകാരണം. വ്യാജ കീടനാശിനികളുടെ വില്പന തടയുന്നതിനും ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനും രാജ്യത്ത് കൂടുതൽ കീടനാശിനി പരിശോധന ലാബോറട്ടറികൾ സ്‌ഥാപിക്കണമെന്ന് പാർലമെന്റെറി സമിതിയുടെ റിപ്പോർട്ടിൽ ശിപാർശചെയ്യുന്നു. കീടനാശിനികൾ പുറത്തിറക്കി കഴിഞ്ഞാലും കൃത്യമായ ഇടവേളകളിൽ അവയുടെ സുരക്ഷിതത്വത്തെക്കുറിച്ച് പഠനം നടത്തണം. കീടനാശിനി ഉത്പാദനശാലകൾ മുതൽ കർഷകരുടെ പുരയിടങ്ങൾ വരെയുള്ള സ്‌ഥലങ്ങളിൽ പരിശോധന നടത്താനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും സമിതി ശിപാർശ ചെയ്യുന്നു. ഇപ്പോൾ കീടനാശിനി ഫാക്ടറികളിൽ പരിശോധന നടത്താനുള്ള ഒരു സംവിധാനവുമില്ല.

ഔഷധങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും വില നിയന്ത്രിക്കുന്നതിനും നിലവിലുള്ള ഡ്രഗ്കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ മാതൃകയിൽ കീടനാശിനികളുടെ നിയന്ത്രണത്തിനും പ്രത്യേക നിയമസംവിധാനം ഏർപ്പെടുത്തണമെന്നും സമിതിയുടെ റിപ്പോർട്ട് ശിപാർശചെയ്യുന്നു. കീടനാശിനികളുടെ വില നിയന്ത്രിക്കാൻ രാജ്യത്ത് ഇപ്പോൾ ഒരു സംവിധാനവും നിലവിലില്ലെന്നത് ഞെട്ടിക്കുന്നതാണ്. വ്യാജ ഉത്പന്നങ്ങൾ തടയുന്നതിനും കമ്പനികൾ തോന്നിയ വിലക്ക് കീടനാശിനികൾ വിറ്റഴിക്കുന്നത് തടയാനും ഒരു സംവിധാനവും ഇപ്പോൾ നിലവിലില്ല. ഇതിനുവേണ്ടി കീടനാശിനി വികസന–നിയന്ത്രണ അഥോറിറ്റി സ്‌ഥാപിക്കണം. ഇറക്കുമതി ചെയ്യുന്ന കീടനാശിനികളുടെ ഗുണമേന്മ പരിശോധനയിലും പ്രത്യേക സംവിധാനം വേണം. പതിറ്റാണ്ടുകൾക്കു മുമ്പെ നിരോധിച്ച ഡിഡിറ്റി ഇപ്പോഴും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വഴിമാറ്റി കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. രാസകീടനാശിനി വില്പനാശാലകൾ തുടങ്ങുന്നതിനുള്ള ലൈസൻസ് കൃഷി ബിരുദ, ഡിപ്ലോമ ധാരികൾക്ക് മാത്രമായി നിയന്ത്രിക്കണമെന്നതാണ് പാർലമെന്ററി സമതിയുടെ ശ്രദ്ധേയമായ മറ്റൊരു ശിപാർശ.

ജനസംഖ്യയുടെ വളർച്ചക്ക് ആനുപാദികമായി ഭക്ഷ്യഉത്പാദനം വർധിപ്പിക്കണമെങ്കിൽ തുടർന്നും രാസവളങ്ങൾ ഉപയോഗിക്കേണ്ടിവരും. 2025 ൽ ഭക്ഷ്യോത്പാദനം 300 ദശലക്ഷം ടണ്ണായി ഉയർത്തണമെന്നാണ് ലക്ഷ്യം. ഇതിന് 45 ദശലക്ഷം ടൺ പോഷക മൂലകങ്ങൾവേണ്ടിവരും. ഇതിൽ എട്ടു ദശലക്ഷം ടണ്ണോളം ജൈവസ്രോതസുകളിൽ നിന്ന് കണ്ടെത്താം. ബാക്കി രാസവളമായി തന്നെ ഉപയോഗിക്കേണ്ടിവരും. മണ്ണിന്റെ ഘടനയ്ക്കും ഫലഭുഷ്ടിക്കും ദോഷകരമായ വിധം അസന്തുലിതവും അശാസ്ത്രീയവുമാണ് രാജ്യത്തെ രാസവളപ്രയോഗം. രാജ്യത്തെ 292 ജില്ലകളിലാണ് ആകെ രാസവളം ഉപഭോഗത്തിന്റെ 85 ശതമാനവും. നൈട്രജൻ രാസവളങ്ങൾ യൂറിയയുടെ രൂപത്തിൽ ആവശ്യത്തിൽ കൂടുതൽ ഉപയോഗിക്കുന്നു. യൂറിയക്ക് നൽകുന്ന സബ്സിഡിയാണ് ഇതിന്റെ പ്രധാന കാരണം. കേന്ദ്ര ഫെർട്ടിലൈസർ കമ്മിറ്റിയാണ് രാജ്യത്ത് പുതിയ രാസവളങ്ങൾക്ക് രജിസ്ട്രേഷൻ നൽകുന്നത്. ഇത് വളരെ ദുഷ്കരമായ ഒരു പ്രക്രിയയാണ്. രാസവളങ്ങളുടെ ഗുണമേന്മയും സന്തുലിതമായ പ്രയോഗവും ഉറപ്പാക്കുന്നതിന് രാസവളവികസന–നിയന്ത്രണ അഥോറിറ്റിക്ക് രൂപം നൽകണമെന്നാണ് പാൽലമെന്ററി സമതിയുടെ ശുപാർശ. രാസവളങ്ങൾക്ക് നൽകുന്ന സബ്സിഡി ജീവാണു വളങ്ങൾക്കും ജൈവവളങ്ങൾക്കും നൽകണം. ജൈവകൃഷിയും സംയോജിത സസ്യസംരക്ഷണവും സംയോജിത പോഷകമൂലകപരിപാലനവും പ്രോത്സാഹിപ്പിക്കണം. ജൈവകൃഷി കൂടുതൽ സ്‌ഥലത്തേക്ക് വ്യാപിപ്പിക്കുന്നതോടൊപ്പം കർഷകരുടെ ഇടയിൽ നല്ല കാർഷിക മുറകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം നൽകണമെന്നും സമിതിയുടെ റിപ്പോർട്ട് ശിപാർശചെയ്യുന്നു. ഹരിതവിപ്ലവകാലഘട്ടത്തിൽ അദ്ഭുത മരുന്നുകളായി വിപണിയിലെത്തിയ കീടനാശിനികളുടെ അനിയന്ത്രിത ഉപയോഗം തടയുന്നതിന് കാലാനുസൃതമായ മാറ്റം വരുത്താൻ അധികൃതർ മടിച്ചു നിൽക്കുകയാണെന്നതിന്റെ സൂചനയാണ് പാർലമെന്ററി സമതിയുടെ റിപ്പോർട്ട്. കാർഷികോത്പാദനം വർധിപ്പിക്കുന്നതോടൊപ്പം മനുഷ്യരുടെയും പരിസ്‌ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും ഗവൺമെന്റ് മുൻഗണന നൽകണം.ഫോൺ– 93871 00 11 9.

ഡോ. ജോസ് ജോസഫ്

പ്രഫസർ ആൻഡ് ഹെഡ്, വിജ്‌ഞാനവ്യാപന വിഭാഗം, ഹോർട്ടികൾച്ചർ കോളജ്
വെള്ളാനിക്കര, തൃശൂർ